- ഭാരത സംസ്‌കാരവും മതവിശ്വാസവും (വഴി വെളിച്ചം 1)
- പരമവൈഭവത്തിന്റെ പൊരുള്‍ (വഴി വെളിച്ചം 2)
- ഭാരതം ഹിന്ദുരാഷ്ട്രമാണ്; ഇനി ആക്കേണ്ട ഒന്നല്ല
- കായികപരിശീലനത്തിന്റെ പ്രാധാന്യം (വഴി വെളിച്ചം 4)
രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദിയിലേക്കെത്തുമ്പോള്‍ രാഷ്ട്രം പരമവൈഭവ പഥത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഘം ഇന്നും മുഖ്യ ചര്‍ച്ചാവിഷയമായി തുടരുന്നു. സംഘം മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രവും സിദ്ധാന്തങ്ങളും എല്ലാ കാലത്തും സംഘ വിമര്‍ശകരുടെ നിശിത ശരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സംഘ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും വിമര്‍ശകര്‍ക്കും സംഘ സംബന്ധിയായ നിരവധി സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം പകരുന്ന ‘വഴി വെളിച്ചം’ എന്ന പംക്തി ആരംഭിക്കുന്നു.
മതവും സംസ്‌കാരവും രണ്ടാണെന്ന നിലപാടാണല്ലോ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റേത്. മതവിശ്വാസിയായി തുടര്‍ന്നുകൊണ്ട് ഒരു മുസല്‍മാന് ഭാരതീയ സംസ്‌കാരത്തെ പിന്തുടരാന്‍ സാധിക്കുമോ?
കെ. വാസുദേവന്‍,കൊല്ലം
മതവും സംസ്‌കാരവും ഒന്നല്ല എന്നത് സുവ്യക്തമായ കാര്യമാണ്. മതം ഒരു വ്യക്തിയോ അല്ലെങ്കില്‍വ്യക്തിയുടെ പേരിലോ തുടങ്ങുന്നതാണ്. ബുദ്ധമതം ശ്രീബുദ്ധന്‍ തുടങ്ങിയതാണ്. ജൈനമതം ജിനദേവന്റേതാണ്. ക്രൈസ്തവമതം ക്രിസ്തു തുടങ്ങിയതല്ലെങ്കിലും ക്രിസ്തുവിന്റെ പേരില്‍ തുടങ്ങിയതാണ്. ഇസ്ലാംമതം തുടങ്ങിയത് മുഹമ്മദ് നബിയാണ്. ശൈവമതം ശിവന്റെ പേരിലുള്ളതാണ്. വൈഷ്ണവമതം വിഷ്ണുവിന്റെ നാമത്തിലാണ്. സിഖ് മതം ഗുരുനാനാക്ക് തുടങ്ങിയതാണ്. മനുഷ്യനായിട്ടു തുടങ്ങിയതല്ലെന്നുള്ള ഒരു മതവും ലോകത്തില്ല. എന്നാല്‍ സംസ്‌കാരം തുടങ്ങിയത് ആരാണ്?
നമ്മള്‍ നെല്‍വയലുകള്‍ കണ്ടിട്ടുണ്ട്. അത് വിളഞ്ഞ്, നിറഞ്ഞു നില്‍ക്കുമ്പോള്‍ നാട്ടുകാര്‍ നടക്കുന്നത് ചതുരവടിവിലുള്ള വരമ്പത്തുകൂടിയാണ്. എന്നാല്‍ കൊയ്ത്തു കഴിഞ്ഞ്, കറ്റയും വൈക്കോലും മാറ്റി, കുറച്ചു ദിവസം കഴിയുമ്പോള്‍ പാടത്തിനു കുറുകെ ഒരു നടപ്പാത കാണാം! അതാരുണ്ടാക്കിയതാണ്? അറിയില്ല! എന്നാല്‍ ആദ്യം ആരോ ഒരാള്‍ നടന്നു. പിന്നീട് ഒരാള്‍, പിന്നെയൊരാള്‍! അങ്ങനെ പലര്‍ നടന്നപ്പോള്‍ അതൊരു നടവഴിയായി മാറി.
കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും സായിപ്പന്മാരുടെ ആവശ്യപ്രകാരം ഒരു വനവാസിമൂപ്പന്‍ കാടും മലയും താണ്ടി വൈത്തിരിയിലെത്തി. കൂടെ കുറേ പട്ടാളക്കാരും. പുതുതായി കണ്ടെത്തിയ ആ മാര്‍ഗ്ഗത്തിലൂടെ പിന്നീട് പലര്‍ നടന്ന് അതൊരു കാട്ടുപാതയായി മാറി. കാലം പോകെ അതൊരു നാട്ടുപാതയായി വികസിച്ചു. ക്രമേണ അത് ഗ്രാമപാതയായും പെരുവഴിയായും വളര്‍ന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് അതൊരു രാജപാതയായി പരിണമിച്ചു. ഇതുപോലെയാണ് സംസ്‌കാരവും. അത് ഏതെങ്കിലും ഒരാളിന്റെ സൃഷ്ടിയല്ല. അത് കൂട്ടായ, നിരന്തരമായ തുടര്‍ച്ചകളിലൂടെ സൃഷ്ടിക്കപ്പെട്ടതാണ്. ലോകത്തില്‍ എല്ലായിടത്തും സംസ്‌കാരം രൂപപ്പെട്ടത് ഇങ്ങനെതന്നെ.
സംസ്‌കാരം എന്നത് ഒരു പ്രദേശത്ത് മനുഷ്യന്‍ സമൂഹമായി ദീര്‍ഘകാലം ജീവിച്ച്, ആ ജീവിതാനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ചിട്ടകളും മൂല്യങ്ങളും കൂടിച്ചേരുന്നതാണ്. കൂട്ടമായി ജീവിക്കുന്നതിന് ഗുണം ചെയ്യുന്ന ചില സങ്കല്‍പ്പങ്ങള്‍, ആദര്‍ശങ്ങള്‍, ആശയങ്ങള്‍ ഒക്കെയാണ് സംസ്‌കാരത്തിന് അടിത്തറയാകുന്നത്. അവയെയാണ് സാംസ്‌കാരിക മൂല്യങ്ങള്‍ എന്നു പറയുന്നത്. കാലം ഏറുംതോറും പുതിയ പുതിയ ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പുതിയ മൂല്യങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടും. അങ്ങനെ സഹസ്രാബ്ദങ്ങളുടെ ജീവിതാനുഭവങ്ങളില്‍നിന്നും ഉരുവംകൊണ്ടതാണ് നാം ഇന്നു കാണുന്ന ഭാരതസംസ്‌കാരം.
ഈ ജീവിതപ്രവാഹത്തിന്നിടയില്‍ ഉരുത്തിരിഞ്ഞുവന്ന പ്രപഞ്ചദര്‍ശനം ഈ സംസ്‌കാരത്തിന് മിഴിവും കരുത്തും പകര്‍ന്നു. ആദ്യകാലത്ത് ഋഷിമാരാല്‍ അവതരിപ്പിക്കപ്പെട്ടതുകൊണ്ട് അതിന് ആര്‍ഷസംസ്‌കാരം എന്ന പേരുവന്നു. അവര്‍ അവതരിപ്പിച്ച പ്രപഞ്ചവീക്ഷണം എല്ലാക്കാലത്തും പ്രസക്തമായതുകൊണ്ട് സനാതനധര്‍മ്മം എന്ന പേരുണ്ടായി. ഭരതന്‍ എന്ന ഭരണാധികാരിയുടെ പ്രസിദ്ധികൊണ്ട് ഭാരതസംസ്‌കാരം എന്നായി പിന്നീടുള്ള വിളി (വെളിച്ചത്തെ അഥവാ അറിവിനെ ഉപാസിക്കുന്നവര്‍ എന്നൊരര്‍ത്ഥവും ഭാരതത്തിനുണ്ട്). മറ്റു ഭൂപ്രദേശങ്ങളില്‍നിന്നും പുതിയ ജനവിഭാഗം ഇവിടേയ്ക്കു കടന്നുവന്നപ്പോള്‍ അവര്‍ ഇവിടുത്തെ ജനങ്ങളെ ഹിന്ദുക്കള്‍ എന്നു വിളിച്ചു. അപ്പോള്‍ സംസ്‌കാരത്തിന്റെ പേര് ഹിന്ദു സംസ്‌കാരമെന്നായി. ഈ പേരുകളുടെ ധ്വനിയും ഉള്‍ക്കരുത്തും അതിശക്തമെന്നു തിരിച്ചറിഞ്ഞ ആധുനിക അധിനിവേശക്കാരായ യുറോപ്യന്മാര്‍ അതിന്റെ സ്മരണയെ ലഘൂകരിക്കാന്‍ ഇന്ത്യന്‍ സംസ്‌കാരമെന്നു വിളിച്ചു. മുമ്പു പറഞ്ഞ വാക്കുകളൊന്നും അവരുടെ നാക്കിന് വഴങ്ങാത്തതുകൊണ്ടല്ല.
ഏതായാലും ദീര്‍ഘകാല ചരിത്രമുള്ള ഏതൊരു ജനതയ്ക്കും വ്യത്യസ്ത പേരുകളും വിശേഷണങ്ങളും വന്നുചേരാം. പേര് ഏതു പറഞ്ഞാലും ഈ സാംസ്‌കാരിക പാരമ്പര്യം ഈ നാട്ടിലെ ജനതയുടേതാണ്. അഥവാ ഞാന്‍ ഈ ജനതയുടെ ഭാഗം എന്നു കരുതുന്ന ഏതൊരാളിന്റേതുമാണ്. അയാള്‍ മതവിശ്വാസിയാണെങ്കിലും അല്ലെങ്കിലും; അയാളുടെ രാഷ്ട്രീയം എങ്ങനെയുള്ളതാണെങ്കിലും; അയാളുടെ ഭാഷ ഏതാണെങ്കിലും; അയാളുടെ പ്രദേശം എവിടെയാണെങ്കിലും. ഇവയൊന്നും അയാളുടെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരോ, അതിനെ തള്ളിപ്പറയുന്നതോ ആകരുതെന്നു മാത്രം!
ഭാരതീയ സംസ്‌കാരത്തില്‍ മതമുളളവരും ഇല്ലാത്തവരും ഉണ്ട്. ഏകദൈവവിശ്വാസികളും ബഹുദൈവവിശ്വാസികളുമുണ്ട്. അതിനുമപ്പുറം അദ്വൈതികളുണ്ട്. (അദ്വൈതവും ഏകദൈവവിശ്വാസവും ഒന്നല്ല), ഒരു പ്രത്യേക ദൈവസങ്കല്‍പ്പവും അംഗീകരിക്കാത്തവരുണ്ട്. ഭൗതികവാദികളുമുണ്ട്. എല്ലാ തരത്തിലും പെട്ടവര്‍ ഉണ്ടെന്നിരിക്കെ ഏകദൈവവിശ്വാസിയായ മുസല്‍മാന് എങ്ങനെ ഇത് സ്വീകരിക്കാന്‍ പറ്റാതാവും?
മതത്തിന് അതീതമായി സംസ്‌കാരത്തെയും അതില്‍നിന്ന് ഉരുത്തിരിഞ്ഞ ദേശീയതയെയും കാണാന്‍ കഴിയുന്ന ഏതൊരു മതവിശ്വാസിക്കും ഭാരതീയസംസ്‌കാരത്തില്‍ സ്ഥാനമുണ്ട്. അത്തരക്കാര്‍ക്ക് ഇതുള്‍ക്കൊള്ളാന്‍ പ്രയാസവുമുണ്ടാകില്ല.
വിശ്വാസത്തെ മതത്തില്‍ ഒതുക്കി നിര്‍ത്തുകയും സംസ്‌കാരത്തെ ഇന്നും പിന്തുടരുകയും ചെയ്യുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്തോനേഷ്യ. അവര്‍ക്ക് രാമനും കൃഷ്ണനും ഗണപതിയുമൊക്കെ മതത്തിന്റെ ബിംബങ്ങളല്ല, പ്രത്യുത സംസ്‌കാരത്തിന്റെ പ്രതീകങ്ങളാണ്. രാമായണവും ഭഗവദ്ഗീതയും അവരെ സംബന്ധിച്ചിടത്തോളം മതഗ്രന്ഥങ്ങളല്ല. മറിച്ച്, ജ്ഞാനത്തിന്റെയും ജീവിതദര്‍ശനത്തിന്റെയും കൈപ്പുസ്തകങ്ങളാണ്. ഇസ്ലാം അവരെ സംബന്ധിച്ച് മതം മാത്രമാണ്.
സംസ്‌കാരത്തെയും ദേശീയതയെയും തള്ളിപ്പറഞ്ഞുകൊണ്ട്, അതിന് അതീതമായി മതത്തെയോ പ്രത്യയശാസ്ത്രത്തെ പ്രതിഷ്ഠിക്കുന്നവര്‍ക്കാണ് സംസ്‌കാരം സ്വീകാര്യമല്ലാതാവുന്നത്. അങ്ങനെയുള്ളവരാണ് ദേശീയതയുടെ അഥവാ രാഷ്ട്രത്തിന്റെ ശത്രുക്കളായി നിലകൊള്ളുക (ദേശീയത എന്നത് കോളനിവാഴ്ചയില്‍നിന്നു സ്വാതന്ത്ര്യം നേടിയ ആധുനിക രാജ്യങ്ങളുടെ കണക്കിലല്ല. തുടക്കത്തില്‍ പറഞ്ഞതുപോലെ, നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആയി ഒന്നിച്ചു ജീവിച്ച്, ഒരൊറ്റ ജനത എന്ന അനുഭൂതിയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതിനെയാണ്).
അതിനാല്‍ മുസല്‍മാന് മാത്രമല്ല ഏതു തരത്തില്‍ പെട്ട വിശ്വാസമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഭാരതസംസ്‌കാരത്തെയും ദേശീയതയെയും ഉള്‍ക്കൊള്ളാനും പിന്തുടരാനും പറ്റും. നമ്മുടെ പ്രിയപ്പെട്ട നേതാക്കളായിരുന്ന എ.പി.ജെ.അബ്ദുള്‍ കലാമും എം.സി.ഛഗ്ലയും അശ്ഫാക്കുള്ള ഖാനും അടക്കമുള്ള അനേകരുടെ ജീവിതം മാതൃകകളായി നമ്മുടെ മുമ്പിലുള്ളപ്പോള്‍ ഈ സംശയത്തിന് പ്രസക്തിയില്ലതന്നെ!