ദേവമ്മയുടെ വേര്‍പാടിന്റെ വിവരമറിഞ്ഞ് ഭവാനിയേയും കൂട്ടി പാലോറയിലെത്തുമ്പോള്‍ അവിടെ അന്തിവെയില്‍ ചാഞ്ഞിരുന്നു. ധൃതി പിടിച്ച് പാലോറകുന്നിറങ്ങുമ്പോള്‍ ഭവാനി പറഞ്ഞു
”മെല്ലെ, കുത്തനെള്ള ഇറക്കമാണ്.”
ആ മുറ്റത്തേക്കുള്ള ഇറക്കം തന്നെ തനിക്ക് ഒരു യജ്ഞമായിരുന്നു. ഒരു വിധം കരുതലോടെ മുറ്റത്തേക്കിറങ്ങയതും ദേവമ്മയുടെ യാത്രാമൊഴിയില്‍ ദുഃഖം ഘനീഭവിച്ച ആ പുരാതന വീട്ടിലേക്കാണ് ദൃഷ്ടി പതിഞ്ഞത്. ദേവമ്മയെപ്പോലെ തന്നെ ആ വീടും കാലപ്പഴക്കത്താല്‍ മോന്തായം ദ്രവിച്ച് കഴുക്കോലും പട്ടികയും ഓടും സ്ഥാനം തെറ്റി നടുവൊടിഞ്ഞു മരണാസന്നമായിരിക്കുന്നു.
തെക്കെ പറമ്പിലാണ് ദേവമ്മയുടെ സംസ്‌ക്കാരചടങ്ങുകള്‍ നടക്കുന്നത്.
ഏതാനും പേര്‍, മകനും മകന്റെ മക്കളുമായി.
അവരുടെ മൗനത്തിലേക്ക് താനും ഭവാനിയും മെല്ലെ നൂണ്ട് അരിക് പറ്റി നിന്നു.
ചിത എരിഞ്ഞ് തുടങ്ങിയിരിക്കുന്നു. ദേവമ്മയെ ഇപ്പോള്‍ തീ നാളങ്ങള്‍ നാക്ക് നീട്ടി വിഴുങ്ങാന്‍ മത്സരിക്കുകയാണ്. ചിതയില്‍ നിന്നുയര്‍ന്നു പൊങ്ങിയ കറുത്ത കട്ട പുകച്ചുരുള്‍ അന്തരീക്ഷത്തെ ഒന്നുകൂടി ഇരുണ്ടതും ഭയാനകവുമാക്കിയിരിക്കുന്നു.
പാലോറകുന്നാകെയിപ്പോള്‍ ദേവമ്മയുടെ മരണത്തിന്റെ നനുത്ത മൗനത്തിലും മൗഢ്യത്തിലുമാണ്ടിരിക്കുന്നു.
താന്‍, ആ പഴയ ദേവമ്മയെ വീണ്ടും ഒന്നോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ആ ഓര്‍മ്മകള്‍ക്ക് പതിറ്റാണ്ടുകളുടെ നീളമുണ്ട്. തന്റെ ബാല്യം. അന്ന് ദേവമ്മക്ക് ഒരു പത്തമ്പത് വയസ്സെങ്കിലും കാണും.
നിറയെ കായ്ച്ച് നില്‍ക്കുന്ന നാരക മരത്തിന്റെ ചുവട്ടിലിരുന്നു മുടി കോതുന്ന ദേവമ്മ. ഒത്ത ശരീരം. അരക്കെട്ട് വരെ ഞാന്നു കിടക്കുന്ന കോലന്‍മുടി. കാതില്‍ വള്ളികമ്മല്‍. മണ്ണാത്തി ചിരുത അലക്ക് കാരമിട്ട് വെളുപ്പിച്ചു നീലം മുക്കിയ മല്ലു മുണ്ടും കുപ്പായവും…
അമ്പതിലും ദേവമ്മ പൂനിലാവ് പോലെ പൂത്ത് നിന്നു. താന്‍ പലപ്പോഴും അമ്മയോട് ചോദിച്ചിട്ടുണ്ട്. അമ്മയുടെ സഹോദരിയായ ദേവമ്മ എങ്ങനെയാണ് പുറ്റാട്ടെ തറവാട്ടമ്മയായതെന്ന്.
അമ്മ ആ കഥ പലപ്പോഴായി തന്നോട് പറഞ്ഞിട്ടുണ്ട്.
പതിമൂന്നാമത്തെ വയസ്സിലാണ് ദേവമ്മയുടെ കെട്ട് കല്യാണം നടന്നത്. അച്ഛന്റെ അനന്തിരവന്‍ ശേഖുട്ടി. വലിയ കൂട്ടുകുടുംബത്തിലെ ആണ്‍തരിയായിരുന്നു ശേഖുട്ടി നായര്‍. നാലഞ്ച് പെങ്ങന്മാരും മരുമക്കളും നിറഞ്ഞ തറവാട്.
എപ്പോഴും ബഹളമയവും സജീവവുമായ ആ വീട്ടില്‍ കൂട്ടിലകപ്പെട്ട മാന്‍പേടയെപോലെയായിരുന്നു ദേവമ്മ.
വന്ന് കയറിയ കുടുംബത്തിലെ കുശുമ്പും കുന്നായ്മയും കിടമത്സരവുമൊന്നും ദേവമ്മക്ക് മന:പാഠമായിരുന്നില്ല.
എപ്പോഴും ദേവമ്മയുടെ അരുതായ്മകളാണ് ആ വീട്ടിലെ പ്രധാന ചര്‍ച്ചകള്‍.
ദേവമ്മയുടെ നിര്‍ഭാഗ്യം. അവര്‍ക്ക് ഒരു കുഞ്ഞു പിറന്നു അധികം വൈകാതെ ശേഖുട്ടി നായര്‍ക്ക് കവിളരശ് രോഗം വന്ന് കിടപ്പിലായി. അന്നൊന്നും ഈ മഹാവ്യാധിക്ക് ചികിത്സയുണ്ടായിരുന്നില്ല. ആറ് മാസം. ശേഖുട്ടി നായര്‍ ദേവമ്മയേയും കൈകുഞ്ഞിനെയും തനിച്ചാക്കി ഈ ലോകത്തോട് യാത്ര പറഞ്ഞു പോയി.
തന്റ കുഞ്ഞിനെ വാരിപ്പിടിച്ച് മാറത്തടിച്ച് വിലപിച്ച ദേവമ്മ. ഇനിയെന്ത് മുന്നിലെ ഗതിയെന്ന് സങ്കടം കുടിച്ചിരിക്കെയാണ് ആ വീട്ടില്‍ മരുമക്കത്തായം ഉഗ്രസര്‍പ്പങ്ങളായി ഫണം വിരിച്ച് ആടി തുടങ്ങിയത്.
ഭര്‍ത്തൃവീട്ടിലെ എല്ലാ ഇഴജന്തുക്കളും ഈ സമയം ദേവമ്മയെ കൊത്താനായി ചീറ്റി.
ഭര്‍ത്താവിന്റെ വേര്‍പാടിന്റെ പതിമൂന്നാം നാള്‍, ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത, കൂട്ടുകുടുംബ വ്യവസ്ഥിതിയിലെ ദുഷിച്ച് നാറിയ ഒരു ദുരാചാരത്തിന്റെ പേരില്‍ ദേവമ്മ ആ വീട്ടില്‍ നിന്നും എെന്നന്നേക്കുമായി പടിയിറക്കപ്പെട്ടു.
തല മുണ്ഡനം ചെയ്ത്, വെള്ള പുതച്ച്, ഒക്കത്ത് കൈക്കുഞ്ഞും ഒരു കൈയ്യില്‍ ഓട്ടുകിണ്ണവുമായി പുറ്റാട്ടെ വീടിന്റ കൊട്ടോംപടിയില്‍ ഈ ലോകത്തിന്റ മുഴുവന്‍ ദുഖവുമേറ്റുവാങ്ങി കണ്ണീരൊലിപ്പിച്ച് ദേവമ്മ അമ്മമ്മയുടെ അനുവാദത്തിനായി കാത്ത് നിന്നതും ദേവമ്മയെ അമ്മമ്മ വീട്ടിലേക്ക് കൈ പിടിച്ച് കയറ്റിയ ആ ശപിക്കപ്പെട്ട ഓര്‍മ്മയും അമ്മ വിവരിക്കുമ്പോള്‍ അന്ന് തന്റെയും കണ്ണ് നിറയുമായിരുന്നു.
പിന്നീട്, അമ്മമ്മക്ക് ശേഷം ദേവമ്മ പുറ്റാട്ടെ തറവാട്ടമ്മയായത്രെ.
ഞങ്ങള്‍, അനിയത്തിയുടെ മക്കള്‍ക്ക് ദേവമ്മയുമായുള്ള അടുപ്പം അത് മാത്രമായിരുന്നില്ല. വീട്ടില്‍ കൊയ്ത്തും മെതിയുമായാല്‍ സഹായിക്കാന്‍ ദേവമ്മ വരും.
ഒന്നോ രണ്ടോ ആഴ്ച താമസിക്കും. പാടത്ത് നാട്ടിപ്പണി കഴിഞ്ഞാണ് മടക്കം.
ഒരിക്കല്‍ അതിസാരം വന്ന തന്നെ ദേവമ്മ ഒക്കത്തേറ്റി നാലഞ്ച് നാഴിക നടന്ന് മുക്കം ധര്‍മ്മാശുപത്രിയില്‍ കൊണ്ടുപോയ കഥ അമ്മയും ദേവമ്മയും പറയാറുണ്ട്.
”യ്യ് എത്ര തവണ്യാ ന്റെ മുണ്ടും കുപ്പായോ കേടാക്ക്യത്, ന്റെ കുന്നത്ത് കാരെ……
മൊക്കത്തേക്ക് നാലഞ്ച് നായിക നടക്കണം. വഴിക്ക്, അസ്ത്യമ്മുയീന്ന് മോര് വെള്ളം കിട്ട്യാ അതായി… ഇല്ലേ കഷ്ടപെട്ടു.”
”കുട്ട്യ, നെനക്ക് കാലിന് കരപ്പന്‍ പിടിച്ചപ്പോളും ഇത് ന്നെ പണി’
തനിക്ക് ദേവമ്മയുമായുള്ള അടുപ്പത്തിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.
ഇടക്കിടെയുള്ള പുറ്റാട്ടെ സഹവാസവും കുനിയില്‍ കാവിലെ ദേവമ്മയുടെ കഴകവും. ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കുനിയില്‍ കരുവോന്‍ കാവിലെ കഴകത്തിന് ദേവമ്മയാണ്. സംക്രാന്തിക്കാണ് അവിടെ പുജ. കൊറ്റി വട്ടത്തെ അപ്ഫന്‍ നമ്പൂതിരിയാണ് പൂജ ചെയ്യുന്നത്.
പൂജയുടെ തലേനാള്‍ കുനിയിലെ കാര്യസ്ഥന്‍ കുഞ്ഞന്‍ ചെട്ട്യാരെ കണ്ട് നെല്ല് അളന്ന് വാങ്ങണം. പിന്നെ അന്നും പിറ്റേന്നും ദേവമ്മക്ക് തിരക്കാണ്.
നെല്ല് ഉണക്കി കുത്തി അരിപ്പൊടിയാക്കി ഒറ്റയ്ക്ക് പാകമാക്കണം.
സംക്രാന്തിയുടെ അന്ന്, ദേവമ്മ പുലര്‍ച്ചെ കുളിച്ച് കുറിയിട്ട് ഓട്ടുപാത്രത്തില്‍ പുജാദ്രവ്യങ്ങളുമായി കരുവോന്‍ കാവിലേക്ക് പുറപ്പെടും. പുറ്റാട്ട് ഞാനുണ്ടെങ്കില്‍ തന്നെയും കൂട്ടും.
പത്ത് മണിയാവും അപ്ഫന്‍ നമ്പൂതിരിയെത്താന്‍.
മൂന്ന് നാഴിക നടപ്പുണ്ട്.
വെയില്‍ മൂക്കുന്നതോടെ വിയര്‍ത്തൊലിച്ച് കാലന്‍ കുടയുമേന്തി കിതച്ച് വരുന്ന അപ്ഫന്‍ മേലെ പറമ്പിലെത്തുന്നതോടെ വിളിച്ച് ചോദിക്കും
”ദേവമ്മ, നേര്‍ത്തെ എത്യോന്ന്…”
പിന്നെ ധൃതിയില്‍ തിടപ്പള്ളിയില്‍ കുട വെച്ച് മുഖത്തെ വിയര്‍പ്പ് വടിച്ചെറിഞ്ഞ് കിതപ്പാറ്റും.
ഇതിനിടെ ദേവമ്മ നിന്ന് പൊരിയും.
വിറക് കൂട്ടണം പാത്രം കഴുകണം, ഇളനീര്‍ മുഖം ചെത്തണം ഇങ്ങനെ…
അല്പനേരം, ദേഹത്തെ വിയര്‍പ്പ് വറ്റിയ അപ്ഫന്‍ നമ്പൂതിരി മരം കൊണ്ട് തീര്‍ത്ത ശ്രീകോവില്‍ മെല്ലെ തള്ളിതുറന്ന് ചുറ്റുമൊന്ന് പരതും. വല്ല ഇഴജാതിം ഉണ്ടോന്ന്. ചിലപ്പോഴൊക്കെ കണ്ടിട്ടുണ്ട് ഈ വക ഇനങ്ങളെ.
‘എല്ലാം ശിവഗണങ്ങളാന്നാ’ അപ്ഫന്‍ പറയാറ്.
പൂജക്കിടെയുള്ള ഒരുക്കങ്ങള്‍ക്കിടെ അപ്ഫന്‍ ദേവമ്മയോട് ചോദ്യം തുടരും.
‘ഏതായീ….. ഉണ്ണി കൂടെ ……?’
‘ജാനകിടേതാ’…..
‘കുട്ടികൃഷ്ണന് എത്ര കുട്ടികളാ… ?’
‘നാല്.., രണ്ടാണും രണ്ട് പെണ്ണും…’
‘ശിവ ! ശിവ!
കുട്ടികൃഷ്ണന്‍ നേര്‍ത്തെ പോയില്ല്യേ….
കഷ്ടം, എങ്ങനെ കയ്യ്ണു……?’
ദേവമ്മ
‘ഒരു വിധം ഉന്തിം തള്ളിം……’
‘നന്നാവും. അപ്ഫന്‍ നിര്‍ത്തി.
പൂജക്കായി ശ്രീകോവിലില്‍ കയറി നട അടക്കും.
കാവിന് ചുറ്റും കാട്ടുവള്ളികളും പൂക്കളും മരങ്ങളുമാണ്. വിശാലമായ തൊടി. തെക്ക് വലിയ ചമത മരത്തില്‍ നിറയെ പൂക്കള്‍. ചമതയെ പൊതിഞ്ഞ് ഊക്കന്‍ ഊഞ്ഞാല്‍ വള്ളികള്‍. തറവാടിന്റെ പ്രതാപം വിളിച്ചോതുന്ന കളരിത്തറ, മണിക്കിണര്‍.
വടക്ക്, ദൂരെ നാഗത്താന്‍കോട്ടയും കുളവും.
താന്‍ എല്ലാ കൗതുകത്തോടെ നോക്കി കാണും. കുനിയില്‍ തറവാട്ടുകാര്‍ പ്രദേശത്തെ ജന്മിമാരാണ്. മുമ്പ് കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന തറവാട്. അവരുടെ കുലദൈവമാണ് കരുവോന്‍. തറവാട്ടില്‍ മച്ചില്‍ ഭഗവതിയും കുടിയിരിക്കുന്നു.
ഇപ്പോള്‍ ആ പ്രതാപമെല്ലാം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. എങ്കിലും സംക്രാന്തി പൂജ മുടങ്ങില്ല.
മദ്ധ്യാഹ്നത്തോടെ അപ്ഫന്‍ പൂജ കഴിഞ്ഞ് ശ്രീകോവിലിന് പുറത്തിറങ്ങും.
ആകെ വശം കെട്ടിട്ടുണ്ടാവും അപ്പോള്‍.
പിന്നെ നിവേദിച്ച ഇളനീര്‍ കണ്ണ് തുളച്ച് ആര്‍ത്തിയോടെ മൊത്തി കുടിക്കും.
ഒപ്പം ഒറ്റ അപ്പം മുരടിവായിലേക്കിടും.
ഒരു കഷ്ണം തനിക്കും നീട്ടും.
താന്‍ വാങ്ങാന്‍ മടിച്ചാല്‍ ദേവമ്മ പറയും
‘വാങ്ങിച്ചോ’ന്ന്…..
ആ അപ്പത്തിന് പറഞ്ഞറിയിക്കാന്‍ വയ്യാത്ത രുചിയാണ്.
നിവേദ്യത്തിന് മൂന്ന് ഒറ്റയാണ്.
ഒന്ന് തിരുമേനിക്ക് രണ്ടാമത്തേത് കുനിയില്‍ തറവാടിന് മൂന്നാമത്തേത് കഴകത്തിന്.
മൂന്നും ഏറെ വ്യത്യസ്തം.
അമൃതേത്ത് കഴിഞ്ഞാല്‍ പിന്നെ അപ്ഫന്‍ കാത്തിരിക്കില്ല. മടക്കമായി.
‘ദാ പോണു’
‘അങ്ങന്യാവട്ടെ’ ദേവമ്മ പ്രതിവചിക്കും.
അപ്ഫന്‍ പോയാലും ദേവമ്മക്ക് ജോലിയാണ്. പാത്രം കഴുകി കമഴ്ത്തണം, തിടപ്പള്ളി അടിച്ചു വൃത്തിയാക്കണം, പ്രസാദം കുഞ്ഞന്‍ ചെട്ട്യാരെ ഏല്പിക്കണം.
ഉച്ചയോടെ ദേവമ്മയും താനും മടങ്ങും.
ഇടക്ക് ആരെയെങ്കിലും കണ്ടാല്‍ ഒരു കഷ്ണം ഒറ്റ അവര്‍ക്ക്.
അപ്പത്തിന് പതിവായി കാത്തിരിക്കുന്ന ആലിന്‍തറയിലെ പലചരക്ക് കച്ചവടക്കാരന്‍ മമ്മദ് ഹാജി.
ദേവമ്മ ദാനശീലയായിരുന്നു. ഉള്ളത് പങ്ക് വെച്ച് ആഘോഷമാക്കുന്ന പ്രകൃതം.
ഇത് ഏറ്റവും നന്നായി താനറിഞ്ഞത് സ്‌ക്കൂളിലേക്കുള്ള യാത്രയിലാണ്.
ദാരിദ്ര്യവും പട്ടിണിയും കൊടികുത്തിയ കാലം. ചെരിപ്പൊയില്‍ സ്‌ക്കൂളിലേക്കുള്ള പോക്ക് വരവില്‍ അമ്മവീടായ പുറ്റാട്ട് കയറിയിറങ്ങുന്ന തങ്ങള്‍ക്കായി ദേവമ്മ വല്ലതും കരുതും.
അവരുടെ അടുക്കളയിലെ കരിപിടിച്ച അക്ഷയപാത്രത്തില്‍ തങ്ങള്‍ക്കായി എന്തെങ്കിലും ഒന്ന് കാണും.
അത് എന്നും ഒരാശ്വാസമായിരുന്നു.
ഇത്‌പോലെ നാട്ടുകാര്‍ക്കും ദേവമ്മയെ കുറിച്ച് പറയാന്‍ നാല് നാവാണ്.
അവര്‍ പറയും ‘വയറ് കാഞ്ഞും ദാഹിച്ചും ചെന്നാല്‍ പുറ്റാട്ടെ ദേവമ്മ വെറുതെ തിരിച്ചയക്കില്ലെന്ന്.
ഇത്തിരി സംഭാരം,
അല്ലെങ്കി… ഒരു തവി കഞ്ഞി.
ഒന്നുമില്ലെങ്കില്‍ ഒരു ചക്ക. എല്ലാം നേരിന്റ വാക്കുകള്‍തന്നെ, പക്ഷേ, കാലം എല്ലാം തലകീഴായി മാറ്റിമറിച്ചു കളഞ്ഞു.
തെങ്ങും കവുങ്ങും കുരുമുളകും സമൃദ്ധമായി വളര്‍ന്നിരുന്ന പുറ്റാട്ടെ പറമ്പിനെ പിളര്‍ത്തി ഇടുക്കി – മൈസൂര്‍ ഇലക്ട്രിക് ലൈന്‍ വന്നതും മേലാദായങ്ങള്‍ ഒന്നൊന്നായി നിലം പൊത്തിയതും തുടര്‍ന്ന് തറവാട് ഭാഗിച്ചതും അവരുടെ നില തെറ്റിച്ചു.
അത് വരെ തറവാടിനെ ആശ്രയിച്ചും തൊടിയിലെ മേലാദായം കൊണ്ടും കഴിഞ്ഞവര്‍ ഗതിയില്ലാതെ കടം കേറി വീടും പറമ്പും വിറ്റ് ഒന്നര നാഴിക അകലെയുള്ള പാലോറയിലേക്ക് താമസം മാറി.
ദേവമ്മയെ സംബന്ധിച്ച് ജീവിച്ചിരിക്കെയുള്ള മരണം തന്നെയായിരുന്നു പുറ്റാട്ട് നിന്നുള്ള കുടിയൊഴിക്കല്‍.
പക്ഷേ, നിവൃത്തികേട് കൊണ്ടു അവര്‍ക്കത് വേണ്ടി വന്നു.
ഇതോടെ ദേവമ്മ തന്നിലേക്ക്തന്നെ ഉള്‍വലിഞ്ഞു.
അമ്മയുടെ വീടായ പുറ്റാട്ടുമായുള്ള പൊക്കിള്‍ കൊടി ബന്ധം തനിക്കും പിന്നീട് പാലോറയിലെ വീടുമായുണ്ടായില്ല. വല്ലപ്പോഴും മാത്രം ഒന്നു പോയി.
ദേവമ്മയുടെ ഞങ്ങളുടെ വീട്ടിലേക്കുള്ള വരവും നിലച്ചു.
ഇതിനിടെ പ്രായം ദേവമ്മയെ വല്ലാതെ അലട്ടികൊണ്ടിരുന്നു.
അവസാനം, ദേവമ്മയെ കാണാന്‍ പാലോറയില്‍ ചെന്നത് താന്‍ ഓര്‍ത്തെടുത്തു.
അന്ന് ആ കൊച്ച് വീടിന്റെ ഒരു ഇരുണ്ട മുറിയില്‍ പുറംവെളിച്ചത്തിലേക്ക് കണ്ണും നട്ടു ദേവമ്മ, പിന്‍മടക്കത്തിനായി പിച്ചവെച്ചു.
പിന്നെ കുത്തിയിരുന്നു നിരങ്ങിയ അവരോട് താന്‍ വന്ന വിവരം ഭവാനി അറിയിച്ചപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെയാണ് ദേവമ്മ പ്രതികരിച്ചത്.
‘സേതുനെ കാണാന്‍ കുറെയായ് വിചാരിക്കും….. സേതുല്ല്യ, ഭവാനിംല്ല്യ… ആര്‍ക്കും വേണ്ട…. ആരൂല്ല്യാ, ഇപ്പോം ഞാനും നാല് ചുമരും മാത്രം’
വിദൂരങ്ങളിലേക്ക് കണ്ണും നട്ടു അവരത് പറയുമ്പോള്‍ തന്റെ ഉള്ളം പിടഞ്ഞു.
ഭവാനി തന്നെ നോക്കി മെല്ലെ മന്ത്രിച്ചു.
‘വല്ലപ്പോഴും ഒന്നു വരാമായിരുന്നു’
താന്‍ ഒന്നു മിണ്ടിയില്ല. കുറ്റബോധം തന്നെ ആഴത്തില്‍ കൊളുത്തി വലിക്കുകയായിരുന്നു.
എന്നാല്‍, ഇതിന് ശേഷവും ഏറെ സമയമുണ്ടായിട്ടും താന്‍ ജീവനോടെ ദേവമ്മയെ കാണാന്‍ പിന്നീടൊരിക്കലും പാലോറയിലെത്തിയില്ല.
ഇനി, … ആ ദേവമ്മയില്ല.
അവര്‍ക്ക് വേണ്ടി ഇത്തിരി കണ്ണീര് മാത്രം, ചേതനയറ്റ ശരീരം സാക്ഷിയായി.
സംസ്‌ക്കാര ചടങ്ങ് കഴിഞ്ഞ് ഇരുട്ടു കനത്ത പാലോറകുന്നു കയറുമ്പോള്‍ ഭവാനി കുറ്റപ്പെടുത്തി
‘പ്രായളേളാരേം …..സുക്കേടുകാരേം, കാണാവിചാരിച്ചാ നീട്ടിവെക്കരുത്.’
മൊബൈല്‍ വെളിച്ചത്തില്‍ ചെമ്മണ്‍ നിരത്തിലൂടെ ഇരുട്ടില്‍ തപ്പി തടഞ്ഞു നീങ്ങുമ്പോള്‍ മനസ്സുകൊണ്ട് താനും ഭവാനിയെ ശരിവെച്ചു.
ആ ശരിയെ അനുസന്ധാനം ചെയ്ത് കൊണ്ട് ഒരുകുട്ടം കുറുനരികള്‍ പാലോറ കുന്നിന്റെ നെറുകയില്‍ നിന്ന് ഓരിയിട്ടു. സമയം ഏറെ വൈകിയിട്ടില്ലെങ്കിലും കട്ടപിടിച്ച ആ ഇരുട്ടില്‍ എന്തോ ഉള്‍ഭയത്താലെന്ന പേലെ ഭവാനി തന്നെ ചേര്‍ത്തുപിടിച്ചു. ഇരുവരും ആഞ്ഞു നടന്നു.






















