ദേശീയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘം ഒറീസയിലെ പുരിയില്‍ ഈ മാസത്തെ ആദ്യദിനങ്ങളില്‍ നടത്തിയ ദേശീയ സമ്മേളനത്തില്‍ പത്തോളം വിദേശരാജ്യങ്ങളിലെ തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കുകയും അവര്‍ ‘നാം ഒരു കുടുംബമാണ്, ഞങ്ങളും ബി.എം.എസ് കുടുംബത്തിലാണ്’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ ഫലത്തില്‍ ആ ദേശീയ തൊഴിലാളി സമ്മേളനം ആഗോള തൊഴിലാളി സമ്മേളനത്തിന്റെ പ്രതീതി സൃഷ്ടിച്ചത് കണ്ടിട്ടും കണ്ടില്ലെന്നു നടിക്കാനാണ് മലയാള മാധ്യമ സിങ്കങ്ങള്‍ തയ്യാറായത്. അതുകൊണ്ട് ഈ സമ്മേളനം അവര്‍ക്ക് വാര്‍ത്തയേയായില്ല. അത് കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞാണ് ഫെബ്രുവരി 12 ന് സി.ഐ.ടി.യു നേതൃത്വത്തില്‍ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ കൊട്ടിഘോഷിച്ച് ദേശീയ പണിമുടക്ക് നടത്തിയത്. ഈ പണിമുടക്ക് കേരളത്തിന്റെ നാലതിര്‍ത്തിക്കപ്പുറം ഒരു കുട്ടിപോലും അറിഞ്ഞില്ല എന്നത് പരസ്യമായതുകൊണ്ട് മൂടിവെക്കാനും അവര്‍ക്കായില്ല. പണിമുടക്കില്‍ കേരളം സ്തംഭിച്ചു എന്നും നരേന്ദ്രമോദി വിറച്ചു എന്നുമാണ് സി.ഐ.ടി.യു നേതാവ് എളമരം കരീം പ്രഖ്യാപിച്ചത്. സി.ഐ. ടി.യു നോക്കുകൂലിക്കാര്‍ ബസ് തടഞ്ഞ് നാട്ടുകാരെ റോഡിലിറക്കിവിടുകയും കുടുംബം പോറ്റാന്‍ ദിവസക്കൂലിക്ക് പണിക്കിറങ്ങിയവനെ തല്ലിച്ചതക്കുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നത് കണ്ട് മോദി ഞെട്ടിവിറക്കുക മാത്രമല്ല, തൊഴില്‍ചട്ടങ്ങള്‍ അപ്പടി പിന്‍വലിച്ച് അതിന്റെ തെളിവുമായി എ.കെ.ജി. സെന്ററിലെത്തി ഏത്തമിട്ട് ക്ഷമ ചോദിക്കുമെന്ന് കരീം സഖാ വിന്റെ ഭാവഹാവാദികള്‍ കണ്ടവര്‍ക്കൊക്കെ തോന്നിപ്പോയിരുന്നു.
കരീം സഖാവ് എന്ന് വിളിക്കുമ്പോള്‍ സൂക്ഷിക്കണം. സി.പി.എം. ജന.സെക്രട്ടറി എം.എ. ബേബി കേരള വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മതമില്ലാത്ത ജീവനായി പ്രഖ്യാപിച്ച കൂട്ടത്തിലുള്ളയാളാണ് കരീം സഖാവ്. എന്നാല്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം സുന്നത്ത് കഴിച്ച് കരീം കാ ആയി മാറി. ഇക്കാര്യം കോഴിക്കോട് മണ്ഡലത്തില്‍ സഖാക്കള്‍ ഒട്ടിച്ച ‘കോഴിക്കോട്ടുകാരുടെ പ്രിയങ്കരനായ കരീം കാ ക്ക് വോട്ടു ചെയ്യുക’ എന്ന പോസ്റ്ററില്‍ നിന്നാണ് ജനം അറിഞ്ഞത്. പണിമുടക്ക് ദിവസം കരീം കാ വലിയൊരു വിപ്ലവ സിദ്ധാന്തം കൂടി ലോകത്തിന് സമ്മാനിച്ചിട്ടു ണ്ട്. അതാണ് ചക്കക്കുരു വിപ്ലവം. ഗോവിന്ദന്‍ സഖാവിന്റെ സമൂര്‍ത്തമോ അമൂര്‍ത്തമോ വര്‍ഗ്ഗപരമോ ആയ സങ്കീര്‍ണ്ണമായ വ്യാഖ്യാനമൊന്നും അതിനു വേണ്ട. ഏതു നിരക്ഷര സി.ഐ.ടി.യുക്കാരനും മനസ്സിലാവുന്ന വ്യാഖ്യാനം കരീം കായുടെ കയ്യിലുണ്ട്. പണിമുടക്ക് ദിവസം നിയമം കയ്യിലെടുത്ത് സി.ഐ.ടി.യുക്കാര്‍ കാണിച്ച പരാക്രമം കൊടുവാള്‍കൊണ്ട് ചക്ക മുറിക്കും പോലെ ലളിതം എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം. ‘കൊടുവാള്‍ കൊണ്ട് ചക്ക മുറിക്കുമ്പോള്‍ ഒന്നോ രണ്ടോ കുരു മുറിഞ്ഞു പോകി ല്ലേ. അത്രയേ പണിമുടക്കില്‍ സംഭവിച്ചുള്ളു’ എന്ന ചക്കക്കുരു വിപ്ലവ സിദ്ധാന്തത്തിന് വലിയ വലിയ അര്‍ത്ഥമാണുള്ളത്. കൊടുവാള്‍ ഉപയോഗിക്കാനും ചക്കച്ചുള തിന്നാനും അതിന് തടസ്സമാകുന്ന കുരു മുറിക്കാനും സഖാക്കള്‍ക്ക് അവകാശമുണ്ട്. അത് ചോദ്യം ചെയ്യുന്നവന്‍ കുരുവിന്റെ അനുഭവം ഓര്‍ത്തോളണം എന്ന പാര്‍ട്ടി തിട്ടൂരമാണ് ചക്കക്കുരു വിപ്ലവ പ്രഖ്യാപനത്തിലുള്ളത്.
തലവര:
ദശാബ്ദങ്ങളോളം ദല്‍ഹിയില്‍ സാഹിത്യ അക്കാദമി സെക്രട്ടറി കസേരയിലിരുന്ന് മോദിവിരോധം കത്തിച്ചുവിട്ട കവി സച്ചിദാനന്ദന് ജീവന്‍ ഭീഷണിയിലാണ് എന്ന് എഴുതേണ്ട അവസ്ഥ വന്നിട്ടില്ല. വിജയന്‍ സഖാവിന്റെ ഇടത് ലാവണത്തിലെത്തിയപ്പോഴോ, ജീവന്‍ ബാക്കിയുണ്ടെങ്കില്‍ കാണം എന്ന് പോലും എഴുതാന്‍ പറ്റാത്ത ഗതികേട്.





















