മൃത്യുഗര്‍ത്തം
നസീറ
കറന്റ് ബുക്‌സ്, തൃശ്ശൂര്‍
പേജ്: 231 വില: 350
ഫോണ്‍: 0487-2335660
കരുത്തുറ്റ ശബ്ദവും ആവിഷ്‌ക്കാരഘടനയുമുള്ള നോവലിസ്റ്റായ നസീറ, മതാധികാര പൗരോഹിത്യത്തിന്റെ രാഷ്ട്രീയം തന്നെയാണ് വിപുലവും രാഷ്ട്രീയവല്‍ക്കൃതവുമായ ക്യാന്‍വാസില്‍ ‘മൃത്യുഗര്‍ത്ത’ മെന്ന നോവലില്‍ രക്തവും മാംസവും ഉരുകിയൊഴുകുന്ന ഭാഷയില്‍ എഴുതിച്ചേര്‍ക്കുന്നത്. ‘മൃത്യുഗര്‍ത്തം’ അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയില്‍ മ്യൂത്യുവിന്റെ ഘോരമായ ശബ്ദങ്ങളും മാംസത്തിന്റെ കഴുകദാഹങ്ങളും അന്ധമായ ഉന്മാദലഹരിയില്‍ നൃത്തം ചവിട്ടുന്ന ഇടമാണ്. റഷ്യയും ഉക്രൈനുമായുള്ള യുദ്ധമെന്നോ, മിക്കവാറും ഒരു ഏഷ്യന്‍ രാജ്യമായ സോവിയറ്റ് റഷ്യയുടെ ശിഥിലീകരണത്തിനുശേഷം ഉക്രൈന്‍ യൂറോപ്യന്‍പക്ഷത്തുചേരുമെന്ന ആശങ്കയുടെ പ്രതികരണമെന്നോ, സാമ്രാജ്യത്വമോഹങ്ങള്‍ കത്തിപ്പടര്‍ന്ന പുടിന്റെ ആക്രമണോത്സുകതയെന്നോ വിശേഷിപ്പിക്കപ്പെടുന്നതിന്റെ രാഷ്ട്രീയം വ്യത്യസ്തകോണുകളില്‍ നിന്ന് വിവിധ മനുഷ്യരുടെ അനുഭവബോധങ്ങളിലൂടെ ഇതില്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളുടെയും മനുഷ്യനന്മയോടുള്ള വെറുപ്പ് ആദ്യന്തം കാണുന്നുണ്ട്. യുദ്ധത്തിന്റെ ഇരകള്‍ നിസ്സഹായരും നിരപരാധികളുമായ എല്ലാ ജനങ്ങളുമാണ്. അതിന് രാജ്യാതിര്‍ത്തികളില്ല. യുദ്ധത്തിലും രാഷ്ട്രീയത്തിലും ആദ്യം ബലിയാകുന്നത് സത്യവും മനുഷ്യത്വവുമാണ്. മനുഷ്യമഹത്വത്തിന്റെ നിഷേധമാണ് യുദ്ധമെന്ന് ഈ നോവലിലെ ഇരകളായ സ്ത്രീയും പുരുഷനും പറയുന്നു. യുദ്ധഭീകരതയുടെ അറപ്പിക്കുകയും ലജ്ജിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന അനുഭവങ്ങള്‍ നമ്മെ അന്ധാളിപ്പിക്കുന്നു. ജീവനും ആപത്തുകളും തമ്മിലുള്ള മത്സരയോട്ടത്തിനിടയില്‍ വ്യക്തികളുടെ പരസ്പര സ്‌നേഹത്തിന്റെ സൂര്യകാന്തിപ്പൂക്കള്‍ വിടരുന്നതും സ്വന്തം സഹോദരിക്കായി വളരെ കഷ്ടപ്പെട്ടു വാങ്ങിയ സൂര്യകാന്തിപ്പൂക്കള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സുഹൃത്തിന്റെ ഓര്‍മ്മയായി വിടര്‍ന്നു നില്‍ ക്കുന്നതിന്റെ ദിവ്യമായ വിശുദ്ധിയും വായനയില്‍ കണ്ണീര്‍ത്തുള്ളികളിറ്റിക്കും. മനസ്സിലൂടെ ഒഴുകിപ്പോകുന്ന മനുഷ്യരെ കഥാപാത്രങ്ങളെന്ന് വിളിക്കാന്‍ നമുക്കാകില്ല. ജീവന്‍ രക്ഷപ്പെട്ട് വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്ന യുദ്ധത്തിന്റെ ഇരകള്‍ ഏത് വേദനയുടെ സമുദ്രം നീന്തിയാണിവിടെ കിതച്ചെത്തിയതെന്നറിയാന്‍ ഈ നോവല്‍ തീര്‍ച്ചയായും ഉപകരിക്കും.
മലയാള ഭാഷയില്‍ യുദ്ധനോവലുകള്‍ തീരെ കുറവാണ്. മൊഴിമാറ്റങ്ങളല്ലാത്ത യുദ്ധ നോവലുകളുണ്ടോ എന്നുപോലും സംശയമാണ്. കാരണം കേരളീയനെന്നല്ല തെക്കേ ഇന്ത്യക്കാര്‍ യുദ്ധത്തിന്റെ മരുഭൂമിയിലൂടെ വരണ്ടതൊണ്ടയുമായി ആവലാതിപ്പെട്ടോടിയിട്ടില്ല. ജീവനും കൈയില്‍പ്പിടിച്ച് കാരുണ്യം യാചിച്ച് പട്ടാളക്കാരുടെ തോക്കിനുമുന്നില്‍ ചേതനയറ്റ് നിന്നിട്ടില്ല. മരണത്തിന്റെ തുറുകണ്ണുകള്‍ക്കു മുന്നില്‍ ജീവനുവേണ്ടി കേണിട്ടുമില്ല. ഒരു യുദ്ധവും ജനങ്ങള്‍ക്കുവേണ്ടിയല്ലെന്ന തിരിച്ചറിവിലേയ്ക്ക് സ്വന്തം കണ്ണുകളവരെ നയിച്ചിട്ടുമില്ല. എന്നാല്‍, നസീറ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം വിഷയമാക്കി ഒരു നോവലെഴുതിയപ്പോള്‍ അത് യാഥാര്‍ത്ഥ്യ ബോധം സൃഷ്ടിക്കുന്നു. അത് ഒരെഴുത്തുകാരിയെന്ന നിലയില്‍ നസീറയെ അതുല്യയാക്കുന്നുണ്ട്. നേരില്‍ കാണുകയോ, അടുത്തുനിന്നെങ്കിലും അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ഭൂമിയുടെയും പ്രകൃതിയുടെയും ജീവജാലങ്ങളുടെയും കാലാവസ്ഥയുടെയും കാറ്റിന്റെയും തണുപ്പിന്റെയും ജീവിതവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക് മൃത്യുഗര്‍ത്തത്തിന്റെ എഴുത്തുകാരി എങ്ങനെ എത്തിപ്പെട്ടുവെന്ന പ്രഹേളിക ബാക്കി നില്‍ക്കുന്നു. ഇവിടെ വൈദ്യശാസ്ത്രപഠനത്തിനായി വീടും കുടുംബവും പണയപ്പെടുത്തിപ്പോയവരും സ്വന്തം അമ്മയില്‍ നിന്നുപോലും സ്‌നേഹം ലഭിക്കാതെ പോയവരും സ്വന്തം കുടുംബത്തെ, മാതാപിതാക്കന്മാരെ ആത്മാവിലാവാഹിച്ചിട്ടുള്ളവരുമായ കുറേ കുട്ടികള്‍ യുദ്ധവെറിയുടെ ദംഷ്ട്രകളില്‍ ഹോമിക്കപ്പെട്ട ജീവിതത്തിന്റെ നിരാശത നിറഞ്ഞ പാഠങ്ങളാണ്. അവരുടെയെല്ലാം ജീവിത സങ്കല്‍പ്പങ്ങള്‍ അധികാരദാഹികളുടെ ആക്രമണത്തില്‍ വികലവും വിനാശകരവുമായിത്തീരുന്നത് നസീറ തന്റെ മുഴുനിലക്കണ്ണാടിയുടെ മുന്നിലെ കാഴ്ചയാക്കി മാറ്റിയത് അവിശ്വസനീയമായ ഒരു യഥാര്‍ത്ഥ്യമാണ്.
ഒരു യുദ്ധനോവലെഴുതാന്‍ യുദ്ധം അനുഭവിക്കണമെന്നില്ലെങ്കിലും ലോകപ്രസിദ്ധമായ യുദ്ധകൃതികളെല്ലാം അനുഭവതീവ്രതയുടെ സ്‌തോഭാക്ഷരങ്ങളിലൂടെ രൂപപ്പെട്ടവയാണ്. വാക്കുകളിലൊളിച്ചിരിക്കുന്ന അര്‍ത്ഥാന്തരങ്ങളില്‍ കൂടുകൂട്ടാന്‍ കഴിയുന്ന എഴുത്തുകാരിയെ ഈ നോവലില്‍ കാണാം. നസീറ ഒരു വെളിപാടിന്റെ ഉന്മീലനമാണോ, സ്വപ്‌നദര്‍ശനത്തിന്റെ ഭാഷാ ശരീരമാണോ എന്ന് എനിക്കറിഞ്ഞുകൂട. മൃത്യുഗര്‍ത്തമെന്ന നോവലെഴുതുമ്പോള്‍ അവര്‍ മനുഷ്യരുടെ നിലനില്‍പ്പിന്റെ അവകാശത്തിനുവേണ്ടി പൊരുതുകയാണ്. രക്തനിലത്തുനിന്ന് വീശിയെത്തുന്നതെങ്കിലും മനസ്സില്‍ കുളിരിറ്റിക്കുന്ന ഇളം കാറ്റുപോലെ നസീറ വീണ്ടും വായനയുടെ തപ്തതീരങ്ങളില്‍ ഒഴുകി നടക്കുകയാണ്.






















