കേരളത്തിലെ ഭരണകൂടം കുറ്റവാളികളോട് അനുവര്‍ത്തിക്കുന്ന നിലപാടും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കല്‍പ്പിക്കുന്ന വിലയും വ്യക്തമാക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ അരങ്ങേറിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഭരണഘടനക്കും നിയമവ്യവസ്ഥയ്ക്കും മുകളിലാണോ? പിണറായി സര്‍ക്കാര്‍ നല്‍കുന്ന ശിക്ഷാ ഇളവുകളും ജാമ്യവ്യവസ്ഥ അട്ടിമറിക്കലുമൊക്കെ കണ്ടാല്‍ കുറ്റവാളികള്‍ക്കുവേണ്ടി മാത്രം നിലനില്‍ക്കുന്ന കുറ്റവാളികളുടെ ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് തോന്നും. കുറ്റവാളികളോട് ഭരണകൂടം അനുവര്‍ത്തിക്കുന്ന സൗമ്യവും ഉദാരപൂര്‍ണ്ണവുമായ നിലപാട് ഇത് ഊട്ടിയുറപ്പിക്കുന്നതാണ.്
ചെങ്ങന്നൂരിലെ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള അസാധാരണവും ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്തതുമായ നടപടികളാണ് സംസ്ഥാന ഭരണകൂടത്തെ കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് സംശയം ഉണ്ടാക്കുന്നത്. കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കാണ് കോടതി വിധിച്ചത്. റിമാന്‍ഡ് കാലാവധി അടക്കം 14 വര്‍ഷം പൂര്‍ത്തിയായ ഉടന്‍തന്നെ ശിക്ഷ ഇളവ് ചെയ്ത് ഷെറിനെ വിട്ടയക്കാനുള്ള നീക്കത്തിന് പിന്നില്‍ ആരാണുള്ളത്? സോളാര്‍ കേസില്‍ കൈപൊള്ളിയവരടക്കം പലരുടെയും പേര് പുറത്തുവരുന്നുണ്ട്. പല സിപിഎം മന്ത്രിമാരെ കുറിച്ചും കഥകള്‍ കേള്‍ക്കുന്നുണ്ട്. ജയില്‍വകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഉന്നതരുടെയും പേരുകള്‍ തലസ്ഥാനത്തെ അധികാരത്തിന്റെ ഇടനാഴികളില്‍ സജീവചര്‍ച്ചയിലുണ്ട്. പക്ഷേ, ഒരുകാര്യത്തില്‍ മാത്രം എല്ലാവര്‍ക്കും യോജിപ്പുണ്ട്. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ ഉടന്‍ കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയക്കാന്‍ കാട്ടിയ റോക്കറ്റ് വേഗത്തിലുള്ള നീക്കങ്ങള്‍ക്കുപിന്നില്‍ നിയമത്തിനും ഭരണഘടനക്കും അതീതമായ എന്തൊക്കെയോ ഉണ്ട്. അത് വിശദീകരിക്കാനും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്താനുമുള്ള ബാധ്യത ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്.
ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ മറ്റു പല തടവുകാരുടെയും പരോളിനും ശിക്ഷ റദ്ദാക്കാനും ഒക്കെയുള്ള അപേക്ഷ നിലനില്‍ക്കുമ്പോഴാണ് ഷെറിന് മാത്രം ശിക്ഷ ഇളവുചെയ്ത് ജയില്‍ ഉപദേശകസമിതി അനുകൂല തീരുമാനമെടുത്തത്. മാസങ്ങളായി പരോള്‍ ലഭിക്കുന്നില്ലെന്നും പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ വനിതാജയിലിലെ രണ്ടു തടവുകാര്‍ നല്‍കിയ അപേക്ഷ കഴിഞ്ഞ ആഗസ്റ്റ് എട്ടിന് ചേര്‍ന്ന ഉപദേശക സമിതി അംഗീകരിച്ചില്ല. അതേസമയം ഷെറിന് 500 ദിവസത്തെ പരോള്‍ ഇതുവരെ ലഭിച്ചുകഴിഞ്ഞു. കണ്ണൂരിലെ രണ്ടു വനിതാ തടവുകാരുടെ അപേക്ഷ പരിഗണിക്കാതിരിക്കാന്‍ കാരണം പോലീസ് റിപ്പോര്‍ട്ട് എതിരാണെന്നതായിരുന്നു. പോലീസ് റിപ്പോര്‍ട്ടും ജയിലിലെ പെരുമാറ്റവും ഒക്കെ നല്ലതും ചീത്തയുമാകുന്നത് ഭരണകക്ഷിയുടെ താല്‍പര്യത്തിനും ആവശ്യങ്ങള്‍ക്കും അനുസരിച്ചാണെന്നകാര്യം എല്ലാവര്‍ക്കുമറിയാം. 2009 നവംബറിലാണ് ഷെറിന്‍ റിമാന്‍ഡിലായത്. ശിക്ഷിക്കപ്പെട്ടു കഴിഞ്ഞാല്‍ റിമാന്‍ഡ് കാലാവധിയും ശിക്ഷാകാലാവധി ആയി കണക്കാക്കും. അതനുസരിച്ച് 2023 നവംബറില്‍ ഷെറിന്‍ ജീവപര്യന്തം തടവുശിക്ഷയുടെ കാലാവധിയായ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശക സമിതിയിലാണ് ഷെറിന്റെ ശിക്ഷ റദ്ദാക്കിയുള്ള വിടുതല്‍ അപേക്ഷ പരിഗണിച്ചത്. സാധാരണഗതിയില്‍ 14 വര്‍ഷം ജയിലില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരുടെയെല്ലാം മോചന അപേക്ഷ ഉപദേശകസമിതിക്ക് മുന്നില്‍ എത്താറുണ്ടെങ്കിലും ആദ്യതവണ അപേക്ഷ അംഗീകരിക്കുന്ന പ്രശ്നമില്ല. ആറുമാസത്തിനുശേഷം ചേരുന്ന അടുത്ത യോഗത്തിലേക്ക് മാറ്റിവെക്കുകയാണ് പതിവ്. പക്ഷേ, ഷെറിന്റെ കാര്യത്തില്‍ ആദ്യയോഗം തന്നെ അനുമതി നല്‍കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ടും സാമൂഹികനീതിവകുപ്പിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ടും ഷെറിന് അനുകൂലമായി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഒപ്പം ജയിലില്‍ നല്ല പെരുമാറ്റമായിരുന്നു എന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും ഇതോടൊപ്പമുണ്ടായിരുന്നു. ജയില്‍ സൂപ്രണ്ട് നല്ല പെരുമാറ്റം എന്ന് ഇപ്പോള്‍ സാക്ഷ്യപ്പെടുത്തിയ ഷെറിനെ നേരത്തെ രണ്ട് തവണ മോശം പെരുമാറ്റത്തെ കുറിച്ചുള്ള ജയില്‍ ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടര്‍ന്ന് ജയില്‍ മാറ്റിയിരുന്നു. ജയിലില്‍ മോശം പെരുമാറ്റമാണെന്ന് അന്ന് ജയില്‍വകുപ്പ് തന്നെ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇതേ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ആദ്യം വിയ്യൂരിലേക്ക് മാറ്റി. അവിടെയും ജോലി ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കവും പ്രശ്നങ്ങളുമുണ്ടായി. തുടര്‍ന്നാണ് കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റിയത്. കണ്ണൂരില്‍ എത്തിയ ഷെറിന്‍ പിന്നീട് ഉദ്യോഗസ്ഥരുടെയും കണ്ണിലുണ്ണിയായി മാറുകയായിരുന്നു.
ജയിലിലെ നല്ലനടപ്പു കൊണ്ടാണ് ഷെറിനെ മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്നിട്ടുപോലും ശിക്ഷാ ഇളവിന് പരിഗണിച്ചത് എന്നാണ് ജയില്‍ ഉപദേശകസമിതിയുടെ വിശദീകരണം. ജയിലിലെ നല്ലനടപ്പു കാരണമാണ് ശിക്ഷയിളവിന് പരിഗണിച്ചതെന്ന് ജയില്‍ ഉപദേശകസമിതി അംഗം എം.വി. സരള മാധ്യമങ്ങളോട് പറഞ്ഞു. ഉപദേശകസമിതി നല്ലരീതിയില്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ റിപ്പോര്‍ട്ടുകളും ഷെറിന് അനുകൂലമായിരുന്നു. ജയില്‍മോചനം അനുവദിച്ചാല്‍ പ്രശ്നമുണ്ടാകില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയിലില്‍ നല്ല പെരുമാറ്റമായിരുന്നു എന്ന ജയില്‍ വകുപ്പിന്റെ അനുകൂല റിപ്പോര്‍ട്ടും ഉപദേശകസമിതിയുടെ മുന്നിലെത്തി. പ്രത്യേകിച്ച് ഒരു പരിഗണനയും മുന്‍ഗണനയും ഷെറിന് നല്‍കിയിട്ടില്ല എന്നാണ് എം.വി.സരള പറഞ്ഞത്. ഷെറിന്‍ മാനസാന്തരപ്പെട്ടു. ഇപ്പോള്‍ കുറ്റവാസനയില്ല. സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നുകഴിഞ്ഞു. ജയിലിലെ പെരുമാറ്റത്തെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും നല്ല അഭിപ്രായം മാത്രമാണുള്ളത്. എല്ലാ കാലത്തും ഒരാളെ കുറ്റവാളിയായി കാണുന്നത് ശരിയല്ലെന്നും ഉപദേശകസമിതി അംഗമായ സരള പറയുന്നു. സരളയ്ക്ക് പുറമേ സിപിഎം നേതാക്കളായ കെ.കെ.ലതികയും കെ.എസ്.സലീഖയും സമിതിയിലുണ്ട്.
2009 നവംബര്‍ ഏഴിനാണ് ഷെറിന്റെ ഭര്‍ത്താവിന്റെ പിതാവായ ചെറിയനാട് തുരുത്തിന്മേല്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഷെറിനെ സഹായിച്ച മറ്റു പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയിട്ടില്ല. കേരളത്തില്‍ എല്ലാ ജയിലുകളിലും ജയില്‍മോചനത്തിന് ഷെറിനേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളവരുടെ അപേക്ഷകള്‍ പരിഗണനയിലുണ്ട്. അങ്ങനെയുള്ള നിരവധിപേരെ പിന്തള്ളിക്കൊണ്ടാണ് അസാധാരണമായ ഈ ശിക്ഷാ ഇളവ് അനുവദിച്ചിട്ടുള്ളത്. ഷെറിന്‍ റിമാന്‍ഡ് കാലമടക്കം 14 വര്‍ഷം മാത്രമാണ് ശിക്ഷ അനുഭവിച്ചത്. ഇരുപതും 25 ഉം വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികളും വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ അനുഭവിക്കുന്നവരും ജയിലുകളില്‍ ഇപ്പോഴുമുണ്ട്. ഇവരുടെ അപേക്ഷകളൊന്നും പരിഗണിക്കാതെ റോക്കറ്റ് വേഗത്തില്‍ ഒരുമാസം കൊണ്ട് ആഭ്യന്തരവകുപ്പ് വഴി ജയില്‍മോചനത്തിനുള്ള അപേക്ഷ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ എത്തിയതിന് പിന്നിലുള്ള ഇടപാടുകളാണ് ഇപ്പോള്‍ പൊതുസമൂഹത്തിലെ ചര്‍ച്ചാവിഷയം. പല ജയിലുകളിലും ക്രമസമാധാന പ്രശ്നമുണ്ടാക്കിയ ഷെറിനെ എല്ലാ പ്രശ്നങ്ങളും എഴുതിത്തള്ളിയാണ് പുറത്തിറക്കിയത്. ഷെറിനെ പരോളില്‍ ഇറക്കുമ്പോള്‍ സ്വീകരിക്കാന്‍ എത്തിയിരുന്നത് ഒരു മന്ത്രിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണ് എന്ന് ആക്ഷേപമുണ്ടായിരുന്നു. സ്ത്രീകളുടെ കാര്യത്തില്‍ മുന്തിയ പരിഗണന നല്‍കുന്ന ഈ മന്ത്രിയും ചില സിപിഎം നേതാക്കളും നടത്തിയ ചരട് വലിയാണ് എല്ലാ കീഴ്‌വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ച് അനായാസം ഷെറിനെ മോചിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.
ഷെറിനുള്ള അതേ പരിഗണനതന്നെയാണ് ആഭ്യന്തരവകുപ്പില്‍നിന്നും പോലീസ് സംവിധാനത്തില്‍നിന്നും നെന്മാറയിലെ ഇരട്ടക്കൊല നടത്തിയ ചെന്താമരയ്ക്കും ലഭിച്ചത്. 2019 ല്‍ അയല്‍വാസിയായ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസില്‍ മൂന്നുമാസം മുമ്പാണ് ചെന്താമര ജാമ്യത്തില്‍ ഇറങ്ങിയത്. കുറ്റകൃത്യം നടന്ന പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയിലാണ് ചെന്താമരയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ആദ്യദിവസങ്ങളില്‍ വേറെ എവിടെയോ താമസിച്ചിരുന്ന ചെന്താമര നാട്ടിലെത്തി ഭീഷണി മുഴക്കിയപ്പോള്‍ സുധാകരന്റെ വീട്ടുകാര്‍ പോലീസില്‍ അറിയിച്ചതാണ്. പക്ഷേ, ബാഹ്യസമ്മര്‍ദ്ദം കാരണമാണോ പാര്‍ട്ടി ഇടപെടല്‍ കാരണമാണോ എന്നറിയില്ല പോലീസ് പിടികൂടിയ ചെന്താമരയെ മണിക്കൂറുകള്‍ക്കകം പോലീസില്‍നിന്ന് സ്വതന്ത്രനാക്കി വിടുകയായിരുന്നു. തുടര്‍ന്നാണ് നേരത്തെ ഭാര്യ കൊല്ലപ്പെട്ട സുധാകരനെയും അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊന്നത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് ഇപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഒരു കൊലക്കേസില്‍ ജാമ്യം അനുവദിക്കപ്പെട്ട പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ച് കുറ്റകൃത്യം നടന്ന അതേ സ്ഥലത്തെത്തുകയും കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തിട്ട് ലാഘവബുദ്ധിയോടെ പോലീസ് പെരുമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്കും മാത്രമല്ലേ? കൊലപാതകത്തില്‍ തനിക്ക് സന്തോഷമാണുള്ളതെന്ന് ചെന്താമര പോലീസ് പിടിയിലായപ്പോള്‍ മൊഴിനല്‍കി. സുധാകരന്റെ ഭാര്യയും കുടുംബവുമാണ് തന്റെ ഭാര്യ തന്നെ ഉപേക്ഷിക്കാന്‍ കാരണമെന്നാണ് ചെന്താമര കരുതുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം സജിതയെ വെട്ടിക്കൊന്നതും പിന്നീട് ഇപ്പോള്‍ സുധാകരനെയും അമ്മയെയും വധിച്ചതും.
ഈ സംഭവത്തിലും ഉണ്ടായിട്ടുള്ള പോലീസിന്റെ വീഴ്ച അതീവ ഗുരുതരമാണ്. സുധാകരന്റെയും സജിതയുടെയും അനാഥരായ മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മാന്യതയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കാട്ടുമോ? ഏതൊരു പൗരന്റെയും സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനുള്ള ബാധ്യത ഭരണകൂടത്തിന്റേതാണ്. ആ ബാധ്യത മറന്നാണ് സംസ്ഥാനസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയും നിയമവും ചട്ടങ്ങളും അനുസരിച്ച് വ്യക്തവും നിയതവുമായ നിയമപരിപാലന സംവിധാനവും കുറ്റകൃത്യങ്ങള്‍ കാണിക്കുന്നവര്‍ക്കെതിരെ ശിക്ഷ നല്‍കാനുള്ള നിയമസംഹിതയും നിലവിലുണ്ട്. അതൊന്നും മാനിക്കാതെ രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും സ്വന്തം പാര്‍ട്ടിയുടെയും താല്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമനുസരിച്ച് നിയമത്തില്‍ മാറ്റം വരുത്തുന്നതാണ്, അല്ലെങ്കില്‍ വളച്ചൊടിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് ആദ്യത്തെ സംഭവമല്ല. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും പേരിയ വധക്കേസിലും കേരളത്തിലുടനീളമുണ്ടായ മറ്റനേകം രാഷ്ട്രീയ സംഘര്‍ഷങ്ങളിലും സ്വന്തം പാര്‍ട്ടിക്കും ഭരണകൂടത്തിന്റെ താല്‍പര്യത്തിനുമനുസരിച്ച് കുറ്റപത്രങ്ങള്‍ മാറ്റാനും മറിക്കാനും പ്രതികളെ ഒഴിവാക്കി വാടകക്കൊലയാളികളെ ഉള്‍പ്പെടുത്താനുമൊക്കെയുള്ള ഇടപെടലുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ ഗിന്നസ് ബുക്കില്‍ പോലും വരേണ്ടതാണ്. ഒരു ഭരണകൂടം ഇതില്‍ കൂടുതല്‍ അധ:പതിക്കാനില്ല. പേരിയാകേസില്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി, സിബിഐ അന്വേഷണം ഒഴിവാക്കാന്‍വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് ചെലവിട്ടത് ലക്ഷങ്ങളാണെന്ന കാര്യം വിസ്മരിക്കരുത്. ഭരണാധികാരികള്‍ കുറ്റവാളികളോട് ആഭിമുഖ്യം പുലര്‍ത്തുകയും അവര്‍ക്ക് അനുകൂലമായി നിലപാടുകള്‍ എടുക്കുകയും കുറ്റവിമുക്തരാക്കുകയും ചെയ്യുന്നത് ആശാസ്യമായ കീഴ്‌വഴക്കം ആണെന്ന് തോന്നുന്നില്ല. ധാര്‍മികതയുടെയും ഭരണഘടനാമൂല്യങ്ങളുടെയും നിയമസംഹിതകളുടെയും അടിസ്ഥാനത്തില്‍ വേണം ഇക്കാര്യത്തില്‍ നിലപാടുകള്‍ എടുക്കാന്‍. ഇത്തരം നടപടികളിലൂടെ ഒരിക്കല്‍കൂടി മുഖ്യമന്ത്രി പിണറായി വിജയനും ഈ ഭരണകൂടവും ചരിത്രത്തില്‍ ഇടംപിടിക്കുകയാണ്.