- ഭാരത സംസ്‌കാരവും മതവിശ്വാസവും (വഴി വെളിച്ചം 1)
- പരമവൈഭവത്തിന്റെ പൊരുള്‍ (വഴി വെളിച്ചം 2)
- ഭാരതം ഹിന്ദുരാഷ്ട്രമാണ്; ഇനി ആക്കേണ്ട ഒന്നല്ല
- കായികപരിശീലനത്തിന്റെ പ്രാധാന്യം (വഴി വെളിച്ചം 4)
- രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പ്രസക്തി ( വഴി വെളിച്ചം 5)
- കൗടുംബിക സംഘടന( വഴി വെളിച്ചം 6)
- സംഘത്തിന്റെ നിരപരാധിത്വം (വഴി വെളിച്ചം 7)
സൈനിക സംഘടനയെന്നോ അര്‍ദ്ധസൈനിക സംഘടനയെന്നോ ഉള്ള വിശേഷണങ്ങള്‍ സംഘത്തിന് യോജിക്കുമോ?
-ജയറാം, ആലുവ
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഘടന കൗടുംബികമാണ്. കുടുംബ ഭാവനയാണ് സംഘത്തിന്റെ മൂലാധാരം. സംഘപ്രവര്‍ത്തനം രൂപപ്പെട്ടതും വികാസം പ്രാപിച്ചതുമെല്ലാം ഈ ഭാവനയുടെ അടിസ്ഥാനത്തിലാണ്. സംഘസ്ഥാപകനായ പരമപൂജനീയ ഡോക്ടര്‍ജിയുടെ കാലം മുതല്‍ ഈ ഭാവം സ്വയംസേവകരിലേക്ക് പകര്‍ന്നുനല്‍കാനുള്ള പരിശ്രമവും നടന്നിരുന്നു. അദ്ദേഹത്തിന്റെ ഉള്ളിലെ കുടുംബമനോഭാവം വ്യക്തമാക്കുന്ന ധാരാളം ഉദാഹരണങ്ങളുണ്ട്. രോഗശയ്യയിലായിരുന്നപ്പോള്‍ തന്റെ സഹപ്രവര്‍ത്തകനോട് സംഘസ്ഥാപകന്‍ ഒരു ചോദ്യം ഉന്നയിച്ചു. താന്‍ മരണപ്പെട്ടാല്‍ തന്റെ സംസ്‌കാരം സൈനിക രീതിയില്‍ ആയിരിക്കുമോ എന്നതായിരുന്നു ആ ചോദ്യം. അദ്ദേഹം തന്നെ അതിന് ഉത്തരവും നല്‍കി. ഒരു കുടുംബത്തിലെ കാരണവര്‍ മരണപ്പെട്ടാല്‍ എങ്ങനെയാണോ സംസ്‌കാര ചടങ്ങുകള്‍ നടത്തുക അതുപോലെ മാത്രമേ തന്റെ സംസ്‌കാരച്ചടങ്ങുകളും പാടുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിഷ്‌കര്‍ഷ. സംഘം ഒരു കുടുംബമാണ് എന്ന സന്ദേശമാണ് അദ്ദേഹം ഇതിലൂടെ കൈമാറിയത്. മാത്രമല്ല, ഒരിക്കല്‍ അസുഖബാധിതനായ സഹപ്രവര്‍ത്തകനെ കാണാന്‍ ഡോക്ടര്‍ജി കൊടുംവെയിലിലും മൈലുകളോളം നടന്നു പോയി. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അന്തര്‍ലീനമായ സ്‌നേഹവും കുടുംബഭാവനയും തന്നെയാണ് ഇതിലൂടെ അവതീര്‍ണ്ണമാകുന്നത്. ഡോക്ടര്‍ജിയുടെ മാര്‍ഗദര്‍ശനങ്ങള്‍ ഒരു നേതാവിന്റെ നിര്‍ദ്ദേശങ്ങളായല്ല അനുഭവപ്പെട്ടിരുന്നത്. പൂജനീയ ഗുരുജിയുടെ ഭാഷയില്‍ അമ്മയുടെ വാത്സല്യവും അച്ഛന്റെ ഗാംഭീര്യവും ഗുരുവിന്റെ വിവേകവും അദ്ദേഹത്തില്‍ നിന്നു ലഭിച്ചിരുന്നു. തന്റെ സഹപ്രവര്‍ത്തകരിലേക്കും അദ്ദേഹം കൗടുംബികമായ ഈ ദൃഷ്ടി പകര്‍ന്നു. ശ്രീഗുരുജി സര്‍സംഘചാലകനായിരിക്കെ ഒരിക്കല്‍ മദ്രാസിലെ പ്രമുഖ വ്യക്തികളിലൊരാളായിരുന്ന വി.രാജഗോപാലാചാരി അവിടുത്തെ പ്രാന്തപ്രചാരകനായിരുന്ന ദാദാറാവു പരമാര്‍ത്ഥിനോട് സംഘം ഏതു തരത്തില്‍പ്പെടുന്ന സംഘടനയാണെന്ന് അന്വേഷിച്ചു. ഇക്കാര്യം ശ്രീഗുരുജിയോട് കത്തെഴുതി ചോദിക്കാന്‍ ദാദാറാവു നിര്‍ദ്ദേശിച്ചു. ‘Ours is a Hindu family Organization; difference lies not in type but in degree’ എന്നായിരുന്നു ശ്രീഗുരുജി നല്‍കിയ മറുപടി. ‘ഞങ്ങളുടേത് ഒരു ഹിന്ദു കൗടുംബിക സംഘടനയാണ്. തരമേതെന്നതിലല്ല തലമേതെന്നതിലാണ് വ്യത്യാസം’ എന്ന ആ മറുപടി സംഘം ഒരു കുടുംബസംഘടനയാണെന്ന് സ്പഷ്ടമാക്കുന്നതായിരുന്നു. ആ വാക്കുകള്‍ രാജഗോപാലാചാരിയുടെ മനസ്സിനെ തൃപ്തിപ്പെടുത്തി. അദ്ദേഹം പിന്നീട് അവിടുത്തെ സംഘചാലകനായി മാറുകയും ചെയ്തു. സംഘത്തിന്റെ സവിശേഷമായ കൗടുംബിക സംസ്‌കാരത്തെ കുറിച്ച് സംഘദാര്‍ശനികനായ ദത്തോപാന്ത് ഠേംഗിഡിജി ഇങ്ങ നെ പറയുന്നു. ‘സംഘസ്ഥാനിലെ സംസ്‌കാരം ലഭിക്കുന്നത് കുടുംബസഹജമായ സ്‌നേഹത്തോടെയാണെന്നതോടൊപ്പം ഈ കൗടുംബികഭാവത്തില്‍ തന്നെയാണ് സംഘകാര്യം അധിഷ്ഠിതമായിരിക്കുന്നത്. ഈ കൗടുംബികതയുടെ ആവിഷ്‌ക്കാരം സംഘസ്ഥാനില്‍ ഉണ്ടാവുക തന്നെ ചെയ്യുന്നു. അതോടൊപ്പം സ്വയംസേവകരുടെ വ്യക്തിജീവിതത്തിലും അവര്‍ അത് അനുഭവിച്ചു തുടങ്ങുന്നു’ (സംഘപ്രവര്‍ത്തകന്‍, ദത്തോപാന്ത് ഠേംഗിഡി, പേജ് 163). കൂടാതെ സംഘത്തിന്റെ അനുശാസനത്തെ ‘കൗടുംബികാനുശാസനം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.
കേവലം ആശയതലത്തില്‍ മാത്രമല്ല പ്രായോഗിക തലത്തിലും ഈ കുടുംബഭാവം സംഘത്തില്‍ നിലനിന്നുവെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു 1962 ഏപ്രില്‍ അഞ്ചിന് നടന്ന ഡോക്ടര്‍ജി സ്മൃതിമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ്. ആറായിരത്തിലധികം പേരാണ് അതിനായി മഹാരാഷ്ട്രക്ക് പുറത്തു നിന്നും നാഗ്പൂരിലെത്തിയത്. സംഘകുടുംബ സംവിധാനമുപയോഗിച്ച് ഒരൊറ്റ പൈസ പോലും ചെലവില്ലാതെ സംഘം ഇവരുടെ താമസവ്യവസ്ഥ പൂര്‍ണ്ണമാക്കി. അതിനായി നാഗ്പൂരില്‍ രണ്ടായിരം വീടുകള്‍ തയ്യാറാക്കി. അതിഥികള്‍ തീവണ്ടിയിറങ്ങി നേരെ സംഘവീട്ടില്‍ പോയി, കുളിച്ച് രണ്ടു നേരം ഭക്ഷണവും കഴിച്ച് ബന്ധുവീട്ടിലെന്നപോലെ വൈകുന്നേരം വരെ വിശ്രമിച്ച് വൈകിട്ട് വീട്ടുകാരോടൊപ്പം പരിപാടി സ്ഥലത്തേക്ക് കുടുംബമായി എത്തിച്ചേര്‍ന്നു. ആയിരത്തഞ്ഞൂറ് പ്രചാരകന്മാരടക്കം ഇരുപതിനായിരത്തോളം ആളുകളാണ് ആ പരിപാടിയില്‍ പങ്കെടുത്തത്.
സംഘം ഒരു വിശാല കുടുംബമാണ്. അതുപോലെ തന്നെ സ്വയംസേവകരുടെ വീടുകള്‍ സ്വന്തം കുടുംബമായി കാണാനുള്ള മനോഭാവവും സംഘം വളര്‍ത്തിയെടുത്തു. ശ്രീഗുരുജിയുടെ തന്നെ ഒരു ഉദാഹരണം പറയാം. മദിരാശിയില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയ കാലം തൊട്ട് സംഘത്തോട് അനുഭാവം പ്രകടിപ്പിച്ചു പോന്നവരില്‍ ഒരാളായിരുന്നു പരശുറാംജി. അദ്ദേഹത്തിന്റെ മകന്‍ കുറച്ചുവര്‍ഷം സംഘപ്രചാരകനായിരുന്നിട്ടുമുണ്ട്. ഒരിക്കല്‍ പരമപൂജനീയ ഗുരുജിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട് പരശുറാംജി ഗുരുജിയോട് ഇപ്രകാരം പറഞ്ഞു ”ഇന്ന് ഉച്ചയ്ക്ക് താങ്കള്‍ എന്റെ വീട്ടിലേക്ക് വരണം.” ”ഞാന്‍ താങ്കളുടെ വീട്ടില്‍ വരില്ല” എന്ന് ഗുരുജി ഗൗരവഭാവത്തില്‍ മറുപടി പറഞ്ഞു.
തികച്ചും അപ്രതീക്ഷിതമായ ഈ പ്രതികരണം അവിടെ ഉണ്ടായിരുന്നവരെയെല്ലാം ആശ്ചര്യചകിതരാക്കി. ഗുരുജി ഇത്തരത്തില്‍ മറുപടി നല്‍കിയതിന്റെ കാരണത്തെക്കുറിച്ചായി അവരുടെ ചിന്ത. ഏതായാലും അവരില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ ഇട നല്‍കാതെ ഗുരുജി ഇപ്രകാരം തുടര്‍ന്നു: ”അതെന്റെ വീടാണ്. എന്റെ വീട്ടിലേയ്ക്ക് ഞാന്‍ തീര്‍ച്ചയായും പോവുകയും ചെയ്യും. അതുകൊണ്ട്, താങ്കളുടെ വീട്ടിലേയ്ക്ക് വരുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.” ഗുരുജി ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചുപോയി (അമൃതബിന്ദുക്കള്‍, പേജ്. 17). ബാഹ്യദൃഷ്ടിയില്‍ അനുശാസനത്തിന്റെയും അച്ചടക്കത്തിന്റെയും പേരില്‍ സംഘം ഒരു സൈനിക സംഘടനയാണെന്ന് തോന്നുമെങ്കിലും സംഘത്തിന്റെ ആന്തരികഘടന തികച്ചും കൗടുംബികമാണ്.