മതപരിവര്‍ത്തനതന്ത്രങ്ങളുടെ
കേരളാസ്റ്റോറി
സന്തോഷ് ബോബന്‍ &
വി. ആര്‍. മധുസൂദനന്‍
ബൗദ്ധികം ബുക്‌സ് ആന്‍ഡ്
പബ്ലിക്കേഷന്‍സ്,
തിരുവനന്തപുരം.
പേജ്: 195 വില: 300 രൂപ.
ഫോണ്‍: 9020078899,
8943006350
ഇരുപത്തിയൊന്നാം നൂറ്റാണ്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ വെല്ലുവിളിയാണ് മതപരിവര്‍ത്തനങ്ങള്‍. സ്വമതത്തിലേക്ക് ആളെ ചേര്‍ക്കുന്ന പ്രക്രിയ സെമറ്റിക് മതങ്ങള്‍ക്ക് ജീവവായു പോലെയാണ്. ജനാധിപത്യ രാഷ്ട്രങ്ങളിലും, മതേതര രാജ്യങ്ങളിലും, ജനങ്ങള്‍ മതമുപേക്ഷിച്ച രാജ്യങ്ങളിലും ഇത്തരം തീവ്രവാദ സ്വഭാവമുള്ള മതങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്. മതത്തിലേക്ക് ആളെ ചേര്‍ത്തും, ചേര്‍ത്തവരെയും ചേര്‍ന്നവരെയും മതത്തിന്റെ ചാവേറുകളാക്കിയും, അതിലൂടെ രാഷ്ട്രത്തിന്റെ സന്തുലിതാവസ്ഥ തകര്‍ത്ത്, അരാജകത്വം വളര്‍ത്തി ഒരു പുതിയ ലോകക്രമം വളര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് ഇക്കൂട്ടര്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അതിനവര്‍ക്കു ലൗ ജിഹാദും, നാര്‍ക്കോട്ടിക് ജിഹാദും, എന്നുവേണ്ട ഉപയോഗിക്കാന്‍ അറിയാവുന്ന സമസ്ത ജിഹാദുകളെയും ആശ്രയിക്കാന്‍ പ്രത്യയശാസ്ത്രങ്ങളോ രാഷ്ട്രീയമോ തന്നെ തടസ്സമാകുന്നില്ല!
ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ ഗ്രന്ഥകാരന്മാര്‍ സൂചിപ്പിക്കുന്നതുപോലെ ‘ലോകത്തിനെതിരായി യുദ്ധം ചെയ്യുന്ന ഐ.എസ് ഭീകരശക്തികളിലേക്ക് ഭാരതത്തില്‍ നിന്ന് ഏറ്റവുമധികം യുവതീയുവാക്കളെ റിക്രൂട്ട്‌മെന്റിനായി അയച്ചത് ഈ കൊച്ചുകേരളമായിരുന്നു. ഇപ്പോഴും അഫ്ഗാന്‍ ജയിലുകളില്‍ നരകയാതനകളോടെ കഴിയുന്നതും മലയാളി യുവതികളാണ്! അവരോടൊപ്പം പിഞ്ചുകുഞ്ഞുങ്ങളുമുണ്ട്. ഇതിലൊന്നും വേദനിക്കാത്ത മനസ്സുള്ള ചിലരാണ് സത്യം ചൂണ്ടിക്കാട്ടുമ്പോള്‍ അസ്വസ്ഥരാകുന്നത്!’
കേരളത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക പഠനകേന്ദ്രമായ ആര്‍ഷവിദ്യാസമാജത്തിലേക്ക് എത്തിച്ചേര്‍ന്ന അനുഭവസ്ഥരായ, വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ തങ്ങള്‍ അനുഭവിച്ച നരകയാതനകള്‍ ഒന്നൊന്നായി, പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സന്തോഷ് ബോബന്റെ തൂലികയിലൂടെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍, വൈകാരികതയോടൊപ്പം വിജ്ഞാനസമ്പാദനത്തിനും ഇതുപകരിക്കുന്നു.
വീടുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍ക്കൊപ്പം നടന്നു നീങ്ങുന്ന മകളുടെ കാലുപിടിച്ച് അച്ഛനും അമ്മയും യാചിക്കുന്നു: ‘നീ പോയാല്‍ ഞങ്ങള്‍ക്ക് ആത്മഹത്യ അല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല.’ അതിനു മകള്‍ ഡോ. അനഘയുടെ മറുപടിയിങ്ങനെ: ‘നിങ്ങള്‍ ഇസ്ലാമില്‍ വിശ്വസിക്കാത്തതിനാല്‍ കാഫിറുകളാണ്! നരകത്തില്‍ പോകേണ്ടവര്‍! അതുകൊണ്ടുതന്നെ നിങ്ങള്‍ എങ്ങനെ മരിച്ചാലും എനിക്കൊരു പ്രശ്‌നവുമില്ല!’
ലൗ ജിഹാദിലൂടെയല്ലാതെ, വിശ്വാസപ്രമാണങ്ങളിലൂടെ മാത്രം മാറിയ അധ്യാപികയായിരുന്നു ശ്രുതിഭട്ട്. കേരളത്തില്‍ ഹൈന്ദവദര്‍ശനങ്ങള്‍ പഠിക്കാന്‍ ദേവാലയങ്ങളില്ല, മതപാഠശാലകളില്ല അഥവാ ആരെങ്കിലും ആരംഭിച്ചാല്‍ അവരെ കടുത്ത വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡുകള്‍ വരെ രംഗത്ത് വരും!
ഇത്തരം മതപരിവര്‍ത്തനങ്ങള്‍ക്ക് വിധേയരാകുന്നത് ഏറെയും നിഷ്‌കളങ്കരായ കമ്മ്യൂണിസ്റ്റ്, മതേതരവാദികളുടെ കുടുംബങ്ങളാണ്. അവരുടെ പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ ‘ഹിന്ദു വര്‍ഗീയവാദികളുടെ അക്രമങ്ങളുടെയും പേക്കൂത്തുകളുടെയും വാര്‍ത്തകളും നിറംപിടിപ്പിച്ച കഥകളും ഏകപക്ഷീയമായ വിചാരണകളും മാത്രമാണ്.’ അത്തരം മതേതരവാദികള്‍ക്ക് വാക്കില്‍ ‘എല്ലാ മതങ്ങളും ഒരുപോലെയാണ്.’ കുറേ വര്‍ ഷങ്ങള്‍ക്കുമുമ്പ് ഒരു രസികന്‍ പറഞ്ഞ ഒരു കഥയിങ്ങനെ: നേതാവിനോട് അനുയായി ചോദിച്ചു: ‘എന്താണ് സോഷ്യലിസം?’ നേതാവ് ഉത്തരം പറഞ്ഞു: ‘നിന്റെ വീട് എന്റെ വീട്’, ‘എന്റെ വീട് നിന്റെ വീട്’, ‘നിന്റെ സ്വത്ത് എന്റെ സ്വത്ത്’, ‘എന്റെ സ്വത്ത് നിന്റെ സ്വത്ത്’, ‘നിന്റെ ഭാര്യ എന്റെ ഭാര്യ’, ‘എന്റെ ഭാര്യ എന്റെ ഭാര്യ’! ഇതാണ് മിക്കവാറും കേരളത്തിലെ മതേതരത്വത്തിന്റെ പൊതുസ്വഭാവം. ‘ഹൈന്ദവ- ക്രൈസ്തവ ദേവാലയങ്ങളില്‍ മൈക്ക് ഉപയോഗിച്ച് ഭക്തിഗാനങ്ങള്‍ വയ്ക്കാന്‍ പാടില്ല. മുസ്ലീം ദേവാലയങ്ങളില്‍ അഞ്ചു നേരവും മൈക്ക് ഉപയോഗിച്ച് വാങ്ക് വിളിക്കാം. മതേതരത്വത്തിന്റെ അപ്പോസ്തലനായ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ വിധിയാണിത്. ഹൈക്കോടതിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ സംരക്ഷകനായും ഗാന്ധി പീസ് ഫൗണ്ടേഷന്റെ ചെയര്‍മാനായും ഒരേസമയം പ്രവര്‍ത്തിക്കാന്‍ ഈ മുന്‍ ഹൈക്കോടതി ജഡ്ജിക്കായി.
മതപരിവര്‍ത്തനവാദികള്‍ക്ക് സ്ത്രീ-പുരുഷ വ്യത്യാസമോ പ്രായഭേദമോ വിദ്യാഭ്യാസ കയറ്റിറക്കങ്ങളോ ഒന്നുമില്ല. കാസര്‍കോടുകാരി വിശാലിഷെട്ടി ബാംഗ്ലൂരില്‍ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണ് സഹപ്രവര്‍ത്തകരുടെ കെണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്! പിന്നീട് ആര്‍ഷവിദ്യാസമാജത്തിന്റെ സുദര്‍ശനം മാര്‍ഗ്ഗദര്‍ശനത്തിലൂടെ തിരിച്ചുവന്നു. വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിച്ച ഏഴു പേരുടെ ജീവിതകഥയിലൂടെ സന്തോഷ് ബോബന്‍ അവതരിപ്പിച്ചത് ഏഴായിരം പേരുടെ അനുഭവസാക്ഷ്യങ്ങളാണ്. അതില്‍ ചിലര്‍ അഫ്ഗാനിസ്ഥാനിലെ ജയിലുകള്‍ക്കുള്ളില്‍ ആണ്. മറ്റുചിലരാകട്ടെ ഐ.എസിന്റെ മുന്നണിപ്പോരാളികളുമായി മാറി. മൂന്നാമതൊരു കൂട്ടരാകട്ടെ, കേരളാസ്റ്റോറി പറയുന്നതുപോലെ ഐ.എസ് മുന്നണിപ്പോരാളികളുടെ കാമപൂര്‍ത്തിക്കുള്ള ഉപകരണങ്ങളുമായി! ‘ദി കേരളാസ്റ്റോറിക്ക് സാക്ഷ്യം പറയുന്ന ആര്‍ഷവിദ്യാസമാജം’ എന്ന പേരില്‍ കേസരി വാരികയില്‍ സന്തോഷ് ബോബന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകത്തിന്റെ ഒന്നാം ഭാഗം!
ചിന്തിക്കാനും പഠിക്കാനും തികച്ചും ഉപയുക്തമായ രീതിയിലാണ് രണ്ടാം ഭാഗത്തില്‍ വി. ആര്‍. മധുസൂദനന്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. അതിലൊന്നും തന്റെ പാണ്ഡിത്യം വിളിച്ചു പറയുന്ന രീതിയിലായിരുന്നില്ല. രണ്ടര പതിറ്റാണ്ടിന്റെ നീറുന്ന അനുഭവങ്ങള്‍, ഹൃദയത്തിലും ശിരസ്സിലും ഒരേ പോലെ പേറിയ, ആചാര്യശ്രീ മനോജ്ജിയുടെ പ്രഥമശിഷ്യനായ മധുസൂദനന്‍ വസ്തുതകളെ നേരിട്ടറിയാന്‍ പാകത്തില്‍, അനുഭവസ്ഥരുടെ സാക്ഷ്യപത്രങ്ങളുടെ നേര്‍പകര്‍പ്പാണ് ഇതില്‍ പകര്‍ത്തിയിട്ടുള്ളത്.
ഉന്നതന്മാരുടെ മക്കളെയൊക്കെ വലിയ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച്, അണികളെ തല്ലുകൊള്ളാനും, വെള്ളം കോരാനും, കേസുകളില്‍ പ്രതികളാക്കാനും മാത്രം ഉപയോഗിക്കുന്ന വിപ്ലവകൂട്ടായ്മയില്‍ നിന്നെത്തിയ പ്രദീപ്കുമാര്‍ തന്റെ നേരനുഭവങ്ങള്‍ വായനക്കാരനുമായി പങ്കുവയ്ക്കുന്നത് വളരെ സ്തുത്യര്‍ഹമായ നിലയിലാണ്.
അനുബന്ധത്തില്‍ ചേര്‍ത്തിരിക്കുന്ന ആര്‍ഷവിദ്യാസമാജത്തിന്റെ വ്യത്യസ്ത പ്രവര്‍ത്തനപദ്ധതികളുടെ ഹ്രസ്വമെങ്കിലും പ്രയോജനപ്പെടുന്ന വിവരണം വായനക്കാരില്‍ ചെലുത്താവുന്ന സ്വാധീനം വലുതാണ്.
നിസ്സംഗനും നിഷ്‌കാമനും നിര്‍ഭയനുമായ ഒരു ശ്രേഷ്ഠവ്യക്തിക്കേ, ഇത്തരം മഹദ് യജ്ഞങ്ങള്‍ക്ക് തുടക്കം കുറിക്കാനാകൂ. ഏതുതരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും മറുമരുന്നാണ് വിജ്ഞാനം. അതൊരിക്കലും വായിച്ചു പഠിച്ചു മാത്രം സ്വായത്തമാക്കിയതാകണമെന്ന് നിര്‍ബന്ധമില്ല. അനുഭൂതിയില്‍ നിന്നും നിഷ്‌കളങ്കചര്യകളില്‍ നിന്നും അതിനു ജന്മം കൊള്ളാനാകും. വായിക്കേണ്ട, മനസ്സില്‍ പതിക്കേണ്ട, പ്രവൃത്തിയില്‍ ചലിക്കേണ്ട ഒന്നാണ് ‘മതപരിവര്‍ത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി’യെന്നു നിസ്സംശയം പറയാം.






















