ദുശ്ശള
ബി.എസ്.രാജേന്ദ്രന്‍
വേദ ബുക്‌സ്
കോഴിക്കോട്
പേജ്: 136 വില: 170 രൂപ
ഫോണ്‍: 9539009979
ഭാരതം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സങ്കല്‍പം എന്താണ് എന്ന് ചോദിച്ചാല്‍, ഒറ്റ വാക്കില്‍ പറയാവുന്ന ഉത്തരം ആണ് ധര്‍മ്മം എന്നത്. മനുഷ്യജീവിതത്തിന്റെ ഓരോഘട്ടത്തിലും അനുവര്‍ത്തിക്കേണ്ട ചര്യകളും മുറുകെപ്പിടിക്കേണ്ട മൂല്യങ്ങളും ആണ് ധര്‍മ്മം എന്ന് നാം മനസ്സിലാക്കുന്നു. പിതൃധര്‍മ്മം, പുത്രധര്‍മ്മം, പത്‌നീധര്‍മ്മം, രാജധര്‍മ്മം, ക്ഷത്രിയധര്‍മ്മം, ഭ്രാതൃധര്‍മ്മം അങ്ങനെയങ്ങനെ ധാരാളം.
ധര്‍മ്മത്തോടൊപ്പം സ്വാഭാവികമായിത്തന്നെ ഉരുത്തിരിഞ്ഞുവരുന്ന യഥാര്‍ത്ഥ്യമാണ് ധര്‍മ്മസങ്കടം എന്നതും. ഒരുപക്ഷേ ജീവിതത്തില്‍ നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വാക്ക്. ആവശ്യമായ രണ്ടു ധര്‍മ്മങ്ങളിലൊന്നിനെ തെരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ എത്തുന്ന ആശയക്കുഴപ്പം ആയി നമുക്കീ അവസ്ഥയെ പൊതുവേ വിശേഷിപ്പിക്കാം. ഇങ്ങനെയുള്ള അവസ്ഥയില്‍ ഏതാണോ സമൂഹത്തിനും ഭാവിക്കും ഏറ്റവും അനുഗുണമായി ഭവിക്കുന്നത്, ആ ധര്‍മ്മത്തെ സ്വീകരിക്കുക എന്നതാണ് ചെയ്യേണ്ടത്.
ബി.എസ്.രാജേന്ദ്രന്റെ ദുശ്ശള എന്ന ചെറുനോവല്‍ കൈകാര്യം ചെയ്യുന്നത് ഇപ്പറഞ്ഞ ധര്‍മ്മസങ്കടങ്ങളുടെ ഏറ്റുമുട്ടലുകളാണ്. മഹാഭാരതത്തില്‍ പരാമര്‍ശിച്ചു മാത്രം കടന്നുപോകുന്ന ഒരു കഥാസന്ദര്‍ഭത്തെ, കൗരവസഹോദരിയായ ദുശ്ശളയിലൂടെ വികസിപ്പിച്ച്, അങ്ങേയറ്റം വികാരനിര്‍ഭരമായ മാനസികാവസ്ഥകളിലൂടെ വായനക്കാരനെ കൈപിടിച്ച് നടത്തുന്നതിലെ കൃതഹസ്തത പറയാതെ വയ്യ.
മഹാഭാരതയുദ്ധത്തിനുശേഷം വിജയികളായ പാണ്ഡവര്‍ നടത്തുന്ന അശ്വമേധത്തിന്റെ യാഗാശ്വവുമായി ദിഗ്വിജയത്തിനിറങ്ങിയ അര്‍ജ്ജുനന്‍ സിന്ധുതീരത്ത് തമ്പടിക്കുന്നതാണ് നോവലിന്റെ പശ്ചാത്തലം. കുരു സഹോദരന്മാരുടെ ഒരേയൊരു സഹോദരി ദുശ്ശളയെ വിവാഹം കഴിച്ചയച്ച രാജ്യമാണ് സൈന്ധവം. മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് അവസാനിച്ച ഭീതിദമായ കുരുക്ഷേത്ര യുദ്ധത്തില്‍ പ്രിയതമനായ ജയദ്രഥന്‍ കൊല്ലപ്പെട്ടതിന്റെ മഹാദുഃഖം തളം കെട്ടി നില്‍ക്കുന്ന സൈന്ധവത്തിലേക്കാണ് അര്‍ജ്ജുനന്‍ യാഗാശ്വവുമായി പടനയിച്ചെത്തിയത്. രാജാവിന്റെ നഷ്ടം സൈന്ധവസൈനികരില്‍ ഉയര്‍ത്തിയ പ്രതികാരദാഹം അവരെ കൂടുതല്‍ പോരട്ടവീര്യത്തിലേക്കാണ് നയിച്ചത്. അതുവരെ കണ്ടിട്ടില്ലാത്ത ചെറുത്തുനില്‍പ്പാണ് അര്‍ജ്ജുനന്‍ നേരിട്ടത്.
യുദ്ധം നടക്കുമ്പോഴും, ദുശ്ശളയുടെ ചിന്തകളിലൂടെ തന്റെ ഹസ്തിനപുരദിനങ്ങള്‍ മിഴിതുറക്കുന്നു. നൂറ്റഞ്ചു സഹോദരന്മാരുടെ കുഞ്ഞനുജത്തിയായി പാറിപ്പറന്ന ബാല്യകൗമാരങ്ങള്‍. കൗരവപാണ്ഡവരുടെ കൊടും ശത്രുതക്കിടയിലും അര്‍ജ്ജുനനും ഭീമനുമൊക്കെ ദുശ്ശള പ്രിയപ്പെട്ട അനുജത്തി തന്നെ ആയിരുന്നു. ഒരുവശത്ത് അകാലവൈധവ്യമെന്ന മഹാദുഖം, ഒരു വശത്ത് രാജധര്‍മ്മം, ഒരുവശത്ത് തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ബാല്യകാലസ്മരണകള്‍. ആദ്യം പറഞ്ഞ ധര്‍മ്മസങ്കടത്തിന്റെ പരകോടിയാണിത്. അര്‍ജ്ജുനനും കടന്നുപോകുന്നത് സമാനമായ മനസികാവസ്ഥകളില്‍ കൂടെ തന്നെ. ഇതിനിടയിലൂടെ വായനക്കാരനെ ഈ ധര്‍മ്മസങ്കടങ്ങളുടെ കൊടുങ്കാറ്റുകളിലേക്ക് എഴുത്തുകാരന്‍ ഇത്തിരിനേരം തനിച്ചു വിടുന്നു.
നോവല്‍ അവസാനത്തോടു അടുക്കുമ്പോള്‍ പിരിമുറുക്കം ഏറുകയാണ്. ഇതെവിടെ, എങ്ങനെ അവസാനിക്കും. പെട്ടെന്ന് ഹൃദയാഘാതത്താല്‍ മരിക്കുന്ന മകന്‍, സുരതന്റെ കൈക്കുഞ്ഞുമായി അര്‍ജ്ജുനന്റെ പടപ്പാളയത്തിലെത്തുന്ന ദുശ്ശള ആ പിഞ്ചു കുഞ്ഞിനെ അര്‍ജ്ജുനന്റെ മുന്‍പില്‍ കിടത്തുമ്പോള്‍ അതുവരെ വീശിയടിച്ച കൊടുങ്കാറ്റുകള്‍ ഒരു മന്ദമാരുതന്റെ തലോടലായി മാറുന്നു. അനുജത്തിയെ ചേര്‍ത്ത് പിടിച്ച് ഹസ്തിനപുരത്തിലേക്കുള്ള രഥത്തിലേക്ക് നടക്കുമ്പോള്‍ അര്‍ജ്ജുനനും ഒരു ധര്‍മ്മസമരത്തില്‍ കീഴടങ്ങുന്നു.
മനോഹരമായ രചനാശൈലി, ആഖ്യാനമികവ്, ആദ്യന്തം നാടകീയത നിലനിര്‍ത്തുന്ന ക്രാഫ്റ്റ്. സംശയം വേണ്ട. മഹാഭാരതത്തെ അധികരിച്ച് എഴുതപ്പെട്ട രചനകളില്‍ ബി.എസ്.രാജേന്ദ്രന്റെ ദുശ്ശള മുന്‍നിരയില്‍ തന്നെയാണ്.






















