മലയാള പത്രപ്രവര്‍ത്തനം ആരംഭിച്ചശേഷം കേരളം കണ്ട എക്കാലത്തെയും മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആയിരിക്കെ പിരിച്ചുവിടപ്പെട്ട പി.രാജന്. എ.കെ. ആന്റണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഗുരുവും കേരളത്തിലെ പത്രപ്രവര്‍ത്തക തലമുറകളുടെ ആരാധനാപുരുഷനും റോള്‍മോഡലുമായ പി.രാജനെ മാതൃഭൂമി പിരിച്ചുവിട്ടത് ഓഹരി ഉടമ എന്ന നിലയില്‍ അദ്ദേഹം അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന്റെ കള്ളത്തടിവെട്ടല് കേസിനെ കുറിച്ച് ചോദ്യം ഉന്നയിച്ചതിനാണ്. മാതൃഭൂമി ജീവനക്കാരനായിരിക്കെ ഓഹരി ഉടമക്കെതിരെ ചോദ്യം ഉന്നയിച്ചത് അച്ചടക്ക ലംഘനമാണെന്ന് ആരോപിച്ചാണ് പത്രപ്രവര്‍ത്തകരംഗത്തെ കുലപതികളില്‍ ഒരാളായ പി.രാജനെ പിരിച്ചുവിട്ടത്. സ്വന്തം വീടിന് ജെസോമ അതായത് ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്ന് പേരിടുകയും അതിനുവേണ്ടി അനവരതം പോരാടുകയും ചെയ്ത പി.രാജന് കേരളത്തിലെ ആദ്യത്തെ നിയമകാര്യ ലേഖകനായിരുന്നു.
അടിയുറച്ച കോണ്ഗ്രസുകാരന് ആയിരുന്നപ്പോള്‍ പോലും കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും കാട്ടിയ അടിയന്തരാവസ്ഥ എന്ന ദുഷ്ചെയ്തിക്കെതിരെ പോരാടാനും ജയിലില്‍ പോകാനും പി.രാജന് മടികാട്ടിയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ‘ഇന്ദിരയുടെ അടിയന്തരം’ എന്ന ലഘുലേഖ എഴുതി കെ.കരുണാകരന് അടക്കമുള്ളവര്‍ക്ക് അയച്ചെങ്കിലും രാജനെയും പിതാവിനെയും അറിയാവുന്നതുകൊണ്ട് കെ.കരുണാകരന് നിസ്സംഗതവരിച്ചു. ഒരു നടപടിയും ഇല്ലെന്ന് കണ്ട് അതേ ലഘുലേഖ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത് ദല്‍ഹിക്ക് അയച്ചു കൊടുത്തപ്പോഴാണ് ഇന്ദിരാഗാന്ധി അത് കണ്ടതും മിസ അനുസരിച്ച് പി.രാജന് അറസ്റ്റിലായതും. കോണ്ഗ്രസുകാരന് ആയിരുന്നിട്ടും അച്ചടക്കത്തിന് അടിയന്തരാവസ്ഥ നല്ലതാണെന്ന് നിലപാട് ഉണ്ടായിട്ടും അന്നത്തെ മാനേജിംഗ് എഡിറ്റര്‍ വി.എം.നായര്‍ പി.രാജന്റെ ശമ്പളം വീട്ടിലെത്തിച്ചതുകൊണ്ട് കുടുംബം പട്ടിണികൂടാതെ കഴിഞ്ഞു. അന്നത്തെ ആ നിര്‍ഭയതയും സ്വീകാര്യതയും കൈവിടാത്തത് കൊണ്ട് തന്നെയാണ് മാനേജ്മെന്റ് പോലും സത്യവിരുദ്ധതയും നീതിനിഷേധവും ചെയ്താല്‍ ചോദ്യം ചെയ്യണമെന്ന നിലപാട് സ്വീകരിച്ച് മാതൃഭൂമി മാനേജ്മെന്റിനെതിരെ പി.രാജന് മുന്നോട്ടു നീങ്ങിയത്. മലയാള പത്രപ്രവര്‍ത്തന രംഗത്തിനും പൊതുസമൂഹത്തിനും പി.രാജന്റെ പുറത്താക്കല്‍ ഗണ്യമായ നഷ്ടമാണ് സൃഷ്ടിച്ചത്. പക്ഷേ, മാധ്യമപ്രവര്‍ത്തനരംഗത്തെ മാറുന്ന മൂല്യങ്ങളുടെയും മുതലാളിമാരുടെ നിലവാരത്തകര്‍ച്ചയുടെയും ചിത്രം കൂടി വ്യക്തമാക്കുന്നതായിരുന്നു പി.രാജന്റെ പുറത്താക്കല്‍.
പി.രാജന് മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പലപ്പോഴും മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകരെ ബോധവല്ക്കരിക്കാറുണ്ടായിരുന്നു. നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി എവിടെവരെയാണ് എന്ന ചോദ്യത്തിന് എതിരെ നില്ക്കുന്ന ആളിന്റെ മൂക്കിന്റെ തുമ്പിനടുത്ത് വരെ എന്ന് അദ്ദേഹം പലപ്പോഴും സംശയലേശമന്യേ പറഞ്ഞിരുന്നു. സത്യത്തിനുവേണ്ടി പോരാടുന്ന ഓരോ പത്രപ്രവര്‍ത്തകനും പി.രാജന്റെ നിലപാടും അന്തസ്സും ആര്‍ജ്ജവവും കുലീനത്വവുമുള്ള പെരുമാറ്റം മാതൃകയായിരുന്നു. നിര്‍ഭയതയും നിഷ്പക്ഷതയുമാണ് ഓരോ മാധ്യമപ്രവര്‍ത്തകനും ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യം എന്ന് അദ്ദേഹം ഓരോരുത്തരെയും പഠിപ്പിച്ചിരുന്നു. ഈ പഠനക്ലാസിന്റെ പിന്‍ബലം കൊണ്ടായിരിക്കണം ഏഷ്യാനെറ്റില്‍ അടുത്തിടെ ഉണ്ടായ വിവാദത്തെ വിലയിരുത്താതെ പോകാതിരിക്കാന്‍ കഴിയാത്തത്. കവര്‍സ്റ്റോറി എന്ന സ്വന്തം പ്രോഗ്രാമില്‍ ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ സിന്ധു സൂര്യകുമാറിന് എന്തുംപറയാന്‍ അവകാശമുണ്ട് എന്നാണ് ഏഷ്യാനെറ്റ് കരുതുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും അധ്യാപകനും ഒക്കെയായ എം.ഡി. നാലപ്പാടും ഈ അഭിപ്രായക്കാരനായിരുന്നു എന്നത് ശരിയാണ്. എന്റെ അച്ഛനെതിരെയും നിങ്ങള്‍ക്ക് വാര്‍ത്ത ചെയ്യാം, പക്ഷേ തെളിവ് ഉണ്ടാകണം. തെളിവില്ലാതെ, രേഖകള്‍ ഇല്ലാതെ ആര്‍ക്കെതിരെയും വാര്‍ത്ത ചെയ്യാന്‍ പാടില്ല എന്ന് അദ്ദേഹം പത്രപ്രവര്‍ത്തക പരിശീലനാര്‍ത്ഥികളോട് പറയുമായിരുന്നു. ഇവിടെയാണ് സിന്ധു സൂര്യകുമാറിന്റെയും ഏഷ്യാനെറ്റിന്റെയും ‘നേരോടെ നിര്‍ഭയം നിരന്തരം’ എന്ന ആപ്തവാക്യം ചോദ്യചിഹ്നമാകുന്നത്. നിങ്ങള്‍ നേരോടെ നിര്‍ഭയം നിരന്തരം പറയുന്നത് പക്ഷപാതപരമാണെന്ന് പൊതുസമൂഹത്തിനു മുഴുവന്‍ ബോധ്യപ്പെട്ടാല്‍ നിഷ്പക്ഷമായി ചിന്തിച്ച് അത് തിരുത്താനുള്ള അന്തസ്സ് കാണിക്കേണ്ടേ?
ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ മുതലാളിയായ രാജീവ് ചന്ദ്രശേഖര്‍ അടക്കം ഒരു ബിജെപി നേതാവും വിമര്‍ശനത്തിന് അതീതനല്ല. ബിജെപി എന്നല്ല, ഭാരതത്തിലെ ഒരു രാഷ്ട്രീയകക്ഷിയും മാധ്യമങ്ങളുടെ വിലയിരുത്തലിനോ പൊതുസമൂഹത്തിന്റെ സൂക്ഷ്മ വിശകലനത്തിനോ അപ്പുറത്തുമല്ല. ഏതു മാധ്യമപ്രവര്‍ത്തകനും ഏതു രാഷ്ട്രീയപ്പാര്‍ട്ടിയെയും ഏതു രാഷ്ട്രീയ നേതാവിനെയും ഏതു പൊതുപ്രവര്‍ത്തകനെയും വിലയിരുത്താനും വാര്‍ത്ത ചെയ്യാനുമുള്ള അധികാരവും അവകാശവുമുണ്ട്. പക്ഷേ, അത് നിഷ്പക്ഷവും സദുദ്ദേശ്യപരവുമായിരിക്കണം. മാധ്യമപ്രവര്ത്തകന് രാഷ്ട്രീയം ഉണ്ടാകാം. കേരളത്തെ പോലെ ഒരു നാട്ടില്‍ വിദ്യാഭ്യാസ സാക്ഷരതയേക്കാള്‍ രാഷ്ട്രീയ സാക്ഷരത കൂടുതലാണ്. രാഷ്ട്രീയപീഡനത്തിന്റെ ഒളിവുകാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളെയും അടിയന്തരാവസ്ഥയുടെ ഇരുള് മൂടിയ വഴികളില്‍ ആര്‍എസ് എസ് നേതാക്കളെയും അഭയമരുളി സംരക്ഷിച്ച എല്ലാവരും സര്‍വകലാശാല വിദ്യാഭ്യാസം ഉള്ളവരോ പണക്കാരോ ആയിരുന്നില്ല. അവരില്‍ ബഹുഭൂരിപക്ഷവും നിരക്ഷരരും അല്ലെങ്കില്‍ ഉന്നതവിദ്യാഭ്യാസമില്ലാത്ത സാധാരണ മനുഷ്യരുമായിരുന്നു. അവരുടെ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും അടിത്തറയിലാണ് ഇവിടെ ഓരോ പ്രസ്ഥാനങ്ങളും രൂപപ്പെട്ടത്. കവര്സ്റ്റോറിയില് ആയാലും ഏത് പരിപാടിയില്‍ ആയാലും ഏതെങ്കിലും ഒരു സമൂഹത്തെ ഇകഴ്ത്തിയും അധിക്ഷേപിച്ചും അപമാനിച്ചും മുന്നോട്ടുപോകുന്നത് ശരിയാണോ?
കവര്‍സ്റ്റോറി എന്ന പരിപാടിയില്‍ ബിജെപി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദുസമൂഹത്തെയും നിരന്തരം അധിക്ഷേപിക്കുന്നത് പുതിയ കാര്യമല്ല. നരേന്ദ്രമോദി രാജീവ് ചന്ദ്രശേഖരനെ മന്ത്രിയാക്കി, ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ അദ്ദേഹത്തെ തിരുവനന്തപുരം പോലെ ജയിക്കാന്‍ സാധ്യതയുള്ള ഒരു മണ്ഡലത്തില്‍ മത്സരിപ്പിച്ചു. മണ്ഡലത്തില്‍ പ്രധാനമന്ത്രിതന്നെ പ്രചാരണത്തിനെത്തി. കവര്‍സ്റ്റോറിയിലൂടെ സിന്ധു സൂര്യകുമാര്‍ നടത്തുന്ന അധിക്ഷേങ്ങളുടെ കുന്തമുന എത്തുന്നത് രാജീവ് ചന്ദ്രശേഖറിലേക്ക് തന്നെയാണ്. നൂറു ശതമാനം സാക്ഷരതയുള്ള, ഉന്നതവിദ്യാഭ്യാസമുള്ള കേരളത്തില്‍നിന്ന് ഇത്രയധികം പേര് കുംഭമേളയിലേക്കും ബിജെപിയിലേക്കും പോകുന്നതില്‍ അപാകതയുണ്ട് എന്ന ധ്വനിയാണ് അല്ലെങ്കില്‍ ആക്ഷേപമാണ് സിന്ധു സൂര്യകുമാര്‍ ഉന്നയിച്ചത്. കുംഭമേളയ്ക്ക് മുമ്പുതന്നെ ബിജെപിയില്‍ എത്തിയ രാജീവ് ചന്ദ്രശേഖരന് ഉന്നതവിദ്യാഭ്യാസവും വ്യവസായി എന്നനിലയിലുള്ള പരിചയവും ടെക്നോക്രാറ്റ് അഥവാ സാങ്കേതികവിദഗ്ധന്‍ എന്ന നിലയിലുള്ള മാന്യമായ പദവിയും ഒക്കെയുണ്ടായിരുന്നു. സാധാരണക്കാരായ ഹിന്ദുക്കള്‍ ബിജെപിയിലേക്കും കുംഭമേളയിലേക്കും പോകുന്നതിന്റെ അഭംഗിയും അപാകതയും ചൂണ്ടിക്കാണിച്ച സിന്ധു സൂര്യകുമാര്‍ വ്യംഗ്യമായി ലക്ഷ്യമിടുന്നത് രാജീവ് ചന്ദ്രശേഖറിനെ തന്നെയാണ്.
വിദ്യാസമ്പന്നനായ രാജീവ് ചന്ദ്രശേഖര്‍ എന്തുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് സ്വന്തം ചാനലിലെ മാധ്യമപ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തതിന്റെ പ്രശ്നമല്ലേ ഈ കവര്സ്റ്റോറിയില് സിന്ധു സൂര്യകുമാര്‍ ഉയര്‍ത്തിയത്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെക്കുന്ന വികസനത്തിന്റെ രാഷ്ട്രീയവും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരതം കൈവരിക്കാന്‍ പോകുന്ന വികസിതഭാരതം എന്ന ഉദാത്ത ലക്ഷ്യവുമാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്ന് പലതവണ അദ്ദേഹം പറഞ്ഞിരുന്നു. ആ വീഡിയോയോ അല്ലെങ്കില്‍ ആ പ്രസംഗത്തിന്റെ ഭാഗങ്ങളോ ഏഷ്യാനെറ്റിലെ കോണ്‍ഗ്രസ്, സിപിഎം പാളയത്തില്‍ ഇപ്പോഴും അടിമ കിടക്കുന്ന മാധ്യമപ്രവര്‍ത്തകരെ കേള്‍പ്പിച്ചു കൊടുക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ എന്ത് ചെയ്തുവെന്നും അദ്ദേഹം എങ്ങനെയാണ് ഭാരതത്തെ മുന്നോട്ടു നയിക്കുന്നത് എന്നും അവരെ ബോധ്യപ്പെടുത്തണം. ഭാരതത്തിലെ ഏത് പൗരനും അവനവന്റെ വിശ്വാസവും ആചാരങ്ങളും ആഘോഷങ്ങളും നടത്താനും പരിപാലിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. നൂറു ശതമാനം സാക്ഷരതയുണ്ട് എന്നവകാശപ്പെടുന്ന കേരളത്തില്‍ ഇന്ന് നടക്കുന്ന മുഴുവന്‍ സംഭവങ്ങളുടെയും ഉത്തരവാദിത്തം ഏഷ്യാനെറ്റിന് ഏറ്റെടുക്കാന്‍ കഴിയുമോ? പാവപ്പെട്ട ഹിന്ദുക്കള്‍ കുംഭമേളയ്ക്ക് പോയതോ അല്ലെങ്കില്‍ ബി ജെപിയില്‍ ചേര്‍ന്നതോ ആണോ കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പറുദീസയായി കേരളം മാറുകയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ മകള്‍ വരെ ആരോപണവിധേയരായ മാസപ്പടി വിഷയങ്ങള്‍ മറുഭാഗത്ത്.
സാധാരണക്കാരനും സത്യസന്ധനുമായ നവീന്‍ബാബു എന്ന ഉദ്യോഗസ്ഥനെ പരസ്യമായി പൊതുവേദിയില്‍ രാഷ്ട്രീയനേതാവായ പി.പി.ദിവ്യ അപമാനിച്ചതില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ പിടിവാശിയില്‍ ലൈസന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് ആന്തൂരില്‍ കണ്വെന്ഷന് ഹാള്‍ തുടങ്ങിയ വ്യവസായി ആത്മഹത്യചെയ്തു. ഏറ്റവുമൊടുവില്‍ സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ ഒരു യുവാവ് കൂട്ടക്കുരുതി നടത്തി. റാഗിങ്ങിന്റെ പേരില്‍ സിദ്ധാര്ത്ഥന് എന്ന യുവാവിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് അവനെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയതും കേരളത്തിലാണ്. ഈ സംഭവങ്ങളൊക്കെ നൂറു ശതമാനം സാക്ഷരതയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനും അനുസൃതമായ കാര്യങ്ങളാണോ? ഇവയില്‍ ഒന്നും തെറ്റ് കാണാത്ത കവര്‍സ്റ്റോറി പാവപ്പെട്ട ഹിന്ദുക്കള്‍ അവന്റെ വിശ്വാസത്തിന്റെ ഭാഗമായി കുംഭമേളക്ക് പോയി സ്നാനം നടത്തിയതിനെ കുറ്റപ്പെടുത്തുന്നത് എങ്ങനെയാണ്?
മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാനോ അല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കാനോ ഏഷ്യാനെറ്റ് ഉടമ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കണമെന്ന് അഭിപ്രായമില്ല. കാരണം മുതലാളിമാരുടെ ഇടപെടല്‍ ഇല്ലാതെ നാലാംതൂണ് എന്നനിലയില്‍ സത്യസന്ധമായും നിഷ്പക്ഷമായും മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് തന്നെയാണ് അഭിപ്രായം. കുംഭമേളയില്‍ താനും കുടുംബവും കുളിക്കാന്‍ പോയതാണ് എന്ന ഫേസ്ബുക്ക് പോസ്റ്റ് രാജീവ് ചന്ദ്രശേഖര്‍ ഇടുമ്പോള്‍ അതിന് ഓരോ ഹിന്ദുവിനും അവകാശവും അധികാരവും ഉണ്ടെന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കാനുള്ള ബാധ്യത മുതലാളി കൂടിയായ അദ്ദേഹത്തിനുണ്ട്. ഞാന്‍ ഹിന്ദുവായാണ് ജനിച്ചത് ഹിന്ദുവായാണ് ജീവിക്കുന്നത്, ഹിന്ദുവായി തന്നെ മരിക്കും എന്നുപറഞ്ഞ ഡി.കെ.ശിവകുമാറിന്റെ നിലപാടിന് മുന്നില്‍ രാജീവ് ചന്ദ്രശേഖര്‍ വല്ലാതെ ചെറുതായിപ്പോയി എന്ന് പറയാതെ വയ്യ.
തീര്‍ത്ഥാടനവും സ്നാനവും പൊങ്കാലയും മാത്രമല്ല, ഷോഡശസംസ്കാരങ്ങളും അതീന്ദ്രിയധ്യാനവും യോഗയും ഒക്കെ ഹിന്ദുവിന്റേതാണ്. ഡോ. ജോണ്‍ നാപ്പിന്റെ ദ ട്രഷര്‍ ഓഫ് വേദാസ്, എം.ആര്. രാജേഷിന്റെയും പ്രൊഫസര്‍ കൃഷ്ണന് നമ്പൂതിരിയുടെയും വേദങ്ങളിലെ ശാസ്ത്രദീപ്തി സംബന്ധിച്ച ഗ്രന്ഥങ്ങള്‍ എന്നിവ മുതല്‍ ഡോ.എസ്.രാധാകൃഷ്ണന്റെ ഭാരതീയദര്‍ശനം വരെ നിരവധി കൃതികളില്‍ ഹിന്ദുവിന്റെ ശാസ്ത്രദീപ്തിയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ദ ഹിന്ദു കെമിസ്ട്രിയും ഹിന്ദു ആസ്ട്രോണമിയും ഒക്കെ വാങ്ങിവെച്ച് ഏഷ്യാനെറ്റ് ഹിന്ദുത്വത്തെ കുറിച്ച് കൂടി മാധ്യമപ്രവര്‍ത്തകരെ പഠിപ്പിക്കണം. ദുര്‍ഗയെ വേശ്യ എന്നും നരേന്ദ്രമോദിയെ അധമനെന്നും വിളിക്കുന്ന ഏഷ്യാനെറ്റ് സംസ്കാരം എത്ര നേരോടെ, നിര്‍ഭയം, നിരന്തരം എന്നുപറഞ്ഞാലും ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്. നിലപാടുകള്‍ പൂര്‍ണ്ണമായും നിഷ്പക്ഷമാകണം, സത്യസന്ധമാകണം, അബദ്ധജടിലമാകരുത്. പറയുന്ന വാക്കുകളുടെ വിശുദ്ധി, ആത്മാര്‍ത്ഥത, സത്യസന്ധത എന്നിവ ഏതെങ്കിലും ഒരു ജനവിഭാഗത്തെ ലക്ഷ്യമിട്ട് അപമാനിക്കുന്ന തരത്തിലാകരുത്. ദൗര്‍ഭാഗ്യവശാല്‍ കവര്‍സ്റ്റോറി അങ്ങനെയാണ് സാധാരണക്കാര്‍ക്ക് തോന്നുന്നത്. അല്ലെങ്കില്‍ സാക്ഷരതയുള്ള കേരളത്തില്‍നിന്ന് കുംഭമേളയ്ക്ക് പോകുന്നതിലെയും ബിജെപിയില്‍ ചേരുന്നതിന്റെയും തെറ്റ് എന്താണെന്ന് ചാനല്‍ ഉടമയായ രാജീവ് ചന്ദ്രശേഖരനെ എങ്കിലും ബോധ്യപ്പെടുത്താന്‍ ഏഷ്യാനെറ്റിന് കഴിയണം. സ്വന്തം മുതലാളിയെ കൊണ്ട് നിരന്തരം നിര്‍ഭയം ക്ഷമ പറയിപ്പിക്കുന്ന രീതി നേരിന്റെ മാധ്യമപ്രവര്‍ത്തനമല്ല.