കള്ളും കമ്മ്യൂണിസവും തമ്മില്‍ ഇഴപിരിയാനാവാത്തവിധം ഒട്ടിച്ചേര്‍ന്നു നിന്ന കാലം അസ്തമിച്ചു വരികയാണ് എന്ന് ഇടത് സഖാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ മദ്യപിക്കരുത് എന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പുതിയ ഫത്വ. പാര്‍ട്ടിയംഗങ്ങള്‍ മദ്യപിച്ചാലും നാലുകാലില്‍ നടക്കരുത് എന്ന ചെറിയ തിരുത്ത് മാത്രമേ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഭാഗത്തുനിന്നുള്ളു. പകലന്തി വരെ പണി കഴിഞ്ഞ് വരുമ്പോള്‍ അന്തിക്കള്ളും മോന്തി കമ്മ്യൂണിസ്റ്റ് വിപ്ലവവും സ്വപ്‌നം കണ്ട് നടന്നിരുന്ന കര്‍ഷകത്തൊഴിലാളി സഖാവിന് കള്ളില്ലാതെ എങ്ങനെ കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തിലെത്താനാകും എന്ന് ചോദിക്കുന്നവര്‍ പാര്‍ട്ടി നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റ് വിശകലനതന്ത്രം അറിയാത്തവരാണ്. പാലക്കാട് ഇലപ്പുള്ളി പഞ്ചായത്തില്‍ 600 കോടി ചെലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള ഒയാസിസ് ഗ്രൂപ്പിന്ന് വന്‍തോതില്‍ മദ്യം വാറ്റാന്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഒന്നും ആലോചിക്കാതെയല്ല. പാടം ഡിസ്റ്റിലറിയും ജലസേചനത്തിനുള്ള വെള്ളം കളളുണ്ടാക്കാനും വകമാറ്റുമ്പോള്‍ കര്‍ഷകത്തൊഴിലാളി വേണ്ടല്ലോ.
സി.പി.എമ്മിന് കണ്ണില്‍ ചോരയില്ലാത്തവിധം കള്ളിനെയും ചാരായത്തെയുമൊക്കെ തള്ളിപ്പറയാം. എന്നാല്‍ സി.പി.ഐക്ക് അതു സാധിക്കില്ല. കള്ളും കമ്യൂണിസ്റ്റു പാര്‍ട്ടിയും തമ്മിലുള്ള രക്ത ബന്ധം അത്രപെട്ടെന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്യൂകളായ സി.പി.ഐക്ക് വെട്ടിമുറിച്ചുകളയാനാവില്ല. അതിനാല്‍ പാര്‍ട്ടി തയ്യാറാക്കിയ മാര്‍ഗ്ഗരേഖയില്‍ കള്ള് കുടിക്കാം, നാലുകാലില്‍ നടക്കരുത്, മദ്യമുതലാളിയില്‍ നിന്ന് ഓസിന് കഴിക്കരുത് എന്നു തുടങ്ങിയ വിലക്കുകളേയുള്ളു. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയമെന്നും ബിനോയ് സഖാവ് വിശദീകരിച്ചിട്ടുണ്ട്. പഴയ പാര്‍ട്ടിയായതു കൊണ്ടാവാം സി.പി.ഐ ഇക്കാര്യത്തില്‍ മാത്രമല്ല, പലതിലും രണ്ടടി പിറകിലാണ് ആദ്യം ഇലപ്പള്ളി ബ്രൂവറിയെ എതിര്‍ത്തു; പിന്നീട് നാവടക്കി. സി.പി.ഐക്ക് വേരു നഷ്ട്ടമാകുന്നു എന്ന ആശങ്കയും സംസ്ഥാന സെക്രട്ടറിക്ക് ഉണ്ട്. സഖാക്കള്‍ക്ക് വേണ്ടത്ര പാര്‍ട്ടി വിദ്യാഭ്യാസം ഇല്ല എന്നു കണ്ടെത്തിയ ബിനോയ് സഖാവ് പഴഞ്ചന്‍ രീതി വിട്ട് പാര്‍ട്ടിക്ക് പുതു ഉന്മേഷം പകരാനുള്ള കായകല്പചികിത്സക്ക് രാഷ്ട്രീയ ഗവേഷകരുടെ ഉപദേശം തേടി. അവര്‍ നല്കിയ കുറിപ്പടിയില്‍ പറയുന്നത് പാര്‍ട്ടിക്കകത്തു തന്നെ ഒറ്റുകാര്‍ ഉണ്ടെന്നാണ്. മാധ്യമ നിയന്ത്രകരായ കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടിക്കെതിരെ ഇല്ലാക്കഥ ചമയ്ക്കുന്നു. പാര്‍ട്ടിക്കാര്‍ തന്നെ ആ കഥ വിശ്വസിച്ച്, അതിന്റെ പ്രചാരകരാവുന്നു. ദുര്‍ബ്ബല മനസ്‌കരായ സഖാക്കള്‍ ആതുവിശ്വസിച്ചു പോകുന്നു എന്നിങ്ങനെയാണ് കുറിപ്പടിയിലുള്ളത്. ഒരു ഗവേഷണവും നടത്താതെ ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണിതെങ്കിലും ഗവേഷകര്‍ കണ്ടെത്തിയതാവുമ്പോള്‍ പരിഗണിച്ചല്ലേ പറ്റൂ. സി.പി. ഐ കൂടി സി.പി.എമ്മിന്റെ മാതൃകയില്‍ രാഷ്ട്രീയ വിശകലന വിദഗ്ദ്ധരുടെ സഹായവും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തന്ത്രവും പയറ്റാന്‍ തുടങ്ങിയാല്‍ കള്ള് മാത്രമല്ല കമ്മ്യൂണിസവും കര്‍ഷക തൊഴിലാളിക്ക് സ്വപ്‌നലോകത്തെ അമൂല്യ വസ്തുക്കളായി മാറും.