കോമഡി കഥാപാത്രം ജാലിയന്‍ കണാരനെപ്പോലെ കേരളത്തിലെ ഇടത്-വലതു മുന്നണികളിലെ നേതാക്കളില്‍ പലരും തങ്ങളുടെ ജനാലക്ക് പുറത്ത് ഒരു മുട്ടുകേള്‍ക്കുന്നതും കാത്ത് അര്‍ദ്ധരാത്രിയിലും ഉറങ്ങാതിരിക്കുകയാണ്, അടുത്ത സര്‍ക്കാരിലെ മുഖ്യമന്ത്രി താനാണ് എന്ന പാര്‍ട്ടി നേതൃത്വത്തിന്റെ സന്ദേശം എപ്പോഴും വരാം എന്ന പ്രതീക്ഷയോടെ. എന്നാല്‍ ഐ.എ.എസ്സും കഴിഞ്ഞ് കേരളത്തിലെത്തി കഥയെഴുത്തും തെറിവിളിച്ചും വിവാദവുമായി കഴിയുന്ന എന്‍.എസ്. മാധവന്‍ ഉറക്ക മൊഴിച്ച് കാതോര്‍ത്തിരിക്കുന്നത് നിസ്സാരമായ കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരക്കല്ല, ദില്ലി സിംഹാസനത്തിനു തന്നെയാണ്. ബംഗ്ലാദേശില്‍ സിവില്‍ സൊസൈറ്റി നേതാവായ മുഹമ്മദ് യൂനൂസിന് ഭരിക്കാമെങ്കില്‍ ഐ.എ.എസ്സുകാരനായ തനിക്ക് ഇന്ത്യ ഭരിക്കാമല്ലോ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിയമസഭാ പുസ്തകോത്സവത്തില്‍ മാധവന്‍ പറഞ്ഞ കാര്യങ്ങള്‍ വായിച്ചാല്‍ ഇത് ബോധ്യപ്പെടും.
21 -ാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചുള്ള പ്രവചനമാണ് ആ പ്രസംഗത്തിലുള്ളത്. ഇന്ത്യ എന്ന ആശയം മാറ്റിമറിക്കാനായി ഒരു പദ്ധതി രൂപപ്പെട്ടിട്ടുണ്ട്. അത് ഓരോ വര്‍ഷവും ഓരോ രീതിയില്‍ മുന്നോട്ട് പോവുകയാണ്. അത് വാജ്‌പേയി ആയി മൃദുമുഖത്തോടെ അവതരിച്ചു. ഇപ്പോള്‍ രൂക്ഷമുഖമായി മാറിയിരിക്കുന്നു. അതിനെ എതിര്‍ക്കാന്‍ മറുവശത്ത് ഒരാശയവും ഇല്ല. ബംഗാളിലെ ഭരണം പോയതോടെ ഇടതുപക്ഷം അപ്രസക്തമായി. എതിര്‍ക്കേണ്ട കോണ്‍ഗ്രസ്സും സോഷ്യലിസ്റ്റുകളും ഇവരെ അനുകൂലിക്കുന്നവരായി മാറി. ഈ കാര്‍മേഘപടലങ്ങള്‍ക്കിടയിലും കാര്യങ്ങള്‍ മാറിമറിയാന്‍ നിമിഷങ്ങള്‍ മതി എന്ന് മാധവന് ബോധം വന്നത് ഇയിടെ ശ്രീലങ്കയിലും ബംഗ്ലാദേശിലും ഉണ്ടായ ജന്‍സികലാപം കണ്ടപ്പോഴാണ്. കര്‍ഷകസമരത്തില്‍ ഇതിന്റെ മിന്നലാട്ടം അദ്ദേഹം കാണുകയും ചെയ്തു. ഇസ്ലാമിസ്റ്റ് പാളയത്തിലിരിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശില്‍ നടപ്പാക്കുന്ന മാതൃക സ്വപ്‌നം കാണാന്‍ സുഖമാണ്. ഹിഗ്വിറ്റയുടെ വീര്യം ആവാഹിച്ച് കിഴവന്‍ ച്യുല്യാറ്റിന്റെ കയ്യിലെ ബോള്‍ പേനയുമായി മാധവന്‍ ഉറങ്ങാതെ കാത്തിരിക്കുന്നു; പച്ചപ്പടയുടെ പ്രക്ഷോഭത്തിന്റെ വിളികേള്‍ക്കാന്‍.





















