ഈഴവരാദി പിന്നാക്കക്കാരും ദളിതരാദി അധഃസ്ഥിതരും സൂക്ഷിച്ചോളൂ-കമ്യൂണിസ്റ്റ് തമ്പ്രാക്കള്‍ കോപിച്ചിരിക്കുന്നു. നിങ്ങളുടെ കഞ്ഞികുടി മുട്ടിയതു തന്നെ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് പിന്നാക്കക്കാരുടെയും അധഃസ്ഥിതരുടെയും വോട്ടു കിട്ടിയില്ല എന്നു പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നു. സമുദായ നേതാക്കള്‍ പറഞ്ഞതനുസരിച്ച് അവര്‍ ബി.ജെ.പിക്കുവോട്ടു ചെയ്തു എന്നാണ് പാര്‍ട്ടിയ്ക്ക് ബോധ്യമായത്. അതോടെ മാര്‍ക്‌സിസ്റ്റ് തറവാട്ടിലെ വലിയ തമ്പ്രാന്‍ മുതല്‍ എല്‍.സി. സെക്രട്ടറി വരെ കലിപ്പിലാണ്. സാധാരണ കലിപ്പ് ചെയ്തു തീര്‍ക്കലാണ് പാര്‍ട്ടി രീതി. അതിനു മുമ്പ് മുന്നറിയിപ്പ് നല്‍കലോ ക്ഷമ കാണിക്കലോ ഒന്നും പാര്‍ട്ടി രീതിയല്ല, എന്നാല്‍ ഇതില്‍ നിന്ന് ചെറിയ വ്യത്യാസമുണ്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ സ്വഭാവത്തിന്. ശുദ്ധമനസ്സായതിനാല്‍ ഒന്നും ഉള്ളില്‍ വെക്കാതെ വിളിച്ചുപറഞ്ഞുപോകും. ഭരണഘടന കുന്തവും കൊടച്ചക്രവുമാണെന്ന് പറഞ്ഞത് ഈ ശീലം കൊണ്ടാണ്. പത്താം ക്ലാസ് ജയിച്ചവരില്‍ ഭൂരിപക്ഷവും എഴുത്തും വായനയും അറിയാത്തവരാണെന്ന് പറഞ്ഞ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതും ഇതേ മനഃസ്ഥിതി കൊണ്ടാണ്. സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണ് എന്ന് വ്യക്തം. അതു മനസ്സിലാവണമെങ്കില്‍ ഇയ്യിടെ കായംകുളത്ത് എം.എ.ആലിയാര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സജി ചെറിയാന്‍ നടത്തിയ പ്രസംഗം ഒന്നു കേള്‍ക്കണം.
പിന്നാക്ക അധഃസ്ഥിത വിഭാഗത്തിന് മാന്യമായി ജീവിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിയുടെ ഔദാര്യം കൊണ്ടാണ് എന്നാണ് മന്ത്രി ചെറിയാന്‍ അവരെ ഓര്‍മ്മപ്പെടുത്തുന്നത്. അത് ഓരോന്നും എണ്ണിയെണ്ണി മന്ത്രി സഖാവ് പറയുന്നുണ്ട്. ആറടി മണ്ണിന് അവകാശമില്ലാത്ത അവര്‍ക്ക് മണ്ണു നല്‍കി. മാന്യമായ വിദ്യാഭ്യാസം നല്‍കി. വഴിനടക്കാനുള്ള അവകാശം നേടിക്കൊടുത്തു. പാര്‍ട്ടി പോരാടി പോരാടി അവരെ മുഖ്യധാരയില്‍ എത്തിച്ചു. ഇത്രയൊക്കെ ചെയ്ത പാര്‍ട്ടിയെ കൈവിട്ട ഇവര്‍, സമുദായ പ്രമാണിമാര്‍ പറഞ്ഞ വാക്കുകേട്ട് വര്‍ഗ്ഗീയ ശക്തികള്‍ക്ക് വോട്ടു ചെയ്തു. ഇവരൊക്കെ എക്കാലവും തങ്ങള്‍ക്കേ വോട്ടു ചെയ്യാവൂ എന്നത് പാര്‍ട്ടി ശാസനയാണ്. മാര്‍ക്‌സിസ്റ്റ് മാടമ്പി തറവാടിന്റെ കല്‍പ്പന ലംഘിച്ചാല്‍ കീഴാളന്മാര്‍ അനുഭവിച്ചേ പറ്റൂ.