മതേതര ഭരണഘടന അടിസ്ഥാന സ്വഭാവമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ചടങ്ങുകള്‍ മതനിരപേക്ഷമാക്കുന്നതിനു പകരം ഈശ്വരപ്രാര്‍ത്ഥനയോടെ തുടങ്ങുന്നതു കാണുമ്പോള്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ അവിശ്വാസി ഹൃദയം വല്ലാതെ വേദനിക്കുന്നു. ജൂലായ് 2 ന് തിരുവനന്തപുരത്ത് 2023 ബാച്ചിലെ സിവില്‍ സര്‍വ്വീസ് പരീക്ഷ ജയിച്ചവരെ ആദരിക്കാന്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങിലെ ഈശ്വരപ്രാര്‍ത്ഥനയാണ് മുഖ്യന്റെ നിരീശ്വര ഹൃദയത്തെ മുറിവേല്പിച്ചത്. സര്‍ക്കാര്‍ ചടങ്ങുകള്‍ മതനിരപേക്ഷമാകണം എന്ന് അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. മതങ്ങളില്‍ ഈശ്വരവിശ്വാസികളും അവിശ്വാസികളും ഈശ്വരനെ നിഷേധിക്കുന്നവരുമൊക്കെയുണ്ടെന്നും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണ് മതനിരപേക്ഷത എന്നും അദ്ദേഹം ക്ലാസെടുക്കുകയും ചെയ്തു. മുമ്പ് ഒരു ചടങ്ങില്‍ പ്രാര്‍ത്ഥനയ്ക്ക് എല്ലാവരും എഴുന്നേറ്റപ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുക മാത്രമല്ല അടുത്തുണ്ടായിരുന്ന കടന്നപ്പള്ളിയെ പിടിച്ചിരുത്തുകയും ചെയ്തു വിജയന്‍ സഖാവ്. അതാണ് സഖാവിന്റെ മതനിരപേക്ഷതയുടെ മാതൃക.
സഖാവിന്റെ അവിശ്വാസി ഹൃദയം ഇത്ര ലോലമാണെന്ന് ആരറിഞ്ഞു? അതുകൊണ്ട് പഞ്ചതന്ത്രം കഥയിലെ, അത്തിമരത്തിലെ കുരങ്ങനെപ്പോലെ സഖാവ് വിജയന്‍ ചില പരിപാടിക്ക് പോകുമ്പോള്‍ തന്റെ അവിശ്വാസി ഹൃദയം ക്ലിഫ് ഹൗസില്‍ ഫ്രിഡ്ജില്‍ വെക്കാറാണെന്ന് ചിലര്‍ അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. സമസ്തയെയും എ.പി.സുന്നികളെയും പോലുള്ള മതമൗലികവാദി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നിരീശ്വരവാദിയായ വിജയന്‍ സഖാവിന് അസ്‌കിത തോന്നാത്തത് അതുകൊണ്ടാണത്രേ. കാന്തപുരത്തിന്റെ നോളജ് സിറ്റി ഉദ്ഘാടന വേദിയില്‍ ഇരുന്നപ്പോള്‍ അവിശ്വാസി ഹൃദയം ഫ്രിഡ്ജിലായിരുന്നുവത്രെ. മതനിരപേക്ഷത പ്രകടമാക്കേണ്ട വിദ്യാലയത്തില്‍ എല്ലാ കുട്ടികളും ഒരേ യൂനിഫോം ധരിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതെ ഹിജാബ് ധരിക്കുന്നവര്‍ക്കുവേണ്ടി സഖാവ് വാദിച്ചപ്പോള്‍ ഈ ഹൃദയം ഫ്രിഡ്ജിലായിരുന്നുവെന്നു സാരം. തലയില്‍ കൈ വെച്ച് അനുഗ്രഹിക്കുന്നതും ഭദ്രദീപം കൊളുത്തുന്നതുമൊക്കെ യുക്തിവാദ നിരീശ്വരവാദരീതിയല്ല. മുഷ്ടിചുരുട്ടി അഭിവാദ്യം വിളിക്കുന്നതാണ് അവരുടെ രീതി. സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ആദരിക്കല്‍ ചടങ്ങില്‍ വിജയിയായ എ.കെ. ശാരികയുടെ തലയില്‍ കൈവെച്ച് സഖാവ് അനുഗ്രഹിക്കുന്ന ചിത്രം പത്രത്തില്‍ വന്നിട്ടുണ്ട്. അപ്പോഴൊന്നും വേദനിക്കാത്ത അവിശ്വാസി ഹൃദയത്തിന് ഈശ്വരപ്രാര്‍ത്ഥന കേള്‍ക്കുമ്പോഴേ അലര്‍ജി ഉണ്ടാകുന്നുള്ളൂ. പഞ്ചതന്ത്രത്തിലെ കുരങ്ങന്‍ ഒരു മുതലയെ മാത്രമേ കബളിപ്പിച്ചിട്ടുള്ളൂ. നമ്മുടെ മുഖ്യമന്ത്രിയോ?