ചിത്രകലാരംഗത്ത് അദ്വിതീയന്‍, കോഴിക്കോടിന്റെ നാടക പരിസരങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കലാകാരന്‍. ചമയക്കാരനായി, രംഗപട സംവിധായകനായി, പശ്ചാത്തല ചിത്രങ്ങളൊരുക്കി, രംഗ വസ്തുക്കളുടെ നിര്‍മ്മാതാവായി, നാടക ചര്‍ച്ചകളില്‍, ഒരുക്കങ്ങളില്‍, യാത്രകളില്‍, ചിത്ര-ശില്പ രംഗത്ത് ഒക്കെ നിറ സാന്നിധ്യമായിരുന്നു കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ ആര്‍ട്ടിസ്റ്റ് ശശി കോട്ട്. ചിത്രകലയുടെ ഏതാണ്ടെല്ലാ മേഖലകളിലും ശാസ്ത്രീയവും പ്രായോഗികവുമായ മികവ് തെളിയിച്ച കലാകാരനാണ് ശശി കോട്ട്. വാട്ടര്‍ കളര്‍, അക്രിലിക്ക്, ഓയില്‍ പെയിന്റിംഗ്, ഇനാമല്‍, പെന്‍സില്‍… തുടങ്ങി ഏതു ശാഖയിലും പരിജ്ഞാനം. ഓയില്‍ പെയിന്റിംഗില്‍ പോട്രെയിറ്റുകള്‍ തയ്യാറാക്കാന്‍ ഇത്ര മികവുള്ള മറ്റ് കലാകാരന്മാര്‍ കോഴിക്കോട്ട് വിരളമാണെന്ന് പറയാം. വലിയ കട്ടൗട്ടറുകളും ഹോര്‍ഡിംഗുകളും തയ്യാറാക്കാനുള്ള വൈദഗ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പരസ്യകലാരംഗത്ത് ഏറെക്കാലം പ്രവര്‍ത്തിച്ച പരിചയം, ഫ്‌ളക്‌സ് പ്രിന്റിംഗ് തരംഗത്തിലും വ്യത്യസ്തമായ സൃഷ്ടികള്‍ക്കായുള്ള ശ്രമം…. കമാനങ്ങളും പ്രദര്‍ശനശാലകളും വേദികളും നഗരികളും തയ്യാറാക്കുന്ന എഞ്ചിനീയറിംഗ് വൈദദ്ധ്യവും കലാപരതയും സംയോജിക്കേണ്ട സൃഷ്ടികള്‍. ഡിസൈനിംഗ് മുതല്‍ ഫിനിംഷിംഗ് വരെ പൂര്‍ണ്ണതയ്ക്കും കണിശതയ്ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത അലച്ചിലുകള്‍, വിശ്രമമില്ലാത്ത അധ്വാനം. മടുപ്പില്ലായ്മ.
കളിമണ്ണ്, സിമന്റ്, പള്‍പ്പ് തുടങ്ങി ഏതു മീഡിയവും അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവും സന്നദ്ധതയും…. നാടക രംഗത്തെ പ്രഗത്ഭരുമൊത്തുള്ള പ്രവര്‍ത്തിപരിചയം. ഗ്രാമീണ നാടകപ്രവര്‍ത്തനങ്ങള്‍ക്കായി, കലാസമിതികള്‍ക്കായി നടത്തിയ സൗജന്യ സേവനങ്ങള്‍…. യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രംഗപട മികവ്. കര്‍ട്ടനില്‍ വരച്ചുവെച്ച ഫോട്ടോ കണ്ട് അത് യഥാര്‍ത്ഥ ഫോട്ടോയെന്ന് കരുതി തട്ടി വീഴാതെ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചവര്‍, വരച്ചു വെച്ച കോണിപ്പടികളിലൂടെ കയറാന്‍ ശ്രമിച്ചവര്‍…. റിഹേഴ്‌സല്‍ മുറി വൃത്തിയാക്കാനെത്തി ആരോ ബാക്കിവെച്ച കട്ടന്‍ചായ ജനലിലൂടെ ഒഴിച്ച് കര്‍ട്ടന്‍ തുണിയില്‍ നനവുണ്ടാക്കിയവര്‍… രംഗപടരംഗത്തെ മായക്കാഴ്ചകള്‍….. എന്തൊക്കെ അത്ഭുതങ്ങളാണ് ആ വിരല്‍ത്തുമ്പില്‍ നിന്ന് ഉയിര്‍ കൊണ്ടത്!! പൂക്കാട് കലാലയത്തിന്റെ നെല്ല് നാടകം 7 അവാര്‍ഡുകള്‍ വാരിക്കൂട്ടിയപ്പോള്‍ രംഗപടത്തിന്റെ അവാര്‍ഡിനെ ജഡ്ജിംഗ് പാനലിലെ ഒരാള്‍ വിശേഷിപ്പിച്ചത് ‘തിരുനെല്ലി വയലിലെ ചെളി മണക്കുന്ന രംഗപടം’ എന്നായിരുന്നു. മുന്‍കാല നാടകങ്ങളുടെ, ദൃശ്യവിസ്മയങ്ങളുടെ, സാങ്കേതികവിജയങ്ങളുടെ പിന്നരങ്ങിലെ കരുത്തുറ്റ സാന്നിദ്ധ്യം കൂടിയാണ് ശശി കോട്ട്. മറ്റ് കലാകാരന്മാരോട് വിനയത്തോടെയും സഹകരണ മനോഭാവത്തോടെയും ഇടപെടാനുള്ള കഴിവ്-അനുകരണീയമാണ് അതൊക്കെ. മത്സര രംഗത്ത് മത്സരമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കലാകാരനാണ് അദ്ദേഹം. സുജാതന്‍ മാസ്റ്റര്‍, കെ.ജി. ഹര്‍ഷന്‍ തുടങ്ങി സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ശശി കോട്ട് ഏറെ പ്രിയപ്പെട്ടവനാണ്. കോഴിക്കോട്ടെത്തിയാല്‍ സുജാതന്‍ മാസ്റ്റര്‍ അന്വേഷിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ ശശി കോട്ട് ആയിരുന്നു.
എല്ലാത്തിനുമുപരി മറ്റ് കലാകാരന്മാരേയും തുടക്കക്കാരേയും ഒപ്പം ചേര്‍ക്കാനും അറിവും വൈദഗ്ധ്യവും പങ്കുവെയ്ക്കാനുമുള്ള മനസ്സും ഈ കലാകാരനെ വ്യത്യസ്തനാക്കി. ശശി കോട്ടിന്റെ പണിപ്പുര കലാപരിശീലന ശാലയാക്കിയ എത്രയോ യുവകലാകാരന്മാര്‍ ഇന്ന് വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. സ്വതന്ത്രമായി കലാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രായോഗിക പിന്‍ബലം ലഭിച്ചവര്‍….. അഹങ്കാരലേശമില്ലാതെ അനുമോദനങ്ങളെ വിനയത്തോടെ സ്വീകരിക്കാനും ഒപ്പമുള്ളവര്‍ക്ക് പങ്കിടാനുമുള്ള വലിയ മനസ്സ്.
മറയില്ലാതെ ചിരിയ്ക്കാനും മനസ്സിലൊളിപ്പിക്കാതെ ദേഷ്യപ്പെടാനും കഴിയുന്ന ഒരു നാട്ടുമനുഷ്യന്‍. സംഗീത നാടക അക്കാദമി അവാര്‍ഡ്, കെ. ശിവരാമന്‍ മാസ്റ്റര്‍ സ്മാരക അവാര്‍ഡ്, നൃത്ത നാടക കലാകേന്ദ്ര അവാര്‍ഡ്, കെ.ജി. ഹര്‍ഷന്‍ സ്മാരക പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍ ശശികോട്ടിനെ തേടിയെത്തി.
ഇല്ലായ്മകളുടെ ബാല്യകൗമാരങ്ങള്‍ പിന്നിട്ട് സ്വപ്രയത്‌നത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും കലോപാസനയുടെ ഉയരങ്ങള്‍ കീഴടക്കിയ പ്രിയ കലാകാരന്‍ 2024 സപ്തംബര്‍ 13ന് സ്‌നേഹവര്‍ണ്ണങ്ങളുടെ നിറക്കൂട്ടുകള്‍ ബാക്കിവെച്ച് കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞു. പരേതരായ കുട്ടിക്കണ്ടി ഗോപാലന്‍ നായരുടെയും ലക്ഷ്മി അമ്മയുടേയും മകനാണ്. വിജയലക്ഷ്മി ആണ് ഭാര്യ. സുമിത്ര, വിശ്വജിത്ത് എന്നിവര്‍ മക്കളാണ്. ഷൈജു മരുമകനും. ചെറുപ്പകാലം മുതലേ കൊയിലാണ്ടി ചേമഞ്ചേരിയിലെ ബാലഗോകുലം പ്രവര്‍ത്തകനായി വളര്‍ന്നുവന്ന ശശികോട്ട് ചിത്രകലയുടെ തമ്പുരാനായി മാറി. അകാലത്തില്‍ പൊഴിഞ്ഞു പോയ ആ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍.






















