ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സിന് എന്തു കിട്ടി? രാഹുല്‍ ഗാന്ധിക്ക് ഭാരത് ജോഡോ യാത്രയില്‍ നടത്തിയ അശ്വമേധത്തിന്റെ ഓര്‍മ്മയില്‍ വിദേശത്ത് പോയി സുഖവാസം നടത്താം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ വക്താവ് ബാലന്‍ വിജയന്‍ സഖാവിന്റെ നവകേരള യാത്രയില്‍ ഉപയോഗിച്ച ബസ് മ്യൂസിയത്തില്‍ വെക്കാം എന്നു പറഞ്ഞ പോലെ ഭാരത് ജോഡോ യാത്രയുടെ വാഹനങ്ങളും എ. ഐ.സി.സി ആസ്ഥാനത്ത് മ്യൂസിയം വല്ലതുമുണ്ടെങ്കില്‍ അവിടെ സൂക്ഷിക്കാം. രാഹുലിന്റെ അശ്വമേധ യാത്ര കഴിഞ്ഞ് സിംഹാസനാരോഹണം പ്രവചിച്ച മാധ്യമ നിരീക്ഷകര്‍ക്ക് കോണ്‍ഗ്രസ്സില്‍ നിന്ന് വല്ല പെന്‍ഷനും കിട്ടുമെങ്കില്‍ അതുകൊണ്ടു വാര്‍ദ്ധക്യകാലം കഴിച്ചു കൂട്ടാം. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ ഭൂപീന്ദ്ര സക്‌സേന, കുമാരി സെല്‍ജയെ മലര്‍ത്തിയടിച്ചെന്ന് സമാധാനിക്കാം. സെല്‍ജക്ക് ഭൂപീന്ദ്രയുടെ മുഖ്യമന്ത്രി സ്വപ്‌നം തകര്‍ത്തതില്‍ ആശ്വസിക്കാം. എന്നാല്‍ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച കെ.സി.വേണുഗോപാല്‍ തന്റെ തൂവെള്ള ഖാദിയിലെ കാസ്റ്റിങ് കൗച്ച് കറ എവിടെ കൊണ്ടുപോയി കഴുകിക്കളയും ?
വേണുഗോപാല്‍ തന്റെ സ്വന്തക്കാരിയായ ഒരു കോണ്‍ഗ്രസ്സുകാരിക്ക് സീറ്റ് വാങ്ങിക്കൊടുത്തു എന്നും അതു കാസ്റ്റിങ് കൗച്ച് ആണെന്നും ആരോപണം ആദ്യം ഉയര്‍ന്നത് കോണ്‍ഗ്രസ്സിനകത്തു നിന്നു തന്നെയാണ്. സിമി ബോസും രണ്ടു തവണ എം.എല്‍.എയായ ശരത്ത് റത്തോഡും ആരോപണമുന്നയിച്ചു. അശോക് വാംഗഡെ എന്ന പത്രപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ചു ആരോപണമുന്നയിച്ചതോടെ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. രണ്‍ദീപ് സുര്‍ജേവാല മാത്രമാണ് കോണ്‍ഗ്രസ് ദേശീയ നേതാക്കളില്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. മറ്റാരും ഒരക്ഷരം മിണ്ടിയില്ല വോട്ടെണ്ണല്‍ ദിവസം രാവിലെ കോണ്‍ഗ്രസ് ജയിച്ചു എന്ന് കേട്ട് കെ.പി.സി.സി ആസ്ഥാനത്ത് വാണം കത്തിച്ചു ആഘോഷിച്ച കോണ്‍ഗ്രസ്സുകാര്‍ പൊട്ടിച്ച പടക്കത്തിന്റെ ശബ്ദത്തില്‍ ഈ നേതാക്കളുടെ കേള്‍വിശക്തി അടിച്ചു പോയോ എന്നറിയില്ല. കേരളത്തില്‍ കാസ്റ്റിങ് കൗച്ച് വീശിയടിച്ച് നടന്‍ സിദ്ധിഖ് നെട്ടോട്ടമോടുകയാണ്. പല സിനിമാപ്രവര്‍ത്തകരും തലയ്ക്ക് തീപിടിച്ചു നടക്കുന്നു. ചാനലുകാര്‍ ഇത് ആഘോഷിക്കുകയാണ്. കെ.സി.വേണു ഗോപാലിന്റെ കാസ്റ്റിങ് കൗച്ചിന് കേരളത്തില്‍ നല്ല ഡിമാന്റായിരിക്കുമെങ്കിലും ചാനലുകാരാണല്ലോ നമ്മള്‍ എന്തു കാണണമെന്ന് നിശ്ചയിക്കുന്നത്. എന്തായാലും വേണുഗോപാലിന്റെ ഖാദി വസ്ത്രത്തിലെ കറയും നാറ്റവും രാഹുലും കോണ്‍ഗ്രസ്സും കണ്ണടച്ചതു കൊണ്ട് ഇല്ലാതാവില്ലല്ലോ?