സി.പി.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവ് നയിച്ചതടക്കം മൂന്നു മേഖലാ വികസന ജാഥകള്‍ക്കോ, എന്തിന് രാജേഷ് സഖാവ് പുതുതായി ഇറക്കിയ മുന്തിയ ഇനം ബ്രാന്‍ഡ് മദ്യങ്ങള്‍ക്കോ ഒന്നിനും, തിരഞ്ഞെടുപ്പ് മൂക്കിനു വന്ന് മുട്ടി നില്‍ക്കുമ്പോഴും, സഖാക്കളുടെ വീര്യം ഉണര്‍ത്താനായില്ലത്രേ. എന്നാല്‍ കേരളാ സ്റ്റോറി -2 ന്റെ ട്രൈലറിലെ ഒരൊറ്റ സീന്‍ കണ്ടതും അവരുടെ വീര്യം സടകുടഞ്ഞെണീറ്റു. മലയാളി പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം കണ്ടതോടെ സഖാക്കളുടെ വായില്‍ കപ്പലോട്ടാനുള്ള വെള്ളമായിരുന്നു. അത് അന്നനാളം വഴി വയറ്റിലെത്തിയപ്പോള്‍ രാജേഷ് സഖാവിന്റെ പഴയ ജവാന്റെ വീര്യത്തേക്കാള്‍ ഇരട്ടി വീര്യം കിട്ടിയത്രേ. പിന്നെ ബീഫ് ഫെസ്റ്റിന്റെ പൊടി പൂരം തന്നെ. സോഷ്യല്‍മീഡിയയിലാണ് തുടക്കം. തിരുവനന്തപുരം എ.കെ.ജി.സെന്ററിലെ പാര്‍ട്ടി പി.ആര്‍.യന്ത്രത്തിലെ ചില ഭാഗങ്ങള്‍ പിണങ്ങിപ്പോയി തകരാറിലായെങ്കിലും കണ്ണൂരിലെ ഗുണ്ടാസഖാക്കളുടെ വയറ്റിലെ യന്ത്രത്തിന് തകരാറൊന്നുമില്ലായിരുന്നു. അത് ബീഫിനുവേണ്ടി ഇങ്ക്വിലാബ് മുഴക്കുകയാണ്. മതേതര മണം കൂടി ചേര്‍ത്ത് വിളമ്പുന്ന ബീഫ് ബിരിയാണിയില്‍ വീഴാത്ത മുസ്ലിങ്ങള്‍ ഉണ്ടാവില്ല എന്നതിനാല്‍ ഇതു തന്നെ തക്കം എന്ന് പാര്‍ട്ടിയും തീരുമാനിച്ചു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ബേബി സഖാവു മുതല്‍, മുഖ്യന്‍ വിജയന്‍ സഖാവ് ഉള്‍പ്പെടെ സകല സഖാക്കളും കേരളാസ്റ്റോറിക്കെതിരെ വര്‍ഗ്ഗ സമരം പ്രഖ്യാപിച്ചു, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പുതിയ നിയന്ത്രണം വേണമത്രെ. കേരളാ സ്റ്റോറി വഴി സംഘപരിവാര്‍ കേരളത്തെ അപമാനിച്ചതിലുള്ള അവരുടെ അമര്‍ഷം ലാവയായൊഴുകി. കുറെ കാലമായി തങ്ങള്‍ ഇറക്കിവിടുന്ന ‘റിയല്‍ കേരളാ സ്റ്റോറി’ യുടെ റീലും ട്രൈലറും കണ്ട് സ്ഥലജല വിഭ്രാന്തിയിലായ മലയാളി ഈ സിനിമ കണ്ട് വഴിതെറ്റിപ്പോയാല്‍ നഷ്ടം പാര്‍ട്ടിക്കല്ലേ? പയ്യന്നൂരിലെയും തിരുവനന്തപുരത്തെയും രക്തസാക്ഷി ഫണ്ട് വെട്ടിപ്പു മുതല്‍ ശബരിമല അയ്യപ്പന്റെ സ്വര്‍ണ്ണം കക്കലും അയ്യപ്പ സംഗമ വെട്ടി പ്പും വരെ എത്രയെത്ര ‘റിയല്‍ കേരളാ സ്റ്റോറികള്‍’ പത്തു കൊല്ലംകൊണ്ട് റിലീസാക്കി റിക്കാര്‍ഡ് കളക്ഷന്‍ പാര്‍ട്ടിയും നേതാക്കളും ഉണ്ടാക്കി. അതൊക്കെ മറന്ന്, ഇടുക്കി മണിയുടെ ഭാഷയില്‍, ഞങ്ങള്‍ നല്‍കിയത് നക്കിതിന്ന് തിരിച്ച് വോട്ടു ചെയ്തവരാണെങ്കിലും വോട്ടര്‍മാരെ ഉപേക്ഷിക്കാന്‍ പാര്‍ട്ടിക്കാവുമോ?
ബീഫ് ഫെസ്റ്റില്‍ മറ്റുള്ളവരുടെ മുമ്പില്‍ തങ്ങള്‍ക്ക് ഒന്നാം സ്ഥാനം പിടിക്കാം എന്നാണ് ഡിഫി സഖാക്കള്‍ ചിന്തിച്ചത്. നോമ്പുതുറന്ന ഉടന്‍ ആളുകള്‍ തങ്ങളുടെ ബീഫ് ബിരിയാണിക്കായി ഓടിയെത്തും എന്നവര്‍ സ്വപ്‌നം കണ്ടു. മാത്രമല്ല, മത്സരിച്ച് പന്തലുകെട്ടാന്‍ യൂത്ത് ലീഗുകാരും യൂത്തു കോണ്‍ഗ്രസ്സുകാരും ഉണ്ടാവുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ അവരാരും എത്തിയില്ല. വേണ്ടവര്‍ ബീഫ് കഴിച്ചോട്ടേ, അല്ലാത്തവര്‍ പച്ചക്കറി കഴിച്ചോട്ടേ എന്നാണ് യൂത്ത് ലീഗന്മാര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടത്. കാന്തപുരം സുന്നികളും മുജാഹിദ് നേതാക്കളും ഡിഫി ബീഫ് ബിരിയാണിയോട് താല്പര്യം കാട്ടിയില്ല. നേരത്തെ മൊഴിചൊല്ലിയ ജമാ അത്തുകാര്‍ക്ക് അത് ഹറാമാണ് എന്ന് പറയേണ്ടല്ലോ. ചുരുക്കത്തില്‍ ”സഖാക്കളെ, ഞമ്മക്ക് മാണ്ട ഇങ്ങടെ ബീഫ് ബിരിയാണി” എന്നു മുസ്ലിങ്ങള്‍ നിലപാടെടുത്തു. നോക്കണേ സഖാക്കളുടെ ഗതികേട് !
തലക്കുറി:
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ക്ഷമബത്ത നല്കിയതിന്റെ പേരില്‍ ഓരോ ആളോടും ഫോണിലൂടെ വോട്ടു ചോദിച്ച ഡാറ്റകള്ളന്‍ കാരണഭൂതനേക്കാള്‍ ഭേദം കിട്ടിയത് നക്കിയിട്ടും വോട്ടു ചെയ്തില്ല എന്ന് ശകാരിച്ച ഇടുക്കി മണിയല്ലേ? രണ്ടും ഒരേ സ്റ്റാലിനിസ്റ്റ് ചെടിയില്‍ വിരിഞ്ഞ ശവംനാറി പൂക്കള്‍!





















