പിണറായിയിലെ ബെന്യാമിന്റെ ഗിരി പ്രഭാഷണം ബൈബിളിലുള്ള യേശുവിന്റെ ഗിരിപ്രഭാഷണത്തെ നിഷ്പ്രഭമാക്കിക്കളഞ്ഞിരിക്കുന്നു! ഗലീലയിലെ മലനിരകളില്‍ യേശു ഉപദേശ പ്രസംഗം നടത്തിയത് തന്റെ ശിഷ്യന്മാര്‍ക്കും മറ്റു ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു. ബെന്യാമിന്‍ പിണറായിയില്‍ ഗിരിപ്രഭാഷണം നടത്തിയത് എസ്.എഫ്.ഐക്കാര്‍ക്കു വേണ്ടിയായിരുന്നു. രണ്ടുപേരും പറഞ്ഞത് സംശുദ്ധിയുടെ കാര്യം. സ്വര്‍ഗ്ഗരാജ്യ പ്രവേശിച്ചു കഴിഞ്ഞവരുടെ സ്വഭാവചിത്രമാണ് ഉപദേശ പ്രസംഗത്തില്‍ യേശു പറഞ്ഞത്. കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച എസ്എഫ്‌ഐക്കാര്‍ക്ക് സംശുദ്ധിയെക്കുറിച്ച് ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ. എഴുതാതെ പരീക്ഷ പാസ്സാകുന്ന സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ, വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ വിദഗ്ദ്ധരായ വിദ്യ, നിഖില്‍ തോമസ്, പ്രിന്‍സിപ്പാളിനെ കോളേജിന്റെ നാലയലത്തു കണ്ടുപോകരുത് എന്ന് ആജ്ഞാപിക്കുന്ന കൂത്തുപറമ്പിലെ വിദ്യാര്‍ത്ഥി സഖാക്കള്‍, ടി.പി.ശ്രീനിവാസന്റെ നെഞ്ചത്ത് ചാടിച്ചവിട്ടി താഴെയിടാന്‍ കെല്പുള്ള വിപ്ലവകാരികള്‍, കൊയിലാണ്ടിയില്‍ പ്രിന്‍സിപ്പാളിന്റെ മുഖത്തടിക്കുന്ന ശിഷ്യ സഖാക്കള്‍, സ്വന്തം പാര്‍ട്ടിക്കാരായ സിന്റിക്കേറ്റംഗങ്ങളുടെ വക മാര്‍ക്ക് ദാനം സ്വീകരിക്കുന്ന ചുകപ്പന്‍ ചെഗുവേരകള്‍ തുടങ്ങി സംശുദ്ധനേതൃത്വത്തിന്റെ നീണ്ട പട്ടികയാണ് എസ്.എഫ്.ഐക്കുള്ളത്. അവര്‍ക്കെല്ലാമാണ് ബെന്യാമിന്റെ ഉപദേശ ഗിരിപ്രഭാഷണം. ആ ഉപദേശ സുവിശേഷം കൂടി കേള്‍ക്കണമല്ലോ. എസ്.എഫ്.ഐക്കാരുടെ പഴയ സംശുദ്ധി നഷ്ടപ്പെട്ടു എന്ന് അംഗീകരിക്കണം, വിവാദത്തിലുള്ളവര്‍ നേതൃത്വത്തില്‍ വരുന്നതു പരിശോധിക്കണം, സൂക്ഷ്മതയോടും സംശുദ്ധിയോടും രാഷ്ട്രീയ ബോധത്തോടും ജാഗ്രതയോടും സമൂഹത്തിലിടപെടണം, കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം അറിയാവുന്ന എത്ര എസ്.എഫ് ഐക്കാരുണ്ട് ഇങ്ങനെ പോകുന്നു ബെന്യാമിന്റെ ഗിരിപ്രഭാഷണം.
ഏതാനും വര്‍ഷം മുമ്പ് ഇടതുസഹയാത്രികനും കറകളഞ്ഞ സംഘപരിവാര്‍ വിരുദ്ധനുമായ സക്കറിയ പയ്യന്നൂരില്‍ വെച്ച് സഖാക്കള്‍ക്ക് ഇതുപോലെ ഉപദേശ സുവിശേഷം നല്‍കിയിരുന്നു. അത് പൂര്‍ത്തിയാക്കും മുമ്പ് അദ്ദേഹത്തിന് ജീവനും കൊണ്ടു തടിരക്ഷപ്പെടുത്തേണ്ടിവന്നു. മുഖ്യമന്ത്രി വിജയന്‍ സഖാവിനെ സ്റ്റേജിലിരുത്തി എം.ടി.വാസുദേവന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. എം.ടി. കേന്ദ്ര സര്‍ക്കാരിനെയാണ് വിമര്‍ശിച്ചത് എന്ന് സഖാക്കള്‍ വ്യാഖ്യാനം രചിച്ചു. ഇതുവരെ പാര്‍ട്ടിക്കോ കുട്ടിസഖാക്കള്‍ക്കോ തങ്ങളുടെ സംശുദ്ധിയില്‍ കടുകിട മാറ്റമുണ്ടായതായി തോന്നിയിട്ടില്ല. സക്കറിയയുടെയും മറ്റും അനുഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട്, എസ്.എഫ്.ഐയെ ഗിരിപ്രഭാഷണത്തിലൂടെ സംശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നതുവഴി സ്വന്തം തടിക്കും കുടുംബ ത്തിനും വല്ല പോറലും പറ്റാതെ സൂക്ഷിച്ചുകൊള്ളാന്‍ ബെന്യാമിനെ ഉപദേശിക്കാന്‍ പുകസയിലെ സാഹിത്യ ചെഗുവേരമാര്‍ ശ്രദ്ധിക്കുമല്ലോ.