- ഭാരത സംസ്‌കാരവും മതവിശ്വാസവും (വഴി വെളിച്ചം 1)
- പരമവൈഭവത്തിന്റെ പൊരുള്‍ (വഴി വെളിച്ചം 2)
- ഭാരതം ഹിന്ദുരാഷ്ട്രമാണ്; ഇനി ആക്കേണ്ട ഒന്നല്ല
- കായികപരിശീലനത്തിന്റെ പ്രാധാന്യം (വഴി വെളിച്ചം 4)
- രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ പ്രസക്തി ( വഴി വെളിച്ചം 5)
- കൗടുംബിക സംഘടന( വഴി വെളിച്ചം 6)
- സംഘത്തിന്റെ നിരപരാധിത്വം (വഴി വെളിച്ചം 7)
മഹാത്മാഗാന്ധിവധത്തില്‍ സംഘത്തിന് പങ്കുണ്ടോ?
മഹാത്മാഗാന്ധി വധവുമായി സംഘത്തിന് ഒരു ബന്ധവുമില്ല. ഈ കൊലപാതകത്തിലെ മുഖ്യപ്രതിയായ നാഥുറാം ഗോഡ്‌സെ 1930 കളില്‍ കുറച്ചുനാള്‍ സംഘശാഖയില്‍ വന്നിരുന്നു എന്ന കാരണം കാണിച്ചാണ് ഈ നീചപ്രവൃത്തിയില്‍ സംഘത്തെ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത്. ഗോഡ്‌സെ അടിസ്ഥാനപരമായി ഒരു തീവ്രചിന്താഗതിക്കാരനായിരുന്നു. എന്നാല്‍ സംഘം ഒരിക്കലും തീവ്രചിന്തകള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. വ്യക്തിനിര്‍മ്മാണം, സമാജസേവനം അതിലൂടെ രാഷ്ട്രപുനര്‍നിര്‍മ്മാണം, രാഷ്ട്രത്തിന്റെ പരമവൈഭവം എന്നതാണ് എക്കാലത്തെയും സംഘത്തിന്റെ ആദര്‍ശം. അതിനു വേണ്ടി നിത്യശാഖകള്‍ നടത്തുക, സമൂഹത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന പദ്ധതിയില്‍ അന്നുമിന്നും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.
1933 ല്‍ വാര്‍ധ ആശ്രമത്തിനു സമീപത്തെ സ്‌കൂളില്‍ ഒരു സംഘശിക്ഷാ വര്‍ഗ്ഗ് നടക്കുമ്പോള്‍ ഗാന്ധിജി ക്യാമ്പ് സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ പൂജനീയ ഡോക്ടര്‍ജി അദ്ദേഹത്തെ ക്യാമ്പിലേക്ക് ക്ഷണിക്കുകയും ഒരു ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തു. നൂറുകണക്കിന് സ്വയംസേവകര്‍ യാതൊരു ഉച്ചനീച ജാതി ചിന്തയുമില്ലാതെ ഒരുമിച്ച് ഉണ്ടുറങ്ങി കഴിയുന്നത് അന്നത്തെ കാലത്ത് അവിശ്വസനീയമായിരുന്നു. ഗാന്ധിജി ഈ കാഴ്ച കണ്ട് അദ്ഭുതപ്പെട്ടുപോയി. ഡോക്ടര്‍ജിയെയും സംഘപ്രവര്‍ത്തനത്തെയും വാനോളം അഭിനന്ദിച്ചു, ഭഗവദ് ധ്വജത്തിനു പ്രണാമവും നല്‍കിയാണ് അന്ന് ഗാന്ധിജി മടങ്ങിയത്.
പില്‍ക്കാലത്ത് ദ്വിതീയ സര്‍സംഘചാലകന്‍ ഗുരുജി ഗോള്‍വാല്‍ക്കറുമായും ഗാന്ധിജി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പല പ്രാവശ്യം അവര്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. 1947 സപ്തംബറില്‍ ഗാന്ധിജി ഗുരുജിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് പ്രകാരം ദല്‍ഹിയില്‍ അവര്‍ വിശദമായി കൂടിക്കാഴ്ച നടത്തി. അവിടെ വെച്ച് സ്വയംസേവകരെ അഭിസംബോധന ചെയ്യാനുള്ള ആഗ്രഹം ഗാന്ധിജി ഗുരുജിയെ അറിയിച്ചു. അതിന്‍ പ്രകാരം ദല്‍ഹി ഭാംഗി കോളനിയില്‍ അഞ്ഞൂറില്‍പരം സ്വയംസേവകര്‍ പങ്കെടുത്ത സാംഘിക്കിനെ ഗാന്ധിജി അഭിസംബോധന ചെയ്യുകയുണ്ടായി. അവിടെവെച്ച് 1933-ല്‍ പൂജനീയ ഡോക്ടര്‍ജി ഉണ്ടായിരുന്നപ്പോള്‍ വാര്‍ധയിലെ സംഘശിക്ഷാ വര്‍ഗ്ഗില്‍ പങ്കെടുത്ത അനുഭവം ഗാന്ധിജി അനുസ്മരിച്ചു. വിഭജനാനന്തര ദല്‍ഹിയില്‍ സംഘം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ ഗാന്ധിജി ഏറെ സന്തുഷ്ടനായിരുന്നു.
തീവ്രചിന്തകളുമായി സംഘത്തിന്റെ ഭാഗമാകാന്‍ വന്ന ഗോഡ്‌സെയെപ്പോലുള്ളവര്‍ക്ക് സംഘത്തിന്റെ ഈ പ്രവര്‍ത്തനത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെ എന്നന്നേക്കുമായി സംഘത്തില്‍ നിന്നും അകന്നുപോയ ഗോഡ്‌സെയാണ് ഒരു പതിറ്റാണ്ടിനു ശേഷം മഹാത്മാഗാന്ധിയെ വെടിവെച്ചു കൊല്ലുന്നത്. അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഗോഡ്‌സെയുടെ പഴയ ശാഖാ ബന്ധം പറഞ്ഞാണ് സംഘത്തെ നിരോധിച്ചത്. പക്ഷെ കിണഞ്ഞു പരിശ്രമിച്ചിട്ടും സംഘവും ഗാന്ധിവധവുമായുള്ള ബന്ധം ഒരു കോടതിയിലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അങ്ങനെയാണ് സംഘത്തിന്മേലുള്ള നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പിന്നീട് സര്‍ക്കാര്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷനുകളെല്ലാം സംഘത്തിന്റെ നിരപരാധിത്വം എടുത്ത് പറഞ്ഞിട്ടുണ്ട്.
ഗാന്ധിജിയുടെ യഥാര്‍ത്ഥ പിന്‍തലമുറയിലെ പ്രമുഖ ഗാന്ധിയന്മാര്‍ പിന്നീട് എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നുകൂടി നാം മനസ്സിലാക്കണം. മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണന്‍ തുടങ്ങിയ ഗാന്ധിയന്മാര്‍ കോണ്‍ഗ്രസ്സില്‍ നിന്നും എന്നന്നേക്കുമായി അകന്നു. കേരളഗാന്ധി എന്നറിയപ്പെട്ടിരുന്ന കേളപ്പജി സംഘത്തിനോട് അടുത്തു. ക്ഷേത്ര സംരക്ഷണ സമിതി സ്ഥാപിച്ചത് തന്നെ കേളപ്പജിയാണ്.
ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്ന കാര്യം, ഗാന്ധിജി കുറച്ചു വര്‍ഷങ്ങള്‍ കൂടി ജീവിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും സംഘത്തിന്റെ ഭാഗമാകുമായിരുന്നു എന്നാണ്. ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യവും, സംഘം വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിന്റെ പരമവൈഭവവും ആശയപരമായി ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് സംഘത്തിന്റെ പ്രാതഃസ്മരണയില്‍ ഗാന്ധിജിക്ക് ആദരണീയമായ സ്ഥാനമുള്ളത്.