- കാത്തിരിപ്പ്
- കൂട് (കാത്തിരിപ്പ് 2)
- അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
- മാര്‍ക്കോയുടെ വിളയാട്ടം (കാത്തിരിപ്പ് 17)
- കഴുത്തിലെ കെട്ട് (കാത്തിരിപ്പ് 4)
- കുരങ്ങുകളി (കാത്തിരിപ്പ് 5)
- കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)
എന്താണ് സംഭവമെന്ന് ആര്‍ക്കും പിടികിട്ടിയില്ല. ആളുകളെ സമാധാനിപ്പിക്കാന്‍ പോലീസ് ജീപ്പ് പാഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതില്‍ നിന്നും ഉറക്കെ വിളിച്ച് സമാധാനിപ്പിച്ചിരുന്നു. ആരും ഭയപ്പെടേണ്ടതില്ല. കടുവ കാടിറങ്ങിയിട്ടില്ല. കടുവ ഉള്‍ക്കാട്ടിലേക്കു കയറിയിട്ടുണ്ട്. കോളര്‍ വഴി കടുവയുടെ സ്ഥാനം ഉള്‍ക്കാട്ടിലാണെന്നുറപ്പിച്ചിട്ടുണ്ട്. ആരും ഭയപ്പെടേണ്ട.
ആര്‍ക്കും ഒന്നും എത്തും പിടിയും കിട്ടുന്നില്ല. ഭയം കൂടുന്നതേയുള്ളു.
മാര്‍ക്കോ പറഞ്ഞു ”ഇന്നു രാത്രിയാണ് യഥാര്‍ത്ഥ കുരങ്ങുകളി നടക്കാന്‍ പോകുന്നത്…”
”വയ്യ. എനിക്കു വയ്യ. മനുഷ്യരെ ഇങ്ങനെ ഇട്ടു നെട്ടോട്ടമോടിക്കാന്‍… ഞാനും ഓടിയോടി മടുത്തിരിക്കുന്നു..” തമാറ പറഞ്ഞു.
”നീ ഇവിടെ ഇരുന്നാല്‍ മതി. ഞാന്‍ പോകും. നിന്റെ കോളറുമായി…” മാര്‍ക്കോ പറഞ്ഞു.
രാത്രി എന്താണു സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്തപ്പോള്‍ തമാറയ്ക്കും രസം കയറി.
നേരം ഇരുട്ടാകുന്നു.
പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പെത്തി.
കടുവ ഉള്‍ക്കാട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. കരുതിയിരിക്കുക. ഇന്നും അവന്റെ യാത്രയുടെ ദിശ പുഴയോരത്തേക്കു തന്നെയാണ്
എന്നു കരുതുന്നു.
കിട്ടിയതെന്തും ആയുധമാക്കി എല്ലാവരും പുഴയിലേക്കു തന്നെ കണ്ണും നട്ടിരുന്നു. ഇനി വീട്ടില്‍ അടച്ചു പൂട്ടിയിരുന്നിട്ടു
കാര്യമില്ല. അതിനേക്കാള്‍ പേടി ഇല്ലാതാകുന്നത് കൂട്ടം കൂടിയിരിക്കുമ്പോഴാണ്.
ഇരുട്ടേറിയപ്പോള്‍ വീണ്ടും സന്ദേശമെത്തി.
കടുവ പുഴ കടന്ന് സ്‌കൂള്‍ മൈതാനത്തെത്തിയിട്ടുണ്ട്. സ്‌കൂള്‍ മൈതാനത്തിലൂടെ ഓടിച്ചാടി നടക്കുന്നു.
ആളുകള്‍ ചങ്കില്‍ കൈവെച്ചു. ഇത്രയും ആളുകളുടെ ഇടയില്‍ കൂടി എങ്ങനെയാണ് ഒരു കടുവ കടന്നു പോയത്? അല്ലെങ്കില്‍ കടുവ ഇന്നലെ ഇവിടെ നിന്നും പോയിട്ടില്ല.
പോലീസും പട്ടാളവും സര്‍വ സന്നാഹങ്ങളുമായി സ്‌കൂള്‍ മൈതാനത്തെത്തി. അവിടെയെങ്ങും ഒരനക്കവും ഇല്ല. എല്ലായിടവും അരിച്ചു പെറുക്കി നോക്കി. അവിടെ നായ്ക്കള്‍ തൊട്ടിട്ടോട്ടം പോലെ എന്തോ കളിക്കുന്നു. വീണ്ടും മെസേജ് എത്തി. കടുവ കളിസ്ഥലത്തു തന്നെയുണ്ട്. വേറെങ്ങും പോയിട്ടില്ല.
കളിസ്ഥലത്തിനരികില്‍ കാടു പിടിച്ചു കിടക്കുന്ന ഇടം തച്ചു തകര്‍ത്തു. ഒരു കടുവ എത്തിയാല്‍ അതിന്റെ ഗന്ധം മൈതാനത്തു കളിക്കുന്ന നായ്ക്കള്‍ അറിയാതിരിക്കുമോ?
എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്. ചിലപ്പോള്‍ ഒന്നിലധികം കടുവകളുണ്ടാകാം.
വീണ്ടും മെസേജ്. ഇപ്പോള്‍ കടുവ പോലീസ് സ്റ്റേഷന്റെ മുമ്പിലാണ്. കേട്ട പാതി കേള്‍ക്കാത്ത പാതി എല്ലാവരും പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു.
അവിടെ വാതുക്കല്‍ തോക്കും പിടിച്ചു നില്‍ക്കുന്ന പോലീസുകാരന്‍ ഭയം കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു. ജീപ്പില്‍ നിന്നും ചാടിയിറങ്ങി എസ്.ഐ. ചോദിച്ചു.
”ഇവിടെ വന്ന കടുവയ്ക്ക് എന്തു പറ്റി? അത് എങ്ങോട്ടാണു പോയത്?”
കൈയില്‍ നിന്നും തോക്ക് താഴേക്ക് ഊര്‍ന്നു. അതയാള്‍ പാടുപെട്ട് പിടിച്ചെടുത്തു.
”കടുവയോ? എവിടെ? ഇവിടെയോ” അയാള്‍ കൂടുതല്‍ ഭയന്നു.
എസ്.ഐ. പറഞ്ഞു. ”കുറച്ചു സമയം മുമ്പ് ഇവിടെ ഒരു കടുവ വന്നിരുന്നു.”
”ഞാന്‍ കണ്ടിട്ടില്ല… സത്യമായും…” പോലീസുകാരന്‍ വിറച്ചു.
”നിങ്ങള്‍ ഡ്യൂട്ടി സമയത്ത് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു.” എസ്.ഐ. ഒച്ചയിട്ടു.
വീണ്ടും സന്ദേശം വന്നു. കടുവ ഇപ്പോള്‍ അമ്പലത്തിനടുത്താണ്.
എസ്.ഐ. തളര്‍ന്നിരുന്നു. ”കടുവ എന്തു പ്രാര്‍ത്ഥിക്കാനാണോ അമ്പലത്തില്‍ പോയത്..?”
ഒപ്പം വന്ന ആള്‍ക്കൂട്ടം അമ്പലത്തിനടുത്തേക്കു പോകാന്‍ തിരക്കു കൂട്ടി. അയാള്‍ പറഞ്ഞു.
”കടുവായ്ക്ക് ഒപ്പം ഓടിയെത്താന്‍ എനിക്കു വയ്യ….”
”എന്നാല്‍ അതിനോട് മെല്ലെ ഓടാന്‍ പറയാം” നാട്ടുകാര്‍ കളി പറഞ്ഞു.
അന്നു രാത്രി മുഴുവനും മാര്‍ക്കോ നാട്ടിലെ മരങ്ങളില്‍ ചാടി മറിഞ്ഞു കൊണ്ടിരുന്നു. തോന്നുന്ന ഇടങ്ങളില്‍. ചിലപ്പോഴൊക്കെ താഴെയിറങ്ങി. മരത്തിനു മുകളിലൂടെ പാഞ്ഞു പോകുമ്പോള്‍ താഴെ കടുവയ്ക്ക് വേണ്ടി പന്തവുമായി പായുന്ന ആളുകളെ അവന്‍ കണ്ടിരുന്നു.
മാര്‍ക്കോ അന്നത്തെ കുരങ്ങുകളികളവസാനിപ്പിച്ച് പോകാനൊരുങ്ങുമ്പോഴാണ് വഴിയരികിലെ കടയുടെ തിണ്ണയില്‍ കിടന്നുറങ്ങുന്ന മീശക്കാരന്‍ കുരങ്ങാട്ടിയെ കണ്ടത്.
കുരങ്ങാട്ടിയെ ഒന്നു വട്ടം കറക്കണമെന്നു തോന്നി. അയാള്‍ കിടന്നുറങ്ങുന്ന കെട്ടിടത്തിന്റെ മുകളിലേക്കു കയറി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ പോലീസ് ജീപ്പും ആള്‍ക്കൂട്ടവും മണ്ടിപ്പാഞ്ഞെത്തി.
പോലീസ് ജീപ്പിന്റെ ഒച്ച കേട്ട് കുരങ്ങാട്ടി ഞെട്ടിയുണര്‍ന്നു.
പോലീസിനെ കണ്ടതും അയാള്‍ ഞെട്ടിയെഴുന്നേറ്റ് കൈ തൊഴുതു പിടിച്ചു.
ഉറക്കപ്പിച്ചില്‍ അയാള്‍ പറഞ്ഞു: ”ഇനി ഞാനെന്റെ കുരങ്ങനെ കെട്ടിത്തൂക്കില്ല സാര്‍… മാപ്പാക്കണം സാര്‍”
പോലീസുകാരന്‍ ചോദിച്ചു.
”ഇവിടെ വന്ന കടുവ എവിടെ?”
”കടുവയോ…?”
”അതെ.. ഇവിടെ എവിടെയോ കടുവ എത്തിയിട്ടുണ്ട്…”
കുരങ്ങാട്ടി ഞെട്ടി. മാര്‍ക്കോ കടുവയേയും കൊണ്ട് വന്നിരിക്കുന്നു. തന്നെ കൊല്ലാന്‍ തന്നെ.
(തുടരും)