- ഭാരത സംസ്‌കാരവും മതവിശ്വാസവും (വഴി വെളിച്ചം 1)
- പരമവൈഭവത്തിന്റെ പൊരുള്‍ (വഴി വെളിച്ചം 2)
- ഭാരതം ഹിന്ദുരാഷ്ട്രമാണ്; ഇനി ആക്കേണ്ട ഒന്നല്ല
- കായികപരിശീലനത്തിന്റെ പ്രാധാന്യം (വഴി വെളിച്ചം 4)
- രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പ്രസക്തി ( വഴി വെളിച്ചം 5)
- കൗടുംബിക സംഘടന( വഴി വെളിച്ചം 6)
- സംഘത്തിന്റെ നിരപരാധിത്വം (വഴി വെളിച്ചം 7)
രാഷ്ട്രപുനര്‍നിര്‍മ്മാണം എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയത് ശാഖയില്‍ പോകാന്‍ തുടങ്ങിയതിന് ശേഷമാണ്. പുനര്‍നിര്‍മ്മിക്കുക എന്ന പ്രയോഗം രാഷ്ട്രത്തെ സംബന്ധിച്ച് എത്രത്തോളം ശരിയാണ്? പുനര്‍നിര്‍മ്മിക്കാന്‍ മാത്രം ഈ രാഷ്ട്രം തകര്‍ന്നുപോയി എന്നാണോ കരുതേണ്ടത്? അത് അനശ്വര രാഷ്ട്രം എന്ന സങ്കല്പത്തിന് വിരുദ്ധമല്ലേ? -കെ.സുരേഷ്‌കുമാര്‍, കൊല്ലം
ഓരോ രാഷ്ട്രത്തിനും അതിന്റേതു മാത്രമായ ഒരു മൂല്യവ്യവസ്ഥയുണ്ട്. അത് ആ രാഷ്ട്രത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതായിരിക്കും. ഭാരതത്തിന്റെ മൂല്യവ്യവസ്ഥ സനാതന ധര്‍മ്മം എന്ന അടിസ്ഥാന ആശയത്തില്‍ അധിഷ്ഠിതമാണ്. മാത്രമല്ല ഈ ആശയങ്ങളുടെ എല്ലാം മൂലസ്രോതസ്സ് ഭാരതത്തിന്റെ ആദ്ധ്യാത്മിക ചിന്തകളാണ്; അതിന്റെ ഭൗതിക ജീവിതത്തിന്റെ വികാസം പോലും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ആത്മീയതയിലാണ്. അതുകൊണ്ട് ആത്മീയതയിലധിഷ്ഠിതമായ, സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു മൂല്യവ്യവസ്ഥയില്‍ പൂര്‍ണമായും മുഴുകി ഭാരതത്തിലെ ജനങ്ങള്‍ ജീവിക്കുമ്പോള്‍ മാത്രമേ ഭാരതം ശരിയായ അര്‍ത്ഥത്തില്‍ ജീവിക്കുന്നുള്ളൂ.
ഭാരതത്തില്‍ സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍, ആ മൂല്യവ്യവസ്ഥയാല്‍ പ്രചോദിതരായ ജനങ്ങള്‍ ജീവിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് ഇത് ധര്‍മ്മരാജ്യമായിരുന്നു എന്നും ഭീഷ്മ പിതാമഹന്‍ യുധിഷ്ഠിരനെ ഉപദേശിക്കുന്ന ഒരു രംഗം വ്യാസന്‍ മഹാഭാരതത്തിലെ ശാന്തിപര്‍വ്വത്തില്‍ വിവരിക്കുന്നുണ്ട്.
ന രാജ്യം ന ച രാജാസീത്
ന ദണ്ഡ്യോ ന ച ദാണ്ഡികഃ
ധര്‍മ്മേണൈവ പ്രജാ സര്‍വാ
രക്ഷന്തി സ്മ പരസ്പരം
‘അവിടെ രാജ്യവും രാജാവും ഉണ്ടായിരുന്നില്ല, ശിക്ഷയും ശിക്ഷകനും ഉണ്ടായിരുന്നില്ല, ധര്‍മ്മം അനുസരിച്ച് ജീവിച്ച് പ്രജകളെല്ലാം പരസ്പരം രക്ഷിച്ചു വന്നു.’
സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരം സംരക്ഷിച്ചുകൊണ്ട് ഒരു ജനത ജീവിക്കുമ്പോള്‍ അവിടെ രാജാവിന്റെ ആവശ്യമില്ല, ആരെയും ശിക്ഷിക്കേണ്ട ആവശ്യമില്ല. കാരണം അവിടെ ധര്‍മ്മബോധമാണ് ഭരണം നടത്തുന്നത്. അതാണ് ധര്‍മ്മരാജ്യം. അപ്പോഴാണ് ഒരു രാഷ്ട്രം പൂര്‍ണമായ അര്‍ത്ഥത്തില്‍ രാഷ്ട്രമായി ജീവിക്കുന്നത്.
എന്നാല്‍ ആ ജനത പലവിധ കാരണങ്ങള്‍ കൊണ്ട് ധര്‍മ്മാധിഷ്ഠിതമായ മൂല്യവ്യവസ്ഥയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ പതനം ആരംഭിക്കുന്നു. രാഷ്ട്രം ശിഥിലമാകാനും ദുര്‍ബലമാകാനും തുടങ്ങുന്നു. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാകും. ഒരു രാഷ്ട്രം അതിന്റെ തനിമയില്‍ നിലനില്‍ക്കണമെങ്കില്‍ ആ രാഷ്ട്രത്തിന്റെ മൂല്യബോധത്തിന് അനുസരിച്ച് ജീവിക്കുന്ന ജനതയുണ്ടായാല്‍ മാത്രമേ സാധിക്കൂ. ഭാരതത്തില്‍ സംഭവിച്ച പലവിധ വൈദേശിക ആക്രമണങ്ങള്‍ മൂലം- ഭരണപരമായ അധിനിവേശങ്ങള്‍ മാത്രമല്ല, ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ആശയപരവും സാംസ്‌കാരികവുമായ അധിനിവേശങ്ങളും ഇതില്‍ പെടും- നമ്മുടെ ജനത സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ മൂല്യവ്യവസ്ഥയില്‍ നിന്ന് വഴിതെറ്റി അലയാന്‍ തുടങ്ങി. അപ്പോള്‍ രാഷ്ട്രം ദുര്‍ബലമാകാനും തകരാനും തുടങ്ങി. ഇവിടെയാണ് രാഷ്ട്രപുനര്‍നിര്‍മ്മാണം എന്ന ആശയത്തിന് പ്രസക്തി ഉണ്ടാവുന്നത്.
രാഷ്ട്ര പുനര്‍നിര്‍മ്മാണം എന്ന് പറയുമ്പോള്‍ ആ രാഷ്ട്രത്തിലെ ജനതയെ രാഷ്ട്രത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക് അനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുക എന്നാണ് അര്‍ത്ഥം. ഇടക്കാലത്ത് അവര്‍ക്കുണ്ടായ സ്മൃതിഭ്രംശത്തില്‍ നിന്ന് അവരെ രക്ഷിക്കുകയും ശരിയായ ധര്‍മ്മബോധമുള്ളവരും മൂല്യബോധമുള്ളവരും ആക്കി പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നതാണ് രാഷ്ട്ര പുനര്‍നിര്‍മ്മാണം. ഭാരതത്തില്‍ ഇപ്പോള്‍ രാഷ്ട്രപുനര്‍നിര്‍മ്മാണം എന്ന പ്രക്രിയയാണ് നടക്കുന്നത്. അതിന് ആക്കം കൂട്ടുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.
രാഷ്ട്രപുനര്‍നിര്‍മ്മാണം എന്ന ആശയം അനശ്വരരാഷ്ട്രം എന്ന സങ്കല്പത്തിന് വിരുദ്ധമല്ല. നമ്മുടെ കാലഗണന അനുസരിച്ച് ചതുര്‍യുഗങ്ങള്‍ അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന മഹാ പ്രളയത്തില്‍ ഇതെല്ലാം ലയിച്ചു പോകും. അപ്പോഴും ഈ അനശ്വരരാഷ്ട്രം ലീനാവസ്ഥയില്‍ അവിടെയുണ്ടാകും. വീണ്ടും സൃഷ്ടി പ്രക്രിയ ആരംഭിക്കുമ്പോള്‍ ഈ രാഷ്ട്രം പുനര്‍ജനിക്കും. സനാതനവും അനശ്വരവുമായ ഈ രാഷ്ട്രത്തില്‍ ധര്‍മ്മ ബോധം അനുസരിച്ച് ജീവിക്കുന്ന പ്രകൃതിയും മനുഷ്യരും ഉയര്‍ന്നുവരും. ഈ ചക്രം ഇങ്ങനെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും.