ഭൂരിപക്ഷമാണ്, ചരിത്രാതീതകാലം മുതല്‍ ഞങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത്, അതിനാല്‍ ഇന്ത്യ ഞങ്ങളുടേതാണ് എന്ന അവകാശവാദമൊക്കെ ഹിന്ദുക്കള്‍ അങ്ങ് അട്ടത്തു വെച്ചാല്‍ മതി, അതൊന്നും ഇവിടെ ചെലവാകില്ല. പറയുന്നത് ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കത്തോലിക്ക ബാവയാണ്. ബാവയുടെ ബാക്കി തിരുവചനം കൂടി കേട്ടോളൂ: എ.ഡി. 52 മുതല്‍ ഇവിടെ താമസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. അതിനാല്‍ ഇന്ത്യ അവരുടേതാണ്. അതിനുവേണ്ടി രക്തസാക്ഷിത്വം വരിക്കാനും ക്രിസ്ത്യാനികള്‍ മടിക്കില്ല. ബാവയുടെ കീഴിലെ പള്ളികളില്‍ ‘ഇന്ത്യ ഫോര്‍ ക്രിസ്ത്യന്‍സ്’എന്ന ബാനര്‍ ഉയരാനുള്ള സാധ്യത വിദൂരത്തല്ല. നാഗാലാന്റില്‍ ‘നാഗാലാന്റ് ഫോര്‍ ക്രൈസ്റ്റ്, ഇന്ത്യന്‍ നായ്ക്കള്‍ പുറത്തു പോകുക’ എന്ന ബാനര്‍ മുമ്പ് ഉയര്‍ന്നില്ലേ, അതേ രീതി ഇവിടെയും വരും എന്ന പരോക്ഷ ഭീഷണി. കോട്ടയത്തെ പനയമ്പാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ശതാബ്ദി ചടങ്ങില്‍ ജനുവരി 2 ന് സംസാരിക്കവെ ഇന്ത്യ ഫോര്‍ ഹിന്ദൂസ് എന്ന ആപ്തവാക്യം ഇവിടെ ചെലവാകാന്‍ പോകുന്നില്ല എന്ന് തീര്‍ത്തു പറഞ്ഞതിന്റെ ധ്വനി ഹിന്ദുക്കള്‍ തിരിച്ചറിഞ്ഞുകൊള്ളണം എന്നാവാം ആ ‘തിരുഹൃദയം’ ഉദ്ദേശിച്ചത്.
ഹിന്ദുക്കള്‍ക്ക് പൊതുവെയും ആര്‍.എസ്.എസ്സുകാര്‍ക്ക് പ്രത്യേകിച്ചും ഇന്ത്യയുടെ ചരിത്രം അറിയില്ലെങ്കില്‍ അതുകൂടി ബാവ പറഞ്ഞുതരുന്നുണ്ട്. ക്രിസ്തുവിന് മുമ്പ് 2000 ബി.സിയില്‍ ഇറാനില്‍നിന്നു വന്ന ആര്യന്മാര്‍ രൂപപ്പെടുത്തിയ ബ്രാഹ്മണീയ ആരാധനയാണ് ഹിന്ദുമതം. ഇറാനില്‍ നിന്നു വന്നതല്ലാതെ ഇവിടെ ജനിച്ചുവളര്‍ന്ന ഒരു ആര്യനുമില്ല, ഹിന്ദുവുമില്ല. ക്രിസ്തുവിനു 4000 വര്‍ഷം മുമ്പ് ദ്രാവിഡന്മാര്‍ മുഖാന്തരം ഉണ്ടായ സിന്ധുനദീതട സംസ്‌കാരമാണ് അതിനു മുമ്പ് ഉണ്ടായിരുന്നത്. ദ്രാവിഡരും ഇവിടുത്തുകാരല്ല. അതായത് ഹിന്ദുക്കള്‍ക്ക് ഇവിടെ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് കിട്ടില്ല എന്നര്‍ത്ഥം. ഇവര്‍ക്കാര്‍ക്കും മുഖ്യമന്ത്രി വിജയന്‍ സഖാവ് നടപ്പാക്കാന്‍ പോകുന്ന നേറ്റിവിറ്റി കാര്‍ഡിനും അപേക്ഷിക്കാന്‍ പറ്റാതാവും. എന്നാല്‍ തിരിച്ച് കുറ്റിയും പറിച്ച് ഇറാനിലേക്ക് പോകാമെന്നു വിചാരിച്ചാലോ, അവിടെയാകെ കലാപമാണ്. ചുരുക്കത്തില്‍ ഹിന്ദുക്കളുടെ കാര്യം കട്ടപ്പൊകതന്നെ !





















