35 വര്‍ഷമായി ഹൂരിയത്ത് രാഷ്ട്രീയത്തിന്റെ ഭീകരപാത പിന്തുടര്‍ന്ന, കാശ്മീരിലെ രണ്ടു സംഘടനകള്‍ക്ക് അവസാനം തലയില്‍ വെളിച്ചം വന്നിരിക്കുന്നു. ജന്മുകാശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ്, ഡെമോക്രാറ്റിക് പൊളിറ്റിക്കല്‍ മൂവ്മെന്റ് എന്നീ സംഘടനകളാണ് ഹൂരിയത്ത് സഖ്യം വിടുന്നു എന്നു പ്രഖ്യാപിച്ചത്. ഇക്കാര്യം അവര്‍ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. ജന്മുകാശ്മീരിലെ ജനങ്ങളുടെ താല്പര്യത്തിനെ പ്രതിനിധീകരിക്കാത്തതാണ് ഹൂരിയത്ത് സഖ്യമെന്നും അവരോട് തങ്ങള്‍ക്ക് ഒരു വിധത്തിലുള്ള അനുഭാവമോ യോജിപ്പോ ഇല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. താനും തന്റെ സംഘടനയും പ്രത്യക്ഷമായോ പരോക്ഷമായോ ഭാരതത്തിന്റെ താല്പര്യത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ഭാരത ഭരണഘടനയോടാണ് തങ്ങള്‍ക്ക് കൂറ് എന്നും ആ പാര്‍ട്ടി നേതാക്കള്‍ എഴുതിയ സത്യവാങ്മൂലത്തിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത് ഭീകരവാദത്തെ കാശ്മീരില്‍ നിന്ന് വേരോടെ നുള്ളിക്കളയും എന്നാണ്. കത്വയില്‍ സൈന്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത് അതാണ്. ഇതിന്റെ ഭാഗമായി ഹൂരിയത്ത് സഖ്യത്തിന്റെ നേതാക്കളുടെ വീടുകളില്‍ സുരക്ഷാ റെയ്ഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഹൂരിയത്ത് നേതാക്കളായ മിര്‍ വൈസിന്റെയും പരേതനായ സയ്യിദ് അലി ഷാ ഗിലാനിയുടെയും അണികളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തെക്കന്‍ കാശ്മീരിലെ കുല്‍ഗാം, ഷോപ്പിയാന്‍, പുല്‍വാമ, സെന്‍ട്രല്‍ കാശ്മീരിലെ ബുഡ്ഗാം, ശ്രീനഗര്‍, ഉത്തര കാശ്മീരിലെ ബാരാമുള്ള എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടക്കുന്നുണ്ട്.
പള്ളിയിലെ മൈക്കു വഴി കാശ്മീരില്‍ നിന്ന് ഹിന്ദുക്കള്‍ കുടിയൊഴിഞ്ഞു പോകണം എന്നു ഫത്വയിറക്കി കലാപമുണ്ടാക്കി ഹിന്ദുക്കളെ ഓടിച്ചുവിട്ട സ്ഥലത്താണ് ഇന്ന് ഭീകരര്‍ക്ക് ഓടിപ്പോകേണ്ട അവസ്ഥ വന്നിരിക്കുന്നത്. ഇവര്‍ക്കൊപ്പം നിന്ന മുസ്ലിം സംഘടനകള്‍ തങ്ങള്‍ ഭീകരവാദം ഉപേക്ഷിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഹിന്ദുത്വത്തിന്റെ വഴിയാണ് രക്ഷ എന്നും അതു വഴിയേ സമാധാനമുണ്ടാകൂ എന്നും അവര്‍ തിരിച്ചറിയുന്നു. ഇതേസമയം തൊട്ടയല്‍പ്പക്കത്ത് നടക്കുന്നത് നേര്‍വിപരീതമായ കാര്യമാണ്. ഇസ്ലാമിന്റെ പേരില്‍ രൂപീകൃതമായ പാകിസ്ഥാന് ഇന്ന് ഇസ്ലാമിക ഭീകരവാദം മൂലം സാമ്പത്തിക തകര്‍ച്ചയുടെയും അഭ്യന്തര കലാപത്തിന്റെയും നടുവില്‍ നാശത്തിലേക്ക് പതിക്കുകയാണ്. പാകിസ്ഥാനില്‍ നിന്നുള്ള പത്രക്കാര് ഇത് തുറന്നു പറയാന്‍ തുടങ്ങിയിരിക്കുന്നു. വികസനവും സമാധാനവും ശാന്തിയുമുള്ള രാഷ്ട്രം നിലനിര്‍ത്താന്‍ ഹിന്ദുത്വ ദര്‍ശനത്തിനേ കഴിയൂ എന്ന് മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനെ കാശ്മീരിജനതയും പാകിസ്ഥാനും സാക്ഷിക്കൂട്ടില്‍ കയറി ലോകത്തിനു മുമ്പില്‍ ശരിവെക്കുകയാണ്.