എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ മുറിക്കു മുമ്പില്‍ ഏതോ കോണ്‍ഗ്രസ്സുകാരന്‍ ഒരു ബോര്‍ഡ് കൊണ്ടുവെച്ചു എന്നാണ് കേള്‍ക്കുന്നത്. ‘ആര്‍എസ്എസ് ഫോബിയ വാര്‍ഡ്’ എന്നാണത്രേ അതില്‍ എഴുതിയിരിക്കുന്നത്. നേരത്തെ തന്നെ ആര്‍എസ് എസ് വിരോധമെന്ന രോഗത്തിന്റെ ലക്ഷണം ഖാര്‍ഗെ കാണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് നേതാവിന് അത് ഭൂഷണമാണ് എന്നതിനാല്‍ വലിയ കുഴപ്പമുള്ള രോഗമായി ആരും കണ്ടിരുന്നില്ല. എന്നാല്‍ ഒക്ടോബര്‍ 21ന് അദ്ദേഹത്തിന്റെ ബിപി കുതിച്ചുകയറി. പിന്നെ ആര്‍എസ്എസ് ഫോബിയയുടെ കടുത്ത ലക്ഷണം കാണിക്കാന്‍ തുടങ്ങി. ആര്‍എസ്എസ് എന്ന് പത്രങ്ങളിലോ ചാനലുകളിലോ കാണുമ്പോഴേക്കും സമനില തെറ്റും. ആര്‍എസ്എസ് വിഷമാണ്, അതിനെ ഇപ്പോള്‍ തന്നെ നിരോധിക്കണം എന്ന് സ്ഥലകാല ബോധമില്ലാതെ പിച്ചും പേയും പറയാന്‍ തുടങ്ങി. ഭൂമിമലയാളത്തിലെ സകല കുഴപ്പത്തിനും കാരണം ആര്‍എസ്എസ് ആണ് എന്ന് പറഞ്ഞതോടെ നേതാവിന്റെ കിളി പോയി എന്ന് വ്യക്തം. പിച്ചും പേയും കേള്‍ക്കണ്ട താമസം അതൊക്കെ പത്രക്കാര്‍ വാര്‍ത്തയാക്കി വിടുകയും ചെയ്തു. മുമ്പില്ലാത്ത വിധം ഇയ്യിടെ ഈ അസുഖം ഗുരുതരമാകാന്‍ എന്താ കാരണം എന്ന് അന്വേഷിച്ചവര്‍ക്ക് കാര്യം പിടികിട്ടി.
സര്‍ദാര്‍ പട്ടേലിന്റെ ഓര്‍മ്മക്കായി ഏകതാദിനം ആചരിച്ചതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കവെ കാശ്മീരിനെ ചേര്‍ത്തു നിര്‍ത്താന്‍ പട്ടേല്‍ ശ്രമിച്ചപ്പോള്‍ നെഹ്‌റു സമ്മതിച്ചില്ല എന്ന് കുറ്റപ്പെടുത്തിയത് ഖാര്‍ഗെക്ക് സഹിച്ചില്ല. ഖാര്‍ഗെയുടെ തട്ടകമായ ഗുര്‍മിത്കലില്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ തടസ്സമുണ്ടാക്കിയിട്ടും യാദ്ഗിര്‍ ജില്ലാ ഭരണകൂടത്തിന് ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നല്‍കേണ്ടി വന്നു. ആര്‍എസ്എസ്സിന്റെ ജന്മശതാബ്ദി പരിപാടിയില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ ഉദ്യേഗസ്ഥനെ സസ്‌പെന്റ് ചെയ്തിരുന്നത് ട്രിബ്യൂണല്‍ റദ്ദാക്കി. എല്ലാം ഒന്നിച്ചു വന്നതോടെ ഖാര്‍ഗെ ഫോബിയ വാര്‍ഡിലായി. മുമ്പും മൂന്നു തവണ എഐസിസി ആസ്ഥാനത്ത് ആര്‍എസ്എസ് ഫോബിയ പടര്‍ന്നുപിടിച്ചിരുന്നു. 1947 നവംബറിലാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് മുമ്പില്ലാത്തവിധം ഇത് പടര്‍ന്നുപിടിച്ചത്. ആര്‍എസ്എസ്സിനെ നിരോധിക്കണമെന്ന പ്രമേയം പാസ്സാക്കി നെഹ്റുവിനയച്ചു. ഗോഡ്‌സെ ഗാന്ധിയെവധിച്ച തക്കം നോക്കി നെഹ്റു ഈ ആവശ്യം നടപ്പാക്കുകയും ചെയ്തു. 1974-ല്‍ വീണ്ടും ഇതേ അസുഖം എഐസിസിയില്‍ മൂര്‍ച്ഛിച്ചു. 1975-ല്‍ ഇന്ദിര ആര്‍എസ്എസ്സിനെ നിരോധിച്ചു. ബാബരി അടിമത്ത സ്മാരകം തകര്‍ന്നപ്പോള്‍ ബിജെപി വിരുദ്ധര്‍ക്കിടയില്‍ കൊറോണ പോലെ ഈ രോഗം പടര്‍ന്നു കയറി. നരസിംഹറാവു ആര്‍എസ്എസ്സിനെ നിരോധിച്ചു. ഇതൊക്കെ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച കാലത്തെ സ്ഥിതി. ഇന്നോ? ഖാര്‍ഗെക്ക് കഴുതക്കാമം കരഞ്ഞു തീര്‍ക്കാനേ പറ്റൂ.





















