ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധി സംഘം ദല്‍ഹിയില്‍ എത്തിയപ്പോള്‍ നേരെ പോയത് എകെജി സെന്ററിലേക്കല്ല, പകരം ആര്‍എസ്എസ് കാര്യാലയത്തിലേക്കാണ്. അവര്‍ക്ക് സിപിഎമ്മിനോടുള്ള പ്രിയം കുറഞ്ഞോ എന്ന് പത്രക്കാര്‍ക്ക് സംശയം. മറ്റു രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നാണ് സിപിഎം നേതാക്കളുടെ പല്ലവി. ചൈന എന്നു കേട്ടാല്‍ മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്ക് രക്തം തിളയ്ക്കും. ആര്‍എസ് എസ്സുമായി ചന്തയില്‍ കണ്ട ബന്ധം പോലും വേണ്ട എന്നാണ് പാര്‍ട്ടിയുടെ ഉറച്ച നിലപാട്. ആര്‍ എസ്എസ്സിനെ തൊട്ടവരെ പോലും തൊടാന്‍ പാടില്ല എന്ന് എം.എ.ബേബിയുടെ തിട്ടൂരമുണ്ട്. ആര്‍എസ്എസ്സിനെയും ബിജെപി യേയും അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചക്കും പാര്‍ട്ടി തയ്യാറാണ് എന്ന് ശബ്ദമുയര്‍ത്തി സംസാരിക്കുന്നവരാണ് സഖാക്കള്‍. അവരുടെ പ്രേരണാ സ്രോതസ്സായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍എസ്എസ്സിനെ തൊട്ട് അയിത്തക്കാരനായി മാറി. ഇനി ബേബിയും കൂട്ടരും എന്തുചെയ്യും?
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടിക്കാഴ്ചക്ക് സമയം ചോദിക്കുകയായിരുന്നു. പാര്‍ട്ടി അന്താരാഷ്ട്ര വിഭാഗം ഉപമന്ത്രി സണ്‍ ഹായിയാന്റെ നേതൃത്യത്തിലുള്ള സംഘത്തില്‍ ചൈനീസ് നയതന്ത്ര പ്രതിനിധി ഷൂ ഫെയ്‌ഹോങ്ങും ഉണ്ടായിരുന്നു. ആദ്യം അവര്‍ ബിജെപി ഓഫീസ് സന്ദര്‍ശിച്ചതിനു ശേഷമാണ് ആര്‍എസ് എസ് കാര്യാലയത്തില്‍ വന്ന് സര്‍കാര്യവാഹ് ദത്താത്രയ ഹൊസബാളയെ കാണുന്നത്. ആര്‍എസ് എസ്സിനെ അടുത്തറിയാനും മനസ്സിലാക്കാനും അവരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതാണ് നല്ലത് എന്നതാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലപാട്. ആര്‍എസ്എസ് ഓഫീസില്‍ പോയി ഹൊസബാളയെ കാണുകയും തുറന്ന ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ പേരില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച് തീണ്ടപ്പാടകലത്തിലേക്ക് മാറ്റുമോ സി.പി.എം സഖാക്കള്‍?





















