സനാതന ധര്‍മ്മത്തിനെതിരെ നിരന്തരം അധിക്ഷേപം ചൊരിഞ്ഞ രാമസ്വാമി നായ്ക്കര്‍ക്ക് ഭ്രാന്താണെന്നും അയാളെ ജയിലിലിടണമെന്നും പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജിന് കത്തയച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു ഈ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അന്നത്തെ രാമസ്വാമി നായ്ക്കരുടെ സ്ഥാനത്ത് ഇന്നുള്ളത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനുമായ ഉദയനിധിയും നെഹ്‌റുവിന്റെ സ്ഥാനത്ത് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചുമാണ്. 2003-ല്‍ സനാതന ധര്‍മ്മ നിര്‍മ്മാര്‍ജന സമ്മേളനം സംഘടിപ്പിച്ച ഉദയനിധി അവിടെ പ്രസംഗിച്ചത് സനാതന ധര്‍മ്മം എന്നത് ഡെങ്കിയും കൊറോണയും പോലെ മാരകമായതാണ്, അതിനെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നാണ്. ഈ പ്രസ്താവന വിവാദമായപ്പോള്‍ ഉദയനിധിയും സ്റ്റാലിനുമൊക്കെ അതിനെ ശക്തമായി ന്യായീകരിച്ചു. ഈ പ്രസംഗത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ഉദയനിധി ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാനാണ് ആഹ്വാനം ചെയ്തത് എന്ന് ബിജെപി വക്താവ് അമിത് മാള്‍വ്യ ‘എക്‌സില്‍’ പോസ്റ്റിട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ തമിഴ്‌നാട് പോലീസ് കേസ്സെടുത്തു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മാള്‍വ്യ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഉദയനിധിയുടെത് വിദ്വേഷ പ്രസംഗമാണെന്ന വിധി വന്നത്.
താന്‍ പറഞ്ഞത് സനാതന ധര്‍മ്മത്തെക്കുറിച്ചാണ് അതിന്റെ വിശ്വാസികളെക്കുറിച്ചല്ല എന്ന ഉദയനിധിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഉദയനിധി ഉപയോഗിച്ച’ഒഴിപ്പ്’ എന്ന വാക്ക് വംശഹത്യയാണ് സൂചിപ്പിക്കുന്നത് എന്നും ജസ്റ്റിസ് ഡി.ശ്രീമതി സ്പഷ്ടമായി പറഞ്ഞു. ‘മന്ത്രി 20 ശതമാനം ജനങ്ങളെ 80 ശതമാനത്തിനെതിരെ ഇളക്കിവിട്ടു’ എന്നും ജഡ്ജി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ വംശീയവിദ്വേഷം വളര്‍ത്തുന്നയാളെ മന്ത്രിസഭയില്‍ വെച്ചിരിക്കയാണോ വേണ്ടത്? അയാളെ നെഹ്‌റു പറഞ്ഞ പോലെ ജയിലിലിടണ്ടേ?





















