മുഖ്യമന്ത്രി വിജയന്‍ സഖാവും മുഖ്യമന്ത്രി കുപ്പായം തുന്നിച്ചു അതിടാന്‍ കാത്തിരിക്കുന്ന വി.ഡി സതീശനും സകലവിധ ആശംസകളും നേര്‍ന്ന് പച്ചക്കൊടി കാട്ടി വിട്ട സമസ്തയുടെ നൂറാം വാര്‍ഷിക തേരോട്ടത്തിന് പിന്നാലെ കാസര്‍കോട്ട് നടന്ന വാര്‍ഷിക സമ്മേളനത്തിലെ പ്രമേയങ്ങളുടെ മതേതര അത്തര്‍ മണത്തില്‍ കേരളം മുങ്ങിക്കിടക്കുകയാണ്. മലയാളിയോടും കേരളം ഭരിക്കുന്നവരോടും സമസ്ത കാണിക്കുന്ന ഔദാര്യം എത്രയെന്ന് മനസ്സിലാവണമെങ്കില്‍ വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍ മനസ്സിരുത്തി വായിക്കണം. മുസ്ലീം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളായ ചെറിയ പെരുനാളിനും ബലി പെരുനാളിനും ഇപ്പോഴുള്ള അവധി ദിനങ്ങള്‍ തീരെ അപര്യാപ്തമാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കണ്ടില്ലേ, ദീര്‍ഘനാളത്തെ അവധിയല്ലേ കൊടുക്കുന്നത്. അപ്പോഴല്ലേ മതകര്‍മ്മങ്ങള്‍ ചെയ്യാനും കുടുംബ ബന്ധങ്ങള്‍ പുതുക്കാനും പറ്റൂ. ഗള്‍ഫ് നാട്ടിലേതുപോലെ മാസങ്ങള്‍ നീണ്ട അവധിയൊന്നും അവര്‍ ചോദിച്ചിട്ടില്ല. പെരുന്നാളിന്റെ മുമ്പും പിമ്പും ഉള്‍പ്പെടെ മൂന്നു ദിവസം വീതം ഓരോന്നിനും അവധി നല്‍കണം. അത്രയേ വേണ്ടു. ഇതുവരെ സ്‌കൂള്‍ കലണ്ടറിലാണ് ഇസ്ലാമികവല്‍ക്കരണം നടപ്പാക്കിയത്. സര്‍ക്കാറിന്റെ അവധി കലണ്ടര്‍ തന്നെ പച്ചയില്‍ മുക്കണം എന്നു മാത്രമല്ലേ പറഞ്ഞുള്ളൂ. നോക്കൂ വളരെ ചെറിയ ആവശ്യം. സംസം ജലം പോലെയുള്ള സമസ്തയുടെ ഔദാര്യത്തിന്റെ നൈര്‍മല്യം കാണാതെ പോകരുത്.
എസ്.എസ്.എല്‍.സി പരീക്ഷാ കലണ്ടര്‍ മൊത്തം ഇസ്ലാമീകരിച്ചെങ്കിലും സ്‌കൂള്‍ കലണ്ടര്‍ ഇനിയും തീര്‍ത്തും പച്ചയായിട്ടില്ല എന്നതില്‍ സമസ്തക്ക് വേദനയുണ്ട്. പരീക്ഷയും ക്ലാസുമൊക്കെ ചിലപ്പോള്‍ ജുമുഅ നമസ്‌കാരത്തിന് തടസ്സമാകുന്നു. സമുദായത്തിന്റെ സാഹചര്യമനുസരിച്ച് പൊതുവിദ്യാഭ്യാസ കലണ്ടര്‍ മൊത്തം ഇസ്ലാമിക രീതിയിലാക്കണം. മദ്രസ സമയമനുസരിച്ചേ സ്‌കൂള്‍ സമയം നിശ്ചയിക്കാവൂ എന്ന് സമസ്ത നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയതാണ്. മുഖ്യന്‍ വിജയന്‍ സഖാവ് ഒരു കൊല്ലം കഴിഞ്ഞ് നടപ്പാക്കാമെന്ന് കാലുപിടിച്ച് പറഞ്ഞപ്പോള്‍ ജിഫ്രി മുത്തുകോയ തങ്ങളുടെ മനസ്സലിഞ്ഞതുകൊണ്ട് അതനുവദിച്ചു. ഇനി അത് പറ്റില്ല. സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിച്ചോളണം എന്ന പ്രമേയത്തിലെ വാക്കുകള്‍ ഭീഷണിയായി കരുതണ്ട; ഫത്വയായി കണ്ടാല്‍ മതി. അതും സമസ്തയുടെ ഔദാര്യം.
തീര്‍ന്നില്ല സമസ്തയുടെ ഔദാര്യം. ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ പറഞ്ഞപോലെ ഇസ്ലാമിക ഭരണം വേണമെന്നൊന്നും സമസ്ത ശഠിച്ചിട്ടില്ല. മലപ്പുറം ജില്ല എന്ന മാപ്പിളസ്ഥാനെ രണ്ടാക്കി മാറ്റണം. മുമ്പ് മലപ്പുറം ജില്ല ഉണ്ടാക്കിയ പോലെ മുസ്ലീം ഭൂരിപക്ഷം കണക്കാക്കി പാലക്കാടിനെയും ഇടുക്കിയേയും കൂടി പുനക്രമീകരിക്കണം. കാസര്‍കോടും കോഴിക്കോടും വയനാടും ഈ പട്ടികയില്‍ പെടുത്താതിരുന്നത് സമസ്തയുടെ ഹൃദയവിശാലത. മുസ്ലീം സമുദായത്തിന്റെ വിശ്വാസപരമായ കാര്യം നിയന്ത്രിക്കുന്നത് തങ്ങളാണ്; സമസ്ത പറഞ്ഞതിനപ്പുറം സമുദായം പോകില്ല എന്ന ജിഫ്രി മുത്തുകോയ തങ്ങളുടെ നബിവചന സമാനമായ മൊഴിമുത്തുകളില്‍ വിജയന്‍ സഖാവിനും കളങ്കമില്ലാത്ത സതീശനും ഉള്ള ഫത്വകള്‍ ഉണ്ട്. നബിയുടെ പിന്മുറ പാരമ്പര്യം പറയുന്ന പാണക്കാട് തങ്ങളെ വരച്ചവരയില്‍ നിര്‍ത്തിയ മാന്ത്രികനാണ് ജിഫ്രി. താലിബാന്റെ ഫത്വകള്‍ക്ക് അറേബ്യന്‍ അത്തര്‍ പൂശിയതാണ് സമസ്തയുടെ പ്രമേയം എന്നു ഉറക്കെ വിളിച്ചുപറയാന്‍ ആണത്തമുള്ള ആരെങ്കിലും ഇടതു വലതു മുന്നണിയിലുണ്ടോ?





















