കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഫണ്ട് വെട്ടിപ്പ് നടത്താത്ത ജില്ല ഏതാണെന്ന ചോദ്യം പി.എസ്.സി പരീക്ഷയില്‍ വന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ കുഴങ്ങിയതു തന്നെ. അങ്ങനെയൊരു ജില്ല അവര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ പാര്‍ട്ടിയുടെ ഫണ്ട് വെട്ടിപ്പിന്റെ കഥയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് വെട്ടിപ്പ്, പി.ബിജു എന്ന മരണപ്പെട്ട സഖാവിന്റെ ഓര്‍മ്മയ്ക്ക് റെഡ് കെയര്‍ സെന്ററും ആംബുലന്‍സ് സര്‍വ്വീസും ആരംഭിക്കാന്‍ പിരിച്ച ഫണ്ടിന്റെ വെട്ടിപ്പ് തുടങ്ങി തിരുവനന്തപുരത്തു നിന്നും വെട്ടിപ്പിന്റെ ചെങ്കൊടി പ്രയാണം ആരംഭിച്ചാല്‍ എല്ലാ ജില്ലകളിലും സ്വീകരണം ഏറ്റുവാങ്ങി പയ്യന്നൂരില്‍ ജാഥ അവസാനിപ്പിക്കാം. എറണാകുളത്തെത്തുമ്പോള്‍ പാലക്കാട്ടു ഭാഗത്തേക്ക് തിരിഞ്ഞ് എസ്ഡിപിഐക്കാര്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ സ്മരണക്ക് ഒരു ചുവന്ന സാല്യൂട്ട് അടിക്കണം. കരുവന്നൂര്‍ ബാങ്കിലെ ഫണ്ട് വെട്ടിപ്പിന് ജില്ലാസെക്രട്ടറിക്ക് ഒരു രക്തഹാരം കൊടുക്കാന്‍ മറക്കരുത്. ഏറ്റവും ഒടുവില്‍ വയനാട്ടിലെ പ്രകൃതിക്ഷോഭ ഫണ്ടിലും പാര്‍ട്ടിക്കാര്‍ കയ്യിട്ടുവാരാന്‍ തുടങ്ങി എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ കാണുന്നത്.
പൊതുഫണ്ട്, ദുരിതാശ്വാസ ഫണ്ട്, രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങി ഏതു ഫണ്ടും പാര്‍ട്ടിക്കാര്‍ വെട്ടിക്കും. ബൂര്‍ഷ്വാ ജനാധിപത്യ വ്യാമോഹങ്ങളില്‍ കുടുങ്ങി കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ നിന്ന് വഴി പിഴക്കാന്‍ സഖാക്കളെ കിട്ടില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വര്‍ഗ്ഗസംഘട്ടനത്തില്‍ വിശ്വസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഏതു ഫണ്ടിന്റെ കാര്യം പറഞ്ഞാലും കയ്യയച്ചു സഹായിക്കുന്ന കഴുത എന്ന ചെല്ലപ്പേരുള്ള പൊതുജനം ഉള്ളവന്‍ ആയതു കൊണ്ടാണല്ലോ പണം തരുന്നത്. പാവപ്പെട്ടവന്റെ കക്ഷിയാണ് സി.പി.എം എന്നത് ആര്‍ക്കും അറിയാവുന്ന വസ്തുത. ഉള്ളവന്റെ കാശ് ഇല്ലാത്തവന് കൊടുക്കുന്നത് കമ്മ്യൂണിസ്റ്റ് രീതി. അതിനെ ഫണ്ട് വെട്ടിപ്പ് എന്ന് കളിയാക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് രീതിശാസ്ത്രമോ സൗന്ദര്യശാസ്ത്രമോ അറിയില്ല. ഗോവിന്ദന്‍ സഖാവും വിജയന്‍ സഖാവും മറ്റും ഈ രീതിശാസ്ത്രം എല്‍.സി. തലത്തില്‍ സഖാക്കളെ പഠിപ്പിച്ചിട്ടുള്ളതുകൊണ്ട് സംസ്ഥാനവ്യാപകമായി അതു നടപ്പാക്കാന്‍ സാധിച്ചു എന്നതു പാര്‍ട്ടിയുടെ നേട്ടം തന്നെ. ലാല്‍സലാം സഖാക്കളെ!