മതസ്പര്‍ദ്ധ വളര്‍ത്തുന്നവര്‍ ആരുണ്ട് എന്ന് മണംപിടിച്ചു നടക്കുകയാണ് കുറെ നാളായി ഡിഫി കുട്ടിസഖാക്കള്‍. മതവികാരം ഇളക്കിവിട്ടു, വിദ്വേഷം വളര്‍ത്തി എന്നീ കുറ്റം ചുമത്തി ശശികലടീച്ചര്‍, പി.വി.അന്‍വര്‍, ശബരിമല കൊള്ളയ്‌ക്കെതിരെയുള്ള പാരഡിപ്പാട്ടിന്റെ രചയിതാവ് എന്നിവര്‍ക്കെതിരെ മതസ്പര്‍ദ്ധ സംബന്ധിച്ച വകുപ്പുപ്രകാരം കേസ് കൊടുത്തു. എന്നാല്‍ ഇവയെല്ലാം ചീറ്റിപ്പോകുന്നതാണ് പിന്നീട് കണ്ടത്. അതുകൊണ്ടാണോ എന്നറിയില്ല, മതസ്പര്‍ദ്ധ ആളിക്കത്തിക്കുന്ന പണി മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തിരിക്കയാണ്.
മുഖ്യമന്ത്രി എന്ന നിലക്ക് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ മാറാട് ഹിന്ദു കൂട്ടക്കൊല സംബന്ധിച്ച് കല്ലുവെച്ച നുണ കാച്ചിവിട്ട ശേഷം ഇരയായ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിം അക്രമികള്‍ക്കൊപ്പം നിന്നത് ലീഗോ കോണ്‍ഗ്രസ്സോ അല്ല താനാണ് എന്ന അവകാശവാദത്തിലൂടെ മതവിദ്വേഷത്തിന്റെ സ്വരമാണ് പ്രകടമാക്കിയത്. തൃശ്ശൂരില്‍ സംസ്ഥാന യുവജനോത്സവ ഉദ്ഘാടന വേദിയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഹിന്ദു-ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കുന്നതായിരുന്നു. ക്രിസ്തുമസ് കരോള്‍ തടഞ്ഞുവെന്നും ക്രിസ്തുമസിന് അവധി എടുത്തുകളഞ്ഞുവെന്നുമൊക്കെ വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയത് ബോധപൂര്‍വ്വം മതസ്പര്‍ദ്ധ വളര്‍ത്താനല്ലെങ്കില്‍ പിന്നെ എന്തിനാണ്? തിരുവനന്തപുരത്ത് കാന്തപുരം സുന്നികളുടെ കേരളയാത്രയുടെ സമാപന വേദിയില്‍ വിജയന്‍ സഖാവ് പ്രസംഗിച്ചത് രാജ്യത്ത് മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിക്കുന്നു എന്നും അവരെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു എന്നുമാണ്. കാന്തപുരം തങ്ങള്‍ക്കുപോലും ഈ പ്രസംഗം അരോചകമായി തോന്നി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷം അദ്ദേഹം പ്രസംഗിച്ചത് വോട്ടിനായി സാമുദായിക വികാരങ്ങളെ ഉപയോഗിക്കുന്നത് സമൂഹത്തില്‍ വലിയ മുറിവുണ്ടാക്കും എന്നാണ്. പൊതുവേദികളെ ഉപയോഗിച്ച് ന്യൂനപക്ഷ- ഭൂരിപക്ഷ മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കാന്‍ സ്വന്തം നാവിനെ തീപ്പന്തമാക്കുന്ന മുഖ്യമന്ത്രിക്കെതിരെയല്ലേ സാമുദായിക സമാധാനം തകര്‍ക്കുന്നതിന്റെ പേരില്‍ കേസെടുക്കേണ്ടത്? അതിനുള്ള ധൈര്യം ഡിഫിക്കാര്‍ക്കുണ്ടോ? അതിനു ചുണയുള്ള ഉദ്യോഗസ്ഥര്‍ വിജയന്‍ സഖാവ് ഭരിക്കുന്ന ആഭ്യന്തര വകുപ്പിലുണ്ടോ?





















