കര്‍ണ്ണാടകയിലെ യെലഹങ്കയില്‍ മൂന്നൂറ് മുസ്ലിം കുടുംബങ്ങള്‍ക്കുനേരെ അവിടുത്തെ കോണ്‍ഗ്രസ്സിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നു എന്ന് മുറവിളി കൂട്ടുന്നവരെ കാണുമ്പോള്‍ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗുനേതാക്കള്‍ക്ക് ചിരി വരികയാണ്. യു.പിയില്‍ യോഗി ആദിത്യനാഥ് ഉപയോഗിക്കുന്ന ബുള്‍ഡോസറല്ല സിദ്ധരാമയ്യ ഉപയോഗിക്കുന്നത് എന്ന് ഇക്കൂട്ടര്‍ തിരിച്ചറിയുന്നില്ലല്ലോ എന്നതാണ് ലീഗുനേതാക്കളുടെ സങ്കടം. യോഗിയുടെ ബുള്‍ഡോസര്‍ മുസ്ലിം ന്യൂനപക്ഷ ത്തെ കണ്ടാല്‍ ഉടനെ അക്രമാസക്തനായി മാറും. വീടുകള്‍ തകര്‍ക്കും. എന്നാല്‍ സിദ്ധരാമയ്യയുടെ ബുള്‍ഡോസര്‍ അങ്ങനെയല്ല. മുസ്ലിങ്ങളെ കണ്ടാല്‍ അത് തല കുലുക്കി വണങ്ങും. പിന്നെ താരാട്ടു പാടും. ഈ താരാട്ട് കേട്ട് ഡിസംബര്‍ 20ന് ബാംഗ്ലൂര്‍ കൊഹ്‌ലു ഫക്കീര്‍ കോളനിയിലെ മുസ്ലിങ്ങള്‍ സുഖമായി ഉറങ്ങി. എഴുന്നേറ്റപ്പോള്‍ അവര്‍ കണ്ടത് കുടിലോ കോളനിയോ ആയിരുന്നില്ല. എല്ലാം തട്ടി നിരപ്പാക്കി കഴിഞ്ഞിരുന്നു. നാലര മണിക്ക് ബുള്‍ഡോസര്‍ താരാട്ടുപാടുന്നതിനൊപ്പം തങ്ങളുടെ കുടിലുകള്‍ പൊളിക്കുകയായിരുന്നു എന്നവര്‍ അറിഞ്ഞില്ല. കണ്ണുതുറന്നപ്പോള്‍ അവര്‍ കുടിയൊഴിപ്പിക്കപ്പെട്ടിരുന്നു. അതില്‍ ഒരു കുഴപ്പവും ലീഗുകാര്‍ക്ക് തോന്നിയില്ല. തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടില്ല എന്നല്ലേ ചൊല്ല്. കോണ്‍ഗ്രസ്സോ ലീഗോ മുസ്ലിങ്ങളുടെ വീടു തകര്‍ക്കുന്നത് മുസ്ലിം വിരുദ്ധ നടപടിയല്ല. ഇത് മനസ്സിലാക്കാതെ മാര്‍ക്‌സിസ്റ്റുകാര്‍ കര്‍ണ്ണാടകയിലും ബുള്‍ഡോസര്‍ രാജ് എന്ന് ബഹളം വെക്കുകയാണ്. അവിടേക്ക് പ്രതിനിധികളെ അയച്ച് മീഡിയക്കു മുമ്പില്‍ നാടകം കളിക്കുന്നു. അതൊക്കെ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതി, തെക്കോട്ടു വേണ്ട എന്നാണ് ലീഗുപക്ഷം. യെലഹങ്കയിലെ കുടില്‍ നഷ്ടമായ 3000 മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കും എന്നാണ് ലീഗുകാര്‍ അവകാശപ്പെടുന്നത്. യു.ഡി.എഫിനെ അടിക്കാനുള്ള വടിയായി സി.പി.എം ഇതിനെ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് അവര്‍ക്ക് തലവേദനയായത്. കേരള മുഖ്യന്‍ വിജയന്‍ സഖാവ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചതും ഡിഫിയുടെ പ്രതിനിധികള്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് ബുള്‍ഡോസര്‍ രാജ് എന്ന് പ്രസ്താവിച്ചതും കോണ്‍ഗ്രസ്സിനെ കെണിയിലാക്കി. ചേരി പ്രദേശങ്ങള്‍ കയ്യടക്കി കുടിലുകള്‍ പണിത് വിധ്വംസക പ്രവര്‍ത്തനത്തിന് ശ്രമിക്കുന്നവരെ കടിഞ്ഞാണിടേണ്ടത് സര്‍ക്കാരാണ്. യോഗി അതിനു നടപടിയെടുത്താല്‍ വര്‍ഗ്ഗീയം. കോണ്‍ഗ്രസ്സാണെങ്കില്‍ സ്വര്‍ഗ്ഗീയം.





















