മുന്ന്യൂനപക്ഷകാര്യ മന്ത്രി കെ.ടി.ജലീലിന്റെ ശരീരത്തില്‍ ഒരു ജിന്ന് കയറിക്കൂടിയിരിക്കുന്നു. ആര്.എസ്.എസ്സാണ് ആ ജിന്ന് എന്നും മഷിനോട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുറച്ചു കാലമായി ഈ ജിന്ന് ജലീലിനെ പിടികൂടിയിട്ട്. സ്വര്‍ണ്ണകള്ളക്കടത്തും ഹവാലാ ഇടപാടുമൊക്കെ മതപരമായി അധാര്‍മ്മികതയാണെന്നും അതു ചെയ്യാന്‍ പാടില്ല എന്നും പാണക്കാട് തങ്ങള്‍ ഫത്വയിറക്കണമെന്ന് ജലീല്‍ പ്രതികരിച്ചപ്പോള്‍ തന്നെ ഈ ജിന്ന് ബാധയുടെ ലക്ഷണം കണ്ടുതുടങ്ങിയതാണ്. ഏതെങ്കിലും മൊയ്ല്യാന്മാര് ഒന്ന് മന്ത്രിച്ച് ഊതിയാല്‍ ജിന്ന് ഒഴിഞ്ഞു പോകുമെന്നു കരുതിയതാണ്. എന്നാല്‍ സൂത്രപ്പണി കൊണ്ടൊന്നും ഒഴിഞ്ഞു പോകുന്ന വിധം നിസ്സാരനല്ലല്ലോ ആര്.എസ്.എസ്. ജിന്ന്! മാത്രമല്ല, ഇപ്പോഴത്തെ ലക്ഷണം അവഗണിച്ചുതള്ളാന്‍ പറ്റിയതുമല്ല. മലപ്പുറത്ത് ഒരു ഇഫ്താര്‍ വിരുന്നില്‍ ജലീല്‍ പറഞ്ഞത് കേട്ടില്ലേ. കഞ്ചാവും എം.ഡി.എം.എയുമായി പിടിക്കപ്പെട്ടവര്‍ മദ്രസയില്‍ പോയവരായിരുന്നു എന്ന്. മുസ്ലിങ്ങള്‍ക്കാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപഠനം കിട്ടുന്നത്. മതപഠനം കിട്ടാത്ത മററു സമുദായക്കാര്‍ കാണിക്കുന്ന ധാര്‍മ്മികതപോലും മുസ്ലിങ്ങള്‍ കാണിക്കുന്നില്ല. എന്തോ വലിയ തകരാറ് മതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ മതസംഘടനകള്‍ ഉടനെ ഇടപെടണം എന്നാണ് ജലീലിന്റെ ഇഫ്താര്‍ പ്രസംഗം.
കേട്ടപ്പോഴേ മനസ്സിലായില്ലേ, ഇത് ജലീലല്ല പറയുന്നത്, ജിന്നാണെന്ന്. മദ്രസക്കെതിരെ ആര്.എസ്.എസ്സുകാര്‍ പറയുന്നതിന്റെ ധ്വനിയല്ലേ ഈ ഇഫ്താര്‍ പ്രസംഗത്തിലുള്ളത്? കേന്ദ്ര ബാലാവകാശ കമ്മീഷന് പറഞ്ഞില്ലേ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന്. അതുതന്നെയല്ലേ ജലീല്‍ പറയുന്നതിലും ഉള്ളത്. ലഹരി ഉപയോഗം എല്ലാവരെയും ബാധിക്കുന്നതാണ്, മുസ്ലിങ്ങളെ മാത്രം ബാധിക്കുന്നതല്ല എന്ന് മതപണ്ഡിതന്മാര് വിധിച്ചു കഴിഞ്ഞു. കള്ളപ്പണവും കുഴല്‍പ്പണവും കള്ളക്കടത്തും സ്വര്‍ണ്ണക്കടത്തുമൊക്കെ ഒരു തൊഴിലല്ലേ ജലീലേ? അതുപോലെ കുറച്ചു കാശ് കൂടുതല്‍ കിട്ടുന്ന പണി മാത്രമല്ലേ ലഹരിക്കടത്ത്. കിട്ടുന്ന പണത്തിന്റെ ശതമാനം കണക്കാക്കി സക്കാത്ത് നല്കിയാല് എല്ലാം അള്ളാഹു പൊറുത്തു കൊള്ളില്ലേ? അതുകൊണ്ട് എല്ലാ മൊയ്ല്യാന്മാരും ഈ ജിന്നിനെ ജലീലിന്റെ ശരീരത്തില്‍ നിന്ന് ഉടനെ ഒഴിപ്പിക്കണം. ഒഴിയുന്നില്ലെങ്കില്‍ കടുംക്രിയയ്ക്കും മടിക്കരുത്.