മൊഴിമാറ്റവും വിവര്‍ത്തനവും:
ദര്‍ശനം, സങ്കേതം, പ്രയോഗം
ഡോ.ആര്‍.ഗോപിനാഥന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
പേജ്: 241 വില: 230 രൂപ
ഫോണ്‍: 0495-2724600
ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റിക്കിട്ടുന്നതുകൊണ്ടാണ് വാസ്തവത്തില്‍ വായനക്കാരന്റെ, കേള്‍വിക്കാരന്റെ, കാഴ്ചക്കാരന്റെ ആസ്വാദന സാമ്രാജ്യവും വിജ്ഞാനലോകവും വികസിക്കുന്നത്. ഭാഷാമാറ്റത്തിന്റെ ശേഷിയും വൈഭവവും അനുസരിച്ച് ആസ്വാദനത്തിന്റെയും അറിയിപ്പിന്റെയും ലോകം വ്യത്യസ്തപ്പെടുന്നു. ഈ ഭാഷ മാറ്റലിനെ എന്ത് വിളിക്കും. മൊഴിമാറ്റമെന്നോ വിവര്‍ത്തനമെന്നോ. ഒരു ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനെ വിവര്‍ത്തനമെന്നു വിളിക്കണോ, തര്‍ജ്ജമയെന്നു വിളിക്കണോ, പരിഭാഷയെന്നു വേണോ, മൊഴിമാറ്റമെന്നു വേണോ എന്ന് ചോദിക്കുമ്പോള്‍ മൊഴിമാറ്റവും വിവര്‍ത്തനവും രണ്ടാണെന്ന് ദര്‍ശനവും സങ്കേതവും പ്രയോഗവും വഴി വിവരിച്ച് എഴുതുന്ന ഡോ.ആര്‍.ഗോപിനാഥന്റെ പുസ്തകം വായിച്ചാലുണ്ടാകുന്ന അവസ്ഥാവിശേഷം മറ്റൊന്നാണ്. കടുത്ത ആശയക്കുഴപ്പം തുടക്കത്തില്‍ ക്രമത്തില്‍ അനുസന്ധാനം ചെയ്യുമ്പോള്‍ അതിശയവും അത്ഭുതവും പിന്നെപ്പിന്നെ അനുഭാവവും ഒടുവില്‍ അനുഭൂതിയും തരുന്നുണ്ട് ഈ പുസ്തക വായന. ഒരു മികച്ച ഗവേഷണ, പഠന, വിശകലനഗ്രന്ഥമാണിത്.
ഡോ.ഗോപിനാഥന്റെ ദര്‍ശനപ്രകാരം ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ മൊഴിമാറ്റം ഗ്രന്ഥത്തിന്റെ ഭാഷാ മാറ്റവും വിവര്‍ത്തനം രൂപമാറ്റവുമാണ്. അദ്ദേഹത്തിന്റെ തന്നെ ഉദാഹരണം ഉദാഹരിച്ചാല്‍ കുമാരനാശന്റെ വീണപൂവ് വിവര്‍ത്തനവും ശ്രീബുദ്ധചരിതം മൊഴിമാറ്റവുമാണ്. കാളിദാസ ശാകുന്തളത്തിലെ ഒരു ശ്ലോകത്തിന്റെ വിവര്‍ത്തനമാണ് രാജാരവിവര്‍മ്മ വരച്ച ശകുന്തള കാലിലെ മുള്ള് എടുക്കുന്നതായി അഭിനയിക്കുന്ന ചിത്രം. തകഴിയുടെ ചെമ്മീന്‍ എന്ന മലയാള കൃതി പല ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. എന്നാല്‍ രാമുകാര്യാട്ട് അത് സിനിമയാക്കുമ്പോള്‍ സംഭവിച്ചത് വിവര്‍ത്തനമാണ്; സിനിമാവിവര്‍ത്തനം. രാമായണം-ഭാരതാദി കഥകളെ ആശ്രയിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സിനിമകളും സീരിയലുകളും അനിമേഷന്‍ ചിത്രങ്ങളും പുരാണേതിഹാസങ്ങളെ ആശ്രയിച്ചുകൊണ്ട് വിരചിതമായ ബാലചിത്ര രചനകളും ഏതെങ്കിലും കൃതികളെ ആശ്രയിച്ചുകൊണ്ട് രചിക്കപ്പെട്ട കാര്‍ട്ടൂണുകളും വിവര്‍ത്തനങ്ങളെന്ന വിഭാഗത്തിലുള്ളവയാണ്.
ഡോ.ഗോപിനാഥന്‍ എത്ര വിവരിച്ചാലും ആവര്‍ത്തിച്ചാലും രൂഢമൂലമായിപ്പോയ ബോധമായതിനാല്‍, വിവര്‍ത്തനവും മൊഴിമാറ്റവും രണ്ടാണെന്ന് പുസ്തകം വായിച്ച് തലകുലുക്കി സമ്മതിച്ചശേഷവും ഇവ തമ്മില്‍ തെറ്റിച്ചു പറയാനേ ഇടയുള്ളൂവെന്ന തരത്തില്‍ ആഴത്തില്‍ ‘ട്രാന്‍സ്‌ലേഷന്‍’ നമ്മില്‍ അര്‍ത്ഥം കൊണ്ട് കടന്നു കയറിയിരിപ്പുറപ്പിച്ചിരിക്കുന്നു. ഈ വാക്യങ്ങള്‍ ഓര്‍മ്മയില്‍ വച്ചാല്‍ ആ പ്രതിസന്ധി മറികടക്കാം, ”ഭാഷയുടെ ലക്ഷ്യം ഒരു ഭാഷ അറിയുന്നവര്‍ക്ക് ആശയം പകര്‍ന്നു കൊടുക്കുകയെന്നതാണെങ്കില്‍, മൊഴിമാറ്റത്തിലൂടെ ചെയ്യുന്നത് ഒരു ഭാഷ അറിയാത്തവര്‍ക്ക് ആ ഭാഷയിലെ ഉല്പന്നമോ ആശയമോ മൂലാനുരൂപമായിത്തന്നെ പകര്‍ന്നു കൊടുക്കുകയെന്നുള്ളതാണ്. വിവര്‍ത്തനത്തിന്റെ ലക്ഷ്യവും ധര്‍മ്മവും അടിസ്ഥാനപരമായി ഒരു ഭാഷ അറിയാത്തവര്‍ക്ക് ആ ഭാഷയിലെ സാഹിത്യകലാ പ്രസ്ഥാനങ്ങളെ അനുകരണത്തിലൂടെയോ പുനഃസൃഷ്ടിയിലൂടെയോ പകര്‍ന്നുകൊടുക്കുക എന്നതോടൊപ്പം ഒരു സാഹിത്യരൂപത്തെ മറ്റൊരു മാധ്യമത്തിലേക്ക് രൂപമാറ്റം ചെയ്യുക എന്നതുകൂടിയാണ്.”
വളരെ സങ്കീര്‍ണമായ ഒരു മേഖലയെ അതിന്റെ ഓരോ മുക്കും മൂലയും തത്ത്വികമായും പ്രായോഗികമായും വിശകലനം ചെയ്ത് ഉദാഹരിച്ച് അവതരിപ്പിക്കുന്നുവെന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. ഗവേഷകന്‍ കൂടിയായ ഡോ. ഗോപിനാഥന്‍ ദര്‍ശനം അവതരിപ്പിക്കാനും അനുസരിപ്പിക്കാനും നടത്തിയ പരിശ്രമം അസാമാന്യമാണ്. മൂന്നു വിധത്തില്‍ ഈ പുസ്തകം മൂല്യവത്താകുന്നു. ഒന്ന്: ഭാഷാ സംരക്ഷണത്തിനും പോഷണത്തിനും നടത്തുന്ന കാക്കത്തൊള്ളായിരം പ്രസംഗങ്ങള്‍ക്കും പരിപാടികള്‍ക്കും പകരമാണിത്. രണ്ട്: സ്ഥാപിക്കാനുദ്ദേശിക്കുന്ന വസ്തുതയ്ക്ക് വായനക്കാരനെ മടുപ്പിക്കുന്ന, പേടിപ്പിക്കുന്ന പാണ്ഡിത്യത്തിന്റെ ജാഡകളില്ലാതെയാണീ പുസ്തക ഘടന. മൂന്ന്: സാങ്കേതികതപോലും അതിസൂക്ഷ്മമായി ഒപ്പം ലളിതമായി പറയുന്ന ഭാഷാനൈപുണി എന്നിങ്ങനെ.
വിവര്‍ത്തനം കടം വാങ്ങലാണെ ന്നും അത് സംസ്‌കാരസമന്വയത്തിനു കൊള്ളാം ഹൃദയം-സാഹിത്യസംസ്‌കാരത്തിനു കൊള്ളില്ല എന്ന അര്‍ത്ഥത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് നടത്തിയ വിവാദ പരാമര്‍ശത്തെ ഈ പുസ്തകം ”വെറും വാചകകസര്‍ത്ത്” എന്ന് നിരീക്ഷിക്കുന്നു. ”ഭാഷയുടെ ആദിമൂലം വാക്യമാണ്, ധാതുവല്ല” എന്നതാണ് പ്രാചീനാചാര്യന്മാരുടെ സിദ്ധാന്തം. കഴുത എന്ന വാക്കിന് ജന്തുവിന്റെ പേര് എന്നതിനൊപ്പം മൂഢന്‍ എന്ന അര്‍ത്ഥവുമുണ്ട് എന്ന് പ്രസ്താവിച്ചു നടത്തുന്ന വിശകലനം, സര്‍ഗ്ഗാത്മക ഭാഷയുടെ മൊഴിമാറ്റം, മൊഴിമാറ്റ സമ്പ്രദായം തുടങ്ങിയ സോദാഹരണ വിവരണങ്ങള്‍ ഈ പുസ്തകത്തിന്റെ വിശേഷങ്ങളാണ്.






















