- ഭാരത സംസ്‌കാരവും മതവിശ്വാസവും (വഴി വെളിച്ചം 1)
- പരമവൈഭവത്തിന്റെ പൊരുള്‍ (വഴി വെളിച്ചം 2)
- ഭാരതം ഹിന്ദുരാഷ്ട്രമാണ്; ഇനി ആക്കേണ്ട ഒന്നല്ല
- കായികപരിശീലനത്തിന്റെ പ്രാധാന്യം (വഴി വെളിച്ചം 4)
ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ഉദ്ദേശ്യം സംഘത്തിനുണ്ടോ?
വാസുദേവന്‍ എം.
കടലിനെ നിങ്ങള്‍ക്ക് കടലാക്കാന്‍ ഉദ്ദേശ്യമുണ്ടോ എന്നു ചോദിക്കുന്നത്ര ബാലിശമാണ് ഈ ചോദ്യം. ആര്‍.എസ്.എസ്. സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ പറഞ്ഞത്, ഇത് ഇപ്പോള്‍ത്തന്നെ ഹിന്ദുരാഷ്ട്രമാണ് എന്നാണ്. അപ്പോള്‍ പിന്നെ പുതുതായി ഉണ്ടാക്കിയെടുക്കേണ്ട ആവശ്യമില്ലല്ലോ. ഹിന്ദുരാഷ്ട്രമെന്നാല്‍ ഹിന്ദുരാജ്യം എന്നല്ല അര്‍ത്ഥം.
ഹിന്ദു എന്ന വാക്ക് അതിപ്രാചീനകാലം മുതല്‍ നിലവിലുള്ളതാണ്. നമ്മുടെ രാഷ്ട്രത്തെയും ജനതയെയും സംസ്‌കാരത്തെയും കുറിക്കുന്ന വാക്കായി ‘ഹിന്ദു’ എന്ന പദം ഉപയോഗിക്കാറുണ്ട്. ചരിത്രരേഖകളിലും സാഹിത്യദാര്‍ശനിക കൃതികളിലും ഈ പ്രയോഗമുണ്ട്. അതുകൊണ്ടാണ് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളൊക്കെ ജയ്ഹിന്ദ് എന്ന് മുദ്രാവാക്യം മുഴക്കിയത്. അതിന്റെ അര്‍ത്ഥം ഇന്നു ചില രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ ഹിന്ദുക്കള്‍ ജയിക്കട്ടെ, ക്രിസ്ത്യാനികളും മുസ്ലീങ്ങളും പാഴ്‌സികളുമൊക്കെ തോല്‍ക്കട്ടെ എന്നാണോ? സ്വാതന്ത്ര്യാനന്തരം നമ്മുടെ നേതാക്കള്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ്, ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ തുടങ്ങി. അവയെല്ലാം മുഴുവന്‍ ഭാരതീയരുടേതുമല്ലേ?
ഗാന്ധിജിയും നെഹ്രുവും നേതാജിയും മൗലാനാ അബ്ദുള്‍ കലാം ആസാദും എല്ലാം ഹിന്ദുസ്ഥാന്‍ എന്നു പറഞ്ഞുകൊണ്ടിരുന്നത് ഏതെങ്കിലും മതത്തെ ഉദ്ദേശിച്ചാണോ? ഹിന്ദു എന്നത് ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ പേരാണ്. ആ ജനങ്ങളുടെ സംസ്‌കാരം ഹിന്ദു സംസ്‌കാരമെന്നായി. നമ്മുടെ ഭരണഘടനാശില്‍പ്പികള്‍ വിവിധ ശ്രേണിയിലും മതത്തിലും പെട്ടവരായിരുന്നല്ലോ. അതില്‍ ആര്‍.എസ്.എസ്സുകാര്‍ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളുടെ മുദ്രാവാക്യങ്ങള്‍ മുഴുവന്‍ ഇന്ന് ആക്ഷേപിക്കപ്പെടുന്ന ഹിന്ദുഗ്രന്ഥങ്ങളില്‍ നിന്നായത് എന്തുകൊണ്ട്?
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ മുദ്രാവാക്യം ‘സത്യമേവ ജയതേ’ എന്ന മുണ്ഡകോപനിഷത്തിലെ മന്ത്രമായത് എന്തുകൊണ്ട്? മുഴുവന്‍ സ്ഥാപനങ്ങളുടെയും വാക്യങ്ങള്‍ ഇവിടെ എഴുതുക എന്നത് സ്ഥലപരിമിതികൊണ്ട് സാധ്യമല്ല. വേദം, ഉപനിഷത്ത്, മഹാഭാരതം, ഭഗവദ്ഗീത, മനുസ്മൃതി എന്നീ ഗ്രന്ഥങ്ങളിലെ മന്ത്രങ്ങളും ശ്ലോകങ്ങളുമാണ് മതേതരസര്‍ക്കാരിന്റെ മുദ്രാവാക്യങ്ങള്‍! അതുപോലെതന്നെ ഭരണഘടനയുടെ ഡ്രാഫ്റ്റ് കോപ്പിയിലെ ചിത്രങ്ങളും! വേദകാല ഗുരുകുലം, രാമന്‍ സീതയെ വീണ്ടെടുത്ത് പുഷ്പകവിമാനത്തില്‍ അയോദ്ധ്യയിലേക്കു മടങ്ങുന്നത്, ഗീതോപദേശം തുടങ്ങിയ ചിത്രങ്ങള്‍ എന്തുകൊണ്ട് ഭരണഘടനയില്‍ വന്നു? ഇത് ഹിന്ദുരാഷ്ട്രമല്ലെങ്കില്‍ ഇങ്ങനെ വരുമോ?
ഡോ. രാജേന്ദ്രപ്രസാദ് ഇടക്കാല മന്ത്രിസഭയിലെ അംഗമെന്ന നിലയ്ക്ക് ബര്‍മ്മ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരിക്ക് ഭാരതത്തിന്റെ സമ്മാനമായി കൊടുത്തത് ഒരു വെള്ളിക്കുടത്തില്‍ ഗംഗാജലവും ഒരു ആല്‍വൃക്ഷത്തൈയും ആയിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു മാവോ സേതൂങ്ങിനെ സന്ദര്‍ശിച്ചപ്പോള്‍ കൊടുത്തത് നടരാജ വിഗ്രഹമായിരുന്നു. ഇ.കെ.നായനാരും പിണറായി വിജയനും മറ്റും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കണ്ടപ്പോള്‍ കൊടുത്തത് ശ്രീമദ് ഭഗവദ് ഗീതയും ഒരു ചന്ദനമാലയുമായിരുന്നു! ഇതിനൊക്കെ മതേതരമായ എന്തു വിശദീകരണമാണ് നല്‍കാന്‍ കഴിയുക?
ഹിന്ദു എന്നതും ഹിന്ദു രാഷ്ട്രമെന്നതും സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ്! സംസ്‌കാരവും മതവും രണ്ടാണ്. മതം ഒരു വ്യക്തി തുടങ്ങുന്നതോ വ്യക്തിയുടെ പേരില്‍ (അഥവാ വ്യക്തിനാമത്തില്‍) അനുയായികള്‍ തുടങ്ങുന്നതോ ആണ്.
എന്നാല്‍ സംസ്‌കാരം ഏതെങ്കിലും ഒരു വ്യക്തിയുടെ സൃഷ്ടിയല്ല. മനുഷ്യന്‍ സമൂഹമായി ജീവിക്കുമ്പോള്‍ ആ കൂട്ടായ്മയിലൂടെ കാലംകൊണ്ട് രൂപപ്പെടുന്നതാണ്. ആ സമൂഹത്തില്‍ പല മതക്കാരുണ്ടാകാം, പല ജാതികളുണ്ടാകാം, പല വംശങ്ങളുണ്ടാകാം. പക്ഷെ അവര്‍ ഒന്നിച്ചു സഹോദരങ്ങളെപ്പോലെ ജീവിച്ചതില്‍നിന്ന് കാലക്രമേണ ഉരുവംകൊണ്ടു വരുന്നതാണ് സംസ്‌കാരം. ഓരോ കാലത്തും പുതിയപുതിയ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടിച്ചേര്‍ക്കലുകളുണ്ടാകും. കാലത്തിനനുസരിച്ച് ചിലത് വേണ്ടെന്നു വച്ചിട്ടുമുണ്ടാകും. ചിലത് പരിഷ്‌ക്കരിച്ച് തുടര്‍ന്നും കൊണ്ടുനടക്കും. അങ്ങനെയാണ് സംസ്‌കാരം രൂപപ്പെട്ടും പരിഷ്‌ക്കരിച്ചും പുരോഗമിച്ചും നിലനില്‍ക്കുന്നത്.
സംസ്‌കാരം രൂപപ്പെടുന്നതിന് ചില ഘടകങ്ങള്‍ ആവശ്യമുണ്ട്. ഒന്നിച്ചു ജീവിക്കുന്ന ഒരു ജനസമൂഹം, അവര്‍ ജീവിക്കുന്ന ഒരു ഭൂപ്രദേശം, അവരെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന പൊതുവായ ചില സങ്കല്‍പ്പങ്ങള്‍, സമാനമായ മൂല്യബോധം, പൊതുവായ ആദര്‍ശങ്ങളും ജീവിത ലക്ഷ്യങ്ങളും തുടങ്ങിയവയാണ് അടയാളങ്ങള്‍! ഈ അടിസ്ഥാനത്തിലാണ് നാം ഹിന്ദുസംസ്‌കാരമെന്നോ ഭാരതസംസ്‌കാരമെന്നോ ഇന്ത്യന്‍ സംസ്‌കാരമെന്നോ ഒക്കെ പറയുന്നത്.
മറ്റൊന്ന്, രാജ്യവും രാഷ്ട്രവും രണ്ടാണ്. യൂറോപ്യന്‍ കോളനികളില്‍നിന്നു സ്വതന്ത്രമായ രാജ്യങ്ങളെ ആധുനിക രാഷ്ട്രങ്ങള്‍ എന്ന് ചിലര്‍ രേഖപ്പെടുത്തുന്നു. എന്നാല്‍ ഭാരതത്തില്‍ രാഷ്ട്രം രൂപപ്പെട്ടത് അങ്ങനെയല്ല; സംസ്‌കാരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രം. ഒരേ സംസ്‌കാരമുള്ള ജനത ഒരു രാഷ്ട്രം. അതുകൊണ്ടാണ് ഇവിടെ രാജ്യവും രാഷ്ട്രവും രണ്ടെന്നു വരുന്നത്. രാജ്യം ഭരണകൂടത്തിന്റെ അടിസ്ഥാനത്തിലും രാഷ്ട്രം സംസ്‌കാരത്തിന്റെ നിലയിലും. ഇവിടെ രാജ്യങ്ങള്‍ പലതായിരിക്കുമ്പോഴും ജനത വേറെ വേറെ എന്ന വികാരം ഉണ്ടായിരുന്നില്ല. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോഴും തൊട്ടടുത്ത വയലില്‍ ഇതൊന്നും ബാധിക്കാതെ കൃഷിപ്പണിയിലേര്‍പ്പെട്ട കര്‍ഷകരെ കാണാന്‍ കഴിയുമായിരുന്നു എന്ന് സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യങ്ങളുടെ അതിര്‍ത്തി ഇടയ്ക്കിടയ്ക്കു മാറുമ്പോഴും ജനതാജീവിതത്തെ അതു ബാധിച്ചിരുന്നില്ല. കാരണം കീഴടക്കിയവന്റെയും കീഴടങ്ങിയവന്റെയും സംസ്‌കാരം ഒന്നായിരുന്നു, മതം വ്യത്യസ്തമായിരുന്നെങ്കിലും. അതിനു മാറ്റം വന്നത് വിദേശാക്രമണകാരികള്‍ വന്നുതുടങ്ങിയപ്പോഴാണ്.
ആ നിലയ്ക്ക് ഹിന്ദുരാജ്യമല്ല ഇവിടെയുള്ളത്, ഹിന്ദുരാഷ്ട്രമാണ്. അതാരും ഉണ്ടാക്കേണ്ടതില്ല. രാജ്യം ഭരിക്കുന്നവര്‍ ഈ സംസ്‌കാരത്തിനെതിരാകാതെ നോക്കണമെന്നു മാത്രം. ഒരു സംസ്‌കാരം നിലനില്‍ക്കുന്നത് അതനുസരിച്ചു ജീവിക്കുന്ന ജനത ഉണ്ടായിരിക്കുമ്പോഴാണ്. ആ ജനതയെ നിലനിര്‍ത്താനും പരിപാലിക്കാനുമാണ് ഭരണകൂടം അഥവാ രാജ്യം. അല്ലെങ്കില്‍ ഭരണകൂടം ജനതയുടെ നാശത്തിനു കാരണമാകും. കള്ളനെ കാവലേല്‍പ്പിക്കുക എന്നു കേട്ടിട്ടില്ലേ.
അപ്പോള്‍ സംസ്‌കാരം നിലനില്‍ക്കാന്‍ കൈമാറിക്കിട്ടിയ മൂല്യങ്ങള്‍, ആ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ജനത, ആ ജനതയെ സംരക്ഷിക്കുന്ന ഭരണകൂടം (രാജ്യം)- ഇവ മൂന്നും കോട്ടം കൂടാതെ നിലനില്‍ക്കണം. അപ്പോള്‍ രാഷ്ട്രം മുമ്പോട്ടു പോകും. അതിപ്പോഴും അങ്ങനെതന്നെ നിലനില്‍ക്കുന്നതുകൊണ്ടാണ് ഇതിനെ ഹിന്ദുരാഷ്ട്രമെന്നു പറയുന്നത്. അത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയെടുക്കേണ്ടതില്ല. ഉള്ളതിനെ നിലനിര്‍ത്തിയാല്‍ മതി. അത് നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനമാണ് സംഘം ചെയ്തുകൊണ്ടിരിക്കുന്നത്.