ഭാരതത്തിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യ സംവിധാനത്തെയും സ്വാധീനിക്കാനും തകര്‍ക്കാനും ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണം ഉയര്‍ന്നിട്ട് കാലമേറെയായി. നരേന്ദ്രമോദി സര്‍ക്കാര്‍ 2014 ല്‍ അധികാരമേല്‍ക്കും മുമ്പുതന്നെ മോദി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല, മുസ്ലിങ്ങള്‍ പാകിസ്ഥാനില്‍ പോകേണ്ടിവരും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടും തുടങ്ങിയ പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തിലെത്താന്‍ സാധ്യതയുള്ള എതിരാളികള്‍ക്കെതിരെ പലതരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. സരസന്‍ സംഭവം മുതല്‍ തങ്കമണി വരെയും സോളാര്‍ കേസും പാമോയില്‍ കേസും അടക്കമുള്ള കേസുകളുമൊക്കെ എങ്ങനെയാണ് രാഷ്ട്രീയ നേതാക്കളെ ഒതുക്കാനും ഒഴിവാക്കാനും അവരുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാനും ഒക്കെ ഉപയോഗപ്പെടുത്തിയത് എന്ന് കേരളം പലതവണ കണ്ടതാണ്.
പക്ഷേ, ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം മുന്‍ പ്രസിഡന്റ് ബൈഡന്റെ നേതൃത്വത്തില്‍ ലോകം മുഴുവന്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായങ്ങളും തിരഞ്ഞെടുപ്പ് ഇടപെടലുകളും വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും നടത്തിയ ശ്രമങ്ങളുടെ വിശദാംശങ്ങളും പുറത്തുവിട്ടപ്പോള്‍ വന്നിട്ടുള്ള രേഖകളും സംഭവങ്ങളും ഒക്കെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അല്ലെങ്കില്‍ ബാധിക്കുമായിരുന്ന ഒരു രാജ്യം ഭാരതമാണ് എന്ന കാര്യം പറയാതെ വയ്യ. ഭാരതത്തിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇല്ലാതാക്കാന്‍ പോലുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന കാര്യം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. പക്ഷേ, അമേരിക്കയുടെ ഈ വെളിപ്പെടുത്തലുകളെ കുറിച്ച് എന്തെങ്കിലും പറയാനോ പ്രതികരിക്കാനോ അന്വേഷണം നടത്താനോ ഇതുവരെ ഭാരതസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ദല്‍ഹിയിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തിന്റെ ഇടപെടലുകളും അവരുടെ യാത്രാ പരിപാടികളും സന്ദര്‍ശനങ്ങളും വ്യക്തമായ രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടി തന്നെ ആയിരുന്നു എന്നത് ഉറപ്പാണ്. നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് ഒഴിവാക്കാം എന്ന് കരുതിയിരുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് സംവിധാനത്തെ നിരാശപ്പെടുത്തിക്കൊണ്ട് മോദി വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ ഭരണസംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി തന്നെയാണ് അമേരിക്കയുടെ നയതന്ത്ര കാര്യാലയം പ്രവര്‍ത്തിച്ചത് എന്ന് വ്യക്തമാവുന്നു.
തിരഞ്ഞെടുപ്പിന് മുമ്പും പിമ്പുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്സിന്റെ യോഗങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തുമായി അമേരിക്ക സംഘടിപ്പിക്കുകയുണ്ടായി. ഇതോടൊപ്പം പത്രപ്രവര്‍ത്തകരുടെ യോഗങ്ങളും പരിശീലനപരിപാടികളും ഇവര്‍ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം തീവ്ര ഇസ്ലാമിക നേതാവായ ഒവൈസി മുതല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി വരെയുള്ള നേതാക്കന്മാരെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി സന്ദര്‍ശിച്ചതിന്റെ കാരണമെന്താണ്? ഭാരതത്തിന്റെ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണമൊന്നും തേടിയില്ലെങ്കിലും അവരുടെ യാത്രാപഥവും അവര്‍ സന്ദര്‍ശിക്കുന്ന നേതാക്കളെയും അവരുടെ ചര്‍ച്ചകളെയും വീക്ഷിക്കുന്നുണ്ടായിരുന്നു. ഇവിടെയാണ് ലോകത്ത് ഏത് രാജ്യങ്ങളിലും ഭരണസംവിധാനം നിശ്ചയിക്കാന്‍ അധികാരം ഉണ്ടെന്ന് സ്വയം വിശ്വസിക്കുകയും അതിനനുസരിച്ച് ഏതു ഭരണസംവിധാനത്തെയും അട്ടിമറിക്കാനും സ്വന്തം കാല്‍ക്കീഴില്‍ ഒതുക്കാനും ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് സംവിധാനത്തിന്റെ പ്രസക്തി ചര്‍ച്ചാവിഷയമാകുന്നത്.
മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. സിഐഎയും എഫ്ബിഐയും കൂടാതെ അമേരിക്കയിലെ ഉന്നതമായ സാങ്കേതിക ഐടിശാസ്ത്ര സ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്കെ ഉള്‍പ്പെട്ട, തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള സംവിധാനമാണ് ഡീപ് സ്റ്റേറ്റ്. കഴിഞ്ഞ 16 വര്‍ഷമായി ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ മുഹമ്മദ് യൂനുസിനെ മുന്‍നിര്‍ത്തി ഡീപ് സ്റ്റേറ്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ക്ലിന്റണുമായും ഹിലാരി ക്ലിന്റണുമായും ഉറ്റബന്ധമുണ്ടായിരുന്ന മുഹമ്മദ് യൂനുസ് ബൈഡനും ഒബാമയുമായും ബൈഡന്റെ വൈസ് പ്രസിഡന്റായിരുന്ന കമലഹാരിസുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ബംഗ്ലാദേശിലെ തിരഞ്ഞെടുക്കപ്പെട്ട ഷേക്ക് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച് ഇന്ത്യാവിരുദ്ധ മുദ്രാവാക്യവുമായി ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ പുതിയ ശാക്തികചേരി സൃഷ്ടിക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് ബംഗ്ലാദേശില്‍ അരങ്ങേറിയത്. ഇതിന്റെ പിന്നില്‍ കഴിഞ്ഞ 16 വര്‍ഷത്തെ പ്രവര്‍ത്തനപദ്ധതിയില്‍ ഭാരതവും അവിഭാജ്യഘടകം തന്നെയായിരുന്നു എന്നാണ് ബംഗ്ലാദേശിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സലാഹുദ്ദീന്‍ ശുഹൈബ് ചൗധരി തന്റെ ബ്ലിറ്റ്‌സ് എന്ന പ്രസിദ്ധീകരണത്തിലൂടെ വെളിപ്പെടുത്തുന്നത്. ഓപ്പറേഷന്‍ പെയേഴ്സ് അഥവാ ഇരട്ടകള്‍ക്കെതിരായ നീക്കം എന്ന് പേരിട്ട ഈ പരിപാടിയില്‍ ലക്ഷ്യമിട്ടിരുന്നത് ഷേക്ക് ഹസീനയേയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെയും ആയിരുന്നുവെന്ന് ചൗധരി വ്യക്തമാക്കുന്നു. ഷേക്ക് ഹസീനയെയും നരേന്ദ്രമോദിയെയും കായികമായി തന്നെ നേരിടാനും ഇല്ലായ്മ ചെയ്യാനുമാണ് ഇവര്‍ ലക്ഷ്യം ഇട്ടിരുന്നത് എന്നാണ് ഈ പ്രസിദ്ധീകരണം വ്യക്തമാക്കിയിട്ടുള്ളത്.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട ്മെന്റിന്റെ ഏഷ്യാകാര്യ സെക്രട്ടറിയായിരുന്ന ഡോണള്‍ഡ് ലൂ ആണ് ഈ ഓപ്പറേഷനുകളുടെ മുഴുവന്‍ ചുക്കാന്‍ പിടിച്ചിരുന്നത് എന്നാണ് ആരോപണം. ഷേക്ക് ഹസീനയും നരേന്ദ്രമോദിയുമാണ് ഇവര്‍ ലക്ഷ്യം ഇട്ടിരുന്ന ഓപ്പറേഷന്‍ പെയേഴ്സ് എന്ന കാര്യം ഇപ്പോള്‍ മിക്കവാറും രഹസ്യാന്വേഷണ ഏജന്‍സികള്‍ എല്ലാം സ്ഥിരീകരിച്ചിരിക്കുന്നു. നല്ല ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുപ്പ് വിജയിച്ചതിനുശേഷം പെട്ടെന്നുണ്ടായ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി എന്ന തീവ്ര ഇസ്ലാമിക വര്‍ഗീയകക്ഷിക്കും യൂനുസിനും അധികാരം കൈമാറേണ്ടി വന്നത് ഈ ഇടപെടലിനെ തുടര്‍ന്നായിരുന്നു. ഓപ്പറേഷന്‍ പെയേഴ്സിന്റെ ഇംഗ്ലണ്ടിലും തയ്വാനിലും ഒക്കെ നടന്ന ചര്‍ച്ചകളില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ രാഹുലും യൂനുസിനൊപ്പം ഉണ്ടായിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. സ്ഥിരമായി ചൈനയെ പ്രകീര്‍ത്തിക്കുകയും ചൈനയോട് ശത്രുതപാടില്ലെന്ന് ഒക്കെ ആഹ്വാനം ചെയ്യുകയും രാജീവ് ഗാന്ധി ട്രസ്റ്റിന്റെ പേരില്‍ ചൈനയില്‍നിന്ന് സാമ്പത്തിക സഹായം വാങ്ങുകയും ഒക്കെ ചെയ്ത രാഹുല്‍ ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്കൊപ്പം ഇംഗ്ലണ്ടിലും തയ്വാനിലും അമേരിക്കയിലും ഒക്കെ നടത്തിയ കൂടിയാലോചനകളില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്നും എവിടെ നിന്നൊക്കെ സാമ്പത്തികസഹായം ലഭിച്ചു എന്നും അന്വേഷണ വിധേയമാക്കേണ്ടതാണ്. എന്തായാലും ഇംഗ്ലണ്ടില്‍ നടന്ന ചര്‍ച്ചകളുടെ ഉദ്ദേശ്യശുദ്ധി വെളിപ്പെടേണ്ടതുണ്ട്. സിഎഎ വിരുദ്ധ സമരവും കര്‍ഷകസമരവും ഹിന്‍ഡന്‍ ബര്‍ഗ് ആരോപണങ്ങളും ഒക്കെ ഈ ഗൂഢാലോചനയുടെ ഭാഗമായി ഉണ്ടായതാണ് എന്ന വെളിപ്പെടുത്തലുകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് മാത്രമല്ല, ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനത്തെയും തകര്‍ക്കാനും സ്വാധീനിക്കാനും വൈദേശിക ശക്തികള്‍ക്ക് കഴിയുന്ന രീതിയില്‍ ഭാരതത്തിലെ പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ വഴിതെറ്റിക്കപ്പെടുന്നു എന്ന കാര്യം ഗൗരവമായി തന്നെ കാണേണ്ടതുമാണ്.
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.വൈ.ഖുറേഷിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ട്രല്‍ സിസ്റ്റം എന്ന സംഘടനയ്ക്ക് 21 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായി ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിക്കഴിഞ്ഞു. ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. അവരുടെ മുഴുവന്‍ ചെലവുകളും തിരഞ്ഞെടുപ്പിന്റെ ചെലവുകളും എല്ലാം വഹിക്കുന്നത് ഭാരതത്തിന്റെ സര്‍ക്കാരാണ്. തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവും ആകണമെന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എന്തു പ്രവര്‍ത്തനത്തിന് വേണ്ടി ഏതുതരത്തില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടിയാണ് 21 ദശലക്ഷം ഡോളര്‍ വാങ്ങിയതും ചെലവഴിച്ചതും എന്ന കാര്യത്തില്‍ ഇനിയെങ്കിലും വ്യക്തത വരേണ്ടിയിരിക്കുന്നു. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇത്തരം സാമ്പത്തികസഹായം സ്വീകരിക്കാന്‍ കഴിയുമോ? അങ്ങനെയാണെങ്കില്‍ ആരാണ് ഇവര്‍ക്ക് ഇതിന് അധികാരവും അനുമതിയും നല്‍കിയത്. പണം പറ്റി എന്നകാര്യം ഖുറൈശി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അത് എന്തിനുവേണ്ടി ചെലവഴിച്ചു, എന്തായിരുന്നു ലക്ഷ്യം തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും പൂര്‍ണമായ നിശബ്ദതയാണ്.
1987ല്‍ രൂപീകരിക്കപ്പെട്ട ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇലക്ട്രല്‍ സിസ്റ്റം ജനങ്ങള്‍ സ്വതന്ത്രരാകണം, നിര്‍ഭയരാകണം, ജനാധിപത്യ ശക്തിപ്പെടണം തുടങ്ങിയ ലക്ഷ്യത്തോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ 140 രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടന ഇപ്പോള്‍ 60 രാജ്യങ്ങളിലായി ചുരുങ്ങിയിരിക്കുന്നു. 5.5 കോടി ജനങ്ങളെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി സ്വാധീനിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബംഗ്ലാദേശ്, കംബോഡിയ, മ്യാന്‍മര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം സ്വാധീനമുണ്ടാക്കിയതായി അവര്‍ അവകാശപ്പെടുന്നു. മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ അമേരിക്കയുടെ താല്‍പര്യത്തിന് അനുസൃതമായ പാവസര്‍ക്കാരുകളെയും ഭരണാധികാരികളെയും അധികാരത്തില്‍ എത്തിക്കാനും വാഴിക്കാനും അമേരിക്കയുടെ സൗകര്യത്തിനനുസരിച്ച് വാണിജ്യ വ്യാപാര വിദേശ നയതന്ത്ര കാര്യങ്ങള്‍ നടത്താനുമുള്ള സംവിധാനമാണ് ഡീപ് സ്റ്റേറ്റ് നടത്തിവരുന്നത്. ബംഗ്ലാദേശിലെ ഭരണമാറ്റം പൂര്‍ണമായും അമേരിക്കയിലെ ബൈഡന്‍ ഭരണകൂടത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ മാത്രമായിരുന്നു എന്ന കാര്യം ഇപ്പോള്‍ വ്യക്തമാണ്.
നേരത്തെ ബ്രേക്കിംഗ് ഇന്ത്യ ബ്രിഗേഡിലൂടെ ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഡീപ് സ്റ്റേറ്റിന്റെ പിന്നിലുള്ളതെന്നും വ്യക്തമാണ്. ഇവരാരും ഭാരതം സുസ്ഥിരമായി കഴിയണമെന്ന് ആഗ്രഹിക്കുന്നവരല്ല. ലോകത്തിനു മുഴുവന്‍ വഴികാട്ടുന്ന ജഗദ് ഗുരുവായ ഭാരതം എന്ന നിലയിലേക്കുള്ള നമ്മുടെ വളര്‍ച്ചയെ പ്രതിരോധിക്കാനും തകര്‍ക്കാനും മുരടിപ്പിക്കാനുമുള്ള ശ്രമമാണ് ഇവരൊക്കെ നടത്തുന്നത്. ഏതു വിധേനയും ഏതു വഴിയിലൂടെയും അധികാരത്തില്‍ എത്താനും വീണ്ടും സഹസ്രകോടികളുടെ അഴിമതിയിലൂടെ സ്വന്തം കാര്യം സുരക്ഷിതമാക്കാനുമുള്ള യുവരാജാവിന്റെ ശ്രമവും തത്രപ്പാടും മാത്രമാണ് നരേന്ദ്രമോദിയെ ഇല്ലായ്മ ചെയ്ത് അധികാരത്തിലെത്താനുള്ള ഓപ്പറേഷന്‍ പെയേഴ്സ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. ഇത് സംബന്ധിച്ച വളരെ സുതാര്യവും ശക്തവുമായ അന്വേഷണവും നടപടികളും അനിവാര്യമാണ്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയുള്ള രാഷ്ട്രീയത്തിന് പകരം രാഷ്ട്രീയ എതിരാളികളെ വകവരുത്താനും ഇല്ലായ്മ ചെയ്യാനും പ്രത്യയശാസ്ത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. സുഭാഷ്ചന്ദ്രബോസിനും സര്‍ദാര്‍ പട്ടേലിനും ഡോക്ടര്‍ ബി. ആര്‍.അംബദ്കര്‍ക്കും എതിരായ നീക്കങ്ങളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദുരൂഹമരണങ്ങളും ഒക്കെത്തന്നെ ഈ വഴിക്ക് ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവവികാസങ്ങളിലും സമഗ്രമായ അന്വേഷണം അനിവാര്യമാണ്. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരം പരിപാടികള്‍ക്ക് കൂട്ടുനില്‍ക്കാത്തത് ഒരുപക്ഷേ ഡീപ് സ്റ്റേറ്റിന് തിരിച്ചടിയാണ്. മാത്രമല്ല, ബംഗ്ലാദേശിലും പുതിയ പരിവര്‍ത്തനം ഉണ്ടാകും എന്ന സൂചനയാണ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഉണ്ടാകുന്നത്. 99 സീറ്റ് കടക്കാത്ത യുവരാജാവിനും കോണ്‍ഗ്രസ് നേതൃത്വത്തിനും ഒരുപക്ഷേ നാളെ ജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് പറയേണ്ട സാഹചര്യത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്.