കേരളാ സ്റ്റോറി ഒന്നും രണ്ടും ഷൂട്ടിങ് നടന്നത് കേരളത്തിന് പുറത്താണ്. കേരളാസ്റ്റോറി ഒന്നിന് ദേശീയ ചലച്ചിത്ര പുരസ്‌കാരവും കിട്ടി. അപ്പോഴൊക്കെ മുഖ്യമന്ത്രി വിജയന്‍ സഖാവ് ഇതല്ല ‘റിയല്‍ കേരള സ്റ്റോറി’ എന്നു തൊണ്ടപൊട്ടുമാറ് അലറിവിളിച്ചു പറഞ്ഞിരുന്നു. അതിനാല്‍ ‘റിയല്‍ കേരളാ സ്റ്റോറി’ സിനിമയാക്കാന്‍ എ.കെ.ജി. സെന്റര്‍ തന്നെ തീരുമാനിച്ചു. കുംഭമേളയിലെ മാല വില്‍പനക്കാരി ഹിന്ദു പെണ്‍കുട്ടിയും മഹാരാഷ്ട്രയിലെ നടനും മോഡലുമായ മുസ്ലിം യുവാവും മുഖ്യ വേഷത്തിലുള്ള കഥയും രൂപപ്പെട്ടു. പക്ഷേ നായകന്‍ വിജയന്‍ സഖാവാകണം എന്നതില്‍ സംശയമില്ല. പക്ഷേ, എന്തു ചെയ്യും? സഖാവിന്റെ മുഖത്ത് ജന്മസിദ്ധമായ ബീഭത്സമല്ലാതെ കരുണവും ശാന്തവും തെളിയുന്നില്ല. എ.കെ.ജി. സെന്ററിലും മുഖ്യന്റെ പി.ആര്‍. ഓഫീസിലുമിരുന്ന് നാട്യവിദഗ്ദ്ധര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമില്ല. മുമ്പ് വിജയന്‍ സഖാവിനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടപ്പോഴത്തെ അനുഭവം വിവരിക്കാന്‍ ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ രണ്ടു പുസ്തകം എഴുതിയെന്നല്ലാതെ ഉദ്ദിഷ്ടകാര്യസിദ്ധി ഉണ്ടായില്ല എന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ പുതിയ കേരളാ സ്റ്റോറിയുടെ നായകനാകാന്‍ നറുക്ക് വീണത് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സഖാവിനാണ്.
പി.ആര്‍. വിഭാഗം ഒരുക്കിയ വികസനയാത്രാ സിനിമയിലെ നായകന്‍ ഗോവിന്ദന്‍ മാഷായിരുന്നു. സ്റ്റേജില്‍ വെച്ച് പാര്‍ട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ വാങ്ങുന്നതും അതു തന്നയാള്‍ക്ക് തന്നെ തിരിച്ചു കൊടുക്കുന്നതും ഗോവിന്ദന്‍ സഖാവ് നന്നായി അഭിനയി ച്ചെങ്കിലും സിനിമ എട്ടു നിലക്ക് പൊട്ടി. അതോടെ ഗോവിന്ദന്‍ സഖാവിന്റെ ചീട്ടുകീറി. ഡിഫി സമരങ്ങളില്‍ തകര്‍ത്തഭിനയിച്ച എ.എ. റഹീം ജില്ലാ സെക്രട്ടറി കൂടിയായതിനാല്‍ നായകനാകാന്‍ നറുക്കു വീണത് ആ സഖാവിനാണ്. മുഖ്യനടി കുംഭമേള ഫെയിം മൊണാലിസ സിനിമയിലഭിനയിക്കാന്‍ കേരളത്തിലെത്തുന്നു. ഫെയ്‌സ്ബുക്ക് കാമുകനും പിന്നാലെ എത്തുന്നു. പ്രതിനായകന്‍ അവളുടെ അച്ഛന്‍ വിവാഹത്തിന് എതിരാകുന്നു. റഹീമിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രക്കാരന്‍ മോഡല്‍ ഫര്‍മാന്‍ ഖാനുമായി മൊണാലിസയുടെ വിവാഹം തിരുവനന്തപുരത്ത് ആരുമാനൂര്‍ നൈനാര്‍ ദേവക്ഷേത്രത്തില്‍ രക്തഹാരം അണിയിച്ച് റഹീമും ശിവന്‍ കുട്ടിയും ഗോവിന്ദനും ചേര്‍ന്ന് നടത്തുന്നു. ഇതോടെ സിനിമയുടെ ആദ്യഭാഗം പൂര്‍ത്തിയായി . ഇതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറി എന്നു പാര്‍ട്ടി പ്രഖ്യാപിച്ചു.
ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന വിവാഹം രണ്ടു ഹിന്ദുക്കള്‍ തമ്മില്‍ ആയിരിക്കണം എന്നാണ് രാജ്യത്തെ നിയമം. എങ്കിലേ വിവാഹം സാധുവാകൂ. നിയമം പഠിച്ച റഹീം സഖാവ് അതിനെ വെല്ലുവിളിച്ചാണ് വിവാഹം നടത്തിക്കൊടുത്തത്. തിരക്കഥയും സംവിധാനവും ശിവന്‍കുട്ടിയുടെ വകയായതിനാല്‍ ഇതില്‍ അതിശയിക്കേണ്ട. ഗോസിപ്പും സ്റ്റണ്ടും മസാലയും ഇഷ്ടം പോലെയുള്ളതാണ് സഖാവിന്റെ ചരിത്രം. തിരക്കഥയുടെ ബാക്കി സംവിധായകനും നായകനും പരസ്യപ്പെടുത്താത്തത് ഷൂട്ടിങ് പൂര്‍ത്തിയാകും വരെ സഖാക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കട്ടെ എന്നു കരുതിയാവും. എന്തായാലും ആദ്യഭാഗം കണ്ടതോടെ ഒരു കാര്യം ഉറപ്പ്: ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കേരള സ്റ്റോറി-3 ന് തന്നെ!
തലവര:
ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ സമയമായി എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെടുന്ന സുപ്രീം കോടതി ബഞ്ച്. 1985 ലും സുപ്രീം കോടതി ഇതേ നിലപാട് എടുത്തിരുന്നു. അന്ന് അതിന്റെ പേരില്‍ രാജ്യം കുട്ടിച്ചോറാക്കാന്‍ ഇറങ്ങിയവരില്‍ ആരും ഇപ്പോള്‍ വായ തുറക്കുന്നില്ല. നട്ടെല്ലുള്ള ഭരണം വന്നാല്‍ അങ്ങനെയാണ്.





















