സി.പി.ഐയുടെ ദേശീയ നേതാവായ ആനിരാജയുടെ ഗതികേട് നോക്കണേ. സി.പി.ഐ ആനിരാജയെത്തന്നെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടതായിരുന്നു. എല്ലാതരത്തിലും മത്സരിക്കാന്‍ അര്‍ഹതയും അവര്‍ക്കായിരുന്നു. എന്നാല്‍ സംസ്ഥാന സി.പി.ഐക്കാര്‍ പറഞ്ഞു, ആയമ്മ ഇങ്ങോട്ടു വരികയേവേണ്ട എന്ന്. കയ്യിലിരിപ്പ് തന്നെ കാരണം. കേരള പോലീസിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആണെന്നു ആനിരാജ പ്രസ്താവിച്ചത് ഇടതുമുന്നണിക്കും സി.പി.ഐ.യ്ക്കും വലിയ തലവേദനയായി. അതോടെയാണ് ആയമ്മയെ ഇങ്ങോട്ടു അയേക്കണ്ട എന്ന് സി.പി. ഐ സംസ്ഥാന നേതാക്കള്‍ ദില്ലിക്ക് വിവരം നല്‍കിയത്. ഉത്തരേന്ത്യയില്‍ മരുന്നിനു പോലുമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വനിതാനേതാക്കള്‍ ഈച്ചയെ ആട്ടി ഇരിക്കയാണവിടെ. എന്നാലും സി.പി.എമ്മിന്റെ വൃന്ദാകാരാട്ട് എങ്ങനെയെങ്കിലും വാര്‍ത്തയുണ്ടാക്കി താന്‍ ജീവിച്ചിരിക്കുന്നു എന്ന് ലോകത്തെ അറിയിക്കാറുണ്ട്. പത്രങ്ങള്‍ പരതി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആരെയെങ്കിലും മാന്തുകയോ നുള്ളുകയോ ചെയ്തു എന്ന വാര്‍ത്ത കണ്ടാല്‍ ഉടനെ പത്രക്കാരുടെ അകമ്പടിയോടെ അവിടെ ചെന്ന് ആശ്വസിപ്പിക്കല്‍, പിന്തുണക്കല്‍ തുടങ്ങിയ നാടകങ്ങള്‍ കളിച്ച് വാര്‍ത്തയില്‍ തിളങ്ങും. കയ്യേറ്റക്കാരായ മുസ്ലിം ഗുണ്ടകള്‍ക്കെതിരെ യോഗി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് സ്ഥലമൊഴിപ്പിച്ചപ്പോള്‍ സുപ്രീം കോടതിയില്‍ പോയി അതിനെതിരെ ഒരിക്കല്‍ ഉത്തരവ് വാങ്ങി.
വൃന്ദാമോഡലില്‍ ഇത്തരം ചില നമ്പറുകളുമായി ജീവിതം തള്ളിനീക്കാന്‍ സി.പി.ഐയുടെ മഹിളാ ഫെഡറേഷന്‍ ബാനറില്‍ ചില അഭ്യാസങ്ങള്‍ ആരംഭിച്ചു ആനിസഖാവ്. യു.പിയിലും രാജസ്ഥാനിലും സുപ്രീം കോടതി വിധി ലംഘിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിട്ടം പൊളിക്കുന്നു എന്ന പത്രവാര്‍ത്ത കണ്ടതും ആനിയും കൂട്ടരും അതു തടയണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെത്തി. ഇരകള്‍ ആരും പരാതിപ്പെടാതെ, വ്യക്തമായ തെളിവില്ലാതെ കോടതിയില്‍ വന്ന കമ്മ്യൂണിസ്റ്റ് മഹിളകളെ കണക്കിന് വിമര്‍ശിച്ച കോടതി ഹരജി തള്ളിക്കളയുകയും ചെയ്തു. ഇരകള്‍ വന്നു പരാതി തരട്ടെ നിങ്ങളുടെ വക്കാലത്ത് വേണ്ട എന്ന് കോടതി പറഞ്ഞതോടെ ആളാവാനും വാര്‍ത്തയില്‍ നിറയാനുമുള്ള ആനിതന്ത്രം ആവിയായിപ്പോയി.