- ഭാരത സംസ്‌കാരവും മതവിശ്വാസവും (വഴി വെളിച്ചം 1)
- പരമവൈഭവത്തിന്റെ പൊരുള്‍ (വഴി വെളിച്ചം 2)
- ഭാരതം ഹിന്ദുരാഷ്ട്രമാണ്; ഇനി ആക്കേണ്ട ഒന്നല്ല
- കായികപരിശീലനത്തിന്റെ പ്രാധാന്യം (വഴി വെളിച്ചം 4)
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം എന്താണ്?
പി.കെ. ശിവശങ്കരന്‍
കോട്ടയം
രാഷ്ട്രത്തിന്റെ പരമവൈഭവമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യം. പരമവൈഭവത്തെ അളക്കാന്‍ എളുപ്പമല്ല. എങ്കിലും അതിനെ നിര്‍വ്വചിക്കാന്‍ പറ്റും. വൈഭവം എന്നാല്‍ സമ്പത്ത്, ശക്തി, മാഹാത്മ്യം എന്നൊക്കെയാണ് അര്‍ത്ഥം! ഇവയുടെ ഒക്കെ പരമമായ അഥവാ ഉന്നതമായ അവസ്ഥ. സമ്പത്ത് എന്നു കണക്കാക്കുന്നത് ആഹാരവും വസ്ത്രവും പാര്‍പ്പിടവും മാത്രമല്ല. അവ മൂന്നും പരമമായ നേട്ടമല്ലല്ലോ, പ്രാഥമികമായ ആവശ്യമല്ലേ. അപ്പോള്‍ പിന്നെ അതിലുപരിയായുള്ള ആവശ്യങ്ങള്‍ എന്തൊക്കെയാണ്?
ആഹാരസമൃദ്ധി മനുഷ്യര്‍ക്കു മാത്രമല്ല ആവശ്യം. മറ്റു ജീവജാലങ്ങള്‍ക്കും ആവശ്യമായതൊക്കെ വേണം. കാരണം അവകൂടി സമൃദ്ധിയോടെ ജീവിച്ചാലേ മനുഷ്യനു സുഖവും സ്വാസ്ഥ്യവും കിട്ടൂ. അങ്ങനെ സംഭവിക്കണമെങ്കില്‍ മനുഷ്യന്റെ സുഖം മാത്രം കാംക്ഷിക്കുന്ന ഇന്നത്തെ ജീവിതവീക്ഷണം മാറണം. മനുഷ്യന്‍ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണെന്നും അനേകായിരം ജീവജാലങ്ങളില്‍ ഒന്നു മാത്രമാണെന്നും തിരിച്ചറിയണം. മനുഷ്യനു സുഖമായി ജീവിക്കാനുള്ള അര്‍ഹതപോലെ മറ്റെല്ലാ ജീവജാലങ്ങളുടെയും അവകാശവും സംരക്ഷിക്കപ്പെടണം. അതെങ്ങനെ സാധ്യമാവും?
വിദ്യാഭ്യാസ സമ്പ്രദായവും ലക്ഷ്യവും മാറുക എന്നതാണ് അടിസ്ഥാന കാര്യം. മേല്‍പ്പറഞ്ഞ ജീവിതവീക്ഷണം നല്‍കാന്‍ കഴിയുന്ന വിദ്യാഭ്യാസം നല്‍കണം. അതിലൂടെ ഞാന്‍ എന്ന വ്യക്തിയുടെ ജീവിതം മാത്രമായി സാധ്യമല്ലെന്നും എന്റെ സുഖം മാത്രം ഞാന്‍ നോക്കിയാല്‍ മതിയെന്നുള്ള മൃഗതുല്യജീവിതം പോരെന്നും തിരിച്ചറിയണം. കാരണം, പ്രകൃതിയുടെ സന്തുലനം തെറ്റിക്കാന്‍ കഴിയുന്നത് മനുഷ്യനു മാത്രമാണ്. അതുകൊണ്ട് അതു നിലനിര്‍ത്താനുള്ള ഉത്തരവാദിത്തവും മനുഷ്യന്റെ ചുമതലയാണ്. ഈ ചുമതലാബോധം വിദ്യാഭ്യാസത്തിലൂടെ കിട്ടുന്ന വ്യക്തി താന്‍ എന്ന സ്വാര്‍ത്ഥവ്യക്തിയില്‍നിന്നുയര്‍ന്ന് കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മ തന്റെ മേന്മയായി കണക്കാക്കുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യും. രാഷ്ട്രനന്മ ലക്ഷ്യമാക്കുന്ന വ്യക്തി ലോകക്ഷേമവും ഉറപ്പുവരുത്തും. കാരണം, ഒരു രാഷ്ട്രത്തിനു മാത്രമായി നിലനില്‍പ്പില്ലല്ലോ. അപ്പോള്‍ ഒരു ശരിയായ രാഷ്ട്രഭക്തന്‍ വിശ്വപൗരനായി ഉയരുകതന്നെ ചെയ്യും.
സ്വാര്‍ത്ഥവ്യക്തി രാഷ്ട്രപുരുഷനായി വികസിക്കുമ്പോള്‍ ആ നാടിന്റെ എല്ലാ ജീവിതമേഖലയിലും വളര്‍ച്ചയും പുരോഗതിയും എത്തിക്കാന്‍ ശ്രമിക്കും. അതിനുവേണ്ടി പ്രയത്‌നിക്കും. വിദ്യാഭ്യാസത്തിലൂടെ ഓരോ വ്യക്തിയും തന്റെ നാടിന്റെ ചരിത്രവും പാരമ്പര്യവും തിരിച്ചറിയും. അതിലൂടെ അവന്‍ സ്വന്തം നാടിനോട് കൂറും ഭക്തിയും ഉള്ളവരായി മാറും. നാടിന്റെ നന്മയാണ് തന്റെ നിലനില്‍പ്പിന് കാരണം എന്ന ബോധ്യം ഉണ്ടാവും.
വിദ്യാഭ്യാസം കിട്ടുന്ന ഓരോ വ്യക്തിക്കും തൊഴില്‍ ആവശ്യമാണ്. അതിന് കൃഷിയും വ്യവസായവും സാങ്കേതികവിദ്യയും എല്ലാം പുരോഗമിക്കണം. ഓരോ മേഖലയിലും ശരിയായ വളര്‍ച്ച സാധ്യമാകണമെങ്കില്‍ ‘ഞാന്‍, എന്റെ സുഖം’ എന്നു മാത്രം ചിന്തിക്കുന്നവരെക്കൊണ്ടു നടക്കില്ല. അപ്പോള്‍ സാമൂഹ്യബോധവും പൗരബോധവും ഉണരേണ്ടി വരും. അപ്പോഴാണ് ശരിയായ പൗരന്‍ ഉണ്ടായി വരുക. അതും വിദ്യാഭ്യാസത്തിലൂടെയും കൂട്ടായ ജീവിതത്തിലൂടെയുമാണ് സംഭവിക്കുക.
അപ്പോള്‍ പരമവൈഭവം എന്നാല്‍ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും പുരോഗതി എന്ന് ഒരൊറ്റ വാക്യത്തില്‍ പറയാം. പക്ഷേ അതിന്റെ ഒരവസാന തലം ഉണ്ടോ? ഉണ്ടാവില്ല. അപ്പോള്‍ എങ്ങനെ അളക്കാന്‍ പറ്റും? പുരോഗതിയുടെ ഓരോ ഘട്ടത്തിലും അന്നത്തേതില്‍നിന്ന് പിന്നെയും മുന്നോട്ട് എന്നേ കണക്കാക്കാനാവൂ. എങ്കിലും ഒരു സാധാരണ വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ സംതൃപ്തിയും ആനന്ദവുമാണ് ജീവിതത്തിന്റെ പരമമായ അവസ്ഥ എന്നു കണക്കാക്കാം. അത് അമിതമായ ഉപഭോഗത്തിലൂടെ സാധ്യമല്ല. അപ്പോള്‍ നേടാനും അനുഭവിക്കാനും ത്യജിക്കാനും കഴിയണം. മറ്റുള്ളവര്‍ക്കുവേണ്ടി തനിക്കാവശ്യമുള്ളത് വേണ്ടെന്നു വയ്ക്കുന്നതിനെയാണ് ത്യാഗമെന്നു പറയുന്നത്. തനിക്കു വേണ്ടാത്തത് ഉപേക്ഷിക്കുന്നതല്ല അത്. നേടുമ്പോള്‍ സന്തോഷം, അനുഭവിക്കുമ്പോള്‍ സംതൃപ്തി, ത്യജിക്കുമ്പോള്‍ ആനന്ദം! ഇതാണ് ക്രമം. ത്യജിക്കാതെ ആര്‍ക്കെങ്കിലും ഇന്നോളം ആനന്ദം അനുഭവപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ ഈ വീക്ഷണവും വിദ്യാഭ്യാസത്തിലൂടെ ലഭിക്കുകതന്നെ വേണം.
ഇങ്ങനെ ഓരോ മനുഷ്യന്റെയും, ഒപ്പം എല്ലാവരുടെയും; ഓരോ ജീവിയുടെയും, ഒപ്പം എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം. അത്തരമൊരു ജീവിതാവസ്ഥയില്‍ ഓരോ വ്യക്തിയും രാഷ്ട്രഭക്തനായിരിക്കും. ഭരണവ്യവസ്ഥയുള്ള ഒരു രാജ്യം എന്ന നിലയില്‍ പൗരബോധം കാത്തു സൂക്ഷിക്കുന്നവരുമായിരിക്കും. അത്തരം പൗരന്മാരായി മാറിയ, രാഷ്ട്രഭക്തസമൂഹം കരുത്തുറ്റ രാഷ്ട്രത്തെ സൃഷ്ടിക്കും. എല്ലാ തലത്തിലും അര്‍ത്ഥത്തിലും സന്തുലിതവും സന്തോഷപ്രദവുമായ ജീവിതാവസ്ഥ സംജാതമാവും. ഈ അവസ്ഥയെയാണ് പരമവൈഭവം എന്നു കണക്കാക്കാവുന്നത്. ആ അവസ്ഥയിലേക്ക് രാജ്യത്തെയും ജനങ്ങളെയും എത്തിക്കുക എന്നതാണ് പരമവൈഭവം എന്നതുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം ലക്ഷ്യമാക്കുന്നത്.