നെയ്യാറ്റിന്‍കര ഗോപന്‍സ്വാമി സമാധിയായതിനെ തുടര്‍ന്നു ദൈവമായി മാറി എന്നു കളിയാക്കിയ സഖാക്കള്‍ക്ക് കൊല്ലത്തു നിന്ന് ഒരു വെളിപാടുണ്ടായിരിക്കുന്നു. അവിടെ നടന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടെ അവര്‍ക്കായി ജീവിച്ചിരിക്കുന്ന ദൈവം പിറന്നിരിക്കുന്നു. ആകാശത്തു നിന്ന് ഇടിമിന്നലിനെ പിളര്‍ത്തി വന്ന അള്ളാഹുവിനെക്കാള്‍, കടലിനുമുകളിലൂടെ നടന്ന യേശുവിനെക്കാള്‍ കേമനാണ് ആ ദൈവം. ‘ചെമ്പടക്ക് കാവലായ് ചെങ്കടല്‍ കണക്കൊരാള്‍ ‘. ‘ചെങ്കൊടി കരത്തിലേന്തി കേരളം നയിക്കുന്ന സമരവീരസാരഥിയായ പിണറായി വിജയന്‍’ ആണ് ആ ദൈവം. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ നൂറ് വനിതാ ജീവനക്കാരുടെ സംഘഗാനം വെറും പാട്ടല്ല; ഈ ദൈവത്തിന്റെ സഹസ്രനാമാര്‍ച്ചനയായിരുന്നു. അതിന് ഒരു കൊല്ലം മുമ്പ് പാറശ്ശാലയില്‍ നടന്ന 500 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരയിലെ കാരണഭൂതന്‍ കീര്‍ത്തനം ഈ ദൈവത്തിനുള്ള സ്തുതികീര്‍ത്തനമായിരുന്നു. ഈ രണ്ട് അവസരത്തിലും കേരളത്തെ രക്ഷിക്കാനെത്തിയ ദൈവത്തെ തിരിച്ചറിയാന്‍ കഴിവില്ലാത്ത പത്രമാധ്യമങ്ങളും നവമാധ്യമങ്ങളും ചേര്‍ന്ന് പാര്‍ട്ടിയേയും സഖാവിനെയും ട്രോളി ആഘോഷിച്ചു. കൊല്ലത്തെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ദൈവം തന്നെ നവകേരളരേഖ എന്ന രക്ഷാമന്ത്രം തന്റെ ഭക്തജനങ്ങള്‍ക്കായി അവതരിപ്പിച്ചതോടെ ഈ ദൈവത്തിന്റെ മഹത്വം പിന്നെയും വര്‍ദ്ധിച്ചു. യേശുദേവന്‍ ബൈബിളും നബി ഖുറാനും അവതരിപ്പിച്ചപ്പോലെ മഹത്തായ ചരിത്രസംഭവം എന്ന് ഇടത് ചരിത്രകാരന്മാര്‍ രേഖപ്പെടുത്താന്‍ പോകുന്നതാണ് ഈ രേഖ.. കമലാകാന്തനും വീണാതാതനുമായ ദൈവത്തിന് സ്തുതി!
ഇതിന്റെ ഒരു റിഹേഴ്‌സലാണ് കൊല്ലം കടക്കല്‍ ഭദ്രകാളിക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടന്ന കലാപരിപാടിയില്‍ കണ്ടത്. സഖാവ് അലോഷി ‘പുഷ്പനെ അറിയാമോ’ എന്ന പാട്ടുപാടിക്കൊണ്ട് അരിവാളും ചുറ്റികയും പതിച്ച ചെങ്കൊടിയും ഡിഫി കൊടിയും വേദിയില്‍ പ്രദര്‍ശിപ്പിച്ച് നടത്തിയ ഗാനമേള ഈ ദൈവത്തിന്റെ ഭക്തരെ ഹര്‍ഷോന്മാദത്തില്‍ ആറാടിച്ചു. കേരളത്തിലെ ദേവസ്വം ബോര്‍ഡുകളെല്ലാം ഭരിക്കുന്നത് സഖാക്കളാണ്. അതുകൊണ്ട് ഏതു ക്ഷേത്രത്തിലും ഇതുപോലുള്ള പിണറായ് ദൈവത്തിന്റെ സ്തുതിഗീതങ്ങളായ ഗാനമേളകളും തിരുവാതിരകളും സഹസ്രനാമങ്ങളുമൊക്കെ വേണമെന്ന് ഉത്തരവിറക്കിയാല്‍ മതി.. സി.ഐ.ടി.യു ക്കാരായ ക്ഷേത്രജീവനക്കാര്‍ അത് നടപ്പാക്കും. എല്ലാ ഭണ്ഡാരങ്ങളും എ.കെ.ജി. സെന്ററില്‍ നിന്ന് ആള് വന്ന് എണ്ണി കണക്കെടുപ്പ് നടത്തും. മേല്‍ശാന്തി ഗോവിന്ദന്‍ സഖാവ് പ്രവചിച്ച പോലെ മൂന്നാം പിണറായി ഭരണം വരുന്നതോടെ ഈ ദൈവം മാത്രമാകും കേരളത്തിന്റെ ഏകദൈവം. ആ ‘നല്ല’ കാലത്തിനായി നമുക്ക് കാത്തിരിക്കാം.!