പ്രൊഫസര്‍ രാജേന്ദ്രസിംഗ്
ഒരു സഫല ജീവിത യാത്ര
ഡോ: രതന്‍ ശാരദ
വിവ: എസ്. സേതുമാധവന്‍
കുരുക്ഷേത്ര പ്രകാശന്‍
പേജ്: 221 വില: 350 രൂപ
ഫോണ്‍: 0484-2338324
ഒരു നൂറ്റാണ്ട് കാലമായി നടക്കുന്ന സംഘ പ്രവര്‍ത്തനത്തിന്റെ നാള്‍ വഴിയില്‍ എണ്ണിയാല്‍ ഒടുങ്ങാത്തവിധം കാര്യകര്‍ത്താക്കളും സ്വയംസേവകരും കാലയവനികക്കുള്ളില്‍ മറഞ്ഞുപോയി. സ്വയം സേവകര്‍ക്ക് തന്റെ സംഘയാത്രയെ ധ്യേയപൂര്‍ണ്ണവും രത്‌നസമാനവുമാക്കി തീര്‍ക്കാന്‍ പൂര്‍വ്വികരുടെ ജീവിതങ്ങളിലൂടെയുള്ള യാത്ര അനിവാര്യമാണ്. അത്തരം പ്രേരണാ ഗ്രന്ഥമാണ് ഒരു ‘സഫല ജീവിത യാത്ര’ എന്ന പേരില്‍ രജ്ജുഭയ്യ എന്ന് എല്ലാവരും വിളിക്കുന്ന പ്രൊഫസര്‍ രാജേന്ദ്രസിംഗ്ജിയുടെ ജീവിതയാത്ര എന്ന പുസ്തകം.
മുംബൈ സ്വദേശിയും രാജ്യത്തെ പ്രമുഖ ഇ.ആര്‍.പി. കണ്‍സള്‍ട്ടന്റുമായ ഡോ: രതന്‍ ശാരദയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്ന സ്വര്‍ഗ്ഗീയ ആര്‍. ഹരിയേട്ടന്‍ അവതാരിക എഴുതിയ ഈ പുസ്തകം മുതിര്‍ന്ന പ്രചാരകനായിട്ടുള്ള എസ്. സേതുവേട്ടനാണ് ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിട്ടുള്ളത്. പതിനഞ്ച് അദ്ധ്യായങ്ങളിലായും 221 പേജുകളിലായി തയ്യാറാക്കിയിട്ടുള്ളതാണ് ഈ പുസ്തകം.
”l have never seen such a practical boy in my life” (എന്റെ ജീവിതത്തില്‍ ഇത്രയും പ്രയോഗമതിയായ വിദ്യാര്‍ത്ഥിയെ ഞാന്‍ കണ്ടിട്ടില്ല) രജ്ജു ഭയ്യയെ കുറിച്ച് ഇത് പറഞ്ഞത് മറ്റാരുമായിരുന്നില്ല ലോക പ്രശസ്ത ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ഡോ. സി.വി. രാമനായിരുന്നു.
‘Rajedra when you take interest in every learner opening a new window to the sky of Knowledge, you never get tired. you have to admire and enjoy every learner’s spririt of opening to explore’ മഹാനായ ആ ശാസ്ത്രജ്ഞന്റെ ഈ വാക്കുകള്‍ ജീവിതത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് നല്ലൊരു കാലം അദ്ധ്യാപക വൃത്തി നിര്‍വ്വഹിക്കുകയും അദ്ദേഹം വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനായിത്തീരുകയും ചെയ്തു.
ഒരിക്കല്‍ ഹോമിഭാഭ ശ്രീഗുരുജിയോട് ശാസ്ത്രത്തില്‍ നൊ ബേല്‍ സമ്മാനാര്‍ഹനാകുമായിരുന്ന ഒരു ഉത്തമ ശാസ്ത്രജ്ഞനെ ശാസ്ത്ര വിഷയത്തില്‍ നിന്നും നിങ്ങള്‍ തട്ടിയെടുത്തു എന്ന് അഭിപ്രായപ്പെട്ടതായി പറയുന്നു.
1942-ല്‍ പ്രയാഗ് രാജ് വിഭാഗ് പ്രചാരക് ആയ ബാപു റാവു മോഘേയുമായിട്ടായിരുന്നു രജ്ജുഭയ്യാ സമ്പര്‍ക്കത്തില്‍ വരുന്നത്. 1946-ല്‍ ബാപുറാവു മോഘേജി ആന്ധ്ര പ്രാന്ത പ്രചാരകനായി പോയപ്പോള്‍ പ്രയാഗ് വിഭാഗ് പ്രചാരക് ചുമതല ഏറ്റെടുക്കാന്‍ ഗുരുജി രജ്ജുഭയ്യായോട് ആവശ്യപ്പെട്ടു. വിഭജനം, സ്വാതന്ത്യലബ്ധി, സംഘ നിരോധനം രാഷ്ട്രവും സംഘവും നേരിട്ട ഇത്തരം പ്രതിസന്ധികള്‍ കടന്നുപോയ കാലഘട്ടത്തോടൊപ്പം രജ്ജുഭയ്യാജിയുടെ ജയില്‍വാസം എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഭാവുറാവുജി രജ്ജുഭയ്യാജിയെ ലക്‌നൗ സംഭാഗ് പ്രചാരകനായി നിയോഗിച്ചു. 1952-ല്‍ രജ്ജു ഭയ്യാ ഉത്തര്‍പ്രദേശ് പ്രാന്തകാര്യവാഹ് ചുമതല ഏറ്റു. 1957-ല്‍ അദ്ദേഹം ഉത്തര്‍പ്രദേശ് പ്രാന്ത പ്രചാരകനായി. 1958-ല്‍ തൃതീയ വര്‍ഷ പരിശീലനം പൂര്‍ത്തിയാക്കി. 1966-ല്‍ ഉത്തര്‍പ്രദേശ് ബീഹാര്‍ അടങ്ങുന്ന ക്ഷേത്രത്തിന്റെ ക്ഷേത്ര പ്രചാരകനായി 1975 വരെ ചുമതല ഏറ്റെടുത്തു പ്രവര്‍ത്തിച്ചു. മാധവറാവു മൂളേജിക്ക് ശേഷം 1977-ല്‍ രജ്ജുഭയ്യാ സര്‍കാര്യവാഹ് ചുമതലയില്‍ നിയുക്തനായി. പിന്നീട് അനാരോഗ്യം കാരണം ഹോ. വേ. ശേഷാദ്രിയെ സര്‍കാര്യവാഹ് ചുമതല ഏല്‍പ്പിച്ചുകൊണ്ട് രജ്ജുഭയ്യാജി സഹസര്‍കാര്യവാഹ് ചുമതലയിലും പ്രവര്‍ത്തിച്ചു. 1994-ല്‍ പൂജനീയ ബാളാ സാഹേബ് ദേവറസ്ജി സര്‍സംഘചാലക് ഉത്തവാദിത്തം ഒഴിഞ്ഞപ്പോള്‍ രജ്ജുഭയ്യാജി പരമപൂജനീയ സര്‍സംഘചാലകനായി നിയുക്തനായി. 2000 വരെ ആ ചുമതലയില്‍ തുടര്‍ന്നു. ആറ് വര്‍ഷം തന്റെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയ അദ്ദേഹം 2000 ത്തില്‍ മാര്‍ച്ച് 10-ാം തീയതി എല്ലാ ജ്യേഷ്ഠ കാര്യകര്‍ത്താക്കളോട് ചര്‍ച്ച ചെയ്ത്‌കൊണ്ട് കുപ്പ ഹള്ളി സീതാരാമയ്യ സുദര്‍ശന്‍ജിയെ അഞ്ചാമത്തെ സര്‍സംഘചാലകനായി ചുമതല ഏല്‍പ്പിച്ചു കൊണ്ട് ചുമതലാ വിമുക്തനായി. ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ രജ്ജു ഭയ്യാജിയുടെ ജീവിതത്തിലൂടെയുള്ള യാത്ര ഒട്ടനവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ നമുക്ക് മനസ്സിലാക്കി തരുന്നു. ഏതൊരു വിദ്യാര്‍ത്ഥിക്കും സംഘ ചരിത്രാന്വേഷിക്കും ഓരോ സ്വയം സേവകനും അതിനപ്പുറം സാമൂഹ്യ പ്രവര്‍ത്തകനും ഒരുപോലെ പ്രയോജനപ്രദമായിരിക്കും ഈ കൃതി എന്നുള്ളതിന് സംശയമില്ല.






















