പോലീസുകാരന്‍ രണ്ടുദിവസത്തെ നെട്ടോട്ടം കൊണ്ട് തളര്‍ന്നിട്ടിട്ടുണ്ട്. അയാള്‍ ജീപ്പില്‍ ചാരി നിന്ന് കുരങ്ങാട്ടിയോടു ചോദിച്ചു.
”കരിങ്കുരങ്ങാണോ…?”
”അല്ല.. എന്റെ കുരങ്ങനാണു സാര്‍. ഇന്ന് കുരങ്ങനെ ഉച്ചയ്ക്കു മുമ്പേ ഹാജരാക്കാന്‍…”
”അഴിക്ക് നിന്റെ ഭാണ്ഡം…”
കുരങ്ങാട്ടി ഭാണ്ഡം താഴെവെച്ച് അഴിച്ചു.
അതില്‍ വലയില്‍ കുരുങ്ങി മാര്‍ക്കോ ബോധം കെട്ട് കിടക്കുന്നുണ്ടായിരുന്നു.
”നീ പോലീസ് സ്റ്റേഷനിലേക്ക് പോയി നില്‍ക്ക്… ഒരു കുരങ്ങനെ കൊന്നതിനുള്ള ശിക്ഷ കടുവക്കാര്യം കഴിഞ്ഞ ശേഷം..”
കുരങ്ങാട്ടി അയാളുടെ നേരേ കൈകൂപ്പി എല്ലാം പറയാന്‍ ഒരുങ്ങി.
ആ നേരം വീണ്ടും ഒരു സന്ദേശം എത്തി. കടുവ ഇപ്പോള്‍ ഒരേ നില്‍പ്പിലാണ്. സ്‌കൂള്‍ പരിസരത്തു തന്നെ. പോലീസുകാരന്‍ കുരങ്ങാട്ടിയെ വിട്ട് ചുറ്റുപാടിലും ശ്രദ്ധിച്ചു നിന്നു.
കുരങ്ങാട്ടി പോലീസ് സ്റ്റേഷനിലേക്ക് നടന്നു. ഉച്ചയ്ക്കു മുമ്പേ മാര്‍ക്കോയെ സ്റ്റേഷനില്‍ ഹാജരാക്കണം.
വലയ്ക്കുള്ളില്‍ കുരുങ്ങിക്കിടന്ന മാര്‍ക്കോയ്ക്ക് ബോധം തെളിഞ്ഞു. അവന്‍ കുറേ നേരമായി അര്‍ദ്ധബോധത്തില്‍ കിടക്കുകയായിരുന്നു. താന്‍ മീശക്കാരന്‍ കുരങ്ങാട്ടിയുടെ ഭാണ്ഡത്തിലാണെന്ന് അവന്‍ ഓര്‍ത്തെടുത്തു. പുഴ കടക്കാനൊരുങ്ങിയ നേരത്ത് ഒരു വല തന്റെ മേലെ വന്നു വീണത് ഓര്‍മ്മയിലെത്തി. വലയില്‍ കുരുങ്ങിയതും കുരങ്ങാട്ടിയുടെ ചിരി കേട്ടു.
”നീയെന്നാണു മാര്‍ക്കോ കടുവയായി മാറിയത്?”
അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
”ഞാനിതാ കടുവയെ കിടുവയാക്കാന്‍ പോകുന്നു.”
പതിവു പോലെ കുരങ്ങാട്ടി മാര്‍ക്കോയെ ആഞ്ഞടിച്ചു. ഇരുട്ടിയപ്പോള്‍ മുതല്‍ നാട്ടില്‍ വമ്പിച്ച പ്രകടനം നടത്തുകയായിരുന്ന മാര്‍ക്കോ നല്ലപോലെ ക്ഷീണിച്ചിരുന്നു. കുരങ്ങാട്ടിയുടെ രണ്ടാമത്തെ അടിയില്‍ അവന്‍ തളര്‍ന്നു വീണു.
കുരങ്ങാട്ടി അവനെ ഒന്നെടുത്തു നോക്കി. അവന്റെ അരയില്‍ കെട്ടിയിരുന്ന ബെല്‍റ്റ് അയാള്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. കൊള്ളാം നല്ല ബെല്‍റ്റ് തന്നെ. അയാള്‍ ബെല്‍റ്റില്‍ തൂക്കിയെടുത്ത് മാര്‍ക്കോയെ വായുവില്‍ ഒന്നുരണ്ടു വട്ടം ചുഴറ്റി.
അതോടെ മാര്‍ക്കോ ബോധം കെട്ടു.
മാര്‍ക്കോ വേദനയില്‍ വല്ലാതെ പുളഞ്ഞു. കുരങ്ങാട്ടി ഭാണ്ഡം തുറന്നു നോക്കി. മാര്‍ക്കോ അയാളുടെ നേരേ കണ്ണു മിഴിച്ചു നോക്കി.
പെട്ടെന്ന് പോലീസ് സ്റ്റേഷനുള്ളില്‍ ഒരു ബഹളം കേട്ടു. നിരനിരയായി മൂന്നു പോലീസ് ജീപ്പുകള്‍ ഓടിക്കിതച്ചെത്തി, പോലീസ് സ്റ്റേഷനുമുമ്പില്‍ വന്ന് ബ്രേക്കിട്ടു നിന്നു.
പുതിയൊരു മെസേജ് എത്തിയിരിക്കുന്നു.
കടുവ ഇപ്പോള്‍ പോലീസ് സ്റ്റേഷനരികിലുണ്ട്. പോലീസ് സ്റ്റേഷനു മുമ്പില്‍ തന്നെ.
പോലീസ് സ്റ്റേഷനുമുമ്പില്‍ കാടു പിടിച്ചു കിടക്കുന്ന ഇടമൊന്നുമില്ല. എന്നാലും എല്ലായിടവും ചികഞ്ഞു പെറുക്കി നോക്കി. ഒരിടത്തും കാണാനില്ല. തെറ്റായ മേസേജെന്ന് മറുപടി കൊടുത്തു.
കുരങ്ങാട്ടി പോലീസുകാരന്റെ അടുത്തെത്തി. കൈകൂപ്പി. പോലീസുകാരന്‍ ഒരു കടുവയെ പോലെ ചീറി.
”ഇവിടെ ഒരു കടുവ…. മനുഷ്യന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട്…..” അയാള്‍ തല ശക്തിയായി ചൊറിഞ്ഞു.
”സാര്‍, എന്റെ കുരങ്ങനും…” കുരങ്ങാട്ടി പറയാന്‍ തുടങ്ങി.
അയാള്‍ അതു പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പോലീസുകാരന്‍ ദേഷ്യം കൊണ്ടു. ”ഇനി നീ നിന്റെ കുരങ്ങന്റെ കാര്യം പറഞ്ഞ് ഇങ്ങോട്ട് വന്നേക്കരുത്… പോ ഇവട്ന്ന്..”
കുരങ്ങാട്ടി ഏറെ സന്തോഷത്തോടെ വേഗത്തില്‍ ഇറങ്ങി നടന്നു. അയാള്‍ക്ക് അതുമതി. തന്റെ സര്‍വ കേസുകളില്‍ നിന്നും തന്നെ മോചിപ്പിച്ചിരിക്കുന്നു. തന്നെ വെറുതെ വിട്ടിരിക്കുന്നു.
ഇനി കുരങ്ങുകളി നടത്തി എങ്ങനെയെങ്കിലും ആഹാരത്തിനുള്ള വകയുണ്ടാക്കാം. പോലീസ് തന്നെ അന്വേഷിച്ചു വരികയില്ല. നാളെ മുതല്‍ കുരങ്ങുകളി തുടങ്ങണം. വല്ലതും നല്ലവണ്ണം കഴിച്ചിട്ട് കുറച്ചു ദിവസങ്ങളായി.
അയാള്‍ തിരക്കിട്ടു നടന്നു.
അയാള്‍ ഇടയ്‌ക്കൊന്നു നിന്നു. വലയില്‍ കിടന്ന് മാര്‍ക്കോ പുളയുന്നു.
പെട്ടെന്ന് ഒരു പോലീസ് ജീപ്പ് അയാള്‍ക്കരികെ വന്നു നിന്നു. എസ്.ഐ. അതില്‍ നിന്നും ചാടിയിറങ്ങി.
ഒപ്പം കുറേ പോലീസുകാരും. അയാള്‍ കുരങ്ങാട്ടിയെ വളഞ്ഞു.
അയാള്‍ വല്ലാതെ വിറച്ചു. മീശ അതിലും ശക്തിയായി വിറച്ചു. വിറച്ചു വിറച്ച് അതു താണു.
”നിന്റെ ഭാണ്ഡം തുറക്ക്…”
ഭാണ്ഡം തുറന്ന് മാര്‍ക്കോയെ പുറത്തേക്കെടുത്തു. പിന്നെ അതിലുള്ളതെല്ലാം പുറത്തേക്കു കുടഞ്ഞിട്ടു.
മീശക്കാരന്‍ കുരങ്ങാട്ടി കൈകൂപ്പി പറഞ്ഞു.
”സാര്‍.. ഞാന്‍ കാട്ടില്‍ നിന്നും പിടിച്ചതല്ല സാര്‍… ഇത് എന്റെ സ്വന്തം കുരങ്ങന്‍… മാര്‍ക്കോ”
അതൊട്ടും ശ്രദ്ധിക്കാതെ ഒരു നിമിഷം ആലോചിച്ചു നിന്ന പോലീസുകാരന്‍ പെട്ടെന്ന് ഒരു വെളിപാടുണ്ടായതുപോലെ കുരങ്ങാട്ടിയുടെ കുപ്പായം ഉയര്‍ത്തി നോക്കി.
പെട്ടെന്നയാള്‍ പൊട്ടിച്ചിരിച്ചു. പൊട്ടിച്ചിരി എന്നാല്‍ വലിയ പൊട്ടിച്ചിരി തന്നെ.
കൂടെ വന്ന പോലീസുകാരും ഉറക്കെ ചിരിക്കാന്‍ തുടങ്ങി.
പോലീസുകാരുടെ ചിരി കണ്ടു നിന്ന മീശക്കാരന്‍ കുരങ്ങാട്ടിക്കും ചിരി പൊട്ടി.
”ഇത് ബെല്‍റ്റാണു സാര്‍…” ഇതിലെന്താണിത്ര ചിരിക്കാനെന്ന് കുരങ്ങാട്ടി സംശയിച്ചു.
ആ ചിരികളുടെ ഇടയില്‍ നിന്നും മാര്‍ക്കോ അടുത്തു കണ്ട മരത്തിലേക്കു ചാടിക്കയറി. ചിരിയുടെ ഇടയില്‍ കുരങ്ങാട്ടി മാര്‍ക്കോയുടെ കാര്യം മറന്നു പോയി. പോലീസുകാരോടൊപ്പം ചിരിച്ചു കൊണ്ടു നിന്ന അയാള്‍ അതൊട്ടു കണ്ടുമില്ല.
പിറ്റേന്ന് പുലര്‍ച്ചയ്ക്ക് രണ്ടു പേര്‍ കുരങ്ങാട്ടിയെ തേടിയെത്തി. ഒരു കഷണ്ടിക്കാരനും ഒരു താടിക്കാരനും. അവര്‍ക്ക് അയാളുടെ കുരങ്ങനെ ഇനിയും ആവശ്യമുണ്ട്. അവര്‍ കുട്ടികള്‍ക്കു വേണ്ടി ഒരു സിനിമ നിര്‍മ്മിക്കുന്നു. അതിലെ മുഖ്യകഥാപാത്രം ഒരു കുരങ്ങനാണ്. മാര്‍ക്കോയ്ക്ക് അത് നന്നായി ചെയ്യാന്‍ കഴിയും.
കുരങ്ങാട്ടിക്ക് ആശ്വാസമായി. അയാള്‍ അവരുടെ നേരെ കൈകൂപ്പി.
”ശരി സാര്‍…”
”ഇത്തവണ നിങ്ങള്‍ ഭയപ്പെടുകയൊന്നും വേണ്ട.. അവന്‍ ചിരിക്കുന്ന ഒരു സീന്‍ പോലും സിനിമയില്‍ ഉണ്ടാകില്ല.. കരച്ചില്‍ മാത്രം മതി..”
അത് വളരെ എളുപ്പമാണ്. മാര്‍ക്കോയെ കരയിപ്പിക്കാന്‍ വളരെ എളുപ്പമാണ്.
പക്ഷേ മാര്‍ക്കോ എവിടെ? അവനെ കണ്ടുപിടിക്കണം.
(അടുത്തലക്കത്തില്‍ അവസാനിക്കും)