- കാത്തിരിപ്പ്
- കൂട് (കാത്തിരിപ്പ് 2)
- അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
- മാര്‍ക്കോയുടെ കാല്‍പ്പാടുകള്‍ (കാത്തിരിപ്പ് 18)
- കഴുത്തിലെ കെട്ട് (കാത്തിരിപ്പ് 4)
- കുരങ്ങുകളി (കാത്തിരിപ്പ് 5)
- കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)
നേരം വെളുത്തിട്ടും ഭീതിയൊഴിഞ്ഞില്ല. വര്‍ദ്ധിക്കുകയാണു ചെയ്തത്. എല്ലായിടവും തിരഞ്ഞു. ഒരു കാലടിയടയാളവും കാണാത്തത് എല്ലാവരേയും ഏറെ ഭയപ്പെടുത്തി. ഇന്നലെ രാത്രിയില്‍ ഗ്രാമത്തില്‍ പലയിടത്തും കടുവ എത്തിയിട്ടുണ്ടെന്നാണ് പോലീസും ഫോറസ്റ്റുകാരും ഉറപ്പിച്ചു പറയുന്നത്.
എന്നാല്‍ ഇന്നലെ ഒച്ചയനക്കവും ബഹളവും ഒന്നുമുണ്ടായില്ല. നാല്‍ക്കാലികളാരും ആ വരവ് അറിഞ്ഞിട്ടുമില്ല. പക്ഷികള്‍ ഭയപ്പെട്ട് കൂടുവിട്ട് ഉയര്‍ന്നുമില്ല. ഗ്രാമം പൊതുവേ ശാന്തമായിരുന്നു. ഉറക്കം കെടുത്തിയത് ചീറിപ്പാഞ്ഞു പോകുന്ന പോലീസ് ജീപ്പും ഫോറസ്റ്റുകാരുടെ വണ്ടികളുമായിരുന്നു. പിന്നെ കടുവയെ തേടിയിറങ്ങിയ ആള്‍ക്കാരുടെ ബഹളവും പന്തങ്ങളും.
എവിടെയോ എന്തൊക്കെയോ തെറ്റു പിണഞ്ഞിട്ടുണ്ടെന്ന് പോലീസും ഫോറസ്റ്റുകാരും സമ്മതിച്ചു. എല്ലാം ആദ്യം തൊട്ട് അന്വേഷിക്കണം. എല്ലാം ഉപകരണമല്ലേ? ഒരു പോറലു വീണാല്‍ പോലും തെറ്റു പറ്റാവുന്ന ഉപകരണങ്ങളല്ലേ?
കുരങ്ങാട്ടി തലേന്ന് താന്‍ കിടന്നിടത്തു ചെന്നു നോക്കി. അയാള്‍ ചുറ്റുപാടും സൂക്ഷ്മമായി പരിശോധിച്ചു. അവിടെ കണ്ട കാല്‍പ്പാടുകളിലേക്ക് അയാള്‍ നോക്കി നിന്നു. ആ കാല്‍പ്പാടുകള്‍ അയാള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു.
അത് മാര്‍ക്കോയുടെ കാല്‍പ്പാടുകളാണ്. ഇന്നലെ രാത്രിയില്‍ ഇവിടെ പാഞ്ഞു നടന്നത് കടുവയല്ല. അത് മാര്‍ക്കോയാണ്. ഇത് കടുവയും മാര്‍ക്കോയും ചേര്‍ന്നുള്ള എന്തോ കുതന്ത്രമാണ്. അയാള്‍ പോലീസ് സ്റ്റേഷനിലേക്ക് വേഗത്തില്‍ നടന്നു. അവിടെ ചെന്ന് എല്ലാം പറയണം. കടുവയുടെ പുറത്തു കയറി ഒരു കുരങ്ങ് പുഴ കടന്നതു മുതലുള്ള കാര്യങ്ങള്‍. ഇത്തവണയും പറയാന്‍ സമ്മതിച്ചില്ലെങ്കില്‍ സ്റ്റേഷന്റെ മുന്നില്‍ വെച്ച് ഉറക്കെ വിളിച്ചു പറയണം.
അയാള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അവിടെ നല്ല തിരക്കാണ്. മേലാപ്പീസില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ വന്നിട്ടുണ്ട്. എല്ലാവരും അനക്കമറ്റതു പോലെ നില്‍ക്കുന്നു.
കുരങ്ങാട്ടി ചുറ്റും നോക്കി. അവിടെ പലയിടത്തും മാര്‍ക്കോയുടെ കാല്‍പ്പാടുകള്‍ അയാള്‍ കണ്ടു. അതെ. തീര്‍ച്ചയായും ഇന്നലെ രാത്രി നാടുമുഴുവന്‍ വിറപ്പിച്ചത് കടുവയല്ല. തന്റെ കുരങ്ങനാണ്. മാര്‍ക്കോയാണ്.
അതെല്ലാം പറയാനുള്ള ആവേശത്തില്‍ അയാള്‍ സ്റ്റേഷനിലേക്കു കയറിച്ചെന്നതാണ്. പക്ഷേ കുരങ്ങാട്ടിയെ പോലീസുകാരന്‍ തടഞ്ഞു. അയാളോട് മിണ്ടരുതെന്നും ദൂരെപ്പോകാനും ആംഗ്യം കാട്ടി.
കുരങ്ങാട്ടി പറയാന്‍ തുടങ്ങി. ”സര്‍, എന്റെ കുരങ്ങന്‍… മാര്‍ക്കോ”
പോലീസുകാരന്‍ ദേഷ്യപ്പെട്ടു. ”ഒരു കടുവയെക്കൊണ്ട് ഇവിടെ മനുഷ്യനു സൈ്വര്യം കെട്ടിരിക്കുന്നു. അപ്പോഴാണ് അയാളുടെ ഒരു മൊച്ചക്കൊരങ്ങ്.”
അവിടെ ഉണ്ടായിരുന്നവര്‍ വാപൊത്തി ചിരിച്ചു.
മീശക്കാരന്‍ കുരങ്ങാട്ടി തല കുനിച്ച് അവിടെ നിന്നുമിറങ്ങി. അയാളുടെ അടുത്തെത്തിയ ആള്‍ കുരങ്ങാട്ടിയോടു പറഞ്ഞു.
”നിങ്ങള്‍ക്കു വേണമെങ്കില്‍ ആ കടുവയെ പിടിച്ച് കളി പഠിപ്പിക്ക്. അതൊരു നല്ല ഐറ്റമാകും. ബാക്കിയുള്ളവര്‍ക്ക് ഒന്നു സമാധാനമായിട്ട് കിടന്നുറങ്ങുകയും ചെയ്യാം..”
അതിനും ആളുകള്‍ ചിരിച്ചു.
കുരങ്ങാട്ടി പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി നടന്നു
***
ഇരുട്ടിനു കനം വെച്ചു.
മാര്‍ക്കോ കോളര്‍ തന്റെ അരയില്‍ കെട്ടി.
”പോരേ..? ഇത്രയും പോരേ..? കളി ഇത്രയും പോരേ?” തമാറ ചോദിച്ചു.
മാര്‍ക്കോ ചൂണ്ടുവിരല്‍ ഉയര്‍ത്തി. ഒരു തവണ കൂടി. മാര്‍ക്കോ മരം മാറി മാറി കടന്ന് പുഴയിലെ പാറക്കെട്ടുകള്‍ കടന്ന് പുഴയ്ക്കക്കരെയെത്തി.
പുഴക്കരയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ആളുകള്‍ കൂടിയിട്ടുണ്ട്. പുഴക്കരയില്‍ പലയിടത്തും തീ കൂട്ടിയിട്ടുണ്ട്. കാട്ടുമൃഗം തീയോടടുക്കില്ല. അതിനു ചുറ്റും കരുതലോടെ ഇരിക്കുന്നവരുണ്ട്. സമയം പോകാനൊരു നല്ല മാര്‍ഗം എന്ന നിലയില്‍ അവിടെ എത്തിച്ചേര്‍ന്നവരും ഉണ്ട്. ഒന്നിച്ചിരുന്നാല്‍ പേടിയുണ്ടാകില്ല എന്ന ന്യായപ്രകാരം വന്നവരും ഉണ്ട്.
മാര്‍ക്കോ പുഴയോരത്തെ മരത്തില്‍ കയറി ഇരുന്നു. അധികം വൈകാതെ പോലീസ് വണ്ടിയും ഫോറസ്റ്റ് ജീപ്പും എത്തി.
രണ്ടു വാഹനത്തില്‍ നിന്നും കടുവ പുഴക്കരയില്‍ എത്തിയെന്ന് അറിയിപ്പുണ്ടായെങ്കിലും അത് കഴിഞ്ഞ ദിവസത്തെ അത്ര ഉറപ്പോടെയൊന്നും ആയിരുന്നില്ല. ഒന്നില്‍ നിന്ന് കടുവ പുഴ കടന്നെത്തിയെന്ന് സംശയിക്കുന്നു എന്ന് കേട്ടപ്പോള്‍ അടുത്തതില്‍ നിന്നും കടുവ പുഴകടന്നിട്ടുണ്ട് എന്ന അറിയിപ്പുണ്ടായി. ചിലപ്പോള്‍ അറിയിപ്പ് എല്ലാവരും സൂക്ഷിക്കുക എന്നു മാത്രമായി ശോഷിച്ചു.
(തുടരും)