സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരാനുള്ള ബില്ലിന് സം സ്ഥാന മന്ത്രിസഭാ യോഗംഐകകണ്‌ഠ്യേന അംഗീകാരം നല്‍കിയിരിക്കുന്നു. നേരത്തെ ഇതിനെതിരെ സമരാഹ്വാനം നടത്തിയ എസ്എഫ്‌ഐയും എഐഎസ്എഫും ഡിവൈഎഫ്‌ഐയും പിന്നെ എഐവൈഎഫും ഒക്കെ പത്തി മടക്കി മാളത്തില്‍ ഒതുങ്ങി. മന്ത്രിസഭാ തീരുമാനം വൈകി വന്ന നീതിയാണെങ്കിലും കാലത്തിന്റെ തിരിച്ചടിയാണ്. അത് മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിനും കാലം നല്‍കിയ കരണത്തടിയാണ്.
2016 ജനുവരി മാസം ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണം സംബന്ധിച്ച് വിദേശ – സ്വകാര്യ സര്‍വകലാശാലകളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാനായി കോവളത്ത് സംഘടിപ്പിച്ച ഉന്നതതല ആഗോള വിദ്യാഭ്യാസ സംഗമം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒരുപക്ഷേ മറന്നിട്ടുണ്ടാവും. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുന്‍ ഐഎഫ് എസ് ഉദ്യോഗസ്ഥനും നയതന്ത്ര വിദഗ്ദ്ധനുമായ ടി.പി.ശ്രീനിവാസനെ കാരണത്തടിച്ച് നിലത്ത് ചവിട്ടിയിട്ട ചിത്രം കേരളത്തിലെ ബോധവും വിദ്യാഭ്യാസവുമുള്ള ആരും മറന്നിട്ടുണ്ടാവില്ല. ശ്രീനിവാസന്‍ സാറേ എന്ന വിളി കാറില്‍ നിന്നിറങ്ങി ഹോട്ടലിന്റെ ലോബിയിലേക്ക് നടക്കുമ്പോഴാണ് കേട്ടത്. ഒരു നിമിഷം തിരിഞ്ഞ അദ്ദേഹത്തിന്റെ കരണത്തടിക്കുകയായിരുന്നു എസ്എഫ്‌ഐ നേതാവായ ശരത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കുന്ന വിദേശ നയതന്ത്ര കാര്യങ്ങളിലെ വിദഗ്ദ്ധനായ ടി.പി. ശ്രീനിവാസന്‍ കേരളത്തിലെ യുവതലമുറക്കും വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പ്രയോജനം ഉണ്ടാകുന്ന കാര്യം എന്ന നിലയിലാണ് വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്‌കരണത്തിന് ലക്ഷ്യമിട്ടത്. പരമ്പരാഗത കോഴ്‌സുകളിലൂടെ എവിടെയും ജോലിയോ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനമോ കിട്ടാത്ത രീതിയില്‍ വളര്‍ച്ച മുറ്റിയ വിദ്യാഭ്യാസ രംഗത്തെ നവീകരിക്കാനുള്ള ശ്രമം എന്ന നിലയിലാണ് ആഗോള വിദ്യാഭ്യാസ സംഗമം വിളിച്ചുകൂട്ടിയത്. അതൊരിക്കലും തീരുമാനമെടുക്കാനുള്ള വേദിയായിരുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള മുന്നേറ്റങ്ങളും മുന്നൊരുക്കങ്ങളും വിശദീകരിക്കാനും അതിനനുസരിച്ച് കേരളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാം എന്നും എന്തൊക്കെ പരിഷ്‌കരണങ്ങളാണ് അതില്‍ വേണ്ടതെന്നും ഒക്കെ ചിന്തിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും വൈസ് ചാന്‍സലര്‍മാരും ഒക്കെ പങ്കെടുക്കുന്ന വേദിയിലേക്ക് എത്തുമ്പോഴാണ് ടി.പി.ശ്രീനിവാസനെ അടിച്ചു വീഴ്ത്തിയത്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അതേ നിയമം നിലവില്‍ വരുമ്പോള്‍ പിണറായി വിജയനും എസ്എഫ്‌ഐയും മാത്രമല്ല ഇടതുമുന്നണിയിലെ ഘടകകക്ഷികളും സ്വയം അപഹാസ്യരാവുകയാണ്.
ടി.പി.ശ്രീനിവാസനെ തല്ലിവീഴ്ത്തിയവര്‍ അതേ പരിഷ്‌കരണം 9 വര്‍ഷത്തിനുശേഷം കൊണ്ടുവരുമ്പോള്‍ അതിനെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തോട് വിശദീകരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ് എന്നീ സംഘടനകള്‍ക്കും ഉണ്ട്. വിദ്യാഭ്യാസ രംഗത്ത് എന്തു പരിവര്‍ത്തനം കൊണ്ടാണ് തങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. ഏതായാലും കേരളത്തിലെ പൊതുജനങ്ങളുടെ വിദ്യാഭ്യാസ താല്‍പര്യങ്ങള്‍ക്കനുസൃതമായാണ് ഈ മാറ്റം എന്ന് കരുതാന്‍ കഴിയില്ല. ഭരണം നഷ്ടപ്പെട്ടാലും മാസപ്പടി വരുമാനം ഉറപ്പാക്കാന്‍ ഭരണ നേതൃത്വത്തിലുള്ളവര്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കായി അച്ചാരം ഉറപ്പിച്ചു കഴിഞ്ഞു എന്ന കാര്യം തലസ്ഥാനത്ത് വിദ്യാഭ്യാസരംഗം ഗൗരവമായി വീക്ഷിക്കുന്ന എല്ലാവര്‍ക്കും അറിയാം. ചില സഭകളും ഇസ്ലാമിക ട്രസ്റ്റുകളും അടക്കമുള്ളവര്‍ ഭരണസിരാകേന്ദ്രത്തിലുള്ള ഉന്നത നേതാക്കളുമായി പലതവണ നടത്തിയ കൂടിക്കാഴ്ചകളും അനുബന്ധ ചര്‍ച്ചകളും ഒക്കെ തന്നെയാണ് ഇതിന്റെ പിന്നില്‍ എന്ന കാര്യം വ്യക്തമാണ്. ഭരണത്തിലുള്ളവര്‍ക്ക് മാസപ്പടി കിട്ടിയാലും കുറച്ചുപേര്‍ക്കെങ്കിലും വിദ്യാഭ്യാസപരമായി ഇത് പ്രയോജനം ചെയ്യും എന്നതുകൊണ്ട് ഈ നയംമാറ്റത്തെ സ്വാഗതം ചെയ്യുന്നതില്‍ അല്പവും തെറ്റില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ സമരം നടത്തി ജീവിക്കുന്ന രക്തസാക്ഷിയായി കഴിഞ്ഞിരുന്ന പാവം പുഷ്പന്‍ വിട പറഞ്ഞതോടെ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും അല്പം പോലും പശ്ചാത്താപം ഇല്ലാതെ ഇനി വാക്ക് മാറ്റി സമരം നടത്താതെ വാലാട്ടി നില്‍ക്കാം. പുഷ്പനെ അറിയാമോ എന്ന പാട്ട് മാത്രം ഇനിയും എസ്എഫ്‌ഐ സുഹൃത്തുക്കള്‍ പാടി നടക്കരുത്.
സ്വകാര്യ സര്‍വകലാശാല ബില്ലു കൂടി വരുന്നതോടെ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും നിലപാടുകള്‍ കേരളത്തിലെ പൊതുസമൂഹം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ സമരമാണ് അഞ്ച് രക്തസാക്ഷികളെയും പുഷ്പനെയും ഒക്കെ സൃഷ്ടിച്ചത്. അത് വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളേക്കാള്‍ സിപിഎമ്മിനെ വെല്ലുവിളിച്ച് ഇറങ്ങിയ എം. വി. രാഘവന്‍ എതിര്‍പാളയത്തില്‍ സ്ഥാനം കണ്ടെത്തുകയും വീണ്ടും മന്ത്രി ആവുകയും ചെയ്തതിന്റെ ജാള്യതയില്‍ നിന്ന് തുടങ്ങിയതാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഈ തരത്തില്‍ സമരം ചെയ്ത് വിദ്യാഭ്യാസ മേഖലയിലെ പുരോഗതി തടഞ്ഞ ശേഷം അതേ നിര്‍ദ്ദേശങ്ങള്‍ വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ അംഗീകരിക്കുന്ന സംഭവം കേരളത്തില്‍ ആദ്യത്തേതല്ല. ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോള്‍ കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡിന്റെ ഉപജ്ഞാതാവ് ഡോക്ടര്‍ എ.സുകുമാരന്‍ നായര്‍ ആയിരുന്നു. അന്ന് ടി.എം.ജേക്കബിനെയും സുകുമാരന്‍ നായരെയും കെ.കരുണാകരനെയും വിമര്‍ശിക്കാനും അപമാനിക്കാനും യാതൊരു മടിയുമില്ലാതെ ഇതേ എസ്എഫ്‌ഐയും സിപിഎമ്മും രംഗത്തിറങ്ങിയതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും കോഴ്‌സുകള്‍ അനുവദിക്കുന്നതിലും ഒക്കെ രാഷ്ട്രീയ പരിഗണനയോ അഴിമതിയോ ഒക്കെ ഉണ്ടെന്ന ആരോപണമുള്ളപ്പോള്‍ പോലും വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ പരിവര്‍ത്തനത്തിന് വേണ്ടി ടി.എം.ജേക്കബ് ചെയ്ത അത്ര കാര്യങ്ങള്‍ വേറെ ആരാണ് അന്ന് ചെയ്തത്. ജേക്കബ് കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡ് ഒരു വ്യത്യാസവും ഇല്ലാതെ പ്ലസ് ടു എന്ന പേരില്‍ പിന്നീട് വന്ന നായനാര്‍ സര്‍ക്കാര്‍ നടപ്പിലാക്കി. മാസങ്ങളോളം നീണ്ടുനിന്ന സമരത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗം താറുമാറാവുകയും നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍ ആവുകയും ചെയ്തു എന്നതൊഴിച്ചാല്‍ എന്ത് നേട്ടമാണ് അന്ന് പ്രീഡിഗ്രി ബോര്‍ഡ് സമരം കൊണ്ട് ഉണ്ടായത്. പിന്നീട് അതേ പ്രീഡിഗ്രി ബോര്‍ഡ് എന്തുകൊണ്ട് അതേപടി നടപ്പിലാക്കി എന്നതിന് ഇനിയും എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മറുപടി പറഞ്ഞിട്ടുമില്ല. ജേക്കബിനെക്കാള്‍ കൂടുതല്‍ അഴിമതി ആരോപണം പിന്നീട് വന്ന വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് ഉണ്ടായി എന്ന കാര്യവും ഓര്‍മ്മിക്കണം.
കേരളത്തിന്റെ പൊതുവായ എല്ലാ വികസന പ്രശ്‌നങ്ങളിലും സിപിഎം സ്വീകരിച്ചിട്ടുള്ള നിലപാട് ഇതുതന്നെയാണ്. 1971 ല്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ കേരളത്തിലെ കയര്‍ വ്യവസായ രംഗത്ത് ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധിയെ കുറിച്ച് അന്നത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതാണ്. ഉയര്‍ന്ന കൂലിക്ക് പകരം തൊണ്ട് തല്ലാന്‍ പറ്റുന്ന യന്ത്രം കൊണ്ടുവരേണ്ടത് ഈ വ്യവസായത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് അവര്‍ അറിയിച്ചു. കയര്‍ തൊഴിലാളികളുടെ കൂലി നഷ്ടപ്പെടും എന്ന വാദം ഉയര്‍ത്തി യന്ത്രവല്‍ക്കരണത്തെ എതിര്‍ക്കുകയും തകര്‍ക്കുകയും ചെയ്തത് സിപിഎം ആയിരുന്നു. ഇന്ന് യന്ത്രവല്‍കൃത കയര്‍ വ്യവസായങ്ങളിലൂടെ ഫിലിപ്പൈന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ കയര്‍ ഉല്‍പന്നങ്ങളുടെ അന്താരാഷ്ട്ര വിപണി പൂര്‍ണമായി കീഴടക്കിയിരിക്കുന്നു. കയര്‍ വ്യവസായ രംഗത്ത് നിന്ന് കേരളം ഏതാണ്ട് പിന്തള്ളപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന വിലയും മോശം നിലവാരവും കേരളത്തിന്റെ ഉല്‍പ്പന്നങ്ങളെ ബാധിക്കുമ്പോള്‍ ഉയര്‍ന്ന നിലവാരവും കുറഞ്ഞ വിലയും കൊണ്ട് യന്ത്രവല്‍കൃത വ്യവസായങ്ങള്‍ മുന്നേറുന്നത് നമ്മള്‍ കണ്ടിരിക്കുന്നു. സിപിഎം മാത്രമാണ് ഇതിനുത്തരവാദി.
കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് ഉണ്ടായത്. ഞാറു നടാനും കൊയ്യാനും മെതിക്കാനും ഒക്കെ യന്ത്രങ്ങള്‍ വന്നപ്പോഴും മണ്ണ് പരിശോധിച്ചു വളം ചേര്‍ക്കാനും മണ്ണിന്റെ പുഷ്ടിക്കനുസരിച്ച് കൃഷി രീതികള്‍ പരീക്ഷിക്കാനും ഒക്കെയുള്ള ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന് എതിരെ പുറംതിരിഞ്ഞു നിന്നതും കര്‍ഷക തൊഴിലാളി സംഘവും സിപിഎമ്മും തന്നെയായിരുന്നു. കണികാജലസേചനം മുതല്‍ നാനോ വളം വരെയുള്ള അത്യാധുനിക സമ്പ്രദായങ്ങളിലൂടെ മറ്റു സംസ്ഥാനങ്ങള്‍ മുന്നേറുമ്പോള്‍ കേരളത്തില്‍ അവ അനാദായകരമാവുകയും കാര്‍ഷിക മേഖല പൂര്‍ണമായും മുരടിക്കുകയും ചെയ്തിരിക്കുന്നു. കേരളത്തിന്റെ അഭിമാനമായ പേരിനു തന്നെ കാരണമായ നാളികേരത്തിന്റെ ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും എല്ലാം കേരളം ഇന്ന് നാലോ അഞ്ചോ സ്ഥാനത്ത് എത്തിനില്‍ക്കുമ്പോള്‍ മനസ്സിലാകും ഈ മേഖലയിലും നമ്മള്‍ നേടിയ പുരോഗതി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയും മുട്ടയും കോഴിയിറച്ചിയും എത്തുന്നതിനുവേണ്ടി മാത്രം കാത്തിരിക്കുന്ന, അത് വന്നില്ലെങ്കില്‍ പട്ടിണിയാകുന്ന മലയാളി ഇക്കാര്യവും മനസ്സിലാക്കണം. കേരളത്തിലെ കാര്‍ഷിക മേഖലയെയും തകര്‍ത്തത് സിപിഎം തന്നെയാണ്.
നോക്കുകൂലി മുതല്‍ അട്ടിമറി കൂലി വരെയുള്ള നിരവധി തൊഴിലെടുക്കാ കൂലികളിലൂടെ വ്യവസായ രംഗത്തെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞത് സിപിഎമ്മാണ്. അനാവശ്യ സമരങ്ങളും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ ചെയ്യുന്നവരെ പോലും മുതലാളിത്തത്തിന്റെ ഭാഗമാക്കി ചിത്രീകരിച്ച് അവരുടെ ജീവിതം വഴിമുട്ടിക്കുന്ന സമരങ്ങളും, യൂണിയനുകളും ഒന്നിച്ചു ചേര്‍ന്നാണ് കേരളത്തിന്റെ വ്യവസായ രംഗത്തെയും ഇന്നത്തെ നിലയിലാക്കിയത്. ഇന്ന് തൊഴില്‍ തേടി വിദേശരാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്ന യുവതലമുറയെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്തവും സിപിഎമ്മിന് തന്നെയാണ്. നേരത്തെ കേരളം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ വരാന്‍ പോകുന്ന തലമുറകളെക്കുറിച്ചോ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങളെ കുറിച്ചോ തൊഴില്‍ പ്രശ്‌നങ്ങളെ കുറിച്ചോ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ കാര്യമായ പഠനം നടത്തിയിട്ടില്ല എന്നതാണ് സത്യം. പി.കെ.ഗോപാലകൃഷ്ണന്‍ എന്ന ഭാവനാ സമ്പന്നനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ അച്യുതമേനോന്റെ സെക്രട്ടറിയായി വന്നതോടെയാണ് കേരളത്തിന്റെ ഈ അനിവാര്യമായ മാറ്റത്തെക്കുറിച്ച് ചിന്തിച്ചത്. ജപ്പാന്‍ മാതൃകയില്‍ കേരളത്തെ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റാനുള്ള കെ.പി.പി.നമ്പ്യാരുടെ ശ്രമങ്ങളെയും കെല്‍ട്രോണിനെ തന്നെയും തകര്‍ത്തെറിഞ്ഞതും സിപിഎം തന്നെയായിരുന്നു.
ഒരു കാലത്ത് കമ്പ്യൂട്ടറിന്റെ വരവിനെ സിപിഎം എതിര്‍ത്തു. ഇന്ന് എ.കെ.ജി. സെന്ററിലും കമ്പ്യൂട്ടറും ലാപ്‌ടോപും എത്തി. പക്ഷേ പിണറായിയെപ്പോലുള്ളവര്‍ ലാപ് ടോപ്പ് ബാഗ് വെടിയുണ്ട കടത്താന്‍ ഉപയോഗിച്ചതും ചരിത്രം. പെരിങ്ങോം ആണവനിലയത്തിനെതിരായ സമരവും നെടുമ്പാശ്ശേരി വിമാനത്താവളത്തിനെതിരായ സമരവും ഒക്കെ ഓര്‍മിപ്പിക്കുന്നതും സിപിഎമ്മിന്റെ തെറ്റായ സമീപനത്തെയാണ്. അതുകൊണ്ട് ഇനിയും സിപിഎം പറയുന്നതുകേട്ട് അവരുടെ വാക്കുകള്‍ വിശ്വസിച്ച് തെരുവിലിറങ്ങാനും സമരം ചെയ്യാനും മലയാളികള്‍ തയ്യാറാകണോ എന്ന കാര്യത്തില്‍ ഇനിയെങ്കിലും ഒരു ചിന്ത ഉണ്ടാകണം. പുഷ്പന്മാരെ സൃഷ്ടിക്കാനും അതേസമയം സ്വന്തം മക്കളെ ഉന്നത സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിപ്പിച്ച് ഉന്നത സ്ഥാപനങ്ങളില്‍ ജോലി വാങ്ങാനും അത്യാവശ്യം മാസപ്പടി കിട്ടാനും ഒക്കെയുള്ള സൗകര്യങ്ങള്‍ നേതാക്കള്‍ ഒരുക്കുമ്പോള്‍ പാവപ്പെട്ട വീടുകളില്‍ നിന്ന് ഉണ്ടാകുന്ന പുഷ്പന്മാരുടെ ബന്ധുക്കള്‍ എങ്ങനെ കഴിയുന്നു എന്ന കാര്യം കൂടി കേരളത്തിലെ പൊതുസമൂഹം ആലോചിക്കണം. അടിയേറ്റു വീണ ടി.പി.ശ്രീനിവാസന്‍ ഇക്കാര്യത്തില്‍ കേരളത്തിന്റെ മനഃസാക്ഷിക്ക് മുന്നില്‍ ഒരു പ്രതീകമായി നിലനില്‍ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും എസ്എഫ്‌ഐ നേതൃത്വവും പരസ്യമായി ടി.പി.ശ്രീനിവാസനോട് മാപ്പ് പറയണം. സിപിഎം നടത്തിയ മിക്ക സമരങ്ങളും ഈ തരത്തില്‍ കേരളത്തെ പിന്നോട്ട് അടിക്കുന്നതും ഭാവിയില്‍ തിരുത്തപ്പെടേണ്ടതും അല്ലെങ്കില്‍ സ്വയം വിഴുങ്ങുന്നതും ആണ് എന്ന കാര്യം ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിയണം. മന്നത്ത് പത്മനാഭന്‍ പറഞ്ഞതുപോലെ ഇവരെ ഈ ആദര്‍ശത്തെ കേരളത്തില്‍ നിന്ന് ഒഴിച്ചു വിടാതെ നമുക്ക് രക്ഷയില്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും മലയാളികള്‍ക്ക് ഉണ്ടാവണം.