ജനുവരി 22 ന് കോണ്‍ഗ്രസ്സുകാര്‍ ദല്‍ഹിയിലെ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച തൊഴിലുറപ്പു തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ രാഹുലിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും തലേക്കെട്ടും പിക്കാസും നല്‍കി തൊഴിലുറപ്പു തൊഴി ലാളികളുടെ വേഷത്തില്‍ നിര്‍ത്തിയപ്പോള്‍, അതുകണ്ട ചില പത്രക്കാര്‍ സ്വകാര്യമായി പറഞ്ഞത് ഇവര്‍ക്ക് നല്ലത് ഈ പണിയാണ്; രാഷ്ട്രീയം ഇവര്‍ക്ക് പറ്റിയതല്ല എന്നാണ്. വിബി ജി റാംജി പദ്ധതിക്കെതിരെ ദേശവ്യാപകമായ വന്‍ പ്രക്ഷോഭവും സമരവുമൊക്കെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമാണ് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കളായ രാഹുലും ഖാര്‍ഗെയും പങ്കെടുത്ത നെഹ്‌റു ബാലഭവനിലെ പരിപാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആകെ എത്തിയത് നാന്നൂറോളം പേര്‍. തൊഴില്‍ ഭൂമിയില്‍ നിന്നു മണ്ണു കൊണ്ടുവന്നു ചെടിച്ചട്ടിയില്‍ നിറക്കുന്നതാണ് സമരം. അതിനാണ് തലേക്കെട്ടും പിക്കാസും! തൊഴിലുറപ്പു പദ്ധതിയെ തന്നെ അപഹസിക്കുന്ന പരിപാടിയായി മാറി ഈ സമരം. പണിയെടുക്കാതെ പൈസ വാങ്ങുന്നവരാണ് തൊഴിലുറപ്പുകാര്‍ എന്ന ആരോപണത്തെ ശരിവെക്കുന്ന ഈ സമരാഭാസം ആസൂത്രണം ചെയ്തത് ആരായാലും അവര്‍ നല്ല രസികന്മാര്‍ തന്നെയാണ്. തൊഴിലുറപ്പു പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് മാറ്റി എന്നതിലാണ് ഖാര്‍ഗെക്ക് രോഷം. പേര് തിരികെ കൊണ്ടുവരും വരെ സമരം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷ്മ ശപഥം. രാജ്യത്താകെ ശ്രമിച്ചിട്ടും നാനൂറ് പേരെ സമരത്തിനെത്തിക്കാനാവാത്തവരാണ് ഈ ശപഥം ചെയ്തിരിക്കുന്നത്. സത്യഗ്രഹമോ മുദ്രാവാക്യം വിളിയോ ഇതിന് സഹായകമാവില്ല എന്നും ഖാര്‍ഗെ പറഞ്ഞിട്ടുണ്ട്. മുദ്രാവാക്യം വിളിക്കാന്‍ പോലും ആളെ കിട്ടാത്ത ദേശീയ നേതാക്കള്‍ക്ക് രാഷ്ട്രീയം വിട്ട് പിക്കാസെടുത്ത് തൊഴിലുറപ്പിനു പോകുന്നത് തന്നെയാണ് നല്ലത്.





















