- കാത്തിരിപ്പ്
- കൂട് (കാത്തിരിപ്പ് 2)
- അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
- തമാറയോടൊപ്പം മാര്‍ക്കോ (കാത്തിരിപ്പ് 14)
- കഴുത്തിലെ കെട്ട് (കാത്തിരിപ്പ് 4)
- കുരങ്ങുകളി (കാത്തിരിപ്പ് 5)
- കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)
മരത്തിന്റെ നിഴലില്‍ ഒരു കടുവ നില്‍ക്കുന്നു. നിലാവും ഇരുട്ടും കൂടിക്കലര്‍ന്നു കിടക്കുന്നതിനിടയില്‍ അവന്റെ ഭാവം പെട്ടെന്നു മനസ്സിലായില്ല.
”നീ ഭയപ്പെടേണ്ട….” നിന്നിടത്തു തന്നെ നിന്ന് തമാറ പറഞ്ഞു.
”ഞാന്‍ നിന്നെ തിരഞ്ഞാണ് വന്നത്….”യ”എന്നെ തെരഞ്ഞോ?” മാര്‍ക്കോ അതിശയം കൊണ്ടു.
”അതെ… നിന്നെ തെരഞ്ഞു തന്നെ… നീ ഓര്‍ക്കുന്നുണ്ടോ? വളരെ നാളുകള്‍ക്കു മുമ്പ് ഞാന്‍ നിന്റെ അടുത്തു വന്നിരുന്നു…”
തമാറയുടെ ശബ്ദത്തിലെ സൗഹൃദം അറിഞ്ഞ് മാര്‍ക്കോ പറഞ്ഞു.
”ഞാന്‍ ഒരു കുരങ്ങാട്ടിയുടെ ഒപ്പമായിരുന്നു. അയാളുടെ അടിയും തല്ലും ചവിട്ടും കൊണ്ട് എന്റെ തലയാകെ മരവിച്ചു പോയിരിക്കുന്നു. ഇന്ന് ഏറെ നേരം തല കീഴായി കിടക്കേണ്ടി വരികയും ചെയ്തു. അതുകൊണ്ടായിരിക്കും എനിക്ക് ഒന്നും ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല.”
തമാറ പറഞ്ഞു ”എന്റെ കഴുത്തിലെ കുരുക്കൊന്നഴിക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ നിന്റെ അടുത്തു വന്നത്… പക്ഷേ അന്നതിനു കഴിഞ്ഞില്ല… അപ്പോഴേക്കും പോലീസ് വണ്ടി എത്തി.”
”നിന്റെ പേരെന്താണ്?” മാര്‍ക്കോ ചോദിച്ചു.
”തമാറ…” കടുവ പറഞ്ഞു.
”എന്നാല്‍ തീര്‍ച്ചയായും എനിക്ക് ഓര്‍മ്മയില്ല. അങ്ങനെ ഒരു കടുവ എന്റെ അടുത്ത് വന്നിട്ടില്ല. പക്ഷേ പേരൊന്നുമില്ലാത്ത ഒരു കടുവ ഒരിക്കല്‍ എന്റെ അടുത്തു വന്നത് എനിക്ക് ചെറിയൊരു ഓര്‍മ്മയുണ്ട്. പക്ഷെ എന്തിനാണു വന്നതെന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല.”
തമാറ സന്തോഷത്തോടെ പറഞ്ഞു.
”അതു ഞാനായിരുന്നു. അന്നെനിക്ക് പേരില്ലായിരുന്നു. പേര് ഇത്തവണ പിടിയിലായപ്പോള്‍ കിട്ടിയതാണ്..”
മാര്‍ക്കോ അവന്റെ കഴുത്തിലേക്കു നോക്കി.
അവന്റെ കഴുത്തില്‍ കിടക്കുന്ന കോളര്‍ കണ്ട് മാര്‍ക്കോ ചോദിച്ചു.
”അതെന്താണ്? കാട്ടിലെ കടുവകളില്‍ ഒന്നിനും ഞാനിങ്ങനെ കണ്ടിട്ടില്ലല്ലോ..?”
തമാറ പറഞ്ഞു. ”ഇതു കഴുത്തില്‍ കെട്ടിയതു മുതല്‍ ഞാന്‍ എന്തു ചെയ്യുന്നു… എങ്ങോട്ടു പോകുന്നു എന്നെല്ലാം ആരോ അറിയുന്നുണ്ട്… ഞാന്‍ ഇന്ന് ഇവിടെ വന്നത് എല്ലാവരും അറിഞ്ഞത് ഇതു കഴുത്തില്‍ കിടക്കുന്നതു കൊണ്ടാണ്…”
”നീ വരുന്നത് നാലുപേരറിഞ്ഞാല്‍ എന്താണു കുഴപ്പം?”
മാര്‍ക്കോ തന്റെ വഴിക്ക് പെട്ടെന്നൊന്നും വരില്ലെന്നറിഞ്ഞ് തമാറ പറഞ്ഞു.
”ഇതില്‍ ഒരു ക്യാമറ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നു തോന്നുന്നു…”
അതു കേട്ടതും മാര്‍ക്കോ എഴുന്നേറ്റു.
”ക്യാമറയോ…? എങ്കില്‍ ഞാനതു പൊട്ടിച്ചു തരാം.. ഇപ്പോള്‍ തന്നെ…”
മാര്‍ക്കോ തമാറയുടെ കഴുത്തിലെ കെട്ട് അഴിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ അകലെ നിന്നും വെളിച്ചം കണ്ടു. ഉച്ചഭാഷിണിയില്‍ നിന്നുള്ള ശബ്ദം മുഴങ്ങി.
”കടുവ അടുത്തെവിടെയോ ഉണ്ട്. ആരും പുറത്തിറങ്ങരുത്. കരുതിയിരിക്കുക.”
തമാറ പറഞ്ഞു. ”കഴുത്തില്‍ ഇതു കിടക്കുന്നതു കൊണ്ടാണ് ഞാന്‍ എവിടെയുണ്ടെന്ന് അവര്‍ അറിയുന്നത്.”
”തമാറാ…” മാര്‍ക്കോ പറഞ്ഞു. ”അത് പൊട്ടിച്ചു കളയാം ഇപ്പോള്‍ തന്നെ..”
”ഇപ്പോള്‍ ഇവിടെ നിന്നും കഴിയുന്നതും വേഗം മാറുകയാണു വേണ്ടത്…” പറഞ്ഞു തീര്‍ന്നതും തമാറ വളരെ വേഗത്തില്‍ പാഞ്ഞു. മാര്‍ക്കോയ്ക്ക് അത്രയും വേഗത്തില്‍ ഓടാന്‍ കഴിഞ്ഞില്ല. തൂങ്ങിക്കിടപ്പില്‍ അവന്റെ സന്ധിബന്ധങ്ങളെല്ലാം തളര്‍ന്നിരുന്നു.
”നിനക്ക് ഓടാന്‍ വയ്യെങ്കില്‍ എന്റെ പുറത്തു കയറിക്കോളൂ.” തമാറ തിരിഞ്ഞു നിന്നു.
മാര്‍ക്കോ പുറത്തു കയറിയപ്പോള്‍ തമാറ പറഞ്ഞു.
”എന്റെ കഴുത്തിലെ കുടുക്കില്‍ മുറുകെ പിടിച്ചോളൂ…”
തമാറയുടെ കഴുത്തിലെ കോളറില്‍ മാര്‍ക്കോ മുറുകെപ്പിടിച്ചിരുന്നു. തമാറ മുന്നില്‍ ഇരയെ കണ്ടതു പോലെ പാഞ്ഞു.
പുഴക്കരയിലെത്തിയപ്പോള്‍ തമാറ കിതപ്പകറ്റാന്‍ നില്‍ക്കാതെ ചോദിച്ചു.
”മാര്‍ക്കോ നിനക്ക് നീന്താനറിയാമോ?”
”ഇല്ല.” മാര്‍ക്കോ പറഞ്ഞു.
”എന്നാല്‍ മുറുകെ പിടിച്ചിരുന്നോ..” പറഞ്ഞു തീര്‍ന്നതും തമാറ പുഴയിലേക്കിറങ്ങി നീന്താന്‍ തുടങ്ങി.
”നിനക്ക് പേടി തോന്നുന്നുണ്ടോ?” തമാറ ചോദിച്ചു.
”ഇല്ല. ഒട്ടും പേടി തോന്നുന്നില്ല.” മാര്‍ക്കോ പറഞ്ഞു..” കടത്തു തോണിയില്‍ പോണതു പോലെ..”
തമാറ ചോദിച്ചു. ”നീ കുരങ്ങിന്റേയും ചീങ്കണ്ണിയുടേയും കഥ കേട്ടിട്ടുണ്ടോ…?”
മാര്‍ക്കോ പറഞ്ഞു. ”ചാടിക്കളിക്കടാ കുഞ്ഞിരാമാ ഓടിക്കളിക്കടാ കുഞ്ഞിരാമ എന്നൊരു കഥയും പാട്ടുമല്ലാതെ മറ്റൊന്നും ഞാന്‍ ഇതു വരെ കണ്ടിട്ടും കേട്ടിട്ടുമില്ല…”
തമാറ ചീങ്കണ്ണിയുടേയും കുരങ്ങിന്റേയും കഥ പറയാന്‍ തുടങ്ങി.
തമാറയുടേയും മാര്‍ക്കോയുടേയും കഥപറഞ്ഞുള്ള ആ യാത്രയാണ് പാറപ്പുറത്തിരുന്ന കുരങ്ങാട്ടിയുടെ കണ്ണില്‍ പെട്ടത്. മാര്‍ക്കോ വെള്ളത്തിനു മുകളിലൂടെ പോകുന്നതായി കുരങ്ങാട്ടിക്കു തോന്നിയത്.
പാറപ്പുറത്തുനിന്നും എടുത്തു ചാടി മുങ്ങാങ്കുഴിയിട്ട് കുരങ്ങാട്ടി വേഗത്തില്‍ നീന്തി. മെല്ലെ ജലോപരിതലത്തിലേക്കുയര്‍ന്ന് അയാള്‍ നോക്കി.
അകലെയല്ലാതെ വെള്ളത്തിനു മുകളിലൂടെ മാര്‍ക്കോ പോകുന്നു. അവനിപ്പോള്‍ വേഗം കൂടിയിട്ടുണ്ട്. അവനെങ്ങനെയാണു വെള്ളത്തിനു മുകളില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ കഴിയുന്നതെന്ന് കുരങ്ങാട്ടി നീന്തുന്നതിനിടയിലും അത്ഭുതപ്പെട്ടു. അവനെ പിടിച്ച് കുരുങ്ങുകളിയില്‍ അത് ഒരു നമ്പറാക്കാം. വെള്ളത്തിനു മുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്ന കുരങ്ങന്‍.. ആളുകള്‍ ഓടിക്കൂടാതിരിക്കില്ല. അടുത്തൊരു പുഴ വേണമെന്നേയുള്ളു.
ഒന്നു കൂടി മുങ്ങാങ്കുഴിയിട്ട് ഉയര്‍ന്നു പൊങ്ങി അയാള്‍ വാലില്‍ മുറുകെ പിടിച്ച് ആഞ്ഞു വലിച്ചു.
മാര്‍ക്കോയ്ക്ക് ഇത്ര ഭാരമോയെന്ന് കുരങ്ങാട്ടി സംശയിച്ചു. അയാളേയും കൊണ്ട് മാര്‍ക്കോ പായുകയാണ്. ഇവനിത്രയും ശക്തി എവിടെ നിന്നാണു കിട്ടിയത്?
പെട്ടെന്നു കരയെത്തി. കുരങ്ങാട്ടി വാലില്‍ സര്‍വശക്തിയുമെടുത്ത് മുറുക്കിപ്പിടിച്ചു. ഒരു ഗര്‍ജനം കേട്ട് കുരങ്ങാട്ടി കണ്ണു തുറന്നു.
അയാള്‍ ഞെട്ടിപ്പോയി. അയാളുടെ വായ അടയ്ക്കാനാകാതെ പൊളിഞ്ഞു തന്നെ നിന്നു. മീശ മുഴുവന്‍ നനഞ്ഞൊലിച്ചു.
തനിക്കുമുമ്പില്‍ വായ പൊളിച്ചു നില്‍ക്കുന്ന കടുവ.
അയാള്‍ ഞെട്ടി വിറച്ചെങ്കിലും കടുവയുടെ വാലിലെ പിടി വിടാന്‍ മറന്നു. പകരം അയാള്‍ കൂടുതല്‍ മുറുകെ പിടിക്കുകയാണു ചെയ്തത്. കടുവ വലിയ വായിലൊന്നു ഗര്‍ജിച്ചു.
കുരങ്ങാട്ടി പുറകിലേക്കു മറിഞ്ഞു വീണു.
”വേഗം…” തമാറ ധൃതി കൂട്ടി.
ഒരിടത്തൊന്നിരിക്കണം. എന്നിട്ടു വേണം ഈ കുരുക്കൊന്ന് അഴിച്ചു കളയാന്‍.
”വേഗം….” തമാറ തിരക്കു കൂട്ടി.
കടുവയോടൊപ്പം നടക്കുന്നതിനിടയില്‍ മാര്‍ക്കോ ഒന്നു തിരിഞ്ഞു നോക്കി. കുരങ്ങാട്ടി മറുകര നോക്കി നീന്തുന്നു.
മാര്‍ക്കോയ്ക്ക് സമാധാനമായി. അയാള്‍ ഒരിക്കല്‍ തിരിഞ്ഞു നോക്കി. മാര്‍ക്കോ അയാള്‍ക്കു നേരേ കൈ ഉയര്‍ത്തിക്കാണിച്ചു.
യാത്ര പറയും പോലെ.
(തുടരും)