ശരീരം ഏറെനേരം നനഞ്ഞതിന്റെ തണുപ്പില്‍ തമാറ വിറയ്ക്കുന്നുണ്ടായിരുന്നു. കഴുത്തില്‍ നിന്നും കോളര്‍ അഴിച്ചു മാറ്റാന്‍ തിരക്കുണ്ടായിരുന്നു തമാറയ്ക്ക്. അതിന് എത്രനാളായി കാത്തിരിക്കുന്നു. ഇനി ആരുടേയും കണ്ണില്‍ പെടാതെ സുഖമായി കഴിയണം.
തമാറ മാര്‍ക്കോയുടെ നേരെ തല നീട്ടി നിലം പറ്റിക്കിടന്നു.
മാര്‍ക്കോ ഏറെ നേരമെടുത്ത് ഏറെ പണിപ്പെട്ട് തമാറയുടെ കഴുത്തില്‍ നിന്നും കോളര്‍ ഊരിയെടുത്തു.
തമാറ തലയാകെ നാലഞ്ചുവട്ടം കുടഞ്ഞു. ശരീരത്തില്‍ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞു പോയതു പോലെ. തമാറയുടെ മുഖമാകെ വെളിച്ചം നിറഞ്ഞു.
കോളര്‍ ഒരു വിരലില്‍ തൂക്കി മാര്‍ക്കോ തമാറയെ നോക്കി. ഇതിനത്ര ഭാരമൊന്നുമില്ലല്ലോ?
”മാര്‍ക്കോ.. ഭാരത്തിന്റെ കാര്യമല്ല. അത് കഴുത്തില്‍ കിടക്കുമ്പോള്‍ അനുഭവപ്പെടുന്ന അസ്വാതന്ത്ര്യം. അതു പറഞ്ഞറിയിക്കാന്‍
പറ്റില്ല. അത്രയും ഭാരമുണ്ടതിന്. ആരോ നമ്മള്‍ കാണാതെ നമ്മളെ പിന്തുടരുന്നതു പോലെ… ഭൂമിയില്‍ ഏറ്റവും കനമുള്ള വാക്ക് അസ്വാതന്ത്ര്യം എന്നതാണെന്ന് തോന്നുന്നു. ഏതു ജീവിയും ഒരേ പോലെ ഭാരം അനുഭവിക്കുന്ന വാക്കാണത്.”
മാര്‍ക്കോ ചിരിച്ചു. ”തീര്‍ച്ചയായും അതങ്ങനെയായിരിക്കും.
പക്ഷേ എനിക്ക് കുരങ്ങാട്ടി എന്ന പേരും ഒരു തുണ്ടു ചങ്ങലയും അത്ര തന്നെ ഭാരമുള്ളതായിരുന്നു.”
മാര്‍ക്കോ കോളറിലേക്കു നോക്കി. അതുടനെ തല്ലിപ്പൊട്ടിച്ചു കളയണമെന്നു അവനു തോന്നി..
”അതു വേണ്ട….” തമാറ പറഞ്ഞു.
”അതവര്‍ അറിയും. അതുകൊണ്ട് അതു തല്ലിപ്പൊട്ടിക്കേണ്ട… തമാറ എവിടെയോ ഉണ്ടെന്നറിഞ്ഞ് അവര്‍ സ്വസ്ഥമായി ഇരുന്നോട്ടെ.”
മാര്‍ക്കോ കോളര്‍ തന്റെ കഴുത്തിലിട്ടു.
തമാറ പറഞ്ഞു. ”ഇനി നിന്റെ സഞ്ചാരവഴികളൊക്കെ അവരുടെ മുമ്പില്‍ തെളിയും. അതു ഞാനാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യും.”
മാര്‍ക്കോ ചോദിച്ചു. ”നിങ്ങള്‍ ഇനി നാട്ടിലിറങ്ങിയാല്‍ എന്ത് ചെയ്യാനാണു പ്ലാന്‍?”
”ഇനി എനിക്ക് നാട്ടിലിറങ്ങണമെന്നില്ല. ഞാന്‍ അവസാന മൂന്നു തവണ നാട്ടിലിറങ്ങിയത് നിന്നെ കാണാനും എന്റെയീ കുരുക്ക് അഴിക്കാനുമായിരുന്നല്ലോ…? അതിനു മുമ്പ് ഒന്നോ രണ്ടോ തവണ ഇര തേടിയും..”
”എന്നാല്‍..” മാര്‍ക്കോ ഇടയ്ക്കു കയറി ചോദിച്ചു. ”അതിനു മുമ്പ് നമുക്കൊരു കളി കളിച്ചാലോ? ഒരു കുരങ്ങുകളി. അല്ലെങ്കില്‍ ഒരു കടുവാക്കളി… വെറുതെ.. ഒരു തമാശ. നാട്ടിലൂടെ രസകരമായ ഒരു അവസാന യാത്ര.
അതെന്തെന്ന് തമാറ മാര്‍ക്കോയെ നോക്കി.
മാര്‍ക്കോ പറഞ്ഞു. ”നേരം ഒന്നിരുട്ടട്ടെ… അപ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ ആലോചിക്കാം..”
”ദൈവമേ…” തമാറ പെട്ടെന്ന് ചോദിച്ചു. ”നീ ഇനി എന്റെ പുറത്ത് പിടിച്ചിരിക്കുന്നതെങ്ങനെയാണ്?”
”അതു സാരമില്ല.. എനിക്ക് മരം ചാടി സഞ്ചരിക്കണം. അതു മതി. നീ മണ്ണിലൂടെയും..”
തമാറ ദീര്‍ഘ നിശ്വാസം ചെയ്തു ”സ്വതന്ത്രമായി കാട്ടിലൂടെ ഒന്നു നടന്നിട്ടെത്ര കാലമായി…”
ശരിയാണ്. മാര്‍ക്കോയും പറഞ്ഞു. നമുക്ക് കുറച്ചു നേരം കാട്ടിലൂടെ നടക്കാം.
മല കയറി കാട്ടിലേക്കു നടക്കുമ്പോള്‍ തമാറ ചോദിച്ചു. ”ഇപ്പോള്‍ പോലീസ് എന്തായിരിക്കും വിളിച്ചു പറയുന്നത് എന്നു പറയാമോ?”
മാര്‍ക്കോ ചിരിച്ചു. ”പ്രിയപ്പെട്ട നാട്ടുകാരേ… കടുവ കാടു കയറിയിരിക്കുന്നു. ഇനി ആരും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും ഏതു നേരത്തും പുറത്തിറങ്ങാം.”
പിറ്റേന്ന് നേരം സന്ധ്യകഴിഞ്ഞപ്പോള്‍ മാര്‍ക്കോ പറഞ്ഞു. നമ്മള്‍ കളി ആരംഭിക്കുന്നു. ഒന്നാം ദിവസം കടുവാക്കളി. രണ്ടാം ദിവസം കുരങ്ങു കളി.
അന്ന് രാത്രി ഗ്രാമം ഉറങ്ങിയില്ല. ആരും ഒരു പോള കണ്ണടച്ചില്ല. നാടൊട്ടുക്ക് ബഹളമായിരുന്നു. വീടിനു ചുറ്റിലൂടെയും പറമ്പിലൂടേയും ഒരു ജീവി പരക്കം പായുന്നു. വീട്ടിലെ നായ്ക്കളെല്ലാം പരക്കം പാഞ്ഞു. ചിലവ ഭയപ്പെട്ട് വീട്ടിനുള്ളിലേക്ക് നുഴഞ്ഞു കയറി. തൊഴുത്തില്‍ കെട്ടിയിട്ട കാലികള്‍ മരണഭയത്താല്‍ കയറു പൊട്ടിച്ച് പുറത്തേക്കിറങ്ങി ആകാവുന്ന വേഗത്തില്‍ പാഞ്ഞു.
അന്ന് നല്ല നിലാവുള്ള ദിവസമായിരുന്നു.
ബഹളം കേട്ട് വാതില്‍ തുറന്നു പുറത്തേക്കു നോക്കിയവര്‍ പെട്ടെന്നു തന്നെ വാതില്‍ കൊട്ടിയടച്ചു. ജനാല തുറന്നു നോക്കിയവര്‍ ഒരു കടുവ ചീറിപ്പാഞ്ഞു പോകുന്നതു കണ്ടു. അതു കടുവയെന്നു തോന്നുന്നുവെന്നേ ചിലര്‍ പറഞ്ഞുള്ളു. അത്രയും വേഗത്തിലാണ് അതു പാഞ്ഞത്.
(തുടരും)