ക്ലിഫ്ഹൗസിലിരുന്ന് ഒരേസമയം കേരള ഭരണവും പാര്‍ട്ടി ഭരണവും നടത്തി സംസ്ഥാനത്തെ നമ്പര്‍ വണ്‍ ആക്കിയ വിജയന്‍ സഖാവിന്റെ കീഴില്‍ കാമ്പസ്സുകളില്‍ വിരിഞ്ഞു പുറത്തുവരുന്നത് വര്‍ഗ്ഗീയതയുടെ വിഷപ്പാമ്പുകളോ? സംശയം വേണ്ട, പറയുന്നത് എസ്.എഫ്.ഐയുടെ സംസ്ഥാന ദേശീയ നേതാക്കളാണ്. കാലിക്കറ്റ് സര്‍വ്വകലാശാല കുറച്ചു കാലമായി മുസ്ലിംലീഗിന്റെ കുഞ്ഞുങ്ങളായ എം.എസ്. എഫി ന്റെ കീഴിലാണ്. അവിടെ കോളേജ് യൂണിയന്‍ ഭരണത്തില്‍ നിന്ന് എസ് എഫ്. ഐ നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടു കഴിഞ്ഞു. കാമ്പസ്സുകള്‍ വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ കയ്യടക്കി എന്ന് മാര്‍ക്‌സിസ്റ്റ് കുഞ്ഞുങ്ങള്‍ നെഞ്ചത്തടിച്ച് വിലപിച്ചിട്ട് ഇനി കാര്യമില്ല. 45 വര്‍ഷം മുമ്പ് എം.എസ്.എഫിന്റെ ഖാസിം സാഹിബിനെ യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാനാക്കിയത് എസ്.എഫ്.ഐ ആയിരുന്നു. അന്നത്തെ സഖ്യം ഇവര്‍ തമ്മിലായിരുന്നു. അന്ന് എം.എസ്.എഫ്. വര്‍ഗ്ഗീയമായിരുന്നില്ല; പകരം മതേതരവും കടന്ന് സ്വര്‍ഗ്ഗീയമായിരുന്നു. ഇന്ന് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും ജന:സെക്രട്ടറിയും ലേഡി വൈസ്‌ചെയര്‍മാനും എം.എസ്.എഫ് ആയിരിക്കുന്നു. തോറ്റമ്പിയ എസ്.എഫ്.ഐക്ക് കിട്ടിയത് വര്‍ഗ്ഗീയത വിരിഞ്ഞു പുറത്തുവന്നപ്പോള്‍ ശേഷിച്ച പൊട്ടിയ മുട്ടത്തോടു മാത്രം! തൃശൂര്‍, പാലക്കാട്, വയനാട് ജില്ലാ പ്രതിനിധി സീറ്റു മാത്രമേ എസ്.എഫ്. ഐക്ക് ഉള്ളൂ.
കെ. എസ്.യുവുമായുള്ള മുന്നണി എന്ന പേരില്‍ അഞ്ച് ജനറല്‍ സീറ്റുകളില്‍ നാലെണ്ണവും എം.എസ്.എഫിന്റെ കയ്യില്‍ വന്നതെങ്ങിനെ? അതും പുരോഗമന ഇടത് വിദ്യാഭ്യാസ ചിന്തകര്‍ ഭരിക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍? ലീഗ് മാനേജ്‌മെന്റിന്റെ കീഴിലുള്ള കോളേജുകളില്‍ തിരഞ്ഞെടുപ്പു നടത്താതെയും തട്ടിന്‍പുറത്തെ അറബി കോളേജുകള്‍ വഴിയും യു.യു.സിമാരെ ഇറക്കിവിട്ട് മതേതരത്വം നിലനിര്‍ത്തിയിരുന്ന യൂനിവേഴ്‌സിറ്റി കാമ്പസ് ഒന്നാന്തരം വര്‍ഗ്ഗീയക്കാരായ എം.എസ്. എഫ് കൊണ്ടുപോയേ എന്ന് ഇപ്പോള്‍ മലര്‍ന്നു കിടന്നു വിലപിച്ചിട്ട് എന്തു കാര്യം? പാലക്കാട്ട് ഒരു രക്തസാക്ഷി ദിനാചരണത്തില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എസ്.സഞ്ജീവനും ദേശീയ പ്രസിഡന്റ് ആദര്‍ശും എം.എസ്.എഫ് ക്യാമ്പസ് ഫ്രണ്ടിനു വഴിയൊരുക്കുകയാണെ ന്നും യൂണിവേഴ്‌സിറ്റിയെ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും വിഴുങ്ങു കയാണെന്നും ആര്‍ത്ത് കരഞ്ഞിട്ടും കാര്യമില്ല. ഈ വര്‍ഗ്ഗീയതയെ അവിടെ കുടിയിരുത്തിയതും അറബിക്ക് അമിത പ്രാധാന്യം നല്‍കി മദ്രസകളെ വരെ അറബി കോളേജാക്കി ഉയര്‍ത്തിയതും കുട്ടിസഖാക്കളേ നിങ്ങളുടെ നേതാക്കളല്ലേ? അന്നേരം ഓര്‍ക്കണ്ടേ ഒട്ടകത്തിന് ടെന്റില്‍ സ്ഥലം കൊടുത്ത അറബിയുടെ കഥ? തുടര്‍ഭരണം കിട്ടിയിട്ടും ഇതിനെ ചെറുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ് കുട്ടിസഖാവേ ?





















