- കാത്തിരിപ്പ്
- കൂട് (കാത്തിരിപ്പ് 2)
- അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
- തലങ്ങും വിലങ്ങും പാഞ്ഞ് പോലീസ് (കാത്തിരിപ്പ് 19)
- കഴുത്തിലെ കെട്ട് (കാത്തിരിപ്പ് 4)
- കുരങ്ങുകളി (കാത്തിരിപ്പ് 5)
- കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)
ഫോറസ്റ്റാഫീസുകാരുടെ കമ്പ്യൂട്ടറിന് എന്തോ കേടു സംഭവിച്ചിരിക്കുന്നു. പലരും അങ്ങനെയാണ് കരുതിയത്. തലയ്ക്കാണു കേടെന്ന് ചിലര്‍ തമാശയായും കാര്യമായും പറഞ്ഞു.
കടുവ പതിവായി എത്തുന്ന ഇടങ്ങളായ സ്‌കൂള്‍ ഗ്രൗണ്ട്, പോലീസ് സ്റ്റേഷന്‍, അമ്പലം എന്നിവിടങ്ങളില്‍ വെച്ച ക്യാമറകളിലെങ്ങും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. ചിലതില്‍ പാവമൊരു കുരങ്ങന്‍ കടുവയെ ഭയന്നാകാം പാത്തും പതുങ്ങിയും നടക്കുന്നതു കണ്ടു.
കടുവ നാട്ടില്‍ ഇറങ്ങിയിട്ടും ഒരിക്കല്‍ പോലും അത് ഒരൊറ്റ ജീവിയെ പോലും ഇരയാക്കിയിട്ടില്ല. പുഴക്കരയില്‍ ആടിനെ കെട്ടിയിട്ട പുലിക്കൂടിനരികെ ഒരിക്കലും അതു വന്നില്ല. ആട് ഭയപ്പെട്ട് കരഞ്ഞതുമില്ല. കടുവയുടെ ഉന്നം മനുഷ്യരായിരിക്കുമോ? കടുവ മനുഷ്യനെ തേടിയാണോ നടക്കുന്നത്? മനുഷ്യച്ചോര രുചിച്ച കടുവയായിരിക്കുമോ? അങ്ങനേയും ആളുകള്‍ ഭയപ്പെടാന്‍ തുടങ്ങി.
പുഴക്കരയില്‍ കത്തിച്ച തീ അണഞ്ഞു.
പാതിരാത്രി കഴിഞ്ഞു.
നാട്ടിലെ എല്‍.പി. സ്‌കൂളില്‍ നിന്നും തുടര്‍ച്ചയായി മണി ഒച്ച ഉയര്‍ന്നു. ആര്‍ക്കും അതെന്തെന്നു മനസ്സിലായില്ല. അതൊരു അപകട സൂചനയാണോ?
ആള്‍ക്കൂട്ടം സ്‌കൂളിലേക്കു പാഞ്ഞു.
സ്‌കൂളിന്റെ പരിസരമാകെ അരിച്ചു നോക്കി. സ്‌കൂളിന്റെ പാചകപ്പുരയില്‍ കൂട്ടിയിട്ടിരുന്ന ചകിരി കൂട്ടത്തിനിടയില്‍ ചുരുണ്ടുകൂടി സുഖമായി കിടന്നുറങ്ങുന്ന കുരങ്ങാട്ടിയെ കണ്ടു.
അയാളെ എഴുന്നേല്‍പ്പിച്ചു. മണി മുഴക്കിയതാരാണ്? അയാള്‍ നല്ല ഉറക്കത്തിലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അയാള്‍ ഉറങ്ങിയിട്ട്. നാട്ടില്‍ ഇറങ്ങിയിരിക്കുന്നത് കടുവയല്ലെന്നും അത് മാര്‍ക്കോ ആണെന്നും അയാള്‍ക്കുറപ്പുണ്ട്. മാര്‍ക്കോ അവിടെ എത്തുമെന്നോര്‍ത്ത് അയാള്‍ കാത്തിരുന്നതാണ്. അതിനിടയില്‍ ഉറങ്ങിപ്പോയതാണ്.
”ആരാണു മണിമുഴക്കിയത്…?”
ചോദ്യം കേട്ട് കുരങ്ങാട്ടി കണ്ണു മിഴിച്ചു.
അപ്പോഴേക്കും പോലീസുകാരും അവിടേയ്ക്ക് പാഞ്ഞു കയറി. കുരങ്ങാട്ടി കൂടുതല്‍ വിറയ്ക്കാന്‍ തുടങ്ങി.
”എവിടെ നിന്റെ കുരങ്ങന്‍..?” പോലീസുകാരന്‍ ചോദിച്ചു.
പെട്ടെന്ന് അയാളുടെ ബുദ്ധിതെളിഞ്ഞു. അയാള്‍ പോലീസിനു നേരേ കൈകൂപ്പിക്കൊണ്ടൂ പറഞ്ഞു.
”എന്റെ കുരങ്ങനാണു സാര്‍ മണി മുഴക്കിയത്. അവന്‍.. മാര്‍ക്കോ.. എന്റെ കൈവിട്ടു പോയ കുരങ്ങന്‍.”
”കുരങ്ങനോ? മണിമുഴക്കിയത് കുരങ്ങനെന്നോ?” പോലീസുകാരന്‍ ചോദിച്ചു.
”എന്നിട്ട് കുരങ്ങനെവിടെ?”
കുരങ്ങാട്ടി കൈമലര്‍ത്തി.
”ഇയാളെ ഇവിടെ കാണാന്‍ തുടങ്ങിയതിനു ശേഷമാണ് ഈ കുഴപ്പങ്ങളെല്ലാം..” പോലീസുകാരന്‍ ദേഷ്യപ്പെട്ടു.
”നാളെ ഉച്ചയ്ക്ക് മുമ്പ് കുരങ്ങുമായി സ്റ്റേഷനില്‍ ഹാജരായിക്കൊള്ളണം…”
കുരങ്ങാട്ടി വിറച്ചു ”അതിന് എന്റെ കുരങ്ങ് എവിടെയാണെന്ന് എനിക്കറിയില്ല സാര്‍…”
പോലീസുകാരന്‍ ദേഷ്യം കൊണ്ടു. ”പിന്നെയെങ്ങനെയാണ് കുരങ്ങ് മണിയടിച്ചെന്ന് നീ പറഞ്ഞത്..?”
കുരങ്ങാട്ടി കൈകൂപ്പിപ്പിടിച്ച് നിന്നു.
”നാളെ ഉച്ചയ്ക്കു മുമ്പ് കുരങ്ങുമായി സ്റ്റേഷനില്‍ ഹാജരായിക്കൊള്ളണം…”
ഉറക്കം നഷ്ടപ്പെട്ട കുരങ്ങാട്ടി എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു.
പട്ടണത്തില്‍ വലിയ ബഹളം തന്നെ. വണ്ടികള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് നീണ്ട ഹോണ്‍ മുഴക്കി. പോലീസ് വണ്ടികള്‍ അതിനിടയിലൂടെ വഴിയുണ്ടാക്കി തലങ്ങും വിലങ്ങും പാഞ്ഞു.
പട്ടണത്തിലെ വഴിയിലൂടെ കടുവ പോകുന്നു എന്നൊരു സന്ദേശം കിട്ടിയതായിരുന്നു കാരണം. പട്ടണത്തിന്റെ മുക്കും മൂലയും തിരയാന്‍ തുടങ്ങി. ഓടകളും അടച്ചിട്ട ഇടങ്ങളും എല്ലായിടവും തിരഞ്ഞു.
കൃത്യമായ ഇടം പിടികിട്ടി. പട്ടണത്തിലെ സ്‌കൂളിനു മുന്നിലുള്ള വഴിയിലൂടെയാണ് അവന്‍ കടന്നു പോകുന്നത്. പോലീസ് പാഞ്ഞെത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന കുട്ടികളെയെല്ലാം ഓടിച്ച് ക്ലാസ് മുറിയില്‍ കയറ്റി.
ഓഫീസില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റ് ക്ലാസ് മുറികളില്‍ മുഴങ്ങി. ആരും പുറത്തേക്കിറങ്ങരുത്. ജനാലയിലൂടെ നോക്കിയ കുട്ടികള്‍ മൈതാനത്തിനരികില്‍ കുരങ്ങാട്ടി ഒരു ഭാണ്ഡവുമായി നില്‍ക്കുന്നതു കണ്ടു. പക്ഷേ ഇന്ന് അയാളുടെ ഒപ്പം മാര്‍ക്കോ ഇല്ല.
ഗ്രൗണ്ടിനരികിലൂടെ പാഞ്ഞുവന്ന പോലീസ് ജീപ്പ് കുരങ്ങാട്ടിയുടെ അടുത്തെത്തി അയാളോട് പറഞ്ഞു. ”വേഗം സ്ഥലം വിട്… ഇവിടെ എവിടെയോ ഒരു കടുവ പതുങ്ങിയിരിക്കുന്നുണ്ട്.”
മുന്നോട്ടു നീങ്ങിയ പോലീസ് ജീപ്പ് നിര്‍ത്തി അയാളോട് ചോദിച്ചു.
”നിന്റെ ഭാണ്ഡത്തിലെന്താണ്..?”
”എന്റെ കുരങ്ങനാണ് സാര്‍… അവനത്ര സുഖമില്ല. അവനെ ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ട്..”
”ഞാനോര്‍ത്തു കടുവയായിരിക്കുമെന്ന്….”
കുരങ്ങാട്ടി എല്ലാം പറയാന്‍ ഒരുങ്ങി. ”ഞാനെല്ലാം പറയാം സാര്‍.. എനിക്കെല്ലാം അറിയാം സാര്‍..”
പോലീസുകാരന്‍ അയാളെ തടഞ്ഞു. ”വേഗം വിട്ടോ.. തന്നെ കടുവയെങ്ങാനും വിഴുങ്ങിയാല്‍ തന്റെ മീശ അതിന്റെ തൊണ്ടയില്‍ കുരുങ്ങി അതു ചത്തു പോകും..”
ആ തമാശ രസിച്ച് കുരങ്ങാട്ടി പറഞ്ഞു. ”സാര്‍ എന്റെ മാര്‍ക്കോ..”
ആ നേരം പോലീസിന് ഒരു സന്ദേശം എത്തി.
സ്‌കൂളിനടുത്തു തന്നെ നില്‍ക്കുകയാണ് കടുവ. സ്‌കൂളിന് തൊട്ടടുത്ത്.
പോലീസ് അതത്ര കാര്യമാക്കിയില്ല. കഴിഞ്ഞ രണ്ടു ദിവസവും ഇങ്ങനെയുള്ള മെസേജുകള്‍ കൊണ്ട് നാട്ടുകാരാരും ഉറങ്ങിയിട്ടില്ല. എവിടെയോ തെറ്റു പറ്റിയിട്ടുണ്ടെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.
ഭാണ്ഡത്തില്‍ കിടന്ന മാര്‍ക്കോ വേദനകൊണ്ടൊന്നു പിടഞ്ഞു.
(തുടരും)