- ഭാരത സംസ്‌കാരവും മതവിശ്വാസവും (വഴി വെളിച്ചം 1)
- പരമവൈഭവത്തിന്റെ പൊരുള്‍ (വഴി വെളിച്ചം 2)
- ഭാരതം ഹിന്ദുരാഷ്ട്രമാണ്; ഇനി ആക്കേണ്ട ഒന്നല്ല
- കായികപരിശീലനത്തിന്റെ പ്രാധാന്യം (വഴി വെളിച്ചം 4)
- രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പ്രസക്തി ( വഴി വെളിച്ചം 5)
- കൗടുംബിക സംഘടന( വഴി വെളിച്ചം 6)
- സംഘത്തിന്റെ നിരപരാധിത്വം (വഴി വെളിച്ചം 7)
ആര്‍.എസ്.എസ്.ശാഖകളില്‍ ശാരീരിക അഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്നുണ്ടല്ലോ. ഇത് അക്രമത്തിന് പ്രേരണപകരില്ലേ? ഒരു ബഹുസ്വര സമൂഹത്തില്‍ ഇത്തരം കായിക പരിശീലനങ്ങള്‍ മത ന്യൂനപക്ഷങ്ങളില്‍ ഭയം സൃഷ്ടിക്കില്ലേ? -സി.രമേശ്കുമാര്‍ കാഞ്ഞങ്ങാട്
നമ്മുടെ വിദ്യാലയങ്ങളില്‍ കോടിക്കണക്കിനു വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ട്രെയിനിംഗ് (ജഠ) കൊടുക്കുന്നുണ്ട്. അതില്‍ത്തന്നെ താല്‍പ്പര്യമുള്ളവര്‍ക്ക് തൈക്കോണ്ടോ, യോഗ ഒക്കെയുണ്ട്. വാസ്തവത്തില്‍ കായികപരിശീലനം ലഭിച്ചവര്‍ അക്രമികളാവുകയാണോ അച്ചടക്കമുള്ളവരാവുകയാണോ ചെയ്യുന്നത്? അക്രമികളാകുന്നുവെങ്കില്‍ നമ്മുടെ നാട്ടിലെ കളരി, കരാട്ടേ, കുങ്ഫു, റൈഫിള്‍ പരിശീലനം ഒക്കെ നിരോധിക്കണ്ടേ? നാം മനസ്സിലാക്കേണ്ട കാര്യം, കായികപരിശീലനം ലഭിക്കുന്നതുകൊണ്ട് ആരും അക്രമികളാകുന്നില്ല. മറിച്ച്, അക്രമികള്‍ കായികപരിശീലനം നേടുന്നത് കൂടുതല്‍ അപകടകരവുമാണ്.
കായികപരിശീലനം അച്ചടക്കത്തിനും ആരോഗ്യമുള്ള ശരീരത്തിനും ആവശ്യമാണ്. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാന്‍, കഷ്ടപ്പാടുകള്‍ സഹിക്കാന്‍, കൂടുതല്‍ സമയം പ്രയത്‌നിക്കാന്‍, പ്രവര്‍ത്തിക്കാന്‍ ഒക്കെ കായികക്ഷമത അനിവാര്യമാണ്. നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായി നൂറുകണക്കിന് കളരികള്‍ ഉണ്ടായിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബാല്യത്തില്‍ത്തന്നെ അതില്‍ പരിശീലനം നേടുമായിരുന്നു. അതുമൂലം അവര്‍ വാളും വടിയുമായി നാട്ടില്‍ അക്രമവും അരാജകത്വവും അഴിച്ചുവിടുകയായിരുന്നോ ചെയ്തത്? എത്ര വിചിത്രമാണ് ആ വാദം!
ഓരോ കുട്ടിയ്ക്കും ബാല്യത്തില്‍ത്തന്നെ അത്തരം പരിശീലനം നല്‍കി കായികക്ഷമതയും അച്ചടക്കവും ലഭ്യമാക്കുകയാണ് വേണ്ടത്. ആ ഒരു ഉദ്ദേശ്യത്തിലാണ് സംഘം ശാഖകളില്‍ കായികപരിശീലനം നല്‍കുന്നത്. ദുരന്തമുഖങ്ങളിലും യുദ്ധവേളകളിലും സേവന പ്രവര്‍ത്തനങ്ങളിലും ഒന്നുപോലെ മുഴുകാന്‍ സംഘപ്രവര്‍ത്തകരെ പ്രാപ്തമാക്കിയത് ഇത്തരം പരിശീലനങ്ങളാണ്. ശാരീരിക പരിശീലനം വെറും കായികഫലം മാത്രമല്ല സൃഷ്ടിക്കുന്നത്. ശരിയായി പരിശീലിച്ചാല്‍ ഇതിലൂടെ മാനസികമായ ശ്രദ്ധയും ബുദ്ധിപരമായ തീക്ഷ്ണതയും ആത്മീയമായ ഉണര്‍വ്വും നേടാന്‍ കഴിയും. അതുകൊണ്ടാണ് ഗീത പഠിക്കുന്നതിനുമുമ്പ് ഫുട്‌ബോള്‍ കളിച്ചിട്ടുവരാന്‍ സ്വാമി വിവേകാനന്ദന്‍ യുവാക്കളോട് പറഞ്ഞത്.
ഇവിടെ ന്യൂനപക്ഷത്തിന് ഭയമുണ്ടാകും എന്ന പ്രശ്‌നം അസ്ഥാനത്താണ്. ആ ഭയം ശരിയാണെങ്കില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കേണ്ടത് ആര്‍.എസ്.എസ്സിനു ശക്തിയുള്ള സ്ഥലങ്ങളിലായിരുന്നുവല്ലോ. അങ്ങനെ എവിടെയും ചൂണ്ടിക്കാണിക്കാനില്ലതന്നെ. എന്നുമാത്രമല്ല സംഘം പ്രബലമായിരിക്കുന്നിടത്താണ് കാര്യമായി അക്രമങ്ങളൊന്നും നടക്കാത്തത്. ഈ ആരോപണത്തിന്റെ മുനയൊടിക്കുന്ന ചുണ്ടുപലകയാണ് അത്തരം സ്ഥലങ്ങള്‍!
മാത്രമല്ല, ജനാധിപത്യവും ബഹുസ്വരതയുമൊക്കെ ഇന്നത്തെ നിലയ്ക്ക് ഹിന്ദു സംസ്‌കാരത്തിന്റെ മാത്രം സവിശേഷതയാണെന്നു കാണാം. വേറെ ഏതെങ്കിലും ജനതയില്‍ ഇതു കാണിച്ചു തരാമോ? തങ്ങള്‍ അംഗീകരിക്കാത്ത കാര്യത്തെ വച്ചുപൊറുപ്പിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം ഏതാണ്? തങ്ങളുടേതല്ലാത്ത ഒരു മതസമ്പ്രദായത്തെ അംഗീകരിക്കുന്നതു പോയിട്ട് സഹിക്കാന്‍ എങ്കിലും തയ്യാറാകുന്ന ഏതു മതഗ്രന്ഥമാണ് നിലവിലുള്ളത്? ബഹുസ്വരതയെന്നത് വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും വാഗ്ദാനമാണ്. അതിനെ പിന്‍പറ്റി ജീവിച്ചുപോന്ന ഒരു ജനതയുടെ – ഹിന്ദുക്കളുടെ – സംഭാവനയാണ് ബഹുസ്വരതയും ജനാധിപത്യവും. അതാണ് ലോകത്തിനുള്ള ഭാരതത്തിന്റെ സംഭാവനയും!