മൂന്നാമത്തെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് കൃഷ്‌ണേട്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പണ്‍ സര്‍ജറിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഉടനെ വേണമെന്നും പറഞ്ഞു.
കൃഷ്‌ണേട്ടന്‍ ഓരോന്നോര്‍ത്ത് അന്തം വിട്ട് കിടക്കുമ്പോഴാണ് കറുത്തു തടിച്ച ഒരാള്‍ കടന്നു വന്നത്. ആളെ അത്ര പരിചയമില്ല. എങ്കിലും ആഗതനെ പുഞ്ചിരിയോടെ സ്വീകരിച്ചു.
‘ആരാ, മനസ്സിലായില്ല?’
ആഗതന്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ കൃഷ്‌ണേട്ടന്‍ ചോദിച്ചു.
‘ക്ഷണിക്കാതെ വരുന്ന ആള്‍ തന്നെ.’
ആഗതന്‍ ഗൗരവത്തില്‍ അറിയിച്ചു.
‘മനസ്സിലായി, കണ്ടപ്പഴേ ഒരു സംശയം ഉണ്ടായിരുന്നു.’
കൃഷ്‌ണേട്ടന്‍ ഒന്നു നിവര്‍ന്നിരുന്നു.
‘എങ്കില്‍ പോകാം, അല്ലേ.’
ആഗതന്‍ തിരക്കുകൂട്ടി.
‘ഓ, ആയിക്കോട്ടേ.’
കൃഷ്‌ണേട്ടന്‍ ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
‘എന്തെങ്കിലും എടുക്കാനുണ്ടോ?’
ആഗതന്‍ എണീറ്റുകൊണ്ട് ചോദിച്ചു.
‘അങ്ങനെയല്ലല്ലോ പറഞ്ഞു കേട്ടിട്ടുള്ളത്.’
കൃഷ്‌ണേട്ടന്‍ ആശ്ചര്യത്തോടെ ആഗതനെ ഒന്നു നോക്കി.
‘ശരിയാണ്. ഇങ്ങനെയൊരു ചോദ്യം പതിവില്ലാത്തതാണ്.’
ആഗതന്‍ പിറുപിറുത്തു.
‘എങ്കില്‍ നമുക്ക് പോകാം.’ കൃഷ്‌ണേട്ടന്‍ പറഞ്ഞു.
‘ഞാന്‍ നിങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സമയം കൂടി അനുവദിച്ചിരിക്കുന്നു. എന്റെ ഒരു ചെറിയ സൗജന്യം’
അല്‍പ്പനേരത്തെ ആലോചനയ്ക്കു ശേഷം ആഗതന്‍ അറിയിച്ചു.
‘ഓ, അതിന്റെയൊന്നും ആവശ്യമില്ല. നമുക്ക് പോകാം.’
കൃഷ്‌ണേട്ടന്‍ പതുക്കെ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു.
‘അല്ലെങ്കില്‍ വേണ്ട, ഒരു ദിവസം തന്നെ ആയിക്കോട്ടേ.’
‘എന്തിന്? എനിക്കു വേണ്ടി കീഴ്‌വഴക്കങ്ങളൊന്നും തെറ്റിക്കേണ്ട’
‘ഒരു വര്‍ഷം ആയാലോ?’
‘ഇയാളുടെ ഒരു കാര്യം! ശരി, അങ്ങനെയെങ്കില്‍ അങ്ങനെ.’
കൃഷ്‌ണേട്ടന്‍ സമ്മതം മൂളി
ആഗതന്‍ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.
‘ആരാ അയാള്‍? ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ.’
ഭാര്യ അടുത്തു വന്നിരുന്നുകൊണ്ട് ചോദിച്ചു.
‘ഒരു ഇടപാടുകാരനാണ്. കടുംപിടുത്തകാരന്‍. വട്ടിപ്പലിശക്കാരനെ കടത്തിവെട്ടും. ഒരു സൗജന്യവും പ്രതീക്ഷിക്കേണ്ട. പക്ഷേ, എന്റെ കാര്യത്തില്‍ അദ്ഭുതം സംഭവിച്ചിരിക്കുന്നു. ഒരു വര്‍ഷത്തേക്ക് നീട്ടിത്തന്നു.’
കൃഷ്‌ണേട്ടന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
‘എനിക്കൊന്നും മനസ്സിലായില്ല!’
ഭാര്യ മിഴിച്ചിരിക്കുകയാണ്.
‘പിന്നെ, ഡോക്ടര്‍ വന്നാല്‍ പറഞ്ഞേക്ക് ഓപ്പറേഷന്‍ വേണ്ടെന്ന്’
അത്രയും പറഞ്ഞ് കൃഷ്‌ണേട്ടന്‍ ഒരു ഓറഞ്ചെടുത്ത് തൊലി അടര്‍ത്തിത്തുടങ്ങി.






















