വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല കേരളത്തിലെ യുവതലമുറയെ സംബന്ധിച്ച് ആലോചിക്കുമ്പോള്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തദിവസങ്ങളില്‍ കേരളത്തില്‍ നടന്ന സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ ഉയര്‍ന്ന സാക്ഷരതയും സ്ത്രീവിദ്യാഭ്യാസവും നമ്മള് പാടിപ്പുകഴ്ത്തുന്ന സാംസ്കാരിക മൂല്യങ്ങള്‍ക്കും അനുസൃതമാണെന്ന് കരുതാനാവില്ല. വെഞ്ഞാറമൂട്ടില്‍ ഉമ്മയെയും പിതൃതുല്യനായ പിതൃസഹോദരനെയും ഭാര്യയെയും ബാല്യം വിട്ടുമാറാത്ത സഹോദരനെയും അവനില്‍ വിശ്വാസമര്‍പ്പിച്ച് കൂടുകൂട്ടാനും ഭാവിജീവിതം കരുപ്പിടിക്കാനും എത്തിയ നിരാലംബയും നിസ്വയുമായ പെണ്‍കുട്ടിയെയും ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയ അഫാന്റെ പിന്നാമ്പുറം ഇനിയും പുറത്തു വന്നിട്ടില്ല. പക്ഷേ, അഫാന് ഭീകരപ്രവര്‍ത്തനത്തില്‍ പരിശീലനം കിട്ടിയിട്ടുണ്ടോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥന്മാര് പ്രകടിപ്പിച്ചു കഴിഞ്ഞു.
വെഞ്ഞാറമൂട്ടില്‍ ഇസ്ലാമിക ജിഹാദി ഭീകരര്‍ ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിട്ടുള്ള ആലുവിള ജംഗ്ഷനിലും കലുങ്കിന് മുഖത്തും അഫാന് എത്താറുണ്ട് എന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആയുധപരിശീലനം നടത്തുന്നതായ ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൂട്ടക്കൊല നടത്താനും ഇരകളെ ഒറ്റയടിക്ക് നിശ്ശബ്ദരാക്കാനും വേണ്ടിവന്നാല്‍ ഒറ്റയടിക്കുതന്നെ കൊലപ്പെടുത്താനുമുള്ള പരിശീലനം ഇത്തരം ജിഹാദി സംഘടനകള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ പല ഭാഗങ്ങളിലും ഇവര്‍ പരിശീലനം നടത്തിയ കേന്ദ്രങ്ങളില്‍ നായകളെ ബൈക്കില്‍ ഇരുന്ന് വെട്ടി പരിശീലിക്കുന്നതടക്കമുള്ള അഭ്യാസമുറകള്‍ നടത്തിയിരുന്നു. വാഗമണ്ണിലും കുളത്തൂപ്പുഴയിലും കാട്ടില്‍ പരിശീലനം നടത്തുമ്പോള്‍ വെടിവെപ്പ് പരിശീലനം അടക്കം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നെങ്കിലും പിന്നീട് അത് സംബന്ധിച്ച അന്വേഷണം നിലച്ചു.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കൊലപാതകങ്ങളുടെയും നാടായി കേരളം മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മാറിമാറി കേരളം ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്ക് ഒഴിയാനാകുമോ? മദ്യഷാപ്പുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തുകയും ലഹരിവിരുദ്ധ പ്രചാരണം നടത്തുകയും ചെയ്യുമെന്ന വാഗ്ദാനവുമായി ഇരുമുന്നണികളും കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പക്ഷേ, മദ്യഷാപ്പുകളുടെ എണ്ണം കൂട്ടുകയും ബാര്‍ ലൈസന്‍സുകളും ബിയര്‍ പാര്‍ലര്‍ ലൈസന്‍സുകളും കൊടുക്കുന്നതിന് പിന്നാലെ ഇപ്പോള്‍ മദ്യനിര്‍മ്മാണത്തിനുള്ള ബ്രൂവറിക്കും അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. പറയുന്ന വാക്കും പ്രവൃത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്ത രീതിയിലേക്കാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്.
പത്തനംതിട്ടയിലെ ഇലവുംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് 60 ഓളം പേരുടെ പീഡനത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയായത്. പെണ്‍കുട്ടി കഴിഞ്ഞവര്‍ഷം പ്ലസ്ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ദീപുവും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് റാന്നി മന്ദിരം പടിയിലെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് കാറിനുള്ളില്‍ വച്ചാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലായി ഏതാണ്ട് 60 ഓളം പേര് പീഡിപ്പിച്ചു എന്ന് പോലീസ് കണ്ടെത്തി. പത്തനംതിട്ടയിലെ പോലീസ് സ്റ്റേഷനുകളായ ഇലവുംതിട്ടയില്‍ 17 കേസുകളും പത്തനംതിട്ടയില്‍ 11 കേസുകളും പന്തളം മലയാലപ്പുഴ എന്നിവിടങ്ങളില്‍ ഓരോ കേസുകളും കൊല്ലം ജില്ലയിലെ കല്ലമ്പലത്ത് ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 60 പ്രതികളില്‍ ഏതാണ്ട് 58 പേരെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. അറസ്റ്റിലായ പ്രതികളില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളില്‍ ഭൂരിപക്ഷവും 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവരാണ്. ഒരു പ്രതിക്ക് മാത്രമാണ് 44 വയസ്സ് പ്രായമുള്ളത്. ഇനിയും പിടികിട്ടാനുള്ള രണ്ട് പ്രതികള്‍ക്ക് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു കഴിഞ്ഞു.
സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ യുവാക്കളും യുവതികളും എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ സംഭവം. പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ദീപു എന്ന യുവാവ് പ്രണയം നടിച്ച് പെണ്‍കുട്ടിയെ കൊണ്ടുവന്ന് ബലാത്സംഗം ചെയ്തശേഷം കൂട്ടുകാര്‍ക്ക് കൂടി സമര്‍പ്പിക്കുകയായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികളുള്ള ലൈംഗികപീഡനക്കേസായി ഇത് മാറുകയാണ്. നേരത്തെ വിതുര, സൂര്യനെല്ലി കേസുകളില്‍ ഉള്‍പ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രതികള്‍ ഈ സംഭവത്തില്‍ ഉണ്ട്. പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്റ്, ആശുപത്രിയിലെ ശുചിമുറി എന്നിവിടങ്ങളില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് വിധേയയായി എന്നാണ് മൊഴി. പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ലൈംഗികപീഡനം നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടി നല്കിയ ആദ്യ മൊഴിയില്‍ തന്നെ പീഡിപ്പിച്ച ഓരോരുത്തരുടെയും പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹ്യമാധ്യമ അക്കൗണ്ട് എന്നിവ പോലീസിന് നല്‍കിയത് കൊണ്ടാണ് അന്വേഷണം ഊര്‍ജ്ജിതവും കാര്യക്ഷമവുമായത്.
തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാബീഗം ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ ഡിവൈഎസ്പി നന്ദകുമാര്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്. ഇത്തവണ പോലീസുകാര്‍ പണം പറ്റി പ്രതികളെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ഇതുവരെ നടന്നിട്ടില്ല. ഒപ്പം അന്വേഷണത്തില്‍ രാഷ്ട്രീയസമ്മര്‍ദ്ദമോ ഇടപെടലോ കാര്യമായി ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെയാണ് പ്രതികള്‍ ഏതാണ്ട് എല്ലാവരും തന്നെ പിടിയിലാവുകയും അന്വേഷണം ശരിയായ ദിശയില്‍ പോകുന്നതും.
സാമൂഹിക മാനദണ്ഡങ്ങളിലും സാംസ്കാരികമായും ലോകത്ത് തന്നെ ഒന്നാംസ്ഥാനത്താണെന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രത്തെക്കുറിച്ച് രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ചിന്തിക്കേണ്ട ഒരു സംഭവമാണ് ഇലവുംതിട്ടയിലേത്. നൂറുശതമാനം സാക്ഷരതയും ഏറ്റവും കൂടുതല്‍ സ്ത്രീവിദ്യാഭ്യാസവും സാമൂഹികപരിഷ്കരണ മാനദണ്ഡങ്ങളില്‍ ഒന്നാംസ്ഥാനവും ഉണ്ടായിട്ടും എന്തുകൊണ്ട് ഇത് കേരളത്തില്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് സാംസ്കാരിക നായകന്മാര് മാത്രമല്ല, സാമൂഹിക ശാസ്ത്രജ്ഞന്മാരും മാനസികചികിത്സാ വിദഗ്ധരും ഉദ്യോഗസ്ഥ മേധാവികളും രാഷ്ട്രീയക്കാരും ജുഡീഷ്യല്‍ സംവിധാനവും ഉള്‍പ്പെടെ ആഴത്തില്‍ ചര്‍ച്ചചെയ്യുകയും പരിഹാരത്തിനായുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും വേണം. അതിനുവേണ്ടി രാഷ്ട്രീയത്തിനതീതമായി ഇത്തരം സംഭവങ്ങളെക്കുറിച്ച്, അതുണ്ടാകാതിരിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ടിയിരിക്കുന്നു.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും വിദ്യാലയങ്ങളിലെ ഇടപെടലിനെയും ഒക്കെത്തന്നെ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. ഒപ്പം പഠിക്കുന്ന കുട്ടിയെ ഇന്‍സ്റ്റാഗ്രാമില്‍ സൗഹൃദം നടിച്ച് പ്രണയക്കെണിയില്‍പ്പെടുത്തി ലൈംഗികപീഡനത്തിനും കൂട്ടബലാത്സംഗത്തിനും വിധേയമാക്കുന്ന സാഹചര്യത്തിലേക്ക് സഹപാഠികള്‍ പോകുന്നത് യുവതലമുറയുടെ വിദ്യാഭ്യാസത്തിലും മാനസികഘടനയിലും ഉണ്ടായിട്ടുള്ള പരിവര്‍ത്തനം കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനൊക്കെ സാമൂഹികമായ പരിഹാരങ്ങള്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നല്ലാതെ കാര്യമായ ഒരു പ്രതികരണം സംസ്ഥാന ഭരണകൂടത്തില്‍ നിന്നുണ്ടായിട്ടില്ല. തൊലിപ്പുറത്തെ ചികിത്സയ്ക്ക് പകരം അതിശക്തമായ നടപടികള്‍ വിദ്യാഭ്യാസരംഗത്തും സാമൂഹികരംഗത്തും ഉണ്ടായേ കഴിയൂ. ഇതിനു മുന്‍കൈയെടുക്കേണ്ട സാമൂഹിക സാംസ്കാരിക നായകന്മാര് അധ:പ്പതിക്കുന്നു എന്നതും ചിന്തനീയമാണ്. പുരസ്കാരങ്ങള്‍ക്ക് വേണ്ടി നിശ്ശബ്ദത പാലിക്കുന്നതിന് പകരം സാമൂഹികപ്രശ്നങ്ങളെ കുറിച്ച് ഉറക്കെ പറയാനുള്ള ആര്‍ജ്ജവം ഇനിയെങ്കിലും ഉണ്ടാവണം.
കോട്ടയത്ത് പോലീസുകാരനെ ചവിട്ടിക്കൊന്നതും കോട്ടയത്ത് തന്നെ മദ്യലഹരിയില്‍ ബസ്സില്‍ കയറാന്‍ കഴിയാതെവന്ന പെണ്‍കുട്ടി നടത്തിയ കാട്ടിക്കൂട്ടലുകളും ഒക്കെ കേരളം കണ്ടതാണ്. മയക്കുമരുന്ന് ചികിത്സയ്ക്കുശേഷം മടങ്ങിവന്ന യുവാവ് അമ്മയെയും അച്ഛനെയും വധിക്കുന്നതും അമ്മയുടെ കഴുത്തറക്കുന്നതും കേരളം കണ്ടു. പെരുകുന്ന ബാറുകള്‍ക്ക് പിന്നാലെ മയക്കുമരുന്ന് കേസുകളില്‍ ഉണ്ടായ കൂറ്റന്‍ വര്‍ദ്ധനവും നമ്മള് മനസ്സിലാക്കണം. 2023 ല്‍ മുപ്പതിനായിരം കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇത് പത്ത് വര്‍ഷത്തിനുമുമ്പ് ഉണ്ടായിരുന്നതിന്റെ മുപ്പത് ഇരട്ടിയെങ്കിലുമാണ് എന്ന് കാണുമ്പോഴാണ് കേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നം ബോധ്യപ്പെടുക. 1140 വിദ്യാലയങ്ങള്‍ ലഹരിയുടെ പിടിയിലാണെന്ന് എക്സൈസ് വകുപ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്. ലഹരി വരുന്ന വഴി തടയാന്‍ പോലീസിനും എക്സൈസിനും എന്തുകൊണ്ട് കഴിയുന്നില്ല എന്നിടത്താണ് ഇതിന്റെ രാഷ്ട്രീയം വ്യക്തമാകുന്നത്. പത്തനംതിട്ടയിലും കോട്ടയത്തും വയനാട്ടിലും തിരുവനന്തപുരത്തും ഒക്കെ അരങ്ങേറിയ റാഗിംഗ് എന്ന ആഭാസത്തിന്റെ പേരിലുള്ള ആക്രമണവും നമ്മള് കാണണം. കോളേജ് പുതിയവര്‍ഷം ആരംഭിക്കുമ്പോള്‍ നടക്കുന്ന ചെറിയതോതില്‍ ഉള്ള കളിയാക്കലുകളും ചമ്മിക്കാനുള്ള ചെറിയ ചെറിയ ഉപായങ്ങളും ഒക്കെ ഗുണ്ടകളെ വെല്ലുന്ന അക്രമത്തിലേക്കും ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടത്തിലേക്കും വഴിമാറിയിരിക്കുന്നു. പൂക്കോട് വെറ്ററിനറി കോളേജില്‍ സിദ്ധാര്ത്ഥന് കൊല്ലപ്പെട്ടിട്ട് വര്‍ഷം ഒന്ന് തികഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താന്‍വേണ്ടി സംസ്ഥാന ഭരണകൂടവും സര്‍വകലാശാല അധികൃതരും നടത്തിയ ശ്രമങ്ങള്‍ കേരളം മുഴുവന്‍ പാട്ടാണ്. എസ്എഫ്ഐ യില്‍ പ്രവര്‍ത്തിക്കുകയും അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ സിപിഎം ആവുകയും ചെയ്താല്‍ എന്തുമാകാം എന്ന നിലപാടിലേക്ക് കേരളം മാറിയിരിക്കുന്നു.
വെഞ്ഞാറമൂട് മുതല്‍ ഇലവുംതിട്ട വരെയും പത്തനംതിട്ടയിലും കോട്ടയത്തും നടന്ന റാഗിംഗ് അടക്കമുള്ള സംഭവങ്ങളിലും കേരളത്തിലെ സാഹിത്യ-സാംസ്കാരിക നായകര്‍ പുലര്‍ത്തുന്ന നിശബ്ദതയാണ് അത്ഭുതപ്പെടുത്തുന്നത്. വടക്കോട്ട് നോക്കിയിരിക്കാനും ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ ആരോപണമുന്നയിക്കാനും മെഴുകുതിരി കത്തിക്കാനും ഒക്കെ നടക്കുന്ന ആരും കേരളത്തില്‍ നടക്കുന്ന ഈ സംഭവങ്ങളെ കുറിച്ചും സമൂഹത്തിന്റെ വഴിതെറ്റിലിനെ കുറിച്ചും യുവാക്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും ഗൗരവതരമായ ചര്‍ച്ച നടത്താനോ പരിഹാരം കാണാനോ തയ്യാറായിട്ടില്ല. കേരളത്തിലെ പോലീസ് സേനയ്ക്ക് രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയാല്‍ മയക്കുമരുന്ന് ലോബിയെ 24 മണിക്കൂര്‍കൊണ്ട് കീഴ്പ്പെടുത്താനുള്ള ശക്തി പോലീസിനുണ്ട്. അതിന് ആര്‍ജ്ജവമുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. പാര്‍ട്ടി സംവിധാനം കൂടി ഉള്‍പ്പെട്ട മയക്കുമരുന്ന് മാഫിയയ്ക്കെതിരെ നടപടിയെടുക്കാന്‍ ഇന്ന് പോലീസിന് വിമുഖതയാണ്. എംഎല്‍എയുടെ മകനെതിരെ നടപടിയെടുത്ത ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മണിക്കൂറുകള്‍ക്കുള്ളിലാണ് സ്ഥലംമാറ്റം കിട്ടിയത്. കേരളത്തിലുടനീളം മയക്കുമരുന്ന് ലോബിയുമായും ബാര്‍ ലോബിയുമായും സിപിഎമ്മിനുള്ള ബന്ധം തന്നെയാണ് ശക്തമായ നടപടി ഉണ്ടാകാതിരിക്കാന്‍ കാരണം.
സമൂഹത്തിലെ ദുഷ്പ്രവണതകള്‍ക്കെതിരെ പ്രതികരിക്കാനും സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനും ബാധ്യതപ്പെട്ട സാമൂഹിക സാഹിത്യ സാംസ്കാരിക നായകര്‍ കേരളത്തില്‍ നിശ്ശബ്ദരാണ്. അവര്‍ക്ക് പ്രതികരിക്കാനും മെഴുകുതിരി കത്തിക്കാനും ജാഥ നടത്താനും മോദിവിരോധം അല്ലെങ്കില്‍ ബിജെപി വിരോധം ഉണ്ടാകണം. ലക്ഷദ്വീപില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഇറച്ചി കിട്ടുന്നില്ല എന്നുപറഞ്ഞ് പ്രതികരിക്കാന്‍ എത്തിയ നടന് പൃഥ്വിരാജും നടിമാരായ റീമ കല്ലിങ്കലും പാര്‍വതിതിരുവോത്തും ഒക്കെ ഇപ്പോള്‍ നിശ്ശബ്ദരാണ്. മട്ടാഞ്ചേരി ലോബിയുടെ മയക്കുമരുന്ന് കച്ചവടത്തില്‍ ചലച്ചിത്രനടന്മാരുടെ പങ്കുകൂടി അന്വേഷിച്ചാല്‍ അവരുടെ നിശ്ശബ്ദതയ്ക്കുള്ള കാരണം പുറത്തുവരും. പക്ഷേ, സാഹിത്യ സാംസ്കാരിക നായകരോ? കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉഅടഠ 10 പരിശോധന നടത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം കൂടി മലയാളികള്‍ മനസ്സിലാക്കണം. ആറുമാസത്തിനുമുമ്പ് പോലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പുറത്തുവരുന്ന പരിശോധനയാണിത്. വിദേശരാജ്യങ്ങള്‍ പോലും ഈ തരത്തിലുള്ള നിലപാട് എടുക്കുമ്പോഴാണ് ഒരു നിലപാടും ഇല്ലാതെ മദ്യ-മയക്കുമരുന്ന് ലോബികള്‍ക്കായി കേരളം പൂര്‍ണ്ണമായി തീറെഴുതുന്നത്. ശരിയാണ് പിണറായി വന്നാല്‍, ഇടതുപക്ഷം വന്നാല്‍ എല്ലാം ശരിയാകും!