ബുദ്ധിജീവികള്‍ എന്നു നടിക്കുകയും എല്ലാ കാര്യങ്ങളിലും പുരോഗമനം നേടിയെന്ന് അവകാശപ്പെടുകയും ചെയ്യുന്ന മലയാളികള്‍ സത്യത്തില്‍ അങ്ങനെ തന്നെയാണോ? രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെയും പേരില്‍ വസ്തുതകള്‍ വളച്ചൊടിക്കുകയും അപനിര്‍മ്മാണങ്ങള്‍ നടത്തുകയും ചില പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടിത മതവിഭാഗങ്ങളിലും പെട്ടവര്‍ക്ക് എന്തും പറയാം എന്തും ചെയ്യാം എന്നുമുള്ള ഒരുതരം അടിമത്ത മനോഭാവത്തിലേക്ക് കേരളം മാറിക്കഴിഞ്ഞില്ലേ?
കേന്ദ്രമന്ത്രി സുരേഷ് ഗോപി ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നടത്തിയ ഒരു പരാമര്‍ശം എങ്ങനെയാണ് വളച്ചൊടിക്കപ്പെടുകയും അതിന്റെ പേരില്‍ വ്യാജവാര്‍ത്താ നിര്‍മ്മിതി നടത്തി അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് കാണേണ്ടതാണ്. സത്യത്തില്‍ സുരേഷ് ഗോപി എന്താണ് പറഞ്ഞത്. ഗോത്രവര്‍ഗ്ഗ വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രിയായ അര്‍ജുന്‍ മുണ്ടയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന്റെ കൂടിയാലോചനാ സമിതിയോഗം നടക്കുമ്പോള്‍ എം.പി എന്ന നിലയില്‍ സുരേഷ് ഗോപി ഉന്നയിച്ച വനവാസി ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങളാണ് അദ്ദേഹം പരാമര്‍ശിച്ചത്. വനവാസി ഗോത്രവര്‍ഗ്ഗങ്ങള്‍ക്കായി 38,000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ടെന്ന് പാര്‍ലമെന്റിന്റെ കൂടിയാലോചനാ സമിതിയോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു. ആ സമയത്ത് ഇടപെട്ട സുരേഷ് ഗോപി ഈ പണം എവിടെയാണ് ഉള്ളത്, എന്തിനാണ് ചെലവഴിച്ചത് തുടങ്ങിയ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. വനവാസി ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി ഉള്ള ട്രൈബല്‍ വകുപ്പിന്റെ ക്യാബിനറ്റ് മന്ത്രി എപ്പോഴും അതേ വിഭാഗത്തില്‍പ്പെട്ടയാള്‍ മാത്രമാണ്. ആദിവാസി ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവരെ മാത്രമേ ഇതിന്റെ മന്ത്രിയാക്കുകയുള്ളൂ. മറ്റു വിഭാഗക്കാരെ ആരെയും ഇതിന് പരിഗണിക്കാത്ത ചില ചിട്ടവട്ടങ്ങള്‍ നിലവിലുണ്ട്. ഇതു മാറണം. വനവാസി ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകുന്ന മറ്റു ജാതിക്കാരെയും ബ്രാക്കറ്റില്‍ തന്നെ ബ്രാഹ്മണര്‍ എന്നോ നായിഡു എന്നോ ഉന്നതകുലജാതര്‍ എന്ന് പറയുന്നവര്‍ തന്നെ ഈ വകുപ്പിന്റെ ചുമതല ഏറ്റെടുക്കുകയും ഗോത്രവര്‍ഗ്ഗക്കാരുടെ കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഒരു പരിവര്‍ത്തനം ഇവിടെ ഉണ്ടാകണം. അങ്ങനെ ഉണ്ടാകുമ്പോഴേ വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ പരിവര്‍ത്തനം ഉണ്ടാവുകയുള്ളൂ. ഒരു ഉന്നതകുലജാതന്‍ എന്നുപറയപ്പെടുന്ന ആള്‍ ഈ വകുപ്പിന്റെ ചുമതല വഹിച്ചാല്‍ എന്താണ് പ്രശ്‌നം. 2016 ല്‍ എംപി ആയത് മുതല്‍ പാര്‍ലമെന്ററി സമിതികളില്‍ സിവില്‍ ഏവിയേഷന് പകരം വനവാസി -പട്ടികജാതി – പട്ടികവര്‍ഗ്ഗ വകുപ്പ് വേണമെന്ന് താന്‍ പലതവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇത് തന്റെ സ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പറഞ്ഞതില്‍ പട്ടികജാതിക്കാരെയോ വനവാസികളെയോ ആക്ഷേപിക്കുന്ന എന്തു പരാമര്‍ശമാണുള്ളത്. ഗോത്രവര്‍ഗ്ഗക്കാര്‍ മാത്രം ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങള്‍ നോക്കുന്നതിനു പകരം ഏത് ജാതിയില്‍ പെട്ടവരായാലും അവരുടെ പ്രശ്‌നങ്ങള്‍ നോക്കുകയും പരിഹരിക്കുകയും ചെയ്യുന്ന അഭികാമ്യമായ ഒരു സംവിധാനം വേണമെന്നല്ലേ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിക്കുന്ന കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയക്കാരനാണോ സുരേഷ് ഗോപി. അല്ല, നേരത്തെ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതേ കാര്യം പറഞ്ഞിട്ടില്ലേ. മാത്രമല്ല പട്ടികജാതി-വര്‍ഗ്ഗ ക്ഷേമവകുപ്പിന്റെ ചുമതല അദ്ദേഹം തന്റെ മന്ത്രിസഭയിലെ പട്ടികജാതിക്കാരായ അംഗങ്ങള്‍ക്ക് ഒരിക്കലും വിട്ടുകൊടുത്തിട്ടുമില്ല. അവരുടെ കാര്യം താന്‍ നോക്കിക്കോളാം എന്നും പട്ടികജാതിക്കാരുടെ കാര്യം പട്ടികജാതിക്കാര്‍ തന്നെയല്ല നോക്കേണ്ടതെന്നും കെ.കരുണാകരന്‍ അഭിപ്രായം പറഞ്ഞു. പട്ടികജാതിക്കാരനായ കെ.കെ.ബാലകൃഷ്ണനെ ഗതാഗതവകുപ്പ് മന്ത്രിയാക്കിയും പന്തളം സുധാകരനെ ഏറ്റവും പ്രധാനപ്പെട്ട എക്‌സൈസ് വകുപ്പ് മന്ത്രിയാക്കിയും കൂടെ നിര്‍ത്തിയപ്പോള്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും അദ്ദേഹം പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് കൊടുത്തില്ല. കരുണാകരന്‍ ഇക്കാര്യം പറയുമ്പോള്‍ ആഹാ എന്ന് വിളിക്കുന്ന മലയാളി സമൂഹം സുരേഷ് ഗോപി അതേകാര്യം പറയുമ്പോള്‍ ഓഹോ എന്ന് പറയുന്നത് രാഷ്ട്രീയം കൊണ്ട് മാത്രമാണ് എന്നത് വ്യക്തമാണ്. സുരേഷ് ഗോപിയുടെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. ഈ വീഡിയോ ഒന്ന് കാണുക പോലും ചെയ്യാതെയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരെ സുരേഷ് ഗോപി അപമാനിച്ചു, അധിക്ഷേപിച്ചു എന്നൊക്കെ പറഞ്ഞ് പ്രസ്താവനകളും അന്തിചര്‍ച്ചയും ഒക്കെയായി മാധ്യമങ്ങള്‍ രംഗത്ത് വന്നത്.
ഇക്കാര്യത്തില്‍ സാമാന്യമര്യാദയ്ക്കും സംസ്‌കാരത്തിനും നിരക്കാത്ത പരാമര്‍ശങ്ങളും പ്രസ്താവനകളുമാണ് കേരളത്തിലെ ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും നടത്തിയതെന്ന് പറയാതിരിക്കാനാവില്ല. കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി അവരുടെ കോളനികള്‍ തോറും കയറിയിറങ്ങുകയും വയനാട്ടിലെ വനവാസി കോളനിയില്‍ കുടിവെള്ളം എത്തിക്കാന്‍ സ്വന്തം പണം കൊണ്ട് ടാങ്കും പൈപ്പ് ലൈനും സ്ഥാപിക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ ആത്മാര്‍ത്ഥത കേരളത്തിലെ വേറെ എത്ര നേതാക്കള്‍ക്കുണ്ട് എന്ന കാര്യം കൂടി ആലോചിക്കണം. ഇവിടെ ഉയരുന്ന മറ്റൊരു പ്രശ്‌നം ഭാരതത്തിലെ ആദിവാസികള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ ചെലവിട്ട കോടിക്കണക്കിന് രൂപയെക്കുറിച്ചാണ്. ഓരോ വനവാസിക്കും വേണ്ടി 5 മുതല്‍ 7 ലക്ഷം വരെ രൂപ ഇതുവരെ സംസ്ഥാനസര്‍ക്കാര്‍ ചെലവിട്ടു കഴിഞ്ഞു. ഈ പണം വനവാസികളുടെ കൈകളില്‍ കൊടുത്തിരുന്നെങ്കില്‍ അവര്‍ പലരും സാമ്പത്തികമായി രക്ഷപ്പെടുമായിരുന്നു. പണം മുഴുവന്‍ ഇടനിലക്കാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെട്ട ചതിയന്മാരുടെ സംഘം കൊള്ളയടിച്ചു എന്നതല്ലേ സത്യം. സ്വന്തം ഭൂമിയും കൃഷിയും ഒക്കെ കൈമോശം വന്ന് മണ്ണും പെണ്ണും നഷ്ടപ്പെട്ട, നിരാധാരരും നിരാലംബരുമായി വനവാസി സമൂഹം മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഭാരതചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കേന്ദ്രം ഭരിച്ചവര്‍ക്കും കേരളം ഭരിച്ചവര്‍ക്കും ഇല്ലേ. ഇത്രയേറെ കോടികള്‍ ചെലവഴിച്ചിട്ടും എന്തുകൊണ്ട് വനവാസികള്‍ക്ക് കയറിക്കിടക്കാന്‍ ചോരാത്ത വീടും, നല്ല വിദ്യാഭ്യാസവും തൊഴിലും ഒന്നും ഉണ്ടായില്ല എന്ന കാര്യത്തില്‍ ഇനിയെങ്കിലും ഒരു ധവള പത്രം പുറപ്പെടുവിക്കാനോ ആത്മപരിശോധന നടത്താനോ രാഷ്ട്രീയകക്ഷികള്‍ തയ്യാറാകുമോ?
വനവാസികള്‍ക്കായി, ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി, പട്ടികജാതിക്കാര്‍ക്കായി ചെലവഴിക്കപ്പെടുന്ന പണം അവരിലേക്ക് എത്തുകയും ഉദ്ദേശിക്കുന്ന പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കപ്പെടുകയും ചെയ്താല്‍ മാത്രമേ അവരുടെ ഉന്നമനവും ക്ഷേമജീവിതവും സാധ്യമാവുകയുള്ളൂ. ഇത് നടപ്പിലാക്കാന്‍ അതത് ജാതിയില്‍ പെട്ട മന്ത്രിമാര്‍ ഉണ്ടാവണമെന്ന് ശഠിക്കുന്നത് പൂര്‍ണ്ണമായും ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. ജാതി നോക്കാതെ മന്ത്രിസ്ഥാനം കിട്ടിയാല്‍ അവര്‍ക്കുവേണ്ടി കൂടുതല്‍ കഷ്ടപ്പെടാനും പണിയെടുക്കാനും തയ്യാറാണ് എന്നതിനപ്പുറം സുരേഷ് ഗോപി ഒന്നും പറഞ്ഞിട്ടില്ല. കേരളത്തില്‍ ഇതിനെതിരെ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് നേതാക്കളും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അടക്കമുള്ള എല്ലാവരും ഒരുകാര്യം ആലോചിക്കണം. കേരളത്തില്‍ വനവാസി കുടുംബങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്ത് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും എന്തുകൊണ്ടാണ് അത് നടക്കാതെ പോയത്. കേരളത്തിലെ ഇടതുമുന്നണിയും വലുത് മുന്നണിയും ഒരേപോലെ ഒറ്റക്കെട്ടായി ഐകകണേ്ഠ്യന കൊണ്ടുവന്ന വനവാസിഭൂമി വീണ്ടെടുക്കല്‍ നിരോധന നിയമം ഉപയോഗിച്ചാണ് ഈ സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ചത്. ഷഹബാനു കേസില്‍ മുത്തലാഖ് ചൊല്ലി വഴിയാധാരമാക്കിവിട്ട പാവപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട് എന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചപ്പോള്‍ അതിനെതിരെ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം കൊണ്ടുവന്നത് രാജീവ് ഗാന്ധിയായിരുന്നു. ആ നിയമം മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവും ആണെന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്താല്‍ സ്വാധീനിക്കപ്പെടാത്ത ഏത് രാഷ്ട്രീയ നേതാവും സമ്മതിക്കുന്നതാണ്. ഇതേ അവസ്ഥ തന്നെയായിരുന്നു വനവാസികളുടെ ഭൂമി പ്രശ്‌നത്തിലും ഉണ്ടായത്.
പുകയിലയും മദ്യവും കൊടുത്ത് കയ്യേറ്റക്കാര്‍ തട്ടിയെടുത്ത ഏക്കര്‍ കണക്കിന് ഭൂമി വനവാസികളുടെ ജീവിതത്തിന്റെ നട്ടെല്ലാണ് തകര്‍ത്തത്. മാത്രമല്ല, അച്ഛനില്ലാത്ത കുട്ടികളും അവിവാഹിതരായ അമ്മമാരും ഏറ്റവും കൂടുതല്‍ ഉണ്ടായത് ഈ ഗോത്രവര്‍ഗ്ഗമേഖലകളിലായിരുന്നു എന്നതുകൂടി കാണുമ്പോഴാണ് വനവാസികളുടെ മണ്ണും പെണ്ണും അവരുടെ സംസ്‌കൃതിയും ചാരിത്ര്യവും ഒക്കെ കയ്യേറ്റക്കാര്‍ കവര്‍ന്നെടുത്തുവെന്ന് മനസ്സിലാക്കാന്‍ കഴിയുക. വയനാട്ടില്‍ ഡോ. നല്ലതമ്പി തേരയുടെ നേതൃത്വത്തിലാണ് ഇതിനുവേണ്ടി സുപ്രീംകോടതി വരെ പടപൊരുതിയത്. ഭൂമി വീണ്ടെടുത്ത് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും മാറിമാറി വന്ന എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ വിധി നടപ്പിലാക്കാതെ വൈകിക്കുകയായിരുന്നു. വനവാസികളുടെ വോട്ടുകളെക്കാള്‍ കൂടുതല്‍ സംഘടിത മതവിഭാഗങ്ങള്‍ക്ക് വോട്ട് ബാങ്ക് ഉള്ളതുകൊണ്ട് അവരുടെ കണ്ണീര്‍ കാണാനും അവരുടെ ജീവനും സ്വത്തും സംരക്ഷിക്കാനും കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഉണ്ടായില്ല. നിയമസഭയില്‍ അവതരിപ്പിച്ച വനവാസി ഭൂമി വീണ്ടെടുക്കല്‍ നിരോധനനിയമത്തിന് അനുകൂലമായി വോട്ട് ചെയ്യാതിരുന്ന ഏക എംഎല്‍എ കെ.ആര്‍. ഗൗരിയമ്മ ആയിരുന്നു. അന്ന് അവര്‍ ഇടതുമുന്നണിക്ക് പുറത്തായിരുന്നെങ്കിലും യുഡിഎഫിന് ഒപ്പം നിന്നിട്ടും ഈ അനീതിക്ക് പിന്തുണ നല്‍കാന്‍ അവരുടെ മനസ്സനുവദിച്ചില്ല. അങ്ങനെ ആദിവാസികളെ പറ്റിച്ച് അവരുടെ കൊള്ളയടിക്കപ്പെട്ട ഭൂമി ചതിയന്മാരായ കയ്യേറ്റക്കാര്‍ക്ക് ചാര്‍ത്തി കൊടുക്കാന്‍ ഒന്നിച്ചു നിന്നവരാണ് ഇടതുമുന്നണിയും വലതുമുന്നണിയും. അവരാണ് സ്വന്തം പോക്കറ്റില്‍നിന്ന് പണം കൊടുത്ത് വനവാസികള്‍ക്ക് കുടിവെള്ളം ഒരുക്കിയ സുരേഷ് ഗോപിക്കെതിരെ കുറ്റം ചാര്‍ത്താന്‍ ഇറങ്ങുന്നത്.
കേരളത്തിലെ ഇടതുമുന്നണിയും യുഡിഎഫും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വനവാസി ഭൂമി വീണ്ടെടുക്കല്‍ നിരോധനനിയമം പിന്‍വലിക്കാന്‍ തയ്യാറാകണം. അതിനുവേണ്ടി എന്തു നടപടിയെടുക്കാനും സുരേഷ് ഗോപി മാത്രമല്ല, ബിജെപിയും മറ്റെല്ലാ സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഉണ്ടാവും. കാരണം വനവാസി ഗോത്രവര്‍ഗ്ഗങ്ങളുടെ ജീവിതം സ്വന്തം ജീവിതം പോലെ കാണുന്ന, അവര്‍ക്കുവേണ്ടി എല്ലാ മേഖലയിലും സേവനമനുഷ്ഠിക്കുന്ന, ജീവിതം മുഴുവന്‍ ത്യാഗനിര്‍ഭരമായി അതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നൂറുകണക്കിന് പ്രവര്‍ത്തകരാണ് ആര്‍എസ്എസ്സിലും സംഘപരിവാറിലും ഉള്ളത്. മികച്ച സ്വകാര്യ പ്രാക്ടീസും ആര്‍ഭാടജീവിതവും പണവും കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും ആ വഴിക്ക് പോകാതെ വനവാസികള്‍ക്ക് വേണ്ടി ആശുപത്രി തുടങ്ങി അവിടെ പ്രവര്‍ത്തിച്ച വയനാട്ടിലെ ഡോ. ധനഞ്ജയ സഗ്‌ദേവും അട്ടപ്പാടിയിലെ ഡോ. നാരായണനും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്. വനവാസികളുടെ ഉന്നമനത്തിനുവേണ്ടി ജീവിതത്തിന്റെ അന്ത്യകാലഘട്ടം ഉഴിഞ്ഞുവെച്ച ഭാസ്‌കര്‍റാവുജിയും ഇന്നും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എസ്.രാമനുണ്ണിയും ഒക്കെ ഈ ത്യാഗത്തിന്റെ പ്രതീകങ്ങളാണ്. ഇവരാരും പ്രശസ്തിക്കുവേണ്ടി രംഗത്ത് വരാത്തവരാണ്. ഇതുപോലെ എത്രയോ കര്‍മ്മധീരരാണ് വനവാസി കല്യാണ ആശ്രമത്തിലും മറ്റും പ്രവര്‍ത്തിക്കുന്നത്. അവര്‍ അവിടെ സ്വന്തം ജീവിതം ഒരു ചന്ദനത്തിരി പോലെ നിസ്വാര്‍ത്ഥമായി സമര്‍പ്പിക്കുമ്പോള്‍ ഇവിടെ കേരളത്തിലെ രാഷ്ട്രീയക്കാര്‍ അവരുടെ മണ്ണും പെണ്ണും കൈക്കലാക്കാന്‍ നിയമസഭയില്‍ രാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ്. ഈ വൈരുദ്ധ്യം ഇന്നല്ലെങ്കില്‍ നാളെ വനവാസികളും ഗോത്രവര്‍ഗ്ഗക്കാരും മാത്രമല്ല, കേരളത്തിലെ പൊതുസമൂഹവും മനസ്സിലാക്കും. സുരേഷ് ഗോപി പറയുന്നതെല്ലാം ശരിയാണെന്നോ ചെയ്യുന്നതെല്ലാം നല്ലതാണെന്നോ അല്ല ഇതിന്റെ അര്‍ത്ഥം. അദ്ദേഹത്തെ പറയാത്ത വാക്കുകളും ഉദ്ദേശിക്കാത്ത അര്‍ത്ഥങ്ങളും കൊണ്ടുവന്ന് അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുന്നത് ശരിയാണോ എന്ന് പൊതുസമൂഹം ഇനിയെങ്കിലും ആലോചിക്കണം.
അതേസമയം, കുംഭമേളയ്‌ക്കെതിരെ ജോണ്‍ ബ്രിട്ടാസ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തെ കേരളസമൂഹം കാര്യമായി പരിഗണിച്ചില്ല. സ്വന്തം മകളെ മാമോദിസ മുക്കുകയും കല്യാണം പള്ളിയില്‍ വെച്ച് എല്ലാ മതകര്‍മ്മങ്ങളോടെയും നടത്തുകയും ചെയ്ത ജോണ്‍ ബ്രിട്ടാസിന് ഹിന്ദു സമൂഹം പരിശുദ്ധമായ സ്‌നാനഘട്ടത്തില്‍ കുംഭമേള ആഘോഷിക്കുന്നതില്‍ എന്താണ് പ്രശ്‌നം. സുരേഷ് ഗോപിയെ പോലെ ആത്മാര്‍ത്ഥതയുള്ളവരെ തേജോവധം ചെയ്യപ്പെടുകയും ബ്രിട്ടാസിനെ പോലുള്ള വര്‍ഗീയവാദികള്‍ പ്രശംസിക്കപ്പെടുകയും ചെയ്യുന്ന മലയാളിയുടെ മനഃസാക്ഷി രോഗാതുരമാണെന്ന് പറയാതിരിക്കനാവില്ല. വനവാസി ഭൂമി വീണ്ടെടുക്കല്‍ നിരോധന നിയമം പിന്‍വലിക്കാന്‍ അല്പമെങ്കിലും ആര്‍ജ്ജവവും സത്യസന്ധതയും ഉണ്ടെങ്കില്‍ ഇടതുമുന്നണിയെയും വലുതുമുന്നണി തയ്യാറാവണം.